കൊച്ചിയിൽ വിഭാവനം ചെയ്യുന്ന ‘ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി’ യാഥാർഥ്യത്തിലേക്ക് എന്ന സൂചനകൾ സിനിമാ പ്രേമികളിൽ നിറയ്ക്കുന്ന ആവേശം ചെറുതല്ല. നിലവിൽ മലയാള സിനിമയുടെ ഹബ്ബ് എന്നോ ‘ഹോളിവുഡ്’ എന്നോ വിശേഷിപ്പിക്കാവുന്ന ഇടമാണ് കൊച്ചി. അത്രയേറെ സിനിമാ ചരിത്രവും വിശേഷങ്ങളും ഈ നഗരത്തിലുണ്ട്. മദിരാശി വിട്ട്, ഇടക്കാലത്ത് തിരുവനന്തപുരത്തൊന്നു തങ്ങി, മലയാള സിനിമ കൊച്ചിയിലേക്കു വന്നത് പതിറ്റാണ്ടുകൾക്കു മുൻപാണ്. ഈ ഇടമുറപ്പിക്കലിനു പിന്നിൽ ഊർജ്ജമായി പ്രവർത്തിച്ച കാരണങ്ങളെന്തൊക്കെ...? കൊച്ചിയിൽ മലയാളസിനിമയെ പിടിച്ചു നിർത്തിയ സാധ്യതളേതൊക്കെ …? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ സംസാരിക്കുന്നു, ‘വനിത ഓൺലൈനിൽ...’.
മദിരാശി വിട്ട മലയാള സിനിമ കൊച്ചിയെ തങ്ങളുടെ ‘ഹോളിവുഡ്’ ആയി തിരഞ്ഞെടുത്തതിന്റെ തുടക്കം എപ്പോഴായിരുന്നു ?
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലാണ് അതാരംഭിക്കുന്നത്. അതിനും മുന്‍പേ മലയാള സിനിമയുമായി കൊച്ചിക്ക് അടുത്ത ബന്ധമുണ്ട്. ‘നീലക്കുയിലി’ന്റെ നിര്‍മ്മാതാവായ പരീക്കുട്ടി കൊച്ചിക്കാരനാണ്. ഉദയായും മെരിലാന്‍ഡുമൊക്കെ സജീവമാകുന്ന കാലത്തേ കൊച്ചിയില്‍ നിര്‍മ്മാതാക്കളുണ്ടായി.. എഴുപതുകളുടെ മധ്യത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് മലയാള സിനിമയുടെ വിപുലമായ വിതരണ ശൃംഖലയും രൂപപ്പെട്ടു.
തെക്കോട്ടും വടക്കോട്ടും സമദൂരം പാലിക്കുന്ന കൊച്ചിയുടെ ഭൂപ്രകൃതി ഒരു പ്രധാന ഘടകമായിരുന്നു. അതോടെ പ്രധാനപ്പെട്ട എല്ലാ നിര്‍മ്മാതാക്കള്‍ക്കും കൊച്ചിയില്‍ ആസ്ഥാനമുണ്ടായി. അന്നേ ഒരു മഹാനഗരമായുള്ള കൊച്ചിയുടെ വളര്‍ച്ച ആരംഭിച്ചിരുന്നു. കൊച്ചി കേന്ദ്രമാക്കി ഫിലിം ചേംബർ കൂടി സ്ഥാപിക്കപ്പെട്ടതോടെ മലയാള സിനിമയുടെ വ്യവസായം കൊച്ചിയെ ചുറ്റിപ്പറ്റി വികസിക്കാന്‍ തുടങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സിനിമയുടെ കച്ചവടരംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പലരും കൊച്ചിയിലേക്കെത്തുക മാത്രമല്ല, അവരില്‍ മിക്കവരും ഇവിടെ താമസവുമുറപ്പിച്ചു. അങ്ങനെ എഴുപതുകളില്‍ തന്നെ അറിഞ്ഞോ അറിയാതെയോ മലയാള സിനിമയുടെ തലസ്ഥാനമായി കൊച്ചി മാറിത്തുടങ്ങിയിരുന്നു. കോട്ടയവും ആലപ്പുഴയും തൃശ്ശൂരും ആ ബെൽറ്റിന്റെ ഭാഗമായി.
അതിനേറ്റവും കൂടുതല്‍ സഹായകമായ ഘടകമെന്ത് ?
നേരത്തേ പറഞ്ഞല്ലോ, ഭൂപ്രകൃതി തന്നെ. മറ്റൊന്നു ഗതാഗതം. റോഡ് മാർഗമോ, ട്രെയിനിലോ, വിമാനത്തിലോ, കൊച്ചിയില്‍ നിന്നു കേരളത്തിന്റെ ഏത് ഭാഗത്തേക്കും അനായാസം എത്തിച്ചേരാം എന്ന അവസ്ഥയുണ്ടായി. ഒപ്പം മികച്ച താമസസൗകര്യവും മറ്റു ഭൗതിക സാഹചര്യങ്ങളും നല്‍കാന്‍ കൊച്ചിക്കായി.
സത്യന്‍ മാഷിന്റെയൊക്കെ കാലത്തേ പല മലയാള സിനിമകളും കൊച്ചിയില്‍ ചിത്രീകരിച്ചിരുന്നു.
മദ്രാസ് വിട്ട് മലയാള സിനിമ തിരുവനന്തപുരത്താണ് എത്തിയത്. കെ.ജി. ജോര്‍ജ് ഇള്‍പ്പടയുള്ള പല പ്രമുഖ സംവിധായകരും ആദ്യം തിരുവനന്തപുരത്താണ് താമസമുറപ്പിച്ചതും. ജേസിയെ പോലെ ചുരുക്കം ആളുകളേ കൊച്ചിയില്‍ ഉണ്ടായിരുന്നുള്ളൂ.
പതിയേപ്പതിയേ സിനിമ കൊച്ചിയിലേക്കു മാറി. അതിനൊരു പ്രധാന കാരണം മമ്മൂട്ടിയാണ്. അക്കാലത്ത് അദ്ദേഹം വര്‍ഷത്തില്‍ 20 സിനികളിലൊക്കെ അഭിനയിക്കുന്നുണ്ട്. അടിമുടി കൊച്ചിക്കാരനാണ് മമ്മൂക്ക. അദ്ദേഹം അന്നേ കേരളത്തിലെത്തിയാൽ കൊച്ചിയിലാണ് താമസം. അതേത്തുടര്‍ന്ന് പല താരങ്ങളും സംവിധായകരും കൊച്ചിയിലേക്കെത്തി. അവര്‍ക്കൊപ്പം മറ്റു സാങ്കേതിക പ്രവര്‍ത്തകരും വന്നു.
തിരുവനന്തപുരത്ത് താമസിക്കുന്ന സിനിമയുമായി ബന്ധപ്പെടുന്നവരുടെ പോലും പ്രവര്‍ത്തനമണ്ഡലം കൊച്ചിയാണല്ലോ. എന്തിനേറെ, സകല സിനിമാ സംഘടനകളുടെയും ആസ്ഥാനവും കൊച്ചിയാണ്. ‘ചിത്രാഞ്ജലി സ്റ്റുഡിയോ’ പോലെ ചില സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രമാണ് തിരുവനന്തപുരത്തുള്ളത്.
താരങ്ങള്‍ കൂട്ടമായി താമസിക്കുന്ന ഇടം എന്നതും ഒരു കാരണമല്ലേ ?
അതേ, തീര്‍ച്ചയായും. ഒരു പരിധി വരെ താരങ്ങള്‍ താമസിക്കുന്ന നഗരം എന്നതും ഒരു കാരണമാണ്. പണ്ടെല്ലാവരും ചെന്നൈയിലായിരുന്നു. അപ്പോള്‍ സിനിമ സ്വാഭാവികമായും അവിടെ കേന്ദ്രീകരിച്ചു. താരങ്ങളെ ചുറ്റിയാണല്ലോ കച്ചവട സിനിമ വളരുക. ഇപ്പോൾ അത് കൊച്ചിയിലാണ്.
എൺപതുകളിലെയും തൊണ്ണൂറുകളിലെയും പല ‘ഹിറ്റ് മേക്കർ’ തിരക്കഥാകൃത്തുക്കളും കൊച്ചിക്കാരോ , കൊച്ചിയില്‍ താമസമാക്കിയവരോ ആണ് ?
തീര്‍ച്ചയായും. എംടി, ടി. ദാമോദരന്‍ തുടങ്ങി ചുരുക്കം പേരൊഴികെ കലൂര്‍ ഡെന്നിസ്, ജോണ്‍ പോള്‍, എസ്.എന്‍. സ്വാമി തുടങ്ങി ഒരു കാലത്തെ പല ജനപ്രിയഎഴുത്തുകാരും കൊച്ചിക്കാരായിരുന്നു. അക്കാലത്ത് തന്നെയാണ് ഐ.വി. ശശിയുടെയും ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെയുമൊക്കെ നേതൃത്വത്തില്‍ കോഴിക്കോടും സിനിമ സജീവമായത്. എന്നാല്‍ അതൊന്നും ഏറെക്കാലം നിലനിന്നില്ല. ജോണ്‍ പോളും കലൂര്‍ ഡെന്നിസും എസ്.എന്‍. സ്വാമിയുമൊക്കെ പൂര്‍ണ്ണമായും കൊച്ചിയുടെ മനുഷ്യരായിരുന്നു. അവരുടെ സിനിമകളിലും കൊച്ചി വന്നു. അവര്‍ സിനിമയിലേക്കു കൈ പിടിച്ചു കൊണ്ടു വന്നവരും ഏറെയും കൊച്ചിക്കാരായിരുന്നു.
ഒരു കാലത്ത് പുല്ലേപ്പടിയിലും പത്മയിലും ചുറ്റുവട്ടങ്ങളിലുമായി നൂറോളം നിര്‍മ്മാതാക്കളുടെ ആസ്ഥാനങ്ങളുണ്ടായിരുന്നു. അത് പലര്‍ക്കും സിനിമയിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തു.
എണ്‍പതുകളുടെ പകുതിയിൽ മലയാള സിനിമ മദ്രാസില്‍ നിന്നു പൂര്‍ണ്ണമായും കേരളത്തിലേക്കെത്തി. മമ്മൂട്ടി - മോഹന്‍ലാല്‍ യുഗം ആരംഭിച്ചു. വൻ നിർമാണ കമ്പനികളായ ഉദയായും മെരിലാന്‍ഡും പതിയെപ്പതിയെ പിന്‍മാറി. ഗള്‍ഫ് പണത്തിന്റെ വരവ് പുതിയ നിര്‍മ്മാതാക്കളെ സൃഷ്ടിച്ചു. അക്കാലത്തൊക്കെ വര്‍ഷം നൂറ് സിനിമ ഇറങ്ങിയാല്‍ അതില്‍ പകുതിയും കൊച്ചിയിലെ നിര്‍മ്മാതാക്കളുടെതായിരുന്നു. അങ്ങനെ താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പിന്നാലെ സാങ്കേതിക പ്രവര്‍ത്തകരും സിനിമാ മോഹികളും കൊച്ചിയില്‍ വന്നു. ഒരു സിനിമയുടെ ചര്‍ച്ച മുതല്‍ ചിത്രീകരണം വരെ കൊച്ചി കേന്ദ്രീകരിച്ചായി.
അപ്പോഴും ചിത്രീകരണാനന്തര ജോലികള്‍ക്കായി മദ്രാസിലോ തിരുവനന്തപുരത്തോ പോകേണ്ട അവസ്ഥയുണ്ടായിരുന്നു.
‘ചിത്രാഞ്ജലി’യില്‍ ഒരേ സമയം പരമാവധി 5 സിനിമകളുടെ ജോലികളേ സാധ്യമാകുമായിരുന്നുള്ളൂ. അപ്പോള്‍ മദ്രാസ് തന്നെ അഭയം. ഈ പരിമിതിയില്‍ നിന്നു കൊച്ചിയെ രക്ഷിച്ചത് സംവിധായകന്‍ ലാല്‍ ആണ്. ‘ലാല്‍ മീഡിയ’ ആരംഭിച്ചതോടെ ഒരു സിനിമ സൃഷ്ടിക്കാന്‍ കൊച്ചി വിട്ടു പുറത്തു പോകേണ്ട എന്ന സാഹചര്യം വന്നു. സാങ്കേതികമായ വളര്‍ച്ച കൊച്ചിയെ കൂടുതല്‍ സ്വയംപര്യാപ്തമാക്കി..
കൊച്ചിയുടെ സാമൂഹികസ്വഭാവവും ഒരു ഘടകമല്ലേ ?
കൊച്ചിയിൽ ഉള്ളത് ഒരു സങ്കര സമൂഹമാണ്. എല്ലാ വിഭാഗം ജനങ്ങളും ഇവിടെയുണ്ട്. ഇവിടെ ആരും നിങ്ങളുടെ പാരമ്പര്യം ചോദിക്കില്ല. കുടുംബമോ, ചുറ്റുപാടോ തിരയില്ല. ജാതി, മതം ഒന്നും പ്രശ്‌നമല്ല. ആ സ്വാതന്ത്ര്യത്താൽ, സത്വപ്രശ്‌നങ്ങളില്ലാതെ ആര്‍ക്കും കൊച്ചിയിൽ ജീവിക്കാം. ‘നിങ്ങള്‍ ആരായിരുന്നു’ എന്ന ചോദ്യമില്ല, ‘ഇപ്പോള്‍ ആരാണ്’ എന്ന ചോദ്യമേയുള്ളൂ. കൊച്ചിയിലെത്തിയാല്‍ ആരും കൊച്ചിക്കാരാകും.. സരസമായി പറഞ്ഞാല്‍ തന്റെ ലക്ഷ്യത്തിലേക്ക് അടുക്കും വരെ ഒരാള്‍ക്ക് ഒളിച്ചിരിക്കാന്‍ കൊച്ചി പോലെ യോജിക്കുന്ന മറ്റൊരു സ്ഥലമില്ല.
ന്യൂ ജനറേഷന്‍ സിനിമ എന്നാൽ കൊച്ചിയിലെ സിനിമ എന്നൊരു ടാഗ് ഉണ്ടായിരുന്നു ?
ഒരു പക്ഷേ ‘റാംജി റാവു സ്പീക്കിംഗ്’ – ലൊക്കെ ആരംഭിച്ച ഒരു സിനിമാസംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയാണ് ന്യൂ ജനറേഷന്‍ എന്ന പേരില്‍ വികസിച്ചത്. ഒരാളുടെ കഥ പറയാന്‍ അയാളുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെ ഒന്നും സഹായം വേണ്ട, അയാള്‍ ഇടപെടുന്ന സാഹചര്യങ്ങള്‍ മാത്രം മതി എന്നായി. അതിന്റെ തുടര്‍ച്ചയായിരുന്നു ന്യൂ ജനറേഷന്‍. മാറിയ കാലത്തിന്റെ നാഗരിക യുവത്വത്തിന്റെ മന:ശാസ്ത്രം കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു അവര്‍. മറ്റൊന്ന് കൊച്ചിയില്‍ വളര്‍ന്ന ഹ്രസ്വചിത്ര ലോകമാണ്. ഒരു ക്യാമറയും നാലോ അഞ്ചോ കൂട്ടുകാരുമുണ്ടെങ്കില്‍ ഒരു ഇന്‍സ്റ്റ്യൂട്ടിലും പോകണ്ട, ആരുടെയും സഹായിയായി പ്രവര്‍ത്തിക്കണ്ട, സിനിമയിലേക്കുള്ള വാതില്‍ തുറക്കപ്പെടും എന്നായി.
ന്യൂ ജനറേഷന്‍ കാലത്ത് കൊച്ചിയില്‍ വളര്‍ന്ന സിനിമക്കാർ ഇപ്പോൾ മലയാള സിനിമയിലെ സുപ്രധാന സാന്നിധ്യങ്ങളാണ് ?
അവരില്‍ ഭൂരിപക്ഷത്തിനും ഒരേ സമയം ഗ്രാമജീവിതവും നഗര ജീവിതവും ലഭിച്ചു. മെട്രോ നഗരത്തിലേക്കുള്ള കൊച്ചിയുടെ മാറ്റത്തിനൊപ്പം വളര്‍ന്നവര്‍. കൊച്ചി ഒരു സര്‍വകലാശാലയാണ്. അത്രയും വൈവിധ്യമാര്‍ന്ന ജീവിതങ്ങളും മനുഷ്യരും അനുഭവങ്ങളും ഇവിടെയുണ്ട്. സമാനമായ ഒരു നഗരം ബോംബെയാണ്. എന്നാല്‍ അവിടുത്തത്ര അപകട സാധ്യതകള്‍ കൊച്ചിയിലില്ല. ഭയത്തിന്റെ തുമ്പില്‍ ജീവിക്കേണ്ട സാഹചര്യവുമില്ല. എല്ലാത്തിനും ഇവിടെ ഇടമുണ്ട്.
അന്‍വര്‍ റഷീദ്, ആഷിക് അബു, അമല്‍ നീരദ് തുടങ്ങി കൊച്ചിയില്‍ വളര്‍ന്ന, ഇപ്പോള്‍ മലയാള സിനിമയുടെ മുഖ്യധാരയില്‍ സജീവമായ പലരേയും അവര്‍ സിനിമയിലെത്തും മുന്‍പേ എനിക്ക് അടുത്തറിയാം. അവരൊക്കെ പഠിക്കുന്ന കാലത്തും മറ്റും ഒഴിവു സമയങ്ങളില്‍ മറ്റൊരു ലോകം കാണാനും മനസ്സിലാക്കുവാനും ശ്രമിച്ചു. അതൊക്കെ അവരുടെ ചിന്തകളെ സ്വാധീനിച്ചു.
ഇടക്കാലത്ത് മലയാള സിനിമയുടെ ഷൂട്ടിങ് ലോകം ഇടുക്കിയിലേക്കു കടന്നല്ലോ ?
സ്റ്റുഡിയോ വിട്ട കാലം മുതല്‍ കാഴ്ചകള്‍ തേടി മലയാള സിനിമ പലയിടങ്ങളിലേക്കും പോയി. ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലുമൊക്കെ... പക്ഷേ, അവിടേക്കൊക്കെ കൊച്ചിയില്‍ നിന്നു പോയി കൊച്ചിയിലേക്കു തന്നെ മടങ്ങുകയായിരുന്നു സിനിമ. ചിത്രീകരണത്തിനു മുന്‍പും ചിത്രീകരണത്തിനു ശേഷവും അത്തരം സിനിമകളുടെ ലോകം കൊച്ചിയായിരുന്നു.
കൊച്ചിയിലെ ലഹരിലോകം സിനിമയെയും പലപ്പോഴും സംശയമുനയിൽ നിർത്തി ?
രണ്ടും രണ്ടായി കാണണം. രണ്ടും രണ്ടു തരമാണ്. ആധുനിക മുഖമുള്ള അധോലോകത്തിന്റെ ഹബ്ബായി കൊച്ചി മാറിയെന്ന ആരോപണം അവിടെ നിൽക്കട്ടേ, അങ്ങനെയുണ്ടെങ്കിൽ അതില്‍ പല തലത്തില്‍ പെട്ടവരുണ്ട്. അവരില്‍ സിനിമയുമായി ബന്ധപ്പെട്ടവരുമുണ്ടാകാം,. അവര്‍ സിനിമയില്‍ മാത്രമല്ല, എല്ലായിടത്തുമുള്ളവരാണ്. അല്ലാതെ മലയാള സിനിമ അധോലോകത്തിന്റെ പിടിയിലാണെന്ന പ്രചരണം ശരിയല്ല.
എങ്കിൽ ആ ആരോപണം എങ്ങനെ ഉണ്ടായി ?
മലിയാള സിനിമയെന്നാല്‍ ഒരു വര്‍ഷം റിലീസാകുന്ന നൂറോ ഇരുന്നൂറോ സിനിമകളുടെ മാത്രം ഇടമല്ല. അതുമായി ബന്ധപ്പെട്ട നിരവധി മേഖലകളുണ്ട്. ഉദാഹരണത്തിന് പരസ്യ ചിത്രങ്ങള്‍, ഹ്രസ്വചിത്രങ്ങളൊക്കെ... ഇതെല്ലാം സിനിമയുടെ പേരിലാണ്. ഇതില്‍ ധാരാളം വ്യാജന്‍മാരും തട്ടിപ്പുകാരുമുണ്ടാകും.. അവരുള്‍പ്പെടുന്ന പല കേസുകളും പലപ്പോഴും സിനിമയുമായി ബന്ധപ്പെട്ടാണ് ആരോപിക്കപ്പെടുക.. അത്തരക്കാരെ തിരിച്ചറിയുക എളുപ്പമല്ല. അവരില്‍ പലരും സിനിമയുമായി എന്തെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നുണ്ടാകാം.. അത്രേയുള്ളൂ.
ലഹരി മുരുന്നിന്റെ കാര്യമോ ? പ്രത്യേകിച്ചും ചില യുവനടന്‍മാർ സംശയത്തിന്റെ മുനയിൽ നിന്നതല്ലേ ?
അതൊക്കെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രം. തികച്ചും വ്യക്തിപരം. കൊച്ചിയില്‍ ധാരാളം ലഹരി പാര്‍ട്ടികള്‍ നടക്കും. എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. പക്ഷേ, അവ സിനിമാക്കാര്‍ മാത്രം പങ്കെടുക്കുന്നവയല്ല. സിനിമാക്കാരും ഉണ്ടാകും. ചെറുപ്പക്കാരെയാകെ ബാധിച്ച ലഹരിയോടുള്ള ആസക്തി സിനിമയിലും ചിലര്‍ക്കുണ്ടാകാം..
സിനിമ ലക്ഷ്യമാക്കി ജീവിക്കുന്ന യുവത്വം കൊച്ചിയിലേക്കു ചേക്കേറുകയാണല്ലോ ?
വരുന്നവരെയെല്ലാം ചേര്‍ത്തു പിടിക്കുന്ന ഒരു ‘അമ്മത്തം’ കൊച്ചിക്കുണ്ട്. എല്ലാവര്‍ക്കും ഇവിടെ ഇടമുണ്ട്. പലയിടങ്ങളില്‍ നിന്നു വന്നവര്‍ ഇവിടെ ഒന്നിക്കുന്നു. സമാനമനസ്‌കരായ സുഹൃത്തുക്കളെ കിട്ടുന്നു. ഒരു സിനിമാ പ്രണയിയില്‍ കൊച്ചി നിറയ്ക്കുന്ന ഊര്‍ജം ചെറുതല്ല. മറ്റൊന്ന്, കേരളത്തില്‍ ഏറ്റവുമധികം ഫിലിം ഇന്‍സ്റ്റ്യൂട്ടുകളുള്ളത് കൊച്ചിയിലാണ്. കൊച്ചിയില്‍ പലയിടങ്ങളിലും പലരും സിനിമയുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ നൽകുന്നു. അവിടേക്ക് കുട്ടികള്‍ വരുന്നു. അഭിനയവും സംവിധാനവുമൊക്കെ പഠിക്കുന്നു. അതുവഴി ഒരുപാടാളുകൾ സിനിമയില്‍ വന്നു. അവരുടെ തറവാടായി കൊച്ചി മാറി. ഒരിക്കല്‍ വന്നവരെ കൊച്ചി തിരികെ വിടാറില്ല.
താങ്കളുടെ സിനിമയില്‍ കാണുന്ന കൊച്ചിയുടെ വയലന്‍സ് എത്രത്തോളം യാഥാര്‍ത്ഥ്യ ബോധമുള്ളതാണ് ?
‘അസുരവിത്ത്’ – ല്‍ അല്‍പ്പം അതിശയോക്തികളുണ്ട്. പക്ഷേ ‘സ്‌റ്റോപ്പ് വയലന്‍സ്’ ഞാന്‍ കണ്ട ജീവിതങ്ങളുടെ പകര്‍ത്തി വയ്പ്പുകളായിരുന്നു. എന്റെ കൂടെ പഠിച്ച പലരും അക്കൂട്ടത്തില്‍ പെട്ടു. ഒരു കുപ്പി ചാരായത്തിനോ ആയിരം രൂപയ്‌ക്കോ വേണ്ടി കൊന്നവരും ചത്തവരും...അത്തരക്കാര്‍ ഇന്നും കൊച്ചിയിലുണ്ട്. അവരൊക്കെ ചേര്‍ന്ന ഒരിടമാണ് ഇപ്പോഴും കൊച്ചി.