ADVERTISEMENT

ല്ലാ മാതാപിതാക്കൾക്കും അവരുടെ കുട്ടികൾ നല്ല രീതിയിൽ പഠിച്ചു മുന്നേറണമെന്നാണ് ആഗ്രഹം. പക്ഷേ, ചില കുട്ടികൾക്ക്  എത്ര പരിശ്രമിച്ചാലും നല്ല റിസൽറ്റ് നേടാൻ കഴിയാത്ത സ്ഥിതിയും കാണാം. ഇതു പല മാതാപിതാക്കളെയും സമ്മർദത്തിലാക്കും.

കുട്ടിക്ക് മാർക്ക് കുറഞ്ഞാൽ മാതാപിതാക്കൾ കാരണങ്ങൾ നിരത്തും. മടി, ശ്രദ്ധക്കുറവ് എന്നിവയാണ് പലരും കണ്ടെത്തുന്ന പ്രധാനകാരണങ്ങൾ.

ADVERTISEMENT

പക്ഷേ, പലപ്പോഴും കുട്ടി നേരിടുന്ന യഥാർഥ പ്രതിസന്ധി മനസ്സിലാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാറില്ല. എല്ലാ കുട്ടികളും ഒരേ രീതിയിലല്ല വിവരങ്ങൾ ഗ്രഹിക്കുന്നത്. ഇത് ബുദ്ധിശൂന്യതയോ അനുസരണക്കേടോ അല്ല. അവരുടെ  മസ്‌തിഷ്‌കം വിവരങ്ങളെ വിശകലനം ചെയ്യുന്നതിലെ വ്യത്യാസമാണ്. ഇതു മനസ്സിലാക്കാതെ കുട്ടികളെ കുറ്റപ്പെടുത്തരുത്.

​എന്താണു പ്രത്യേക പഠന പരിമിതി(SLD)?

ADVERTISEMENT

​പലപ്പോഴും കുട്ടികളുടെ പഠനയാത്രയിൽ തെറ്റിധരിക്കപ്പെടുന്ന ഒന്നാണു പ്രത്യേക പഠന പരിമിതി (Specific Learning Disorder). പലരും ഇതു ബുദ്ധിശേഷിയുടെ കുറവായി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ അതല്ല വാസ്‌തവം.

എസ്എൽഡി ഉള്ള കുട്ടികൾക്കു സാധാരണ നിലയിലുള്ളതോ അല്ലെങ്കിൽ അതിനേക്കാൾ ഉയർന്നതോ ആയ ബുദ്ധിശേഷി ഉണ്ടായിരിക്കാം. വായന, എഴുത്ത്, അക്ഷരശുദ്ധി, ഗണിതം തുടങ്ങിയ ചില പ്രത്യേക അക്കാദമിക് മേഖലകളിൽ ഇവർക്കു സ്‌ഥിരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു എന്ന് മാത്രം. അതുകൊണ്ടുതന്നെ ഈ കുട്ടികളെ ‘പഠിക്കാൻ കഴിയാത്തവർ’ എന്നു മുദ്രകുത്തുന്നത് തെറ്റായ സമീപനമാണ്. ഇതവരുടെ ആത്മവിശ്വാസത്തെയും പഠനത്തോടുള്ള മനോഭാവത്തെയും ദോഷകരമായി ബാധിക്കും.  

ADVERTISEMENT

​കാരണങ്ങൾ എന്തൊക്കെ?

​മാതാപിതാക്കളുടെ പിഴവോ ശ്രദ്ധക്കുറവോ, ശ്രമമില്ലായ്‌മയോ കൊണ്ടല്ല എസ്എൽഡി ഉണ്ടാകുന്നത്. ഇത് മസ്‌തിഷ്‌കം വിവരങ്ങൾ പ്രോസസ് ചെയ്യുന്ന രീതിയുമായി (Information Processing Differences) ബന്ധപ്പെട്ട  ന്യൂറോ ഡെവലപ്മെന്റൽ അവസ്ഥയാണ്.

ഭാഷ,  ശബ്ദം, ചിഹ്‌നങ്ങൾ, ഓർമ, കാര്യങ്ങൾ ക്രമീകരിക്കൽ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ഇത്തരം കുട്ടികളുടെ മസ്ത‌ിഷ്‌കത്തിനു ചില വ്യത്യാസങ്ങൾ ഉണ്ടാകാം.

ഒരു കാര്യം ചില കുട്ടികൾ പെട്ടെന്നു പഠിച്ചെടുക്കുമ്പോൾ, മറ്റു ചിലർക്ക് അതേ കാര്യം മനസ്സിലാക്കാൻ കൂടുതൽ സമയവും ആവർത്തനവും വ്യത്യസ്‌തമായ പഠനരീതികളും ആവശ്യമായി വരാം. ഇത് കുട്ടിയുടെ കഴിവുകേടല്ല, മറിച്ച് അവരുടെ പഠനശൈലിയിലുള്ള വ്യത്യാസം മാത്രമാണ്.  

​പൊതുവേയുള്ള പ്രധാന ബുദ്ധിമുട്ടുകൾ

കുട്ടികളിൽ കണ്ടുവരുന്ന പഠനപരിമിതികളെ പ്രധാനമായും മൂന്നായി തിരിക്കാം:

വായനാസംബന്ധമായ ബുദ്ധിമുട്ടുകൾ (Dyslexia): ചില കുട്ടികൾക്ക് അക്ഷരങ്ങളും അവയുടെ ശബ്ദവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ പ്രയാസമുണ്ടാകും. അക്ഷരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുക, വാക്കുകൾ തെറ്റായി വായിക്കുക, വളരെ സാവധാനം വായിക്കുക, വായിച്ച കാര്യങ്ങളുടെ അർഥം ഗ്രഹിക്കാൻ കഴിയാതെ വരിക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.  

​എഴുത്തുസംബന്ധമായ ബുദ്ധിമുട്ടുകൾ (Dysgraphia): അക്ഷരങ്ങളുടെ രൂപം തെറ്റിക്കുക, സ്പെല്ലിങ് പിശകുകൾ ധാരാളമായി വരുത്തുക, സ്വന്തം ചിന്തകളെ എഴുത്തിലൂടെ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുക, വാചകങ്ങൾ കൃത്യമായി എഴുതാൻ കഴിയാതെ വരിക ഇവയാണ് ഇതിൽ ഉൾപ്പെടുന്നത്.  

ഗണിതസംബന്ധമായ ബുദ്ധിമുട്ടുകൾ (Dyscalculia): അക്കങ്ങളുടെ മൂല്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടുക, കൂട്ടാനും കുറയ്ക്കാനും പ്രയാസം, ഗണിത ചിഹ്‌നങ്ങൾ തിരിച്ചറിയാൻ കഴിയാതെ വരിക, ക്രമബദ്ധമായി കണക്കുകൾ ചിന്തിക്കാൻ ബുദ്ധിമുട്ടുക എന്നിവ ഇതിന്റെ  ഭാഗമായി വരാം.  

​മറ്റു വെല്ലുവിളികൾ

എസ്‌എല്‍ഡി ഉള്ള ചില കുട്ടികൾക്കു കാര്യങ്ങൾ താൽക്കാലികമായി മനസ്സിൽ സൂക്ഷിക്കാനുള്ള ശേഷി (Working memory), വിവരങ്ങൾ പ്രോസസ്സ് ചെയ്യാനുള്ള വേഗം(Processing speed), കാര്യങ്ങൾ ചിട്ടപ്പെടുത്താനുള്ള കഴിവ് (Organization skills) എന്നിവയിൽ ബുദ്ധിമുട്ടുകൾ വരാം.

ഒരു ദിവസം പഠിച്ച കാര്യം തൊട്ടടുത്ത ദിവസം ഓർത്തെടുക്കാൻ ഇവർക്ക് പ്രയാസമായിരിക്കും. നിർദേശങ്ങ ൾ പെട്ടെന്നു മറന്നുപോകാനും പല ഘട്ടങ്ങളുള്ള ജോലികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടാനും സാധ്യതയുണ്ട്. എന്നാൽ എല്ലാ എസ്‌എല്‍ഡി കുട്ടികൾക്കും ശ്രദ്ധക്കുറവ് ഉണ്ടാകണമെന്നില്ല. ചിലപ്പോൾ ഇതിനോടൊപ്പം ADHD (Attention Deficit Hyperactivity Disorder) പോലുള്ള മറ്റ് അവസ്ഥകളും കണ്ടേക്കാം എന്നതിനാൽ വിദഗ്‌ധ പരിശോധനയിലൂടെ മാത്രമേ ഇതു കൃത്യമായി കണ്ടെത്താനാകൂ.  

​മാനസിക - സാമൂഹിക പ്രതിഫലങ്ങൾ

​പഠനത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കാം. മറ്റുള്ളവരുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ താൻ പിന്നിലാണെന്ന തോന്നൽ, ആത്മവിശ്വാസക്കുറവ്, പഠനത്തോടുള്ള ഭയം, നിരാശ, ഒറ്റപ്പെടൽ എന്നിവ ഉണ്ടാകാം. അതിനാൽ ഈ ഘട്ടത്തിൽ കുട്ടികളെ കുറ്റപ്പെടുത്തുന്നതിനു പകരം അവരെ മനസ്സിലാക്കാനും പിന്തുണയ്ക്കാനും മാതാപിതാക്കളും അധ്യാപകരും തയാറാകണം.  

​പഠനം എളുപ്പത്തിലാക്കാൻ

​ശരിയായ പിന്തുണയും ശാസ്ത്രീയമായ പഠനരീതികളും ലഭിച്ചാൽ ഈ കുട്ടികൾക്കു പഠനത്തിൽ വലിയ മുന്നേറ്റം കൈവരിക്കാൻ സാധിക്കും. അതിനായി താഴെ പറയുന്ന രീതികൾ അവലംബിക്കാം

ചെറിയ ഘടകങ്ങളാക്കുക: വലിയ പാഠഭാഗങ്ങൾ ഒന്നിച്ചു പഠിപ്പിക്കുന്നതിനു പകരം ചെറിയ ഭാഗങ്ങളായി തിരിച്ച് നൽകുക.  

ആവർത്തനാധിഷ്‌ഠിത പഠനം: കാര്യങ്ങൾ നന്നായി മനസ്സിലാകുന്നതു വരെ ആവർത്തിച്ചു പഠിപ്പിക്കുക.  

​ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുക: ചാർട്ടുകൾ, കളർ കോഡിങ്, ഫ്ലാഷ് കാർഡുകൾ എന്നിവ വഴി കാര്യങ്ങൾ എളുപ്പത്തിൽ ദൃശ്യവൽക്കരിക്കുക.  

​ബഹു-ഇന്ദ്രിയ പഠനരീതി: രണ്ടോ അതിലധികമോ ഇന്ദ്രിയങ്ങൾ (കാഴ്‌ച, കേൾവി, സ്‌പർശനം) ഒരേസമയം ഉപയോഗപ്പെടുത്തിക്കൊണ്ട് പഠിപ്പിക്കുക.  

കൂടുതൽ സമയം നൽകുക: പരീക്ഷകൾക്കും  മറ്റ് പ്രവർത്തനങ്ങൾക്കും ഇത്തരം കുട്ടികൾക്ക് സാധാരണയേക്കാ ൾ കൂടുതൽ സമയം അനുവദിക്കുക.  

​വ്യക്തിഗത പഠനപദ്ധതി (IEP–Individualized Education Program)  ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകളും പരിമിതികളും അനുസരിച്ചു പ്രത്യേകമായി പഠനപദ്ധതി ഒരുക്കുക.  

തുടർച്ചയായ പ്രോത്സാഹനവും അഭിനന്ദനങ്ങളും കുട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കും. അധ്യാപകരും  മാതാപിതാക്കളും വിദഗ്‌ധരും ഒരുമിച്ചു ചേർന്നു പ്രവർത്തിച്ചാൽ കുട്ടിയുടെ മികച്ച വളർച്ച ഉറപ്പാക്കാം.

പരിഹാരമാർഗങ്ങൾ

ലേണിങ് ഡിസെബലിറ്റി എട്ടുവയസ്സ് മുതലാണു നിർണയിക്കപ്പെടുന്നത്. കുട്ടികളുടെ പഠനപ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം തേടണം. മനഃശാസ്ത്ര പരിശോധനയിലൂടെയാണ് ഇത് നിർണയിക്കുന്നത്. റെമിഡിയൽ തെറപ്പിയിലൂടെ പരിഹാരമാർഗങ്ങൾ കണ്ടെത്താം.

സമൂഹത്തിന്റെ പങ്ക്: എസ്‌എല്‍ഡി ഉള്ള കുട്ടികൾക്ക് സഹതാപമല്ല ആവശ്യം. മറിച്ച് അവരെ കൃത്യമായി മനസ്സിലാക്കുകയാണു വേണ്ടത്. പഠനത്തിൽ പിന്നിലാണെങ്കിലും, ഇവർക്കു സംഗീതം, കല, സർഗാത്മകത, പ്രശ്നപരിഹാര ശേഷി (Problem-solving), കായികം, സാങ്കേതികവിദ്യ തുടങ്ങിയ മറ്റ് മേഖലകളിൽ അദ്ഭുതകരമായ കഴിവുകൾ ഉണ്ടാകാം. ഇത്തരം സവിശേഷമായ കഴിവുകൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.  

വിവരങ്ങള്‍ക്ക് കടപ്പാട്: സിസ്റ്റർ ആനന്ദ് എസ്‌വിഎം,  റെമിഡിയൽ തെറപ്പിസ്റ്റ്, ജീവ കൗൺസലിങ് സെന്റർ, കോട്ടയം

Understanding Specific Learning Disorders in Children:

Specific learning disorders (SLD) affect how children process information, not their intelligence or effort. These are neurodevelopmental conditions that impact reading, writing, or math skills. Understanding the unique learning styles of children with SLD is crucial for parents and educators. Early identification and appropriate intervention, such as individualized education programs and multi-sensory learning techniques, can significantly improve academic outcomes and boost a child's confidence. Recognizing and nurturing their strengths in other areas is also vital for their overall development. Support from parents, teachers, and experts is key to their success.

ADVERTISEMENT