ADVERTISEMENT

പത്തു വയസ്സുകാരിയായ അതിജീവിതയ്ക്ക് വികാരനിർഭരമായ കത്തുമായി വിചാരണക്കോടതി ജഡ്ജി. ഏഴാം വയസ്സിൽ പീഡനത്തിനു ഇരയായ, ഇപ്പോൾ പത്തു വയസ്സുള്ള പെൺകുട്ടിക്കാണ് രോഹിണി അഡീഷനൽ സെഷൻഷ് കോടതി ജഡ്ജി രജന രംഗ കത്തയച്ചത്. കേസിലെ പ്രതിയായ സുമിത് ഷാക്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനു പിന്നാലെയാണ് അതിജീവിതയ്ക്ക് ജഡ്ജിയുടെ  സന്ദേശം ലഭിച്ചത്. 

‘‘കുഞ്ഞേ നിന്റെ വാക്കുകൾ ഈ കോടതി കേട്ടു.. നീ അങ്കിൾ എന്നു വിളിച്ചിരുന്ന അയാൾ വയസ്സാകും വരെ ജയിലിൽ കിടക്കണമെന്ന് നീ പറഞ്ഞിരുന്നല്ലോ. നിന്റെ ആ വാക്കുകൾക്ക് കോടതി മറുപടി നൽകിയിരിക്കുന്നു. നീ ‘അങ്കിൽ’ എന്നു വിളിച്ചയാൾ ഇനി സ്വതന്ത്രമായി ഇറങ്ങി നടക്കാതിരിക്കാനുള്ള വിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നു. ശിഷ്ടകാലം അയാളിനി ജയിലിലായിരിക്കും. അയാൾ ആ തടവറയ്ക്കുള്ളിൽ വയസ്സാകുകയും അവിടെ കിടന്ന് മരിക്കുകയും ചെയ്യും. നിന്നെയോ നിന്റെ കുഞ്ഞ് അനുജത്തിയേയോ, മറ്റേതെങ്കിലും കുട്ടിയേയോ ഇനി ഒരിക്കലും അയാൾ ഉപദ്രവിക്കില്ല.

ADVERTISEMENT

ഈ കോടതി കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ പെൺകുട്ടിയാണ് നീ. കോടതിയിൽ വന്ന് നിന്നെ ഉപദ്രിവച്ചയാളെ ചൂണ്ടിക്കാട്ടി സത്യം ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞു. നീ ‘അങ്കിൾ’ എന്നു വിളിച്ചയാൾ വളരെ മോശമായ കാര്യമാണ് നിന്നോട് ചെയ്തത്. എന്നാൽ നീ മിണ്ടാതിരുന്നില്ല. അത് അമ്മയോട് പറഞ്ഞു. പുറത്തു പറയാൻ നീ ധൈര്യം കാണിച്ചതു കൊണ്ടു തന്നെ ഇനി ഒരു കുട്ടിയേയും ഉപദ്രവിക്കാൻ അയാൾ മുതിരില്ല.

നഷ്ടപ്പെട്ട നിന്റെ കുട്ടിക്കാലം തിരിച്ചു നൽകാൻ ഈ കോടതിക്കാകില്ല. എന്നാൽ നിന്റെ വാക്കുകൾ കേട്ടെന്ന് കോടതിക്ക് ഉറപ്പു നൽകാനാകും. നിനക്ക് നീതി ലഭിച്ചിരിക്കുന്നു. നിന്നെ ഉപദ്രവിച്ച അയാൾ ഇനി ഒരിക്കലും സ്വതന്ത്രമായി ഒരു സൂര്യോദയം കാണില്ല. കുഞ്ഞേ, നീ ഇനി നിന്റെ ജീവിതം ജീവിക്കുക. സ്കൂളിൾ പോകൂ, സുഹൃത്തുക്കളെ ഉണ്ടാക്കൂ, ചിരിക്കൂ, കളിക്കൂ, സ്വപ്നം കാണൂ...നിന്റെ ധൈര്യം എന്നും ഈ കോടതി ഓർമിക്കും.’’- കത്തില്‍ പറയുന്നു.

ADVERTISEMENT

2023 ജൂലൈ 23നാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. അന്ന് ഏഴു വയസ്സായിരുന്നു പ്രായം. മൂന്നു വർഷത്തിനിപ്പുറം മേയ് 20ന് പ്രതിയെ പോക്സോ നിയമപ്രകാരം കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിക്കവേയാണ് പെൺകുട്ടിക്ക് ഈ സന്ദേശവും വിചാരണക്കോടതി ജഡ്ജി രജന രംഗ തയാറാക്കിയത്. 

ശിക്ഷയ്ക്കെതിരെ അപ്പീലുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫോറൻസിക് തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ ബലത്തിൽ പ്രതിയുടെ ശിക്ഷ ശരിവയ്ക്കുകയും ജാമ്യം നിഷേധിക്കുകയുമായിരുന്നു. തുടർന്ന് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് കത്തും നഷ്ടപരിഹാര തുകയായ 10.50 ലക്ഷം രൂപയും രണ്ടാഴ്ചയ്ക്കുള്ളിൽ കുട്ടിക്ക് കൈമാറാൻ നോർത്ത്-വെസ്റ്റ് ഡൽഹി ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിച്ചു. ‘പെൺകുട്ടിയുടെ മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനം നൽകുന്ന സന്ദേശം’ എന്നു വിശേഷിപ്പിച്ചാണ് ഡൽഹി ഹൈക്കോടതി ഈ സന്ദേശം കൈമാറാൻ ഉത്തരവിട്ടത്.

ADVERTISEMENT
Judge Pens Emotional Letter to Child Abuse Survivor:

Judge's letter to a ten-year-old survivor of sexual assault highlights her bravery and assures her justice has been served. The judge, Rajana Rang, of Rohini Additional Sessions Court, penned a heartfelt letter to the victim after convicting the perpetrator, Sumit Shakya, to life imprisonment. The victim, who was seven at the time of the assault, courageously testified against the man she called 'Uncle'. The judge emphasized that the perpetrator would spend the rest of his life in jail, ensuring he could never harm another child. The court acknowledged the irreplaceable loss of her childhood but promised her that her voice was heard and justice was delivered. The letter encouraged her to live her life to the fullest, attend school, make friends, and dream, with her courage being a lasting memory for the court. The Delhi High Court upheld the conviction and sentence, also ordering a compensation of ₹10.50 lakh to the survivor.

ADVERTISEMENT