ADVERTISEMENT

സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33) ആണ് റൂറൽ പൊലീസ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്.

ഹെൽമറ്റും മാസ്ക്കും ധരിച്ച് നീല സ്കൂട്ടറിൽ എത്തി കഴിഞ്ഞ നാലു മാസത്തിനിടെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി 12 പെൺകുട്ടികളെ ഉപദ്രവിച്ചതായി പ്രതി സമ്മതിച്ചു. ശൂരനാട്, കിഴക്കേ കല്ലട സ്റ്റേഷനുകളിൽ പോക്സോ വകുപ്പുകൾ ചുമത്തിയുള്ള കേസുകൾ നിലവിലുണ്ട്. കാൽനടയായോ സൈക്കിളിലോ പോകുന്ന സ്കൂൾ വിദ്യാർഥിനികൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തുമ്പോഴാണ് ആക്രമണത്തിനിരയായത്. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ചെളി തേച്ച് മറച്ചും ഒരുഭാഗം ഒടിച്ച നിലയിലും റജിസ്ട്രേഷൻ നമ്പർ കാണാത്ത തരത്തിലാണ് ഇയാൾ യാത്ര ചെയ്യുന്നത്. 

ADVERTISEMENT

സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള ചെരിപ്പുകളാണ് യുവാവ് ധരിക്കുന്നത്. അക്രമത്തിനു ശേഷം കുന്നത്തൂർ, അടൂർ, കൊട്ടാരക്കര താലൂക്കുകളിലെ വിവിധ ഇടറോഡുകളിലൂടെ സഞ്ചരിച്ചാണ് കടന്നുകളയുക. വിവിധ സ്ഥലങ്ങളിൽനിന്നും ലഭ്യമായ നാനൂറോളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ ആദ്യഘട്ടത്തിൽ ഇയാളെ കണ്ടെത്താനായില്ല. ഡാൻസാഫ് ടീമിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

കൊല്ലം- തേനി ദേശീയപാതയിൽ ശൂരനാട് പുളിമൂട് ജംക്‌ഷനു സമീപവും ചക്കുവള്ളി– മലനട റോഡിലും പടിഞ്ഞാറേകല്ലട ഐത്തോട്ടുവയിലും കിഴക്കേ കല്ലട ചിറ്റുമലയിലും വിദ്യാർഥിനികൾ അതിക്രമത്തിന് ഇരയായി. എന്നാൽ ഒരിടത്ത് പ്രതി മാസ്ക് ധരിച്ചിരുന്നില്ല. അക്രമിയെ ധൈര്യത്തോടെ നേരിട്ട പെൺകുട്ടി ഇയാളെ നേരിടുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. പ്രതിയുടെ രൂപവും ശരീരഭാഷയും മനസ്സിലാക്കിയ പെൺകുട്ടി, ഇയാൾക്ക് വെറ്റില മുറുക്കുന്ന ശീലമുണ്ടെന്നും പറഞ്ഞിരുന്നു.

ADVERTISEMENT

പൊലീസിനു പെൺകുട്ടി നൽകിയ സൂചനകളാണ് യുവാവിനെ കണ്ടെത്താൻ നിർണായകമായത്. നീല സ്കൂട്ടറിൽ സഞ്ചരിക്കുന്ന, സമാന ശരീരഭാഷയുള്ള യുവാവിനായി സിസിടിവി ദൃശ്യങ്ങൾ താരതമ്യം ചെയ്തു ഡാൻസാഫ് ടീം മാസങ്ങളായി തുടർന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്.

Youth Arrested for Molesting Girls on Scooter in Kollam:

Molestation accused arrested by Kollam Rural Police after a months-long investigation involving CCTV footage and witness accounts. The accused, Lijo Joseph (33), confessed to targeting 12 girls in Kollam and Pathanamthitta districts over four months. He used a blue scooter, disguised his number plate, and wore women's slippers. A brave victim's description of his habits, including betel nut chewing, was crucial in his identification. He would escape through various back roads after the attacks. Cases under POSCO have been registered.

ADVERTISEMENT
ADVERTISEMENT