സിനിമയിലും സംഗീതത്തിലും രുചിയിലും വായനയിലും യാത്രയിലും പഠനത്തിലും സൗഹൃദത്തിലുമൊക്കെ പുതിയ തലമുറയുടെ ഇഷ്ടങ്ങളും ചിന്തകളും ഇങ്ങനെയൊക്കെയാണ്...
‘ജെൻ സി’ കളുടെ ലോകം ‘ജെൻ സി’ എഴുത്തിലൂടെ... ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ദിയ എഴുതുന്ന കോളം – ‘ജെൻ സി ഡയറി’.
*
പേജ് – ഒന്ന് : ഒരു ആമുഖം
*
ദേവഗിരിയിലെ വിശാലമായ ലൈബ്രറി ഉപയോഗപ്പെടുത്തി ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന സമയത്താണ്, ഇന്ത്യയിലെ പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യ ഡിപ്പാര്ട്ടുമെന്റുകളെപ്പറ്റിയുള്ള അന്വേഷണം തുടങ്ങിയത്. ബി.എ. ഇംഗ്ലീഷ് മൂന്നാം വര്‍ഷത്തിലെത്തി, പ്രത്യേകിച്ച് വലിയ ഭാവിബോധമില്ലാതെ നില്‍ക്കുമ്പോഴാണ് ഒരു സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പി.ജി.യെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. സി.യു.ഇ.ടി. പരീക്ഷയെപ്പറ്റി ചിന്തിക്കുന്നതും അതിന്റെ മൂന്നു മാസം മുന്നേ മാത്രമാണ്. ഒന്നര വര്‍ഷമായി ആ പരീക്ഷയെപ്പറ്റി ഞങ്ങളുടെ ക്ലാസില്‍ പറഞ്ഞ, അതിന് തയ്യാറടുക്കാന് ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ച ഒരു ടീച്ചറെ അപ്പോള്‍ ഓര്‍ത്തു. എന്തേ അതൊന്നും ചെയ്തില്ല എന്നും ഓര്‍ത്തു.
ഒന്നാംസ്ഥാനം ജെ.എന്‍.യു.വിനു തന്നെ. ദല്‍ഹി നഗരത്തിന്റെ തിരക്കില്‍ പല മഹാന്മാരെപ്പോലെയും മഹതികളെപ്പോലെയും, അല്ല, മഹതികളെപ്പോലെ മാത്രം, ഒരു ദുരാത്മാവു കണക്ക് അലയാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, ഇന്ത്യാമഹാരാജ്യത്തിന്റെ തലസ്ഥാനനഗരിയുടെ സുരക്ഷിതത്വത്തെപ്പറ്റിയുള്ള ആകുലതകള്‍ ജെ.എന്‍.യു.വിനെ ചിത്രത്തില്‍ നിന്നുതന്നെ പുറത്താക്കി (അവിടെ സീറ്റ് കിട്ടാന്‍ പോന്ന മാര്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷ എനിക്കില്ലായിരുന്നതിനാല്, വാപ്പയുടെയും അമ്മയുടെയും പേടിയെ ആ രീതിയില്‍ ഞാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു). അങ്ങനെയാണ് ഹൈദരാബാദ് ചിത്രത്തിലേക്ക് കടന്നു വരുന്നത്.
വേക്ക് അപ്പ് സിദിലെയും, ആനന്ദിന്റെ ‘ആള്‍ക്കൂട്ട’ത്തിലെയും സ്വപ്നനഗരി അല്ല. വിനീത് ശ്രീനിവാസന്റെയും, ‘നാടോടിക്കാറ്റി’ലെയും മദിരാശിയല്ല, എന്തിനേറെ, ‘ഹണി ബീ’യിലെ കൊച്ചി പോലുമല്ല, ഒരു പാവം കോര്‍പ്പറേറ്റ് ഹൈദരാബാദ്. നൈസാമുകളോ ചാര്‍മിനാറോ ബിരിയാണിയോ, പോപ്പ് കള്‍ച്ചര്‍ അവഗണിച്ച ഈ നഗരിയെ എന്നിലേക്ക് അടുപ്പിച്ചില്ല. എങ്കിലും ഈ സ്ഥാപനത്തിന്റെയും, ഇംഗ്ലീഷ് വിഭാഗത്തിന്റെയും പ്രസിദ്ധി, നഗരത്തിന്റെ സുരക്ഷിതത്വം, വീട്ടിലേക്ക് വരാന്‍ സാദ്ധ്യമാക്കുന്ന അതിന്റെ സ്ഥാനം എന്നിവ, എച്ച്.സി.യു. സ്വപ്നം കാണാന്‍ എന്നെ പഠിപ്പിച്ചു.
പിന്നീടുള്ള രണ്ടുമാസം രാപകല്‍ ഭേദമെന്യ ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്കും എന്‍ട്രന്‍സ് പരീക്ഷയ്ക്കും കുത്തിയിരുന്ന് പഠിച്ചു.
സെമസ്റ്റര്‍ പരീക്ഷയുടെ ഇടയിലൂടെ എന്‍ട്രന്‍സ് എഴുതി, അത്യാവശ്യം മാര്‍ക്കും വാങ്ങി ഹൈദരബാദ് യൂണിവേഴ്സിറ്റി കൗണ്‍സിലിങ്ങിന് വിളിക്കുന്നതും കാത്തുള്ള ഇരിപ്പായി പിന്നെ. എല്ലാ യൂണിവേഴ്സിറ്റിയും വിളിച്ച് , എല്ലാ കെട്ടും അടങ്ങിയ ശേഷമാണ് ഇവിടെ കൌൺസിലിംഗ് ആരംഭിക്കുന്നതുതന്നെ. ബിഗ് ബസില്‍ ടിക്കറ്റും ബുക്ക് ചെയ്തു. വയനാട്ടില്‍ നിന്നു പതിനാറ് മണിക്കൂര്‍ യാത്ര ചെയ്ത് ഇവിടെ എത്തിയപ്പോള്‍, കൗണ്‍സിലിങ്ങിന് ഇംഗ്ലീഷ് വിഭാഗത്തിന്റെ മുന്നില്‍ പൂരത്തിന്റെ പുരുഷാരം. ഞാനും എന്റെ രണ്ടു കൂട്ടുകാരികളും അപ്പോളേ തിരിച്ചു പോകുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങി. കിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ ഇതിനിടയില്‍ കിട്ടിയ ട്രിച്ചി NIT യില്‍ ചേരുന്നതിനെപ്പറ്റിയും മറ്റു പല തമാശകള്‍ പറഞ്ഞും ഉറക്കെ ചിരിച്ചു സമയം കളഞ്ഞു. കൗണ്‍സലിങ് പ്രക്രിയ തുടങ്ങി പേര് വിളിച്ചുവിളിച്ച് അവസാനം ഞങ്ങള്‍ മൂന്നുപേരെയും അവര്‍ വിളിച്ചു. പ്രതീക്ഷിക്കാതെ കിട്ടിയ ഓഫര്‍ ആയതിനാല്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. മോഹിച്ച വിജയം; അഡ്മിഷന് ലെറ്റര്‍ നീട്ടുമ്പോള്‍ മനസ്സില്‍ നിസ്സംഗത. അതേ തണുപ്പോടെ അഡ്മിഷന് പ്രോസസ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ക്ലാസ് തുടങ്ങാന്‍ ഇനി വെറും നാലു ദിവസങ്ങള്‍ മാത്രം ബാക്കി . അന്നുതന്നെ മടക്കയാത്ര ആരംഭിക്കണം; ഒരു പറിച്ചുനടലിനുള്ള തയ്യാറെടുപ്പാണ് ചെയ്യാന്‍ ഉള്ളത്.
പെട്ടെന്നുതന്നെ തിരിച്ചുള്ള ടിക്കറ്റും ബുക്ക് ചെയ്ത് യാത്രയാരംഭിച്ചു. ബസ്സില്‍ കയറി, പ്രധാനപ്പെട്ട ഒരു ദിവസക്കണക്കു കൂട്ടി; അത്രയും നാള് ഞാനും അനിയനും ചേര്‍ന്നുകണ്ട, ഒന്നിച്ച് ഉറക്കമളച്ച ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങളുടെ ഫൈനല്‍ കാണുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഒരു തൊള്ളായിരം കിലോമീറ്റര്‍ അകലം. ബസ്സ് നഗരത്തെ പിളര്‍ന്ന് നീങ്ങാന്‍ തുടങ്ങി.
ഒരു ജനലപ്പുറം, ‘പ്രേമലു’ കാണിച്ച ഹൈടക്ക് നഗരിയില്‍ വെളിച്ചം വീഴാന്‍ തുടങ്ങിയിരിക്കുന്നു.
സിനിമയിലും സംഗീതത്തിലും ജീവിതവീക്ഷണത്തിലും വ്യത്യസ്തതയുള്ള നൈറ്റ് ലൈഫും ആഘോഷങ്ങളും നിറഞ്ഞ, ഇന്റർനെറ്റിൽ മാത്രം കണ്ടുപരിചയിച്ച ഒരു പുതുലോകത്തേക്കാണ് പിന്നീട് ഞാൻ പ്രവേശിച്ചത്. വരും ഡയറികുറിപ്പുകൾ അവയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നു...