കുറഞ്ഞ ചെലവിൽ ലോകം ചുറ്റണോ? േപാക്കറ്റ് കാലിയാകാതെ വിദേശരാജ്യങ്ങൾ കാണാൻ വേണം ശരിയായ തയാറെടുപ്പ്...
Mail This Article
അടിക്കടി പണം പെരുകിടുമ്പോൾ ഇടക്കിടെക്കുലകം കറങ്ങണം... കിലുക്കം സിനിമയിലെ പാട്ടിൽ വരച്ചിടുന്നുണ്ട് മലയാളികൾക്കു യാത്രയോടുള്ള ഹരം. വിദേശയാത്രകൾ ആഡംബരമാണെന്നും സാധാരണക്കാരനു സ്വപ്നം കാണാനേ കഴിയൂവെന്നുമുള്ള പഴഞ്ചൻ ചിന്താഗതി മാറ്റുകയാണു പുതിയ തലമുറ. ബുദ്ധിപൂർവമുളള തയാറെടുപ്പിലൂടെ കഴിയുന്നത്ര രാജ്യങ്ങൾ സന്ദർശിക്കുന്നവരേറെയാണ്. കൃത്യമായ തയാറെടുപ്പിലൂടെ കുറഞ്ഞ ചെലവിൽ ലോകം ചുറ്റാനുള്ള വഴികളറിയാം.
ചെലവ് കണക്കാക്കും മുൻപ് അറിയേണ്ടത്
∙ ഒറ്റ രാജ്യത്തിലേക്കു സഞ്ചരിക്കുന്നതിനു പകരം രണ്ടു രാജ്യമോ പല രാജ്യങ്ങളോ ഒരുമിച്ചു സന്ദർശിച്ചാലോ? തായ്‌ലൻഡിനടുത്തുള്ള രാജ്യമാണു ലാവോസ്. രണ്ടു തവണയായി ഈ രാജ്യങ്ങളിൽ പോയാൽ ചെലവേറും. കൃത്യമായ ആസൂത്രണത്തോടെ പണം സമ്പാദിക്കുകയും കൂടുതൽ നാൾ അവധിയെടുക്കാനുളള അവസരമുണ്ടാക്കുകയും ചെയ്താൽ ഒറ്റ യാത്രയിൽ ഈ രാജ്യങ്ങൾ സന്ദർശിക്കാം.
∙ ഇന്ത്യക്കാർക്കു വീസ ഫ്രീ, വീസ ഓൺ അറൈവൽ, ഇ– വീസ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളിലേക്കു യാത്ര െചയ്താൽ ചെലവ് കുറയും. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ തായ്‌ലൻഡ്, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കു വീസ ഫ്രീ ആണ്. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ മറ്റുള്ള രാജ്യങ്ങളിലേക്ക് ഇ– വീസ ലഭിക്കുകയും ചെറിയ നിരക്കിൽ വീസ ലഭിക്കുകയും ചെയ്യും.
∙ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ട്രാവൽ ഏജൻസിക്കു കമ്മീഷൻ നൽകേണ്ടി വരും. ഇടനിലക്കാരെ ഒഴിവാക്കി ഓൺലൈനായി അപേക്ഷിച്ചാൽ ചെലവ് കുറയും. ഇങ്ങനെ അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുണ്ടായാൽ വീസ ലഭിക്കാതെ വരാമെന്നതു കൊണ്ടു കൂടുതൽ ശ്രദ്ധ വേണം.
∙ അമേരിക്കൻ വീസയുണ്ടെങ്കിൽ ചില രാജ്യങ്ങളിൽ ഓൺ അറൈവൽ വീസ കിട്ടാനുള്ള ബുദ്ധിമുട്ട് കുറഞ്ഞേക്കാം. യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വീസയുണ്ടെങ്കിൽ ഏഷ്യൻ രാജ്യങ്ങളിൽ വീസ ലഭിക്കുക എളുപ്പമാകും. ഈ രാജ്യങ്ങൾ സന്ദർശിച്ചാൽ പിന്നീടുള്ള യാത്രകളിൽ ഗുണമുണ്ടാകും. ഷെങ്കൻ വീസ ഉണ്ടെങ്കിലേ യൂറോപ്പിലെ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനാകൂ.
∙ യാത്ര െചയ്യാൻ ഇഷ്ടമുണ്ടെങ്കിൽ കഴിയുന്നത്ര രാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താം. കൂടുതൽ യാത്രകൾ പോകുന്തോറും പിന്നീട് യാത്രകൾക്കു വേണ്ടിയെടുക്കുന്ന വീസയുടെ കാലാവധി നീട്ടിക്കിട്ടും.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ
∙ യാത്ര പോകുന്നതിനു മൂന്നു– നാലു മാസം മുൻപെങ്കിലും ഫ്ളൈറ്റ് ടിക്കറ്റ് ബുക് ചെയ്യുക. വാരാന്ത്യം, അവധി ദിവസങ്ങൾ തിങ്കളാഴ്ച തുടങ്ങിയ ദിവസങ്ങളിലേക്കു ടിക്കറ്റ് ബുക് ചെയ്യുന്നത് ഒഴിവാക്കുന്നതാണു നല്ലത്. ഈ ദിവസങ്ങളിൽ ചാർജ് കൂടുതലാകും
∙ ഗൂഗിൾ ഫ്ളൈറ്റ്സ്, സ്കൈസ്കാനർ തുടങ്ങിയടൂൾസ് ഉപയോഗിച്ചു വിവിധ എയർലൈൻസുകളിലെയും ട്രാവൽ െവബ്സൈറ്റുകളിലെയും ടിക്കറ്റ് ചാർജ് താരതമ്യം ചെയ്യാനാകും.
∙ ടിക്കറ്റ് എടുക്കുമ്പോൾ പിന്നീട് മാറ്റം വരുത്താനുള്ള സൗകര്യമുണ്ടോയെന്നു വിലയിരുത്തുക. ടിക്കറ്റ് കാര്യമായ നഷ്ടമില്ലാതെ കാൻസൽ െചയ്യാൻ പറ്റുമോയെന്നും യാത്ര ചെയ്യുന്ന തീയതി മാറ്റാൻ കഴിയുമോയെന്നും നോക്കണം.
∙ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ നേരിട്ടുള്ള ഫ്ളൈറ്റ് കണക്‌ഷനെടുക്കാനാണു ഭൂരിഭാഗംപേരും ശ്രമിക്കുക. തനിെയ സഞ്ചരിക്കുമ്പോൾ മൾട്ടിപ്പിൾ കണക‍്ഷൻ ഫ്ൈളറ്റെടുത്താൽ ചെലവ് കുറയും.
വിവരങ്ങൾക്കു കടപ്പാട് : ലെന്റിൻ ജോസഫ്
കോ – ഫൗണ്ടർ, റൺടൈം റോബോട്ടിക്സ്
എറണാകുളം
