‘വീട് തള്ളിപ്പോകുന്നതു പോലെ.. ഞാൻ പോവ്വാടായെന്നു പറഞ്ഞു, പുറത്തേക്ക് തെറിച്ച ചാച്ചനെ മണ്ണു മൂടി’; ഞെട്ടല് മാറാതെ ജോസഫിന്റെ കുടുംബം Kerala Landslide Claims Elderly Man in Poonjar
‘ഞാൻ പോവ്വാടായെന്നു ചാച്ചൻ പറഞ്ഞു. എന്റെ അടുത്തുനിന്നാണു ചാച്ചൻ തെറിച്ചുപോയത്..’- വീടിനു മുകളിലേക്കു മണ്ണിടിഞ്ഞുവീണു മരിച്ച പൂഞ്ഞാർ പെരിങ്ങുളം ഉറവപ്ലാവിൽ ചേലക്കാട്ട് ജോസഫിന്റെ (80) ഇളയ മകൻ ഡെന്നിസ് ജോസഫിന്റെ സങ്കടവാക്കുകൾ. വീടിന്റെ പിൻവശത്തെ പാറക്കെട്ടിൽനിന്നു മണ്ണിടിഞ്ഞു വീണാണു വീടു തകർന്നത്.
ജോസഫും മക്കളായ ജിമ്മി ജോസഫും (36) ഡെന്നിസ് ജോസഫുമാണ് (32) ഇവിടെ താമസക്കാർ. ജോസഫിന്റെ ഭാര്യ സാലമ്മ വർഷങ്ങൾക്കു മുൻപ് മരിച്ചു. മകൾ അനു ഭർത്താവിന്റെ വീട്ടിലുമാണ്. അപകടസമയത്ത് ജോസഫും ആൺമക്കളും വീട്ടിലുണ്ടായിരുന്നു. ശക്തമായ മഴ തോർന്ന ശേഷമാണ് അപകടം.
‘ഏഴു കഴിഞ്ഞു. അപ്പോൾ ചാറ്റൽമഴയേയുള്ളൂ. വീടിന്റെ പിൻവശത്തുനിന്നു ശബ്ദം കേട്ടു. വീട് തള്ളിപ്പോകുന്നതു പോലെയായിരുന്നു. ഭിത്തിയുടെ വശത്ത് കട്ടിലിൽ കിടന്ന ഡെന്നിസും അരികിൽ ഉണ്ടായിരുന്ന ചാച്ചനും പുറത്തേക്കു തെറിച്ചു. എന്റെയും അരയോളം മണ്ണു മൂടി. ഡെന്നിസിന്റെ നെഞ്ചൊപ്പം മണ്ണ് നിറഞ്ഞു. ചാച്ചനെ മണ്ണു മൂടി.’– ജോസഫിന്റെ മകൻ ജിമ്മി പറഞ്ഞു.
‘ഒരു വിധത്തിൽ മണ്ണ് കൈകൊണ്ട് മാറ്റി പുറത്തു വരാൻ ശ്രമിച്ചു. നെഞ്ചോളം മൂടിയ മണ്ണ് ഒരു വിധത്തിൽ വാരി നീക്കി. പക്ഷേ കാൽ അനക്കാനായില്ല. അഗ്നിരക്ഷാസേന പുറത്തെടുക്കുമ്പോഴാണ് ഞാൻ കിടന്ന കട്ടിൽ ഒടിഞ്ഞ് കാൽ അതിൽ കുരുങ്ങിയെന്നു മനസ്സിലായത്. ചാച്ചനെ പുറത്തെടുക്കുമ്പോൾ അനക്കം ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്.’- ഡെന്നിസ് പറയുന്നു.