പഴുത്ത മാമ്പഴം കൊണ്ട് അതീവ രുചികരമായ മാമ്പഴ പായസം കേരള തനിമയോടെ തേങ്ങാപ്പാലിൽ എങ്ങിനെ തയ്യാറാക്കാമെന്ന് താഴെ വിവരിക്കുന്നു.
ആവശ്യമായ ചേരുവകൾ
പഴുത്ത മാമ്പഴം : 1 കിലോഗ്രാം
ശർക്കര: 450 – 500 ഗ്രാം
ചൗവരി : 100 ഗ്രാം
ഒന്നാം പാൽ – 1 കപ്പ്
രണ്ടാം പാൽ – 2-3 കപ്പ്
മൂന്നാം പാൽ – 3 കപ്പ്
നെയ്: 3 - 4 ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി: 1 ടീസ്പൂൺ
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി: ആവശ്യത്തിന്
തേങ്ങാക്കൊത്ത്: ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
. മാമ്പഴത്തിന്റെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇത് അല്പം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക.
. ചൂടാറിയ ശേഷം മിക്സിയിൽ ഇട്ട് നല്ല വെണ്ണ പോലെ അരച്ച് പൾപ്പ് ആക്കി മാറ്റിവെക്കുക.
. ശർക്കര അല്പം വെള്ളം ഒഴിച്ച് അടുപ്പത്തുവെച്ച് ഉരുക്കിയെടുക്കുക. ഇതിലെ അഴുക്കുകൾ മാറാനായി ഒരു അരിക്കപ്പയിലൂടെ അരിച്ചെടുത്ത് മാറ്റിവെക്കുക.
. ഒരു ഉരുളിയിലോ അടികട്ടിയുള്ള പാത്രത്തിലോ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക.
. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന മാമ്പഴ പൾപ്പ് ഒഴിച്ച് നന്നായി വഴറ്റുക.
. പച്ചച്ചുവ മാറി പൾപ്പ് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ ഉരുക്കിവെച്ചിരിക്കുന്ന ശർക്കരപ്പാനി ഒഴിക്കുക.
. ശർക്കരയും മാമ്പഴവും നന്നായി കുറുകി വരുമ്പോൾ വേവിച്ചുവെച്ചിരിക്കുന്ന ചൗവരിയും തേങ്ങയുടെ മൂന്നാം പാലും ചേർക്കുക.
. ഇത് ഇടത്തരം തീയിൽ ഏകദേശം 10 മിനിറ്റ് നന്നായി തിളപ്പിച്ച് കുറുക്കുക.
. മിശ്രിതം കുറുകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കുക. ഇത് വീണ്ടും 5 മില്ലിഗ്രാം മിനിറ്റ് തിളപ്പിച്ചു കുറുകാൻ അനുവദിക്കുക.
. പായസം ആവശ്യത്തിന് കുറുകി വരുമ്പോൾ തീ തികച്ചും കുറച്ചുവെച്ച ശേഷമോ അല്ലെങ്കിൽ അടുപ്പിൽ നിന്ന് വാങ്ങിയ ശേഷമോ കട്ടിയുള്ള ഒന്നാം പാൽ ചേർക്കുക. ഒന്നാം പാൽ ചേർത്ത ശേഷം പായസം തിളപ്പിക്കരുത്.
. പായസത്തിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്ത് നന്നായി ഇളക്കുക.
. മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ സ്വർണ്ണനിറത്തിൽ വറുത്തെടുത്ത് പായസത്തിന് മുകളിലേക്ക് ഒഴിക്കുക.