ADVERTISEMENT

അമ്മയെ സന്തോഷിപ്പിക്കാൻ ഓരോ പ്രായത്തിലും മക്കൾക്കു ചെയ്യാൻ ഒരുപാടു കാര്യങ്ങളുണ്ട്. ഒരു കെട്ടിപ്പിടിത്തവും ഉമ്മയും മുതൽ വലിയൊരു ആഗ്രഹം നിറവേറ്റുന്നതു വരെ ആ ലിസ്റ്റിൽ പെടും. പക്ഷേ, ഇതൊന്നും ആരും പറഞ്ഞിട്ടു ചെയ്യേണ്ടതല്ല കേട്ടോ. അമ്മയെ സന്തുഷ്ടരാക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ...

15 മുതല്‍ 20 വയസ്സു വരെ

ADVERTISEMENT

പതിനഞ്ച് വയസ്സു മുതല്‍ 20 വയസ്സ് വരെയുള്ള പ്രായത്തിലാണു കുട്ടികളും അമ്മമാരും തമ്മിൽ പലപ്പോഴും അകലുന്നത്. കുട്ടികൾ പഠനത്തിന്റെ തിരക്കിലാകും. മക്കൾ പഠനത്തിന്റെ തിരക്കിലല്ലേ എന്നു കരുതി അവരെ ശല്യം െചയ്യാതെ അമ്മ മാറി നിൽക്കുകയും ചെയ്യും. അങ്ങനെയൊരു അകലമുണ്ടായാൽ അതു പരിഹരിക്കാൻ പലപ്പോഴും പ്രയാസമാകും. ആശയവിനിമയത്തിന്റെ ഒഴുക്ക് ഒരിക്കലും മുറിയരുത്. ഏതു നിമിഷത്തിലും തോളത്ത് മുഖമമർത്തി ഒരു നിമിഷം നിൽക്കാമെന്ന ഉറപ്പ് ഏതു പ്രായത്തിലും അമ്മയ്ക്കും മക്കൾക്കുമിടയിൽ ഉണ്ടാകണം.

. സ്വന്തം കുട്ടിക്കാലത്തെക്കുറിച്ചും കുട്ടിയുടെ അതേ പ്രായത്തിൽ നേരിട്ട പ്രതിസന്ധികളെ അതിജീവിച്ച വിധവും പറഞ്ഞു കൊടുക്കാം. അപ്പോൾ കുട്ടി ചോദ്യങ്ങൾ ചോദിക്കും. ജീവിതകാഴ്ചപ്പാടുകൾ പകരാനും പരസ്പരം നന്നായി മനസ്സിലാക്കാനും ഇതു സഹായിക്കും

ADVERTISEMENT

. നമ്മുടെ പഠനത്തിനും ആരോഗ്യസംരക്ഷണത്തിനും നമ്മൾ വലിയൊരു ആളായി മാറാനുമൊക്കെ വേണ്ടി അമ്മ ഒരുപാടു ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടാകും. അതെല്ലാം എത്ര മഹത്താണ് എന്നു മനസ്സിലാക്കുന്നു എന്നു പറഞ്ഞ് അമ്മയ്ക്കു നന്ദി പറയുക. അൽപം ഫ്രീയായി അമ്മ ഇരിക്കുന്ന സമയത്ത് ഇക്കാര്യങ്ങൾ പറഞ്ഞ്, അവയെ നിങ്ങൾ എത്രമാത്രം വിലമതിക്കുന്നു എന്നും ധരിപ്പിക്കുക. അമ്മയ്ക്ക് അതു വലിയ സന്തോഷം പകരും.

. കോളജ് തിരഞ്ഞെടുക്കുക, കോഴ്സ് തീരുമാനിക്കുക എന്നിവ പോലെ നിങ്ങളുടെ ജീവിതത്തിൽ ഏതു പ്രധാന തീരുമാനം എടുക്കും മുൻപും അമ്മയോട് അഭിപ്രായം ചോദിക്കുക. കോളജിൽ നിങ്ങൾ ഏതു കോഴ്സ് എടുക്കണം എന്ന് അഭിപ്രായം പറയാനുള്ള അറിവ് അമ്മയ്ക്കുണ്ടാകില്ല. ‘എനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ല, നീ തന്നെ പറഞ്ഞു താ...’ എന്നാകും അമ്മയുടെ മറുപടി.

ADVERTISEMENT

കോഴ്സുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾ പറഞ്ഞുകൊടുത്ത ശേഷം അമ്മയുടെ അഭിപ്രായം ചോദിക്കാം. അമ്മയുടെ അഭിപ്രായം കൂടി നമ്മൾ പരിഗണിക്കുന്നുണ്ട് എന്നു ബോധ്യപ്പെടുത്താനും അതുവഴി അമ്മയ്ക്കു വലിയ ആത്മവിശ്വാസവും സന്തോഷവും നൽകാനും ഇതിലൂടെ സാധിക്കും. മക്കൾ അമ്മയുടെ അഭിപ്രായത്തിനു വില കൽപിക്കുന്നു എന്ന തിരിച്ചറിവ് ഒട്ടും ചെറുതല്ല.

. ജീവിതത്തിൽ ഉണ്ടാകുന്ന സൗഹൃദങ്ങളും പ്രണയം അടക്കമുള്ള ബന്ധങ്ങളും അമ്മയോടു തുറന്നു പറയുക. മക്കൾ ജീവിതത്തിലെ എല്ലാ കാര്യവും പങ്കുവയ്ക്കുന്നു എന്ന തിരിച്ചറിവ് അമ്മമാർക്കു പകരുന്ന സന്തോഷം വലുതാണ്, പ്രത്യേകിച്ചു കൗമാരത്തിൽ. മക്കൾ എങ്ങനെയൊക്കെ പോകുന്നു, ആ രോടൊക്കെ ഇടപെടുന്നു, വഴിതെറ്റി പോകുമോ എ ന്നൊക്കെ ആധിയും ആശങ്കയും ഉണ്ടാകും.

സുഹൃത്തുക്കൾ ആരാണെന്നും അവരോടൊപ്പം എവിടെയൊക്കെ പോകുന്നു എന്നും അമ്മയോടു മറച്ചു വയ്ക്കരുത്. ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ആദ്യം തന്നെ അമ്മയോടു പറയുക. എല്ലാം തുറന്നു പറയുന്ന തരത്തിൽ ജീവിതത്തിൽ മക്കൾ സുതാര്യത നിലനിർത്തിയാൽ അമ്മമാർക്കുണ്ടാകുന്ന സന്തോഷം വലുതായിരിക്കും.

. മറ്റുള്ളവരോടു മാന്യതയോടെയും സഭ്യതയോടെയും കരുണയോടെയും അനുതാപത്തോടെയും പെരുമാറുക. വീടിനു പുറത്തു ബന്ധുക്കളോ സുഹൃത്തുക്കളോ അധ്യാപകരോ ആദ്യമായി പരിചയപ്പെടുന്ന ആളോ ഒക്കെയാകാം ഇത്. അമ്മ നിങ്ങളെ വളർത്തിയ രീതി എത്ര നല്ലതാണ് എന്ന് അവർക്കു തോന്നാനും ആ അഭിപ്രായം അമ്മയോടു പറയാനും ഇടയാകുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന പകരം വയ്ക്കാനില്ലാത്ത സന്തോഷം ഓർത്തു നോക്കൂ.

. കുട്ടിക്കാലത്ത് അമ്മയോടൊപ്പം ചെലവഴിച്ച ഏതെങ്കിലും മുഹൂർത്തത്തെ കുറിച്ച് ഓർത്തെടുത്ത് അമ്മയോടു പറയുക. ആ സമയം എത്രമാത്രം സന്തോഷം അനുഭവിച്ചു എന്നുള്ള കാര്യം പറയുമ്പോൾ തീർച്ചയായും അമ്മയ്ക്കുണ്ടാകുന്ന സന്തോഷം വലുതായിരിക്കും.

. അമ്മയുടെ പിറന്നാൾ ദിനം മറക്കല്ലേ. അതോർത്തുവച്ചു രാവിലെ തന്നെ വിഷ് ചെയ്യുക. ആ ദിനങ്ങളിൽ അമ്മയ്ക്ക് ഇഷ്ടമുള്ള സമ്മാനം നൽകാം. അതിന്റെ വിലയല്ല, നിങ്ങൾ ഓർത്തുവച്ചു എന്നതിലാണു കാര്യം. സ്വന്തം കൈകൊണ്ടു തയാറാക്കിയ ആശംസാ കാർഡ് മതി അമ്മയെ സന്തോഷവതിയാക്കാൻ.

20 വയസ്സിനു മുകളിൽ

. നിങ്ങൾ വീട്ടിൽ നിന്നു വളരെ അകലെയോ വിദേശത്തോ ആണു താമസിക്കുന്നതെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും നാട്ടിൽ വരുന്നതു ചിട്ടയാക്കുക. ആ സമയത്തു രണ്ടു ദിവസമെങ്കിലും അമ്മയുമായി എവിടേക്കെങ്കിലും യാത്ര പോകുക.

വിനോദസഞ്ചാര കേന്ദ്രത്തിലോ അമ്മയ്ക്ക് ഇഷ്ടമുള്ള വിശ്വാസ കേന്ദ്രത്തിലേക്കോ ആകാം ഇത്. അമ്മയുടെ ചെറുപ്പകാലത്തു പോകാനാഗ്രഹിച്ച സ്ഥലങ്ങളോ മക്കളുടെ പഠനത്തിനുള്ള ചെലവോർത്തു പിന്നെയാകട്ടെ എന്നു പറഞ്ഞ് അമ്മ മാറ്റിവച്ച യാത്രകളോ ഒക്കെയുണ്ടാകും മനസ്സിൽ. അവ നടത്തി കൊടുക്കാം. നിങ്ങൾ നാട്ടിൽ തന്നെയാണെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും അമ്മയുമായി പുറത്തുപോകാം.

അമ്മയ്ക്ക് ഇഷ്ടപ്പെട്ട സുഹൃത്തിന്റെ വീട്ടിലോ ബന്ധുക്കളുടെ അടുത്തോ ആരാധാനാലയത്തിലോ ഒ ക്കെ കൊണ്ടു പോകാൻ പ്രത്യേകം ഒാർമിക്കുക.

. ഇരുപതു വയസ്സിനു മുകളിലേക്കുള്ള പ്രായം പലതരം ജീവിത മാറ്റങ്ങളുടേതാണ്. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി നേടി വിവാഹജീവിതം നയിക്കുന്ന പ്രായമാണിത്. അപ്പോഴും അമ്മയുടെ പ്രാധാന്യം കുറയ്ക്കരുത്.

നിങ്ങളുടെ വളർച്ചയ്ക്ക് അമ്മ നൽകിയ ത്യാഗങ്ങളെ കുറിച്ച് ഇടയ്ക്കെങ്കിലും നന്ദിപൂർവം സംസാരിക്കുക. വിദേശപഠനത്തിനായി പോകാൻ അമ്മയാകും സ്വർണാഭരണങ്ങൾ പണയം വച്ചു പണം ഉണ്ടാക്കി തന്നത്. ചിലപ്പോൾ അമ്മയുടെ ധീരമായൊരു തീരുമാനമാകാം നിങ്ങളുടെ ഇ പ്പോഴത്തെ നേട്ടങ്ങളുടെ ആധാരശില. അത്തരം നിർണായക നിമിഷങ്ങൾ കൃത്യമായി ഓർത്ത് അതു നിങ്ങളുടെ ജീവിതത്തിൽ എത്രത്തോളം വഴിത്തിരിവായി മാറി എന്ന് അമ്മയോടു നന്ദിപൂർവം സംസാരിക്കുക.

. അമ്മ ക്ഷീണിച്ചിരിക്കുന്ന ഒരു ദിവസം വീട്ടിലെ ജോലികളെല്ലാം ഏറ്റെടുത്തു പൂർണ വിശ്രമം നൽകാം. പാചകവും വീടു വൃത്തിയാക്കലും തുണിയലക്കും പൂർണമായും ഏറ്റെടുത്ത ശേഷം അമ്മയോടു ഫ്രീയായി ഇരിക്കാൻ പറയാം.

പഠനത്തിന്റെയും ജോലിയുടെയും തിരക്കിനെ കുറിച്ച് ഓർമിപ്പിച്ച് അമ്മ ഇതിനു തയാറാകുന്നില്ലെങ്കിൽ നിങ്ങളുടെ ഒരു അവധി ദിവസം ഇതിനായി നീക്കി വയ്ക്കാം. നിങ്ങൾ വീടിന്റെ ചുമതല ഏറ്റെടുക്കുന്നത് അമ്മയ്ക്കു നൽകുന്ന സന്തോഷം ചെറുതാകില്ല.

ഭാവിയിലും എല്ലാ കാര്യവും മക്കൾ ഉത്തരവാദിത്തത്തോടെ ചെയ്യും, മക്കൾ തിരക്കിലാകുമ്പോൾ തന്റെ കാര്യം മറക്കില്ല എന്നൊക്കെയുള്ള ഉറപ്പ് അമ്മയ്ക്കുണ്ടാകും.

. കുടുംബമായി നിങ്ങൾ വീട്ടിൽ നിന്ന് അകലെയാണു താമസിക്കുന്നതെങ്കിൽ നിങ്ങളുടെ കുട്ടികളെ കൊണ്ടു മുടങ്ങാതെ അമ്മയെ വിളിച്ചു സംസാരിപ്പിക്കുക.

അടുത്താണു താമസിക്കുന്നതെങ്കിൽ ദിവസത്തിൽ ഒരു നേരമെങ്കിലും അമ്മയെ കാണാൻ കൊണ്ടുപോകുക. ദൂരെ താമസിക്കുന്ന പേരക്കുട്ടികളെ കാണാനാകാത്തതിന്റെ സങ്കടത്തിലാകും മുത്തശ്ശനും മുത്തശ്ശിയും. എല്ലാ ദിവസവും കുട്ടികളുടെ അഞ്ചു മിനിറ്റ് അവര്‍ക്കായി നീക്കിവയ്ക്കാൻ മറക്കരുത്. വിഡിയോ കോൾ ചെയ്യാനുള്ള സംവിധാനമുണ്ടെങ്കിൽ അതു മുടക്കരുത്.

അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ വച്ചു പുലർത്തുക. പ്രമേഹവും പ്രഷറും പോലെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണിക്കുക, രക്ത പരിശോധന നടത്തുക. അമ്മ മരുന്നു കഴിച്ചോ എന്നും എല്ലാ ദിവസവും ചോദിച്ച് ഉറപ്പാക്കുക. നിങ്ങൾ കുഞ്ഞായിരുന്നപ്പോൾ അ മ്മ പരിപാലിച്ചത് ഓർമയില്ലേ, അതേ രീതിയിൽ അമ്മക്കുഞ്ഞിനെയും നോക്കിക്കോളൂ.

വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, പ്രഫസർ, സൈക്യാട്രി വിഭാഗം, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം (ഓണററി കൺസൽറ്റന്റ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി)

Ways to Make Your Mother Happy at Every Age:

Mothers find happiness in various acts of love from their children, from simple hugs to fulfilling major aspirations. Understanding and appreciating a mother's sacrifices and efforts is crucial, especially during teenage years when communication can be challenging. Actively involving mothers in important life decisions, sharing personal relationships, and demonstrating respect and kindness towards others are significant ways to please them. Remembering special occasions like birthdays with thoughtful gestures, and ensuring regular communication and visits, especially for children living far away, bring immense joy. As children grow into adulthood, continuing to acknowledge their mother's sacrifices, taking on household responsibilities to provide rest, and prioritizing her health and well-being are vital. Regularly discussing how their mother's decisions paved the way for their success further strengthens this bond. The article emphasizes that these actions, though seemingly small, significantly contribute to a mother's contentment and well-being.

ADVERTISEMENT