ADVERTISEMENT

മുഖചർമം വൃത്തിയാക്കുന്നതിനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുഖത്തിനു ഫ്രഷ്നസും തിളക്കവും ലഭിക്കുന്നതിനുമായി
ഫേഷ്യൽ ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്.
ബ്യൂട്ടി പാർലറുകളിലും സ്കിൻ ക്ലിനിക്കുകളിലുമൊക്കെ ചെയ്യുന്ന ഒരു സ്കിൻ കെയർ ട്രീറ്റ്മെന്റാണ് ഫേഷ്യൽ. മുഖം വൃത്തിയാക്കുക ( Cleansing ) മൃതകോശങ്ങൾ നീക്കം ചെയ്യുക (Exfoliation), ആവി പിടിക്കുക (Steaming), ബ്ലാക് ഹെഡ്സ് നീക്കുക (Blackhead Extraction ), മുഖത്ത് മസാജ് ചെയ്യുക (Face massage) , ഫെയ്സ് മാസ്ക് (Face Mask), എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണു ഫേഷ്യൽ പൂർത്തിയാക്കുന്നത്.
എന്നാൽ ഫേഷ്യൽ ചെയ്യുന്നതിനു മുൻപ് പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

∙ പഴുപ്പു നിറഞ്ഞ മുഖക്കുരുക്കൾ, ചൊറിച്ചിൽ, അലർജി എന്നിവ ഉള്ളവർ ആ സമയത്ത് ഫേഷ്യൽ ഒഴിവാക്കുക. ചർമം സാധാരണ നിലയിൽ ആയതിനു ശേഷം ഫേഷ്യൽ ചെയ്യുന്നതാണ് അഭികാമ്യം.

∙വൈകുന്നേരങ്ങളാണ് ഫേഷ്യൽ‌ ചെയ്യുന്നതിന് അനുയോജ്യമായ സമയം. തിരക്കുകളൊക്കെ മാറ്റി വച്ച് റിലാക്സ്ഡ് ആയി ഫേഷ്യൽ ചെയ്യുന്നതിനായി സമയം ക്രമീകരിക്കുക. ഫേഷ്യൽ ചെയ്യുമ്പോൾ ചർമത്തിന്റെ ഗ്ലോ വർധിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. ശാന്തമായിരിക്കുന്ന ആ സമയത്ത് മനസ്സിനും റിലാക്സേഷൻ ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ധൃതിയിൽ ഫേഷ്യൽ ചെയ്യാതിരിക്കുക.

∙ വിവാഹം പോലെ ഏതെങ്കിലും ചടങ്ങുകൾക്കു വേണ്ടിയാണ് ഫേഷ്യൽ ചെയ്യുന്നതെങ്കിൽ , ആ ചടങ്ങിന് ഒരാഴ്ച മുൻപെങ്കിലും ഫേഷ്യൽ ചെയ്യാൻ ശ്രദ്ധിക്കുക. ചടങ്ങിന്റെ തലേന്നു ഫേഷ്യൽ ചെയ്താൽ ഉദ്ദേശിക്കുന്ന ഗ്ലോ കിട്ടുകയില്ല.

∙ ചർമത്തിൽ അലർജി പ്രശ്നങ്ങളുള്ളവരാണെങ്കിൽ ഫേഷ്യലിനു മുൻപു തന്നെ അതേക്കുറിച്ചു പറയേണ്ടതാണ്. മാത്രമല്ല, ഫേഷ്യലിൽ എന്തൊക്കെ ഉൾപ്പെടുന്നുണ്ടെന്ന് അറിയുകയും വേണം. അലർജിയുള്ളവർക്ക് ഫ്രൂട്ട് ഫേഷ്യൽ പോലെ പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടുള്ള ഫേഷ്യലുകളാണ് ഉചിതം.

∙ അരിമ്പാറ നീക്കുക, നിറം വർധിപ്പിക്കുന്നതിനുള്ള പീലുകൾ പോലുള്ള ചികിത്സകൾ ചെയ്തവർ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞു മാത്രമേ ഫേഷ്യലുകൾ ചെയ്യാവൂ.

∙ അംഗീകൃതപാർലറുകളിൽ ഫേഷ്യൽ ചെയ്യാൻ ശ്രദ്ധിക്കുക. അതുപോലെ വൈദഗ്ധ്യമുള്ളവരാണു ഫേഷ്യൽ ചെയ്യുന്നതെന്നും ഗുണമേൻമയുള്ള ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പു വരുത്തുക.

∙ ഫേഷ്യൽ ചെയ്ത ഉടനെ വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെയിലേറ്റാൽ ഫേഷ്യലിന്റെ ഗുണം നഷ്ടമാകും. ഗ്ലോ കുറയുകയും ചെയ്യും.

വിവരങ്ങൾക്കു കടപ്പാട്
ഡോ. കുക്കു മത്തായി
കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്
നെടുംചാലിൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ , മൂവാറ്റുപുഴ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT