ADVERTISEMENT

സിനിമയിലും സംഗീതത്തിലും രുചിയിലും വായനയിലും യാത്രയിലും പഠനത്തിലും സൗഹൃദത്തിലുമൊക്കെ പുതിയ തലമുറയുടെ ഇഷ്ടങ്ങളും ചിന്തകളും ഇങ്ങനെയൊക്കെയാണ്...

‘ജെൻ സി’ കളുടെ ലോകം ‘ജെൻ സി’ എഴുത്തിലൂടെ... ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ദിയ സ്മിതാ അന്‍വര്‍ എഴുതുന്ന കോളം – ‘ജെൻ സി ഡയറി’.

ADVERTISEMENT

*

പേജ് – രണ്ട് : ഒരു സീൻ പടം!

ADVERTISEMENT

*

അങ്ങേയറ്റത്തെ ആവേശത്തോടെയാണ് സീന്‍ എന്ന തമിഴ് സിനിമയ്ക്കായി കാത്തിരുന്നത്. ഒരു സൂര്യ ചിത്രം എന്ന ആകാംക്ഷ മാത്രമുണ്ടായിരുന്ന സ്ഥിതിയില്‍ നിന്ന്, ആദ്യ ദിനം തന്നെ ഇത് പോയി കാണാനുള്ള കാരണത്തിലേക്കെന്നെ വളര്‍ത്തിയത്, പക്ഷെ, നെസ്‌ലനായിരുന്നു. മീശമുളയ്ക്കാത്ത പയ്യനില്‍ നിന്ന് കാലത്തില്‍ എന്റെ കൂടെത്തന്നെ വളര്‍ന്ന യുവതാരം.

ADVERTISEMENT

തമിഴ് സിനിമയും ഞാനും തമ്മിലുള്ള ബന്ധം OTT പ്ലാറ്റ്‌ഫോമുുകളുടെ വരവോടെ മാത്രം തുടങ്ങിയ ഒന്നായിരുന്നുവെങ്കില്‍, എനിക്ക് നെസ്‌ലനോടുള്ള സ്‌നേഹം ഒന്‍പതാം ക്ലാസില്‍ തുടങ്ങിയതാണ്.

scene-movie-diya-4-gif

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമ ഇറങ്ങിയതോടെയാണ്, എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സാധാരണ ലോകത്തെ പറ്റിയുള്ള സിനിമകള്‍ ഇറങ്ങും എന്ന് മനസ്സിലായത്. അതിനു മുന്നേ ഇറങ്ങിയവ, ഒന്നെങ്കില്‍ ഫാമിലി സിനിമകള്‍ അല്ലെങ്കില്‍ കോളജ് ചിത്രങ്ങള്‍. ഇറങ്ങിയ സ്‌കൂള്‍ സിനിമകള്‍ പോലും, ഒരു സാദാ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച എന്റെ യൂണിഫോമിനെയും ,സ്‌കൂള്‍ കെട്ടിടത്തെയും ചിത്രീകരിക്കാന്‍ മറന്നുപോയി.

അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന താനൂരു നിന്ന് സിനിമ കാണാന്‍ കോട്ടയ്ക്കലില്‍ പോകേണ്ടിവന്നു. താനൂര്‍ ഉണ്ടായിരുന്ന ആധുനികകാല സിനിമാത്തിയറ്ററുകള്‍, ജ്യോതിയും പ്രയാഗുമൊക്കെ പണ്ടേ പൂട്ടിപ്പോയിരുന്നു. ഞങ്ങള്‍ ബാഹുബലിയടക്കം കണ്ട താനൂര്‍ പിവിഎസ് ആകട്ടെ, പുതുയുഗത്തിലും പൊളിഞ്ഞു. അങ്ങനെ കോട്ടയ്ക്കല്‍ ലീന എന്ന പുരാതന (മോഡേണും) ആയ തിയറ്ററിലാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കണ്ടത്. അവിടെനിന്നാണാ ‘പപ്‌സ് പയ്യന്‍’ കണ്ണിലും മനസ്സിലും തറഞ്ഞത്. നായകനും നായികയും ജാതിക്കാത്തോട്ടവുമൊക്കെയായി സിനിമ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍, ഞാനും എന്റെ വീട്ടുകാരും ഓര്‍ത്തുപറഞ്ഞത് ജനലിലൂടെ കയ്യിട്ട് പപ്‌സ് തിന്നുന്ന ആംഗ്യം കാണിച്ച, രസകരമായ ഒരു സംസാര ശൈലിയുള്ള ആ പയ്യനെപ്പറ്റിയായിരുന്നു . എന്റെ പ്രായത്തിലുള്ളവര്‍ക്കും, പ്രായത്തിലുള്ളവരെയും മനസ്സിലാക്കാന്‍ പറ്റുന്ന കഥാപാത്രങ്ങളും ,അത് ചെയ്യുന്ന ഒരു പയ്യന്റെ വളര്‍ച്ചയും ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് തന്ന ആത്മവിശ്വാാസം ചെറുതല്ല. പിന്നീട്, ആ പയ്യന്‍ ‘സൂപ്പര്‍ ശരണ്യ’യിലൂടെ ‘പ്രേമലു’വിലേക്കു വളരുന്നത് കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നല്ലോ.

‍‘പ്രേമലുനഗര’ത്തില്‍ ഇന്നു ഞാനിരുന്ന് ഈ കുറിപ്പു കുറിക്കുന്നു. ഇതേ ‘പ്രേമലു നഗരത്തി’ലെ മള്‍ട്ടിപ്ലക്‌സ് തിയറ്ററിലിരുന്ന് ഇന്നലെ ഞാന്‍ നെസ്‌ലന്റെ തമിഴ് വിളയാട്ടം കാണുന്നു. നെസ്‌ലനെ താരപരിവേഷത്തിലേക്കുയര്‍ത്തിയ മറ്റൊരു സിനിമയായ ‘ലോക’ ഞാന്‍ കണ്ടത് കോഴിക്കോട്ടു നിന്നാണ്.

scene-movie-diya-3-gif

ഇത്രയും കാലം കൊണ്ട് ഞങ്ങളുടെ തലമുറയെ കൈയിലെടുത്ത അതേ ഇഫക്ടാാണ് ‘സീനി’ലും നെസ്‌ലന്‍ കൊണ്ടുവരുന്നത്. ട്രാജിക്ക് പിന്നാമ്പുറക്കഥ ഇല്ലാതെ, വളരെ ലളിതമായി കൊലപാതകം ചെയ്തു കൊടുക്കുന്ന ഒരു പയ്യന്‍. അവന്റ ബുദ്ധിയും കാല്‍ക്കുലേഷനും അതിമാനുഷമല്ല; പക്ഷെ അത്ഭുതാവഹം. വേരുറച്ച മഹാവൃക്ഷങ്ങള്‍ക്കും, അവയുടെ തണലുള്ളവര്‍ക്കും മാത്രമല്ല ഈ ഇന്‍ഡസ്ട്രി എന്ന് എന്നെ ബോദ്ധ്യപ്പെടുത്താന്‍ ഞാന്‍ കണ്ട ഈ നായകന്റെ യാത്ര തന്നെ പ്രധാനം. വളരെ പ്രൊഫഷണലായ ഒരു യുവകൊലപാതകി, തന്റെ പ്രൊഫഷന്‍ സംരക്ഷിക്കാന്‍ സീനിയറും, പരിജ്ഞാനിയും പ്രസിദ്ധനുമായ നായകനെ വേട്ടയാടുന്നതാണ് കഥയെന്നും ഇപ്പോള്‍ വേണമെങ്കില്‍ ‘സീനി’നെ വ്യാഖ്യാനിക്കാം.
പറഞ്ഞുവന്നപ്പോള്‍ നെസ്‌ലന്‍ നായകനായിപ്പോയെങ്കിലും, എന്റെ ‘സീന്‍’ ആവേശത്തിനു പിന്നില്‍ നെസ്‌ലന്‍ മാത്രമല്ല ഉള്ളത്. രോമാഞ്ചവും ആവേശവും തന്ന സംവിധായകന്‍ ജിത്തു മാധവന്റേതാണ് ‘സീന്‍’ എന്നതും പ്രധാനമായിരുന്നു. ‘സീന്‍’ ഇയാളുടേതാണെന്നറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത്, ‘പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം’ എന്ന പോലെ ജിത്തു മാധവനെന്താ തമിഴ് ഇന്‍ഡ്‌സ്ട്രിയില്‍ കാര്യം എന്നാണ്. ജിത്തു മാധവന്റെ ‘രോമാഞ്ചം’ അന്ന് കണ്ടപ്പോള്‍ എനിക്കത്ര പിടിച്ചിരുന്നില്ല. അക്കാലത്ത് സ്ഥിരം സിനിമയെക്കുറിച്ചു പറഞ്ഞിരുന്ന സീനിയര്‍ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍, എല്ലാവര്‍ക്കും വര്‍ക്ക് ആയ പോലെ എനിക്ക് വര്‍ക്ക് ആയില്ല എന്ന് ആ പടത്തെപ്പറ്റി പറഞ്ഞ അഭിപ്രായമായിരുന്നു എനിക്കും തോന്നിയത്. എന്നാലും, അതിലെ അര്‍ജുന്‍ അശോകന്റെ കഥാപാത്രവും, അയാളുടെ തലയാട്ടിക്കുശലാംഗ്യവും, അവസാനിക്കാത്ത റോഡില്‍ വഴിവെളിച്ചം വീഴുന്ന ഒരു ദൃശ്യവും എന്നന്നേക്കുമെന്ന പോലെ എന്റെ ഉള്ളില്‍ പതിഞ്ഞു. അതേ പോലെ മൊത്തത്തില്‍ പതിഞ്ഞ ഒരു ചിത്രമാണ് ‘ആവേശം’. ‘ആവേശ’ത്തിന്റെ ഫലിതാന്തരീക്ഷമായിരുന്നു എന്നെയേറെ ആകര്‍ഷിച്ചത്. ‘അതൊന്ന് ഓഫാക്ക് അമ്പാനേ’ എന്ന ഡയലോഗ് ഇപ്പോഴും പറഞ്ഞു നടക്കാന്‍ കാരണവും അതു തന്നെ ആവണം. ആ സാഹചര്യത്തില്‍ ‘സീനി’ന്റെ മാര്‍ക്കറ്റു വാല്യു ഒരു പടി കൂടി വര്‍ദ്ധിച്ചു.

scene-movie-diya-2-gif


പക്ഷേ, പറഞ്ഞുവരുമ്പോള്‍ നെസ്‌ലനും ജിത്തു മാധവനും മാത്രമല്ല അവിടെ കാര്യം. നായിക നസ്രിയ നസീമിനുമുണ്ട്. നസ്രിയ ചെയ്ത പല സിനിമകളും പല രീതിയില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. വലിയ ചമ്മലൊന്നുമില്ലാതെ ഒരാളുടെ പുറകെ നടക്കാനും, ഇഷ്ടം പറയാനും, റിജക്ഷന്‍ വാങ്ങാനും ഉള്ള ധൈര്യമായിരുന്നു എന്നെ സംബന്ധിച്ചടത്തോാളം ‘ഓം ശാന്തി ഓശാന’യിലെ പൂജ. പൂജയുടെ മണ്ടത്തരങ്ങളും വിഡ്ഢിത്തവും പ്രതീക്ഷയും തൊട്ടുമുമ്പുവരെ ഉണ്ടായിരുന്ന സിനിമ വാര്‍ത്തെടുത്ത യൗവ്വനസങ്കല്‍പ്പത്തെ തകര്‍ത്തു. എനിക്ക് സ്വന്തമായി രൂപീകരിക്കാന്‍ പറ്റുന്ന ഒരു ഇടമാണ് എന്റെ യൗവ്വനമെന്ന് നസ്രിയയുടെ പൂജ കാണിച്ചു തന്നു.
അടുത്തത് സീനിന്റെ സംഗീതസംവിധാനം സുഷിന്‍ ശ്യാം. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’യിൽ തുരു തുരു കേട്ട ഒരു സമയത്താണ് സുഷിനതിൽ പാടിയത് ശ്രദ്ധച്ചതും, സുഷിന്റെ യാത്ര ഞാനറിയുന്നതിലും ഒരുപാട് മുന്നെ തുടങ്ങിയാതാണെന്ന് മനസ്സിലാക്കിയതും. എന്തുതരം പാട്ടും സുഷിനു പറ്റും. ആദ്യകാലത്തെ വേഗം കുറഞ്ഞ പാട്ടുകളില്‍നിന്ന്, ‘ഭീഷ്മപര്‍വ്വ’ത്തിലെയും ഒടുവില്‍ ‘ആവേശ’ത്തിലെ, ഇല്യുമിനാണ്ടിയും വരെ ഫാസ്റ്റ് നമ്പരുകള്‍. തമിഴില്‍ തലങ്ങുംവിലങ്ങും തമ്പേറടിക്കുന്ന അനിരുദ്ധിന് നമ്മള്‍ മലയാളികള്‍ വയ്ക്കുന്ന ചെക്ക് ആണു പാര്‍ട്ടി. ആ സുഷിന്‍ ശ്യാം നേരിട്ട് അനുരുദ്ധുമായി മുട്ടാന്‍ തമിഴകത്തേക്കു ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ പിടിച്ചെത്തുകയാണ് സീനില്‍. സീന്‍ തീര്‍ന്നില്ല. പിന്നെയുമുണ്ട് മലയാളികള്‍. എഡിറ്റര്‍ പ്രേമലുവും ബത്‌ലഹേം കുടുംബ യൂണിറ്റുമൊക്കെ ക്യാമറ പിടിച്ച അജ്മല്‍ സാബു. ഛായാഗ്രഹണം പല പ്രധാന മലയാള സിനിമയിലും അസിസ്റ്റ് ചെയ്ത വിനീത് അഗസ്റ്റിന്‍. പിന്നെ ലാലും, ടൊവിനോയുമൊക്കെയായി ഒരു മലയാളിപ്പട തന്നെ മദിരാശിയിലേക്ക് വണ്ടി കേറിയിരിക്കുന്നു.
രജനീകാന്തിന്റെ വില്ലനായി വിനായകനും വെഞ്ഞാറമൂടും ആറാടിയതും മമ്മൂട്ടിയും മോഹന്‍ലാലും അവിടെ ഹിറ്റുകള്‍ സൃഷ്ടിച്ചതും നമ്മള്‍ കണ്ടതാണ്.
പക്ഷേ, സംവിധായകനും സംഗീത സംവിധാകനും, ഛായാഗ്രഹകനും എഡിറ്ററും നായകിയും വില്ലനും കൂടെ നായകനെ ഇടംവലം പൊതിഞ്ഞു സൃഷ്ടിച്ച ഈ തമിഴ് അത്ഭുതം, മലയാള സിനിമാചരിത്രത്തിലും, പ്രേക്ഷകരുടെ അനുഭവകളക്ഷനിലും ഒരു നിര്‍ണായകനിമിഷമാണ്.

scene-movie-diya-1-gif

ഈ സിനിമ നിരൂപണം ചെയ്യാന്‍ ഞാന്‍ ആളുമല്ല, തയ്യാറുമല്ല. ഇങ്ങനെ ചില സിനിമകളുണ്ട്. അതിന്റെ സൗന്ദര്യാത്മകഗുണവശങ്ങൾ കണ്ടറിയണം. വാപ്പ പറഞ്ഞറിയാം, ‘രംഗീല’ എന്ന ചിത്രം സൃഷ്ടിച്ച ഒരു ഓളപ്പരക്കം എത്രയായിരുന്നെന്ന്. അതുപോലെ, ഈ കാലത്തിന്റെ മള്‍ട്ടിപ്ലക്‌സില്‍ തമിഴക വാണിജ്യസിനിമയുടെ തലപ്പത്ത് മലയാളികള്‍ കയറിനിന്ന് കൊമ്പുവിളിക്കുന്ന സീനാണീ ‘സീന്‍’!

Gen Z Diary: The Rise of Naslen and Malayali Talent in Tamil Cinema:

Gen Z represents a fresh wave of perspectives in contemporary cinema, music, literature, and friendships as reflected through the new column Gen Z Diary. The article explores the author's deep connection with actor Naslen, whose journey from a relatable school student in Thanneer Matthan Dinangal to a star in Premalu is truly inspiring. Watching Naslen's performance in the recent Tamil film Seen in Hyderabad evoked a strong sense of admiration and cultural pride. Director Jithu Madhavan and music director Sushin Shyam further elevate the project, bringing their signature Malayali brilliance into the Tamil film industry. Nazriya Nazim and other talented technicians like cinematographer Ajmal Sabu complete this remarkable cross-border cinematic wave. Ultimately, this collaborative triumph marks a historic and proud moment for Malayalam cinema enthusiasts across generations.

ADVERTISEMENT