ADVERTISEMENT

നീലക്കടലിനു നടുവിലെ കുഞ്ഞുലോകം. ബാല്യത്തിലേക്കുള്ള ഓർമകളിൽ പോലും ഞങ്ങളുടെ കളിസ്ഥലം കടലായിരുന്നു. ഞങ്ങൾ വളർന്നതും പഠിച്ചതും ജീവിക്കുന്നതും കടലിന്റെ തുടിപ്പിനൊപ്പമാണ്. വെള്ളമണൽപരപ്പും തെങ്ങിൻതോപ്പുകളും നിറഞ്ഞ ഈ നാടിന്റെ ഏറ്റവും സുന്ദരമായ കാഴ്ചകൾ മറഞ്ഞിരിക്കുന്നത് ആ നീലക്കടലിന് അടിയിലാണ്. ഭൂമിയിലെ ഓരോ പുതിയ കാര്യങ്ങൾ കാണുമ്പോഴും നമുക്ക് തോന്നുന്ന അദ്ഭുതമില്ലേ അതിന്റെ ഇരട്ടിയാണ് കടല്‍ ഒളിപ്പിക്കുന്ന മാന്ത്രികത.

lakshadweep

വർണനിറങ്ങളിൽ നീന്തിത്തുടിച്ച് നീങ്ങുന്ന മത്സ്യക്കൂട്ടങ്ങൾ, പവിഴപ്പുറ്റുകൾ, കടൽ ചെടികൾ, ചെറു ജീവികൾ... തുടങ്ങി ഓരോ കാഴ്ചയും അമ്പരപ്പിന്റെ പരകോടിയിലേക്ക് നമ്മെ കൈപിടിച്ച് നടത്തും. പ്രകൃതിയോടുള്ള സ്നേഹമാണ് ചുറ്റുപാടിനെ നിരീക്ഷിക്കാൻ പഠിപ്പിച്ചത്. പക്ഷേ, ഈ ഇത്തിരി കരയിൽ എന്ത് പ്രകൃതി പഠനം! കാറ്റേറ്റ്, നക്ഷത്രങ്ങളെ കണ്ട് വെള്ളമണൽപരപ്പിൽ കിടക്കുമ്പോഴാണ് പെട്ടെന്ന് ഒരു വെളിപ്പാടുണ്ടാകുന്നത്, കടലിനടിയിലെ എണ്ണിയാലൊടുങ്ങാത്ത ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയാലോ!

ADVERTISEMENT

അൽപം ദ്വീപ് വിശേഷങ്ങൾ

lakshadweep3

ദ്വീപിന് പുറത്ത് മറ്റിടങ്ങളിൽ താമസിക്കുന്നവർ ഞങ്ങൾക്ക് കരക്കാരാണ്. കരക്കാരുടെ കണ്ണിലൂടെ നോക്കുമ്പോൾ ഇവിടെ ദ്വീപിലെ ജീവിതം വളരെ മന്ദഗതിയിലാണ്. ഒന്നിനും ഒരു തിരക്കുമില്ലാത്ത സാധാരണക്കാർ. കടലിന്റെ കനിവിൽ, തങ്ങൾക്ക് കിട്ടിയ ഇത്തിരി മണ്ണിൽ ആനന്ദപൂർണമായ ജീവിതം നെയ്തെടുക്കുന്നവർ.

lakshadweep2
ADVERTISEMENT

ഓരോ പ്രഭാതവും അസ്തമയവും ഞങ്ങൾക്ക് പുതിയതാണ്. ഈ ജീവിതശൈലിയുമായി ഇഴകി ചേർന്നിരിക്കുന്നതിനാൽ നൂറ്റാണ്ടുകളായി ഞങ്ങൾ ഇങ്ങനെയാണ്. കാണുമ്പോൾ പുറത്തുനിന്നുള്ളവർക്ക് ബോറായി തോന്നാമെങ്കിലും ഞങ്ങൾ ദ്വീപുകാർ ഈ ജീവിതം ആസ്വദിക്കുന്നു. കള്ളത്തരങ്ങളും വാക്പോരും അടിയും ഇടിയും ബഹളവുമൊന്നുമില്ലാതെ, സമാധാനമാണ് ഞങ്ങളുടെ സമ്പാദ്യം. പേരുകൊണ്ട് ലക്ഷമുണ്ടെന്ന് തോന്നുമെങ്കിലും ലക്ഷദ്വീപ് എന്നാൽ 36 ദ്വീപുകൾ ചേർന്ന കൂട്ടമാണ്. അതിൽ തന്നെ പതിനൊന്ന് ദ്വീപിലെ ജനവാസമുള്ളൂ.

dweep

കവരത്തിയാണ് ലക്ഷദ്വീപിന്റെ തലസ്ഥാനം. ഇതു കൂടാതെ അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്‌ലാത്ത്, കടമത്ത്, കൽപേനി , കിൽത്താൻ, മിനിക്കോയ് എന്നിവയാണ് ജനവാസമുള്ള മറ്റ് ദ്വീപുകൾ. ജസരിയാണ് ദ്വീപിലെ ഔദ്യോഗിക ഭാഷ. എങ്കിലും ഇവിടത്തുകാർ ‘ജസരിച്ചുവ’യോടെ മലയാളം പറയും.

ADVERTISEMENT

കടല്‍ നീലിമയിൽ

dweep3

കടൽ കണ്ടിട്ടുണ്ടോ? എന്ത് ചോദ്യമാണല്ലേ! പക്ഷേ, തീരത്ത് നിന്ന് കണ്ടതൊന്നുമല്ല കടൽ എന്നതാണ് സത്യം. ഉൾക്കടലിന്റെ ഇരുട്ട് ലഗൂണുകളുടെ നീലിമയിലേക്ക് വഴിമാറുമ്പോൾ ദുഃഖിച്ചിരിക്കൊന്നൊരാൾ പെട്ടെന്ന് മതിമറന്ന് പൊട്ടിച്ചിരിക്കുന്ന പോലെ തോന്നും. കടലാഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് കടലോളം കാഴ്ചകൾ കണ്ണിലും മനസ്സിലും മാത്രമല്ല, ക്യാമറയിലും പകർത്തണം എന്ന ഉദ്ദേശ്യവുമായാണ് സ്കൂബ ഡൈവിങ് പഠിക്കുന്നത്.

സ്കൂബ ഡൈവിങ്, സ്നോർക്കലിങ്, സ്വിമ്മിങ്, ഡീപ് സീ ഡൈവിങ്, കയാക്കിങ്, സെയിലിങ് , ഡീപ് സീ ഫിഷിങ് തുടങ്ങിയവയെല്ലാം ലക്ഷദ്വീപിലെ കടൽ വിനോദങ്ങളാണ്.

സ്ഫടിക സമാനമായ നീലമയ്ക്കുള്ളിലേക്ക് ഇറങ്ങിയാൽ വഴികാട്ടികളായി കൂടെയെത്തുന്നത് ലഗൂൺ മീനുകളാണ്. വിവിധ വർണങ്ങളിൽ കൂട്ടം കൂട്ടമായി നീങ്ങുന്ന മീനുകൾ അദ്ഭുതലോകത്ത് കടന്ന അനുഭൂതി സമ്മാനിക്കും. കോറൽ വീഫുകൾ, റീഫ് ഷാർക്കുകൾ, ഈഗിൾ റേസ്, ഈൽസ്... തുടങ്ങി ചുറ്റിലും എണ്ണിത്തീരാത്ത കാഴ്ചകൾ, ഒരൊറ്റ ഫ്രെയിമിൽ ഒതുക്കാനാവാത്ത ആനന്ദം.

പകർത്താം, കൗതുകം ജനിക്കും നിമിഷങ്ങൾ

laksha

അണ്ടർവാട്ടർ ഫൊട്ടോഗ്രഫി എന്നത് മനോഹരമായൊരു ലോകത്തിന്റെ കഥ പറയലാണ്. സ്കൂബാഡൈവിന് എത്തുന്ന സഞ്ചാരികളുടെ ആദ്യ അഭ്യർഥന ഫോട്ടോകൾ ആണ്.കരയില്‍ നിന്ന് കടലിലേക്ക് ഇറങ്ങുമ്പോഴുള്ള ഭയം, കടലിനുള്ളിലെ ആദ്യ ശ്വസനം, കൗതുകം, ആസ്വാദനം, ഏറ്റവുമൊടുവിൽ തിരികെ കരയിലേക്ക് പോകാനുള്ള മടി... തുടങ്ങി ഓരോ നിമിഷങ്ങളും ഫ്രെയിമിലാക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.

ഓരോ തവണ കടലിൽ ഇറങ്ങി തിരിച്ച് കയറുമ്പോഴും അന്ന് കടൽ സമ്മാനിച്ച ചിത്രങ്ങൾ നോക്കും. ഓരോ ഫ്രെയിമും കാണുമ്പോൾ അറിയാതെ മുഖത്തൊരു പുഞ്ചിരി തെളിയും, ഇത്രമേൽ അദ്ഭുതകരമായൊരു ലോകത്തിന്റെ ഭാഗമാണല്ലോ ഞാനും എന്നോർത്ത് അഭിമാനം കൊള്ളും. നിശബ്ദമായി നിൽക്കുന്ന ഒരു ലോകം അത് എങ്ങനെയായിരിക്കും എന്ന് അറിയാത്ത മനുഷ്യർക്ക് വേണ്ടി ചിത്രങ്ങളിലൂടെ സംസാരിക്കാനാവുന്നു. പവിഴപുറ്റുകൾ എന്നത് ജീവിക്കുന്ന അതുല്യമായ ഇക്കോസിസ്റ്റമാണ്. അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ദ്വീപുകാരും ഇവിടം സന്ദർശിക്കുന്ന സഞ്ചാരികളും ഇനിയും തിരിച്ചറിയാനുണ്ട്.

dweep2

കടൽ എല്ലായ്പ്പോഴും ഒരുപോലെയാകില്ല.കടലിന്റെ ഓരോ സ്വഭാവത്തിലും ഓരോ തരം ചിത്രങ്ങളാണ് കിട്ടുക. അവ എങ്ങനെ എവിടെ എന്നൊക്കെ തിരിച്ചറിയണമെങ്കിൽ പ്രകൃതിയോടൊപ്പം പൊരുത്തപ്പെടണം.

laksha2

ലക്ഷദ്വീപ് എന്നത് ജീവിതത്തിരക്കിനിടയിൽ സമാധാനം തേടി നിങ്ങളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രമായിരിക്കാം. പക്ഷേ, ഞങ്ങൾക്ക് ഇവിടം ഞങ്ങളുടെ വീടാണ്. ഇവിടുത്തെ സൗന്ദര്യം കടലിനാൽ മാത്രമലല, സ്നേഹത്താലും ചുറ്റപ്പെട്ടതാണ്.

ADVERTISEMENT