ADVERTISEMENT

ഗർഭം അലസിയതിനുശേഷം മാനസികമായും ശാരീരികമായും തയാറായി കഴിഞ്ഞാൽ വീണ്ടും ഗർഭം ധരിക്കുന്നതിൽ കുഴപ്പമില്ല. മുൻകാലങ്ങളിൽ ഗർഭം അലസിയതിനുശേഷം 3–6 മാസം വരെ ഗർഭിണി ആകുന്നതു നല്ലതല്ല എന്നു കരുതിയിരുന്നു. എന്നാൽ ഇപ്പോൾ പഠനങ്ങൾ കാണിക്കുന്നതു നീണ്ടകാല കാത്തിരിപ്പിന്റെ ആവശ്യമില്ല എന്നാണ്. ശാരീരികമായ തയാറെടുപ്പിന് ഒരു സാധാരണ ആർത്തവം ഉണ്ടാകുന്നതുവരെ മാത്രം മതിയാകും. എന്നാൽ മാനസിക തയാറെടുപ്പുകൾ ഒാരോരുത്തരിലും വ്യത്യസ്തമാണ്.
ഗർഭം അലസിയതിനുശേഷം ഉണ്ടാകുന്ന മാനസിക സമ്മർദം, ആധി, മനക്ലേശം ഇവ മാറാന്‍ സ്ത്രീയ്ക്കു സമയം കൊടുക്കുകയും വൈകാരിക പിന്തുണ നൽകുകയും വേണം. ഇതു കുടുംബത്തിന്റെയും പങ്കാളിയുെടയും ഉത്തരവാദിത്തമാണ്. ഗർഭം അലസലിനു ശേഷം Methotrexate പോലുള്ള മരുന്നുകൾ ഉപയോഗിച്ചു എന്നുണ്ടെങ്കിൽ 3-6 മാസം വരെ ഗർഭം ധരിക്കുന്നതു വൈകിപ്പിക്കാം. മോളാർ പ്രെഗ്നൻസി അഥവാ മുന്തിരിക്കുല ഗർഭംപോലെയുള്ളവയാണെങ്കിൽ 12 മാസം വരെ കാത്തിരിക്കാം. പ്രമേഹം, തൈറോയ്ഡ് പ്രശ്‌നങ്ങൾ എന്നിവ ഉള്ളവർ അവ സാധാരണ നിലയിൽ ആയ ശേഷം മാത്രം ഗർഭിണി ആകാൻ ശ്രമിക്കുക.

ഇവർ ശ്രദ്ധിക്കുക

ADVERTISEMENT

സാധാരണയായി ഒരു അലസലിനുശേഷം രണ്ടാമത് 85% ഗർഭവും കുഴപ്പമില്ലാതെ പോകുന്നു. എന്നാൽ രണ്ടിൽ കൂടുതൽ ഗർഭം അലസലുകൾ ഉള്ളവർ, 35 വയസ്സിൽ കൂടുതൽ പ്രായമുള്ളവർ എന്നിവർ ഗർഭിണി ആകുന്നതിനു മുൻപുതന്നെ ഡോക്ടറെ കണ്ടു പരിശോധന നടത്തണം. ഗർഭിണി ആകുന്നതിനു മുൻപു പ്രീനേറ്റൽ വൈറ്റമിൻ, ഫോളിക് ആസിഡ്, വൈറ്റമിൻ ഡി എന്നിവ കഴിച്ചു തുടങ്ങാം. പുകവലി, മദ്യപാനം, മയക്കുമരുന്നുകൾ എന്നിവ അരുത്. ശരീരഭാരം നിയന്ത്രിക്കുകയും ബോഡിമാസ് ഇൻഡക്സ് 19 നും 25 നും ഇടയിൽ സൂക്ഷിക്കുകയും ചെയ്യണം. ആദ്യത്തെ മൂന്നു മാസവും അവസാനത്തെ മൂന്നു മാസവും ദീർഘദൂര യാത്രകൾ, കഠിനമായ വ്യായാമങ്ങൾ, ലൈംഗിക ബന്ധം എന്നിവയും ഒഴിവാക്കണം. അന്തരീക്ഷ മലിനീകരണവും ഗർഭിണിക്ക് ആപത്താണ്. സമ്പൂർണ പോഷകാഹാരം കഴിക്കുക. മിതമായി വ്യായാമം ചെയ്യാം.

ഡോ. ഗീതാലക്ഷ്മി പി.എൽ.
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്
ജില്ലാ ആശുപത്രി, ചെങ്ങന്നൂർ

ADVERTISEMENT
English Summary:

Pregnancy can be safely planned once a woman is physically and mentally prepared after a miscarriage, without needing to wait for three to six months as previously believed. Physically, waiting for one normal menstrual cycle is usually sufficient for recovery, though mental readiness varies for each individual. Emotional support from family and partners is crucial to help overcome stress, anxiety, and grief following a miscarriage. Certain medical conditions like molar pregnancy, or the use of medications such as methotrexate, require a longer waiting period of three to twelve months before trying again. Managing underlying health issues like diabetes and thyroid problems prior to conception ensures a safer and healthier pregnancy journey. Women over thirty-five or those with multiple miscarriages should consult a doctor and adopt healthy lifestyle habits like taking prenatal vitamins and folic acid. Proper medical guidance, balanced nutrition, and avoiding harmful habits significantly increase the chances of a successful subsequent pregnancy.

ADVERTISEMENT
ADVERTISEMENT