ADVERTISEMENT

പുൽമേടുകളും കൂറ്റൻ പാറകളും ചോലക്കാടുകളും താണ്ടിയൊരു കാനനയാത്ര. ഇടതൂർന്നു വളരുന്ന ചെടികളോ ആകാശത്തെ തൊടുന്ന വൻമരങ്ങളോ ഇവിടെയില്ല. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വാഗവനത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് കാടിന്റെ തുറന്ന കാഴ്ചകളാണ്. നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുൽമേടുകളാണ് വാഗവനത്തിലെ പ്രധാന ആകർഷണം. ആറു മലകളും അവയുടെ താഴ്‌വാരങ്ങളും കടന്നു പോകുന്നതാണ് ട്രെക്കിങ്. പാറക്കെട്ടുകൾക്കും ചോലക്കാടുകൾക്കുമിടയിൽ കാട്ടാനകളെ പലപ്പോഴും കാണാം. കുമരികുളം ഒറ്റമരംപാറയിൽ നിന്ന് ആറു കിലോമീറ്ററോളം അകലെയാണ് ട്രെക്കിങ് പൂർത്തിയാകുന്നത്.

vagvn3

ഇക്കോ ടൂറിസത്തിന്റെ ഭാഗമായാണ് വാഗവനം ട്രെക്കിങ് നടത്തുന്നത്. ഇതു വഴി ലഭിക്കുന്ന വരുമാനം ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കുന്നു. തണുത്ത വെളുപ്പാൻ കാലത്ത് വാഗവനം ട്രെക്കിങ് ലക്ഷ്യമാക്കി നീങ്ങി. വാഗമണിലെത്തിയപ്പോൾ കിഴക്കൻ മലനിരകൾക്കു മുകളിൽ അരുണോദയം. മൂടൽമഞ്ഞിന്റെ മെത്തയ്ക്കു മുകളിലേക്ക് ചുവപ്പുരാശി പടർന്നു തുടങ്ങിയിട്ടുണ്ട്. വാഗവനം ട്രക്കിങ് തുടങ്ങുന്ന കുമരികുളം ഫോറസ്റ്റ് ഓഫിസിലേക്ക് വാഗമൺ നിന്ന് 13 കിലോമീറ്ററോളം ദൂരമുണ്ട്. അവിടെ കടകൾ കുറവായതിനാൽ വാഗമൺ ടൗണിൽ നിന്നു ഭക്ഷണം കഴിച്ചു. രാവിലെ 8നു തുടങ്ങുന്ന ട്രെക്കിങ് മൂന്ന്– നാലു മണിക്കൂറിനു ശേഷം ഉച്ചയാകും അവസാനിക്കുമ്പോൾ.

vagvn2
ADVERTISEMENT

കാഴ്ചകൾ കണ്ട് കുമരികുളത്തേക്ക്

vagvn

രാവിലെ 8നു മുൻപ് കുമാരികുളത്തെ വനംവകുപ്പ് ഓഫിസിലെത്തണം. വാഗമൺ – ഉപ്പുതറ റൂട്ടിൽ പ്രഭാതത്തിന്റെ മുഴുവൻ ഉന്മേഷവും നിറച്ച് യാത്ര തുടർന്നു. ‌മഞ്ഞുമൂടിയ മലനിരകളും തണുപ്പ് കൈക്കുമ്പിളിൽ എടുത്ത് വീശുന്ന കാറ്റും. മുന്നോട്ട് പോകും തോറും വീതി കുറഞ്ഞ , കുഴികൾ നിറഞ്ഞ വഴി. മറ്റു പല ജില്ലകളിൽ നിന്നെത്തിയ ആളുകൾക്കൊപ്പം ട്രെക്കിങ് തുടങ്ങി. പേരും വിലാസവും വനംവകുപ്പിലെ രജിസ്റ്ററിലെഴുതി. ഗൈഡും വാച്ചറുമായി ഒരാൾ ട്രെക്കിങ്ങിൽ ഒപ്പം വരും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കാട്ടാനയെ കണ്ടതു കൊണ്ട് ട്രെക്കിങ് പാതിവഴി അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നിരുന്ന കാര്യം വാച്ചർ നേരത്തേ സൂചിപ്പിച്ചു. കുമാരികുളത്തെ ഒറ്റമരംപാറയിൽ റോഡിന് എതിർവശത്തു നിന്ന് ട്രെക്കിങ് തുടങ്ങുമ്പോൾ പച്ചപ്പിന്റെ കുളിരിൽ എല്ലാവരും ആവേശം പ്രകടിപ്പിച്ചു.

vagavan3
ADVERTISEMENT

എന്നാൽ കുത്തനെയുള്ള രണ്ട് കയറ്റങ്ങൾ കയറിയപ്പോഴേക്ക് കിതയ്ക്കാൻ തുടങ്ങി. ട്രെക്കിങ്ങിന്റെ രസമൊക്കെ പോയി. എന്നാൽ മുന്നോട്ടു വലിയ കയറ്റമില്ലെന്നു പറഞ്ഞ് ഒപ്പം വന്ന വാച്ചർ മടുത്തവരെ പ്രോത്സാഹിപ്പിച്ചു. വനംവകുപ്പിന്റെ വാച്ച് ടവർ ഈ ഭാഗത്തു കാണാം. മൂടൽമഞ്ഞു മാറി വെയിൽ തെളിഞ്ഞപ്പോൾ ആദ്യം ആശ്വാസമായിരുന്നു. കുളമാവ് ഡാമിന്റെ റിസർവോയറും കിഴക്കാലച്ചി മല, ആനമല തുടങ്ങി ഓരോ മല കയറുമ്പോളും കൺമുന്നിൽ തെളിയുന്നത് അതിശയിപ്പിക്കുന്ന കാഴ്ചകളാണ്. ആനമലയിൽ നിന്നാണ് കുളമാവ് ഡാം റിസർവോയറിന്റെ വ്യക്തമായ കാഴ്ച ലഭിക്കുക. ആനമല കഴിഞ്ഞുള്ള ഇറക്കത്തിലാണ് മിക്കപ്പോളും കാട്ടാനകളെ കാണുന്ന ചോലവനങ്ങൾ. കാട്ടാനക്കൂട്ടം സജീവമാണെന്നതിന്റെ തെളിവായി ആനപ്പിണ്ടം വഴിയിലുടനീളം കാണാം. മഴക്കാലത്ത് മൊട്ടക്കുന്നുകളിൽ നിന്നുള്ള ഉറവകൾ താഴ്‌വാരങ്ങളിലേക്ക് ചെറുചാലുകളായി ഒഴുകുന്നു.

വർണപക്ഷികളുടെ ലോകം

ADVERTISEMENT

കാടിന്റെ ശ്വാസകോശങ്ങളാണു പുൽമേടുകൾ. കാറ്റുപിടിക്കുന്ന പാറക്കെട്ടിനു മുകളിലെ പുൽമേടുകൾ സ്പോഞ്ചു പോലെ മഴവെള്ളം ഉള്ളിലേക്ക് ആഗിരണം ചെയ്യുന്നു. ഇവയാണ് പിന്നീട് ചെറു ചാലുകളായി അരുവികളായി വലിയ പുഴകളായി മാറുന്നത്. മഴക്കാലം കഴിഞ്ഞാലും പാറകളിൽ നല്ല വഴുക്കലുണ്ട്. ഓരോ ചുവടും വീഴാതെ ശ്രദ്ധിച്ചു വേണം. മണ്‍സൂണിനു ശേഷം ഒക്ടോബർ, നവംബർ മാസങ്ങളിലാണ് വാഗവനം നിറയെ പച്ചപ്പോടെ ഏറ്റവും മനോഹരമായി കാണാൻ സാധിക്കുക. വൈവിധ്യമാർന്ന നിരവധി പക്ഷികളെ ഇവിടെ കാണാം.

vagavan

ചെറിയ പരുന്തിനമായ ‘വിറയൻ പുള്ള്’ ഇരയായി പിടിച്ച ഓന്തുമായി കുത്തനെയുള്ള ഒരു പാറക്കെട്ടിൽ ചെന്നിരുന്നപ്പോൾ അവിടെയുണ്ടായിരുന്ന തവിടൻ കത്രികക്കിളി പുള്ളിനെ തുരത്തുന്ന അപൂർവ കാഴ്ച ബൈനോക്കുലറിലൂടെ കണ്ടു. ക്യാമറയുടെ റേഞ്ചിനും അപ്പുറത്തായിരുന്നു സംഭവം. കേരളത്തിൽ അത്ര സാധാരണമല്ലാത്ത ‘പാറ നിരങ്ങൻ’ പക്ഷി(ലോങ് ബിൽഡ് പിപ്പിറ്റ്)യെ അടുത്തു കാണാനും ചിത്രമെടുക്കാനും കഴിഞ്ഞു. വലിയ പുള്ളിപ്പരുന്ത്, നീലപ്പാറക്കിളി, ചുട്ടിപ്പരുന്ത് തുടങ്ങിയ പക്ഷികളെയും വാകവനത്തിൽ കണ്ടു. ഒക്ടോബറിൽ ദേശാടനപ്പക്ഷികൾ സജീവമായാൽ കൂടുതൽ പക്ഷികളെ കാണാൻ സാധ്യതയുണ്ട്. ഇടയ്ക്ക് മഴക്കാറ് നിറഞ്ഞ പ്രതികൂല കാലാവസ്ഥയായിട്ട് കൂടി 47 ഇനം പക്ഷികളെ കാണാൻ കഴിഞ്ഞത് ഈ ട്രെക്കിങ് സുന്ദരമാക്കി. സമയം വൈകിയതിനാൽ ഷോല വനത്തിൽ അധികസമയം നിൽക്കാൻ കഴിഞ്ഞില്ല.



മലകൾ താണ്ടി, ആകാശം കയ്യെത്തിപ്പിടിച്ച്

vagavanmm

വെഞ്ഞൂർമേട് ആണ് കിഴക്കാലച്ചിമലയുടെ താഴ്‌വാരം. വൈരമണി എന്ന സ്ഥലത്തെ ആളുകളെ ഇടുക്കി ഡാമിന്റെ നിർമാണത്തോടനുബന്ധിച്ച് 1970കളിൽ മാറ്റിപ്പാർപ്പിച്ചത് ഈ ഭാഗത്താണ്. ഇടുക്കി ഡാമിന്റെ നിർമാണത്തിൽ സഹായിച്ച ആദിവാസി കൊലുമ്പന്റെ വീടും ഇവിടെയാണ്. വാച്ച് ടവർ, മഞ്ഞൾ നിരപ്പ്, ചില്ലള്ള്, മാങ്കുന്ന്, ആനമല മലകളിൽ കൂടിയാണു ട്രെക്കിങ്. കിഴക്കലാച്ചി, അകലുംകുന്ന് ഭാഗങ്ങളും കാണാം. ട്രെക്കിങ് പാതയും പരിസരവും വളരെ വൃത്തിയായാണു സൂക്ഷിക്കുന്നത്. ഗൈഡായി വരുന്ന വാച്ചറുടെ നിർദേശങ്ങൾ കർശനമായി പാലിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. റിസർവ് വനമായതിനാൽ അധികം ബഹളമുണ്ടാക്കാതെ വേണം ട്രെക്കിങ് നടത്താൻ. പച്ചപ്പുല്ലും ഈറ്റയും ഉൾപ്പെടെ സമൃദ്ധമായ തീറ്റയും റിസർവോയറിലെ വെള്ളവും ഉള്ളതിനാൽ കാട്ടാനകളുടെ വിഹാര കേന്ദ്രമാണ് വനത്തിന്റെ ഈ ഭാഗം. അകലക്കാനം ടോപ്പാണ് ട്രെക്കിങ്ങിലെ അവസാന ഭാഗം. ഒരു ചെറിയ വെള്ളച്ചാട്ടവും തോടും കാണുന്ന സ്ഥലത്താണ് ട്രെക്കിങ് അവസാനിക്കുക. അവിടെ നിന്ന് ഓട്ടോയിലാണ് മടക്കം. ചെറുതെങ്കിലും സുന്ദരമായൊരു ദിനം സമ്മാനിച്ചതിന് പ്രകൃതിയോട് നന്ദിപറഞ്ഞ് തിരികെ വാഗമൺ ടൗണിലേക്ക്.



ട്രെക്കിങ് ബുക്ക് ചെയ്യാൻ

ഒരാൾക്ക്് 200 രൂപ നിരക്കിൽ 6 പേരെയാണ് ഒരു ടീമിൽ കൊണ്ടു പോകുന്നത്. ഒരാൾക്ക് 10 രൂപ ഫീസുമുണ്ട്. 1200 രൂപയാണ് ഒരു ടീമിന്. ആളു കുറവാണെങ്കില്‍ ഒരു ബാച്ചിന്റെ മുഴുവൻ തുകയും എത്തുന്ന ആളുകൾ നൽകണം. അല്ലെങ്കിൽ മറ്റു ടീമുകൾക്കൊപ്പം പോകണം. രാവിലെ 7 മുതൽ ഉച്ച കഴിഞ്ഞ് 3 വരെയാണ് ട്രെക്കിങ് സമയം. കാലാവസ്ഥയും മൃഗങ്ങളുടെ സാന്നിധ്യവും അനുസരിച്ച് ട്രെക്കിങ് സമയത്തിലും പാതയിലും ചെറിയ മാറ്റങ്ങൾ വരാം. ഫോൺ നമ്പർ : 9846816159

ADVERTISEMENT