ADVERTISEMENT

ബുദ്ധിപൂർവം തയാറെടുത്താൽ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾ ബജറ്റിനുള്ളിലൊതുക്കാം. കൃത്യമായ തയാറെടുപ്പിനൊപ്പം ചെലവ് കുറയ്ക്കാനുള്ള എളുപ്പവഴികളും മനസ്സിലാക്കിക്കോളൂ.

ചെലവ് കുറയ്ക്കാം
ഏറ്റവും കൂടുതൽ പണം ചെലവാകുന്നതു യാത്രയ്ക്കും താമസത്തിനുമാണ്. സോളോ യാത്രയാകുമ്പോൾ ഈ ചെലവ് ലാഭിക്കാനാകും. സൗകര്യം കുറവ് മതിയെന്നതുകൊണ്ടു ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടുത്താം.  
ഇന്ത്യയിൽ നിന്നു യൂറോപ്പിലേക്കാണു യാത്രയെങ്കിൽ ഫ്ളൈറ്റിന്റെ ചെലവ് കുറയ്ക്കാൻ കഴിയണമെന്നില്ല. മറ്റു കാര്യങ്ങളിൽ ചെലവ് കുറയ്ക്കാം. സന്ദർശിക്കുന്ന രാജ്യത്തെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒപ്പം താമസിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്തുക. കാണാനുദ്ദേശിക്കുന്ന വ്യൂ പോയ്ന്റിനടുത്തുള്ള ചെലവ് കുറഞ്ഞ താമസസൗകര്യം പ്രയോജനപ്പെടുത്താം
താമസിക്കാൻ എയർബിഎൻബി തിരഞ്ഞെടുക്കുന്നതു ചില സാഹചര്യങ്ങളിൽ ചെലവ് കുറയ്ക്കും. സ്ഥലമനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകാം. ചില സ്ഥലങ്ങളിൽ കുറഞ്ഞ ചെലവിലും കൂടുതൽ സൗകര്യങ്ങളിലും  ഹോട്ടലിൽ താമസസൗകര്യം ലഭിക്കും. അത്തരം കാര്യങ്ങൾ കൃത്യമായി വിലയിരുത്തുക.
ഏതു നാട്ടിൽ പോകുമ്പോഴും കീശയിലൊതുങ്ങുന്ന തനിനാടൻ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഇന്ത്യൻ ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിച്ചാൽ ചെലവ് കൂടാനിടയുണ്ട്.  ആവശ്യമെങ്കിൽ മാത്രം ഇടയ്ക്ക് അൽപം ഇന്ത്യൻ ഭക്ഷണം കഴിക്കുക.
വിനോദസഞ്ചാര മേഖലകളിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ  മിനി ടൂർ സൗകര്യമുണ്ടാകും. ഇത്തരം പരിപാടികൾക്കുള്ള ടിക്കറ്റ്  ഓൺലൈൻ വഴിയെടുക്കുന്നതിനേക്കാൾ ചെറിയ തുക മതി നേരിട്ടെത്തി ടിക്കറ്റ് എടുക്കുമ്പോൾ. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെലവ് കുറയും.
പ്രയോജനപ്പെടുത്താം കമ്യൂണിറ്റികൾ
വേൾഡ് പാക്കേഴ്സ് പോലെയുള്ള സൈറ്റുകൾ പ്രയോജനപ്പെടുത്തിയാൽ ലോകത്തെമ്പാടുമുള്ള താമസസൗകര്യങ്ങളെക്കുറിച്ചറിയാനാകും. അവർ ആവശ്യപ്പെടുന്ന തരം സേവനം നൽകിയാൽ സൗജന്യ താമസം ലഭിക്കും.
വൊളന്റിയർ നെറ്റ്‌വർക് കമ്യൂണിറ്റി പോലെയുള്ള കൂട്ടായ്മകളും ഇതേ പോലെ സൗജന്യതാമസം ലഭിക്കാൻ ഉപകരിക്കും. ജൈവകൃഷിത്തോട്ടത്തിൽ പണിയെടുക്കാനോ നിപുണതാപരിശീലനമേകാനോ തയാറായാൽ  സൗജന്യമായി താമസിക്കാം.
കൗച്ച്സർഫിങ്  എന്ന സൈറ്റിൽ തിരഞ്ഞാൽ സഞ്ചരിക്കുന്ന നാട്ടിൽ സൗജന്യമായി താമസസൗകര്യം നൽകുന്നവരെ കണ്ടെത്താം. സൗഹൃദം സമ്പാദിക്കുന്നതിനൊപ്പം യാത്രയുടെ ചെലവും കുറയും.  

ഈ കാര്യങ്ങൾ മറക്കരുതേ
  ട്രാവൽ ഇൻഷുറൻസ്  എടുക്കാൻ മറക്കരുത്. മെഡിക്കൽ എമർജൻസി, ലഗേജ് നഷ്ടപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ ട്രാവൽ ഇൻഷുറൻസ് ഉപകാരപ്പെടും.
ഗൂഗിൾ മാപ്സ് ഓഫ്‌ലൈനായി ഡൗൺലോഡ് െചയ്യാം.
കറൻസി കൺവെർട്ടർ ആപ്പ് ഉപയോഗിക്കുക.
എയർടാഗ് പ്രയോജനപ്പെടുത്താം. ലഗേജിൽ സൂക്ഷിക്കുന്ന എയർടാഗ് വഴി നിങ്ങളുടെ ലഗേജ് കയ്യിലെത്താൻ വൈകുമോ നഷ്ടപ്പെടുമോ എന്നെല്ലാം അതതുസമയത്തു തിരിച്ചറിയാനാകും.
എയർപോർട്ടിൽ നിന്നു സിം എടുക്കുക, കറൻസി എക്സ്ചേഞ്ച് ചെയ്യുക തുടങ്ങിയവ ഒഴിവാക്കിയാൽ ചെലവ് കുറയ്ക്കാനാകും.  

വിവരങ്ങൾക്കു കടപ്പാട് :

ADVERTISEMENT

ലെന്റിൻ ജോസഫ്
കോ – ഫൗണ്ടർ, റൺടൈം റോബോട്ടിക്സ്
എറണാകുളം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT