ADVERTISEMENT

പുകയുന്ന അഗ്നിപർവതങ്ങൾ ഒരുകാലത്ത് ഇന്തോനേഷ്യയുടെ ശാപമായിരുന്നു. ഉരുകിയൊലിച്ച ലാവയിൽ ഇല്ലാതായ ഭൂമികയുടെ ചരിത്രമാണ് ഇന്തോനേഷ്യക്കു പറയാനുള്ളത്. പ്രകൃതി ആ രാജ്യത്തിനു സമ്മാനിച്ച തീതുപ്പുന്ന പർവതങ്ങൾ പിൽക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറി. അഗ്നിപർവത സ്ഫോടനത്തിന്റെ ശാസ്ത്ര പാഠങ്ങൾ വായിച്ചു പഠിച്ചവർ ബാലിയും ബ്രൊമോയും സന്ദർശിച്ച് ലാവാ പ്രവാഹം നേരിൽ കണ്ടു. ലോകത്ത് ഏറ്റവും ഭീതിജനകമായ ദൃശ്യം അഗ്നിപർവത്തിൽ ഉറയുന്ന ലാവയാണെന്ന് ദൃക്സാക്ഷികൾ വിവരിച്ചു.

volcano2

ഇന്തോനേഷ്യൻ ഭാഷയിൽ ബ്രാഹ്മവു എന്ന സ്ഥലപ്പേരിന്റെ ഇംഗ്ലിഷാണ് ബ്രോമോ. ‘ഹിന്ദു മത വിശ്വാസങ്ങളിലെ ബ്രഹ്മാവിന്റെ പേരും ഇന്തോനേഷ്യയുടെ പൂർവകാല ചരിത്രവുമെല്ലാം ഇതിന്റെ ഭാഗമാണ്. ബ്രോമോ അഗ്നിപവർവതത്തിന്റെ താഴ്‌വരയിൽ എത്താൻ രണ്ടു മാർഗങ്ങളുണ്ട്. ജക്കാത്ത – സുരാബയ വിമാന സർവീസാണ് ആദ്യത്തേത്. ജക്കാർത്ത – മലാങ് വിമാനത്താവളങ്ങളാണ് രണ്ടാമത്തെ ആശ്രയം. സുരാബയയിൽ നിന്നു ബ്രോമോ വരെ ടാക്സി സർവീസുണ്ട്.

ADVERTISEMENT

ഭീതിയുടെ നിഴലിൽ

volcanoo

ഇന്തോനേഷ്യയിലെ ഒട്ടേറെ അഗ്നിപർവ്വതങ്ങളിൽ ഒരെണ്ണമാണ് ബ്രോമോ. ആക്ടിവ് വോൾകാനിക് മൗണ്ട് ആയതിനാൽ പർവതത്തിനു ചുറ്റും എപ്പോഴും ഭീതിയുടെ നിഴലുണ്ട്. ഇന്തോനേഷ്യൻ ദ്വീപ സമൂഹത്തിൽ ജാവാ ദ്വീപിലാണ് ബ്രോമോ. ഇന്തോനേഷ്യ ബ്രോമോ പർവതത്തെ Bromo Tengger Semeru National Park ആയി പ്രഖ്യാപിച്ചു. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിച്ചതിനു ശേഷമാണ് ജാവാ ദ്വീപിലേക്ക് വിദേശികൾ വന്നു തുടങ്ങിയത്.

ADVERTISEMENT

ബ്രോമോയിൽ സൂര്യോദയം കാണാൻ പുലർച്ചെ രണ്ടിനു മലകയറണം. പെനാജെകാൻ ഹിൽസാണു വ്യൂ പോയിന്റ്. ബ്രോമോയുടെ അടിവാരത്തിനപ്പുറം മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ല. അര മണിക്കൂർ ഫോർ വീൽ ഡ്രൈവിനു ശേഷം മലയിലൂടെ നടക്കണം. സൂര്യോദയം കാണാനുള്ള ആവേശത്തിൽ ആരും മലകയറ്റം വലിയ കഷ്ടപ്പാടായി കരുതുന്നില്ല. നടക്കാൻ വയ്യാത്തവരുടെ സഹായത്തിന് കുതിരയുണ്ട്. കുതിരപ്പുറത്തിരുന്നാലും മലയുടെ മുകളിലെത്താൻ ഒന്നര മണിക്കൂർ വേണം.

volcanoo2

മല കയറുമ്പോൾ താഴ്‌വരയുടെ മനോഹരദൃശ്യം കാണാം. വീടുകളിൽ തെളിയുന്ന വൈദ്യുതി വിളക്കുകളുടെ ഭംഗി ആസ്വദിക്കാം. നടന്നു ക്ഷീണിച്ച് വ്യൂ പോയിന്റിലെത്തുന്നവർ ഇരുന്നു വിശ്രമിക്കുന്നു. കുശലം പറഞ്ഞ് സൂര്യോദയത്തിനായി കാത്തിരിപ്പ് രസകരമാണ്. മുകളിലേക്കുള്ള പാതയിലൂടെ വിളക്കു തെളിച്ചു നടന്നു കയറുന്ന സഞ്ചാരികളുടെ നിര രസകരമായ കാഴ്ചയാണ്. സൂര്യൻ ഉദിക്കുന്നതു വരെ ആ പാതയിൽ നുറുങ്ങു വെട്ടം കാണാം. കാത്തിരിപ്പിനൊടുവിൽ ഉദയസൂര്യൻ കിഴക്കേ മാനത്ത് എത്തി നോക്കും. പതുക്കെപ്പതുക്കെ ആകാശത്ത് പലനിറങ്ങൾ തെളിയും.

ADVERTISEMENT

തിളയ്ക്കുന്ന ലാവ

volcano3

ബ്രോമോയുടെ ലാവ പുകയുന്ന സ്ഥലത്തേക്കുള്ള യാത്ര സാൻഡ് ഓഫ് സീ (Sand of Sea ) അഥവാ മണൽ സമുദ്രത്തിലൂടെയാണ്. ഒരു കിലോമീറ്റർ നടക്കാനുണ്ട്. കുതിരപ്പുറത്തു പോകേണ്ടവർക്ക് അതുമാവാം. ഒരു ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. ശിവനാണ് പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ മുറ്റത്ത് ഒരിടത്തായി ബലി നടത്തുന്ന പീഠം കണ്ടു. മണൽപ്പരപ്പും ക്ഷേത്രവും ബലി നടത്തുന്ന സ്ഥലവും ചേർന്ന് ആകെപ്പാടെ ഭയപ്പാടുണ്ടാക്കുന്ന അന്തരീക്ഷം. ക്ഷേത്ര ദർശനത്തിനു ശേഷം മലയിലേക്ക് നടന്നു. യാത്രികരുടെ സൗകര്യത്തിനായി പടവുകൾ നിർമിച്ചിട്ടുണ്ട്. ഇരുവശത്തു കുന്നുകളാണ്. പ്രതീക്ഷയുടെ പ്രതീകം പോലെ പച്ചപ്പണിഞ്ഞ ഒരു കുന്ന് കണ്ടു. അതു പണ്ട് അഗ്നിപർവത സ്ഫോടനം ഉണ്ടായ സ്ഥലമാണെന്നു ഗൈഡ് വിവരിച്ചു. പർവതത്തിന്റെ മുകളിൽ എത്തിയപ്പോൾ സൾഫറിന്റെ ഗന്ധം വമിച്ചു. എല്ലാവരും മുഖാവരണം ധരിച്ചു. തുടർച്ചയായി സൾഫർ ശ്വസിച്ചാൽ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. കണ്ണുകൾ കാത്തിരുന്ന വിരുന്നിലേക്ക് ഗൈഡ് വിരൽ ചൂണ്ടി. പുകയുന്ന വൊൾക്കാനിക് വെന്റ് കണ്ടു. സന്ദർശകരുടെ സുരക്ഷയ്ക്കായി ഇരുമ്പു വേലി കെട്ടിയിട്ടുണ്ട്. ലാവ തിളച്ചു മറയുന്ന ദൃശ്യം എല്ലാവരും ക്യാമറയിൽ പകർത്തി. മൂന്നു മീറ്റർ താഴെയാണ് ലാവ തിളയ്ക്കുന്നത്. ജിയോളജിസ്റ്റിന്റെ കൗതുകത്തിൽ അതിന്റെ ഓരോ ഇളക്കവും നോക്കി നിന്നു. പുസ്കതങ്ങളിൽ വായിച്ചറിഞ്ഞതിനെക്കാൾ പത്തിരട്ടി ഭയാനകമാണ് ലാവയുടെ രൂപം.

volcano

ലാവ പുകയുന്ന സ്ഥലത്തിനരികെ വിഘ്നേശ്വരന്റെ ശിൽപ്പമുണ്ട്. സന്ദർശകരിൽ പലരും അവിടെ പുഷ്പാർച്ചന നടത്തി. ബലി കർമം നടത്തുന്നതിനു മുൻപുള്ള പ്രാർഥനാ സ്ഥലമാണിത്. ലാവയുടെ അരികിൽ മരണഭയമില്ലാതെ ഒരാൾ നടക്കുന്നതു കണ്ടു. കാലിടറിയാൽ സംഭവിക്കാവുന്ന ദാരുണാന്ത്യത്തെക്കുറിച്ച് അയാൾക്ക് അറിയാതിരിക്കാൻ വഴിയില്ല. ചിലർ ലാവയിലേക്ക് ഭക്തിപൂർവം എറിയുന്ന നാണയങ്ങൾ പെറുക്കിയെടുക്കുകയാണ് അയാൾ. തിളച്ചു മറിയുന്ന ലാവയെക്കാൾ കുടുംബഭാരം അയാളുടെ കണ്ണുകളിൽ തിളച്ചു മറിയുന്നതു കാണാം.

ADVERTISEMENT