ADVERTISEMENT

കൊക്കുകളുടെ നാഗരിക ജീവിതം പ്രമേയമാക്കുന്ന ഡോക്യുമെന്ററി ‘കൊറ്റില്ല’ത്തിലൂടെ പ്രകൃതി–വനം, വന്യജീവി ഫൊട്ടോഗ്രഫർ ഷബീർ തുറയ്ക്കലിന് രാജ്യാന്തര പുരസ്കാരം. മാർച്ച് 5,6 തീയതികളിൽ കോഴിക്കോട് സംഘടിപ്പിച്ച ന്യൂവേവ് രാജ്യന്തര ഡോക്യുമെന്ററി, ഷോർട് ഫിലിം ഫെസ്റ്റിവലിലാണ് ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് ഷബീർ അർഹനായത്. കണ്ണൂർ നഗരത്തിൽ കോർപറേഷൻ സ്‌റ്റേഡിയത്തിനു സമീപമുള്ള വൻമരത്തിനു മുകളിൽ വർഷങ്ങളായി കൂടുകെട്ടി, മുട്ടയിട്ട്, കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്ന കുളക്കൊക്കുകളുടെ (ഇന്ത്യൻ പോണ്ട് ഹെറോൺ) പ്രജനന കോളനിയെ പ്രമേയമാക്കുന്ന 13 മിനിറ്റ് ഡോക്യുമെന്ററിയാണ് കൊറ്റില്ലം. അലിഫ് ഷാ രചനയും വിജീഷ് ആർ. മാലിക് ക്രിയേറ്റിവ് ഡയറക്ടറുമായ ‍ചിത്രം സംവിധാനം ചെയ്തതും ഷബീർ തുറയ്ക്കലാണ്.

തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്നതാണ് കുളക്കൊക്കുകളുടെ പ്രജനന കാലം. പക്ഷികൾ ഒത്തു ചേർന്ന് വലിയ സംഘമായിട്ടാണ് മരങ്ങളിൽ ഇവർ കൂടു വയ്ക്കുന്നത്. ഇത്തരത്തിലുള്ള പ്രജനന കോളനികളെയാണ് കൊറ്റില്ല‌ങ്ങൾ എന്നു പറയുന്നത്.

ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിട്ടാണ് പക്ഷികളുടെ ഈ നഗരവത്കരണത്തെ ഗവേഷകർ കാണുന്നത്. പരമ്പരാഗത വാസസ്ഥലമായ കണ്ടൽക്കാടുകളും തോടുകളും കുറഞ്ഞതോടെ അഭയം തേടിയാണ് ഇവ നഗരങ്ങളിലേക്കു കുടിയേറിയത്. നഗരത്തിലെ മീൻമാർക്കറ്റുകൾ പോലുള്ള സ്ഥലങ്ങള്‍ ഇവയുടെ ഭക്ഷ്യകേന്ദ്രങ്ങളായി മാറി. ഭക്ഷണത്തിന്റെ ലഭ്യതയും പരുന്തുകൾ, പാമ്പുകൾ തുടങ്ങിയ ശത്രുക്കളിൽ നിന്നുള്ള സുരക്ഷിതത്വവും ആണ് കുളക്കൊക്കുകൾ നഗരങ്ങളിൽ സ്ഥിര താമസമാക്കാനുള്ള കാരണങ്ങളിൽ ചിലത്.

kottillam2

2021 ൽ കേരള വനം. വന്യജീവി വകുപ്പിന്റെ ഹ്രസ്വചിത്ര മത്സരത്തിൽ ‘കൊറ്റില്ലം’ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തിരുന്നു.

ADVERTISEMENT

കാടനുഭവങ്ങളും വനയാത്രകളും മനോരമ ട്രാവലറിലൂടെ പങ്കുവയ്ക്കാറുള്ള ഷബീർ കണ്ണൂർ നഗരത്തിലെ കൊറ്റില്ലത്തിന്റെ കാഴ്ചകളും ചിത്രങ്ങളും 2019 ഒക്ടോബർ ലക്കം മനോരമ ട്രാവലറിൽ പങ്കുവച്ചിരുന്നു

ADVERTISEMENT
ADVERTISEMENT