3,600 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന, ലഡാക്കിലെ ഏറ്റവും വലിയ ബുദ്ധപ്രതിമയുള്ള ‘മിനി പൊട്ടാല’
Mail This Article
ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള ലഡാക് താഴ്‌വരയിലാണ് തിക്സേയ് മൊണാസ്ട്രി എന്ന ബുദ്ധമത ആരാധനാലയമുള്ളത്. മുൻപ് ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലഡാക്ക് ഇപ്പോൾ കേന്ദ്രഭരണ പ്രദേശമാണ്. "ലിറ്റിൽ ടിബറ്റ്" എന്നറിയപ്പെടുന്ന ലഡാക്കിൽ ജനസംഖ്യയുടെ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണ് . ടിബറ്റൻ ബുദ്ധമതത്തിലെ ഗെലൂഗ് വിഭാഗത്തിൽപെട്ട വിശ്വാസികളുടെ മഠമാണ് തിക്സേയ് മൊണാസ്ട്രി. ലേ പട്ടണത്തിൽ നിന്ന് 19 കിലോമീറ്റർ അകലെയാണ് ഇതി സ്ഥിതി ചെയ്യുന്നത്..
മലമുകളിൽ നിർമിച്ച ഈ മഠം ടിബറ്റിന്റെ തലസ്‌ഥാനമായ ലാസയിലെ പൊട്ടാല കൊട്ടാരത്തിന്റെ മാതൃകയിലാണ്. അത്കൊണ്ട് ഈ ബുദ്ധവിഹാരാം ‘മിനി പൊട്ടാല’ എന്നും അറിയപ്പെടുന്നു. സിന്ധൂ താഴ്‌വരയിൽ നദി തീരത്ത് നിന്നും 3,600 മീറ്റർ (11,800 അടി) ഉയരത്തിലാണ് ഈ മഠം. പന്ത്രണ്ടു നിലകളുള്ള ഈ സമുച്ചയത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പ്രാർത്ഥന മുറി. ലാമോഖാങ് ക്ഷേത്രം, താരാദേവി ക്ഷേത്രം, മൈത്രേയ ബുദ്ധക്ഷേത്രം എന്നിവയാണ് മൊണാസ്ട്രി സമുച്ചയത്തിന് അകത്തുള്ള പ്രധാനപ്പെട്ട മൂന്ന് ക്ഷേത്രങ്ങൾ. മഠത്തിന്റെ മുകൾ നിലയിലുള്ള ലമോഖാങ് ക്ഷേത്രത്തിൽ ബുദ്ധ സ്തൂപങ്ങളും അലങ്കാര മതിലുകളും കാണാം. പുരുഷന്മാർക്ക് മാത്രമേ ഈ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. താരാദേവി ക്ഷേത്രത്തിൽ താരാദേവിയുടെ വിവിധ ഭാവത്തിൽ ഉള്ള പ്രതിമകൾ 21 ചില്ലുകൂടാരങ്ങളിലായി ഇവിടെ അലങ്കരിച്ചിരിക്കുന്നു. 1970 ൽ പതിനാലാമത് ദലൈലാമയുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കു സ്ഥാപിച്ചതാണ് മൈത്രേയ ക്ഷേത്രം.
ഇവിടത്തെ 15 മീറ്റർ (49 അടി) ഉയരമുള്ള മൈത്രേയ മുനി പ്രതിമ ലഡാക്കിലെ ഏറ്റവും വലിയ ബുദ്ധപ്രതിമയാണ്.
മൊണാസ്ട്രിയുടെ മുകൾ നിലയിൽ നിന്നു ലഭിക്കുന്ന വിശാലമായ കാഴ്ച അതിമനോഹരമാണ്.
ലെ–ലഡാക്കിൽ നിന്ന് ബസ്സിലോ ഷെയർ ടാക്സിയിലോ സ്വന്തം വാഹനത്തിലോ ഇവിടെത്താം. ബൈക്ക് സഞ്ചാരം ഒന്നാന്തരം അനുഭവമാണ്. ഇവിടേക്ക് കടക്കാൻ 40 രൂപ പ്രവേശന ഫീസുണ്ട്. മൊണാസ്ട്രിയിൽ തന്നെ താമസിക്കാൻ പരിമിതമായ സൗകര്യങ്ങളുണ്ട്. ഒക്ടോബർ–നവംബർ മാസങ്ങളിലാണ് ഇവിടത്തെ വാർഷികോത്സവം നടക്കുന്നത്. ലഡാക്ക് പരുക്കൻ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും പ്രസിദ്ധമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരംകൂടിയ ഈ പ്രദേശങ്ങളിൽ സഞ്ചരിക്കുന്നത് അതിനുവേണ്ട തയാറെടുപ്പുകളോടെ ആയിരിക്കണം.