പ്രസവം കഴിഞ്ഞു വീട്ടിൽ വന്നതു മുതൽ ടിവി കാണരുത്, അധികം വെള്ളം കുടിക്കരുത് എന്നിങ്ങനെ നിബന്ധനകളാണ്. ഇതിലൊക്കെ എന്തെങ്കിലും വസ്തുത ഉണ്ടോ?- ശരണ്യ, മാവേലിക്കര
ടിവി കാണാനും മൊബൈൽ ഫോൺ ഉപയോഗിക്കാനും കംഫർട്ടബിൾ ആണെങ്കിൽ അതു ചെയ്യുന്നതിൽ ഒരു പ്രശ്നവുമില്ല. വെള്ളം കുടിച്ചേ മതിയാകൂ. ദിവസവും 600 മില്ലി മുലപ്പാൽ ഉൽപാദിപ്പിക്കേണ്ട സമയമാണ്. വെള്ളം കുറഞ്ഞാൽ മുലപ്പാൽ കുറയും. നിർജലീകരണം അമ്മയുടെ ആരോഗ്യത്തെയും ബാധിക്കാം. ഇനി പ്രസവശേഷമുള്ള വസ്തുതാപരമായ കാര്യങ്ങൾ പറയാം.
ആദ്യ ആറാഴ്ച കാലയളവിനെയാണു പ്യൂർപെരിയം (Puerperium) എന്നു പറയുന്നത്. പ്രസവാനന്തരം ശരീരവും മനസ്സും പൂർവസ്ഥിതിയിലേക്കു മടങ്ങാൻ എടുക്കുന്ന കാലയളവാണിത്.
∙ ആദ്യ ആഴ്ച നല്ല വിശ്രമം വേണം. ക്ഷീണം അകറ്റാനും പ്രസവസമയത്തുണ്ടായ മുറിവുകൾ ഉണങ്ങാനും ഇതാവശ്യമാണ്. അമ്മ കുഞ്ഞിനോടു ചേർന്നു കിടക്കുമ്പോൾ കുഞ്ഞുമായുള്ള ബോണ്ടിങ് ഉറപ്പാക്കാനും സഹായിക്കും. ഇടയ്ക്കു മുറിയിൽ നടക്കാം. തലക്കറക്കം വരാൻ സാധ്യതയുള്ളതിനാൽ ഒരു സഹായി ഒപ്പമുള്ളതു നല്ലതാണ്. രണ്ടാമത്തെ ആഴ്ച മുതൽ വീടിനുള്ളിൽ നടക്കാം. തുണി മടക്കിവയ്ക്കുക പോലുള്ള ചെറിയ ജോലികളും ചെയ്യാം. സാധാരണ പ്രസവം കഴിഞ്ഞവരുടെ മുറിവുകൾ മൂന്നാഴ്ചയാകുമ്പോഴേക്ക് ഉണങ്ങും. ആയാസം തോന്നാത്ത വീട്ടുജോലികൾ ചെയ്യാം. ഭാരം എടുക്കരുത്. സിസേറിയൻ കഴിഞ്ഞവർക്ക് ആറാഴ്ചയ്ക്കു ശേഷം ചെറിയ വീട്ടുജോലികൾ ചെയ്യാം.
∙ സമീകൃതമായ പോഷക ആഹാരം കഴിക്കണം. പ്രോട്ടീൻ നിറഞ്ഞവയും ഇലക്കറികളും വേണംW മൂന്നു മാസം വരെ അയൺ, കാത്സ്യം ഗുളികകൾ കഴിക്കണം. മുലയൂട്ടുന്ന കാലമത്രയും കഴിക്കാനായാൽ വളരെ നല്ലത്.
∙ പ്രസവശേഷമുള്ള ആദ്യദിനങ്ങളിൽ കയ്യും കാലും അ നക്കുക, മടക്കുക, ശ്വാസം വലിച്ചു വിടുക, ചെറുനടത്തം ഇവ വളരെ പ്രധാനമാണ്. അല്ലെങ്കിൽ ശരീരത്തിൽ രക്തം കട്ട പിടിക്കുന്ന പോലുള്ള (ഡീപ് വെയ്ൻ ത്രോംബോസിസ്, പൾമനറി എംബോളിസം) ഗുരുതര അവസ്ഥകള്‍ ഉണ്ടാകാം. നടുവിനു ബലമേകുന്ന വ്യായാമം മൂന്ന് ആഴ്ചയ്ക്കു ശേഷം ചെയ്തു തുടങ്ങാം. സിസേറിയൻ കഴിഞ്ഞവർ ആറ് ആഴ്ചയ്ക്കു ശേഷം വ്യായാമം ആരംഭിക്കാം.
∙ പുസ്തകവായനയ്ക്കായി സമയം വിനിയോഗിക്കാം. കുഞ്ഞു കേൾക്കെ ഉറക്കെ വായിക്കുന്നതു കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും അമ്മയും കുഞ്ഞും തമ്മിലുള്ള ഇമോഷനൽ ബോണ്ടിങ്ങിനും ഗുണകരമാണ്.
അപൂർവമായി, പ്രത്യേകിച്ചു രക്താതിമർദം ഉള്ളവരിൽ ഹോർമോൺ വ്യതിയാനവും നീർക്കെട്ടും മൂലം വായിക്കാൻ ബുദ്ധിമുട്ടും കാഴ്ചയ്ക്കു മങ്ങലും വരാം. ഇവർക്കു വിശ്രമം വേണം.
∙ ഉറക്കം, ദിവസേനയുള്ള കുളി, മൂത്രം കെട്ടിനിൽക്കാൻ അനുവദിക്കാതെ സമയാസമയങ്ങളിൽ മൂത്രമൊഴിക്കുക, മാറിടങ്ങൾക്കു സപ്പോർട് നൽകുന്ന ബ്രേസിയർ അണിയുക, വ്യക്തിശുചിത്വം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുക.
പ്രസവശേഷം രണ്ടു വർഷമായി ആർത്തവ സമയത്തു രക്തസ്രാവം തീരെ കുറവാണ്. രണ്ടോ മൂന്നോ ദിവസം മാത്രമേ നീണ്ടുനിൽക്കുന്നുമുള്ളൂ. - അഞ്ജന, നീലേശ്വരം
പ്രസവത്തെ തുടർന്നു ക്രമം തെറ്റിയുള്ള ആർത്തവം സാധാരണമാണ്. മുലയൂട്ടുന്ന അമ്മമാരിൽ പ്രോലാക്ടിൻ ഹോർമോണിന്റെ അളവു കൂടുതലുള്ളതിനാൽ അതു സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ അളവിൽ കുറവുണ്ടാക്കുന്നു. ഇ തു രക്തസ്രാവം കുറയാൻ കാരണമാകാറുണ്ട്.
പ്രസവാനന്തരം രണ്ടു വർഷം വരെ മാസമുറ വരാത്തവരുമുണ്ട്. ക്രമം തെറ്റിയെങ്കിലും ഇവരിൽ ഓവുലേഷൻ നടക്കുന്നതിനാൽ ഗർഭധാരണസാധ്യത നിലനിൽക്കുന്നുണ്ടെന്ന കാര്യം ഓർമിക്കുക.
മൂന്നു ദിവസം വരെ നീണ്ടുനിൽക്കുന്ന മാസമുറ നോർമലാണ്. തൈറോയ്ഡ്, ഹോർമോൺ വ്യതിയാനങ്ങൾ, മാനസിക പിരിമുറുക്കം, വിളർച്ച, പ്രോജസ്ട്രോൺ, കോൺട്രാസെപ്റ്റീവ് ഉപയോഗം തുടങ്ങിയ ഘടകങ്ങളും മാസമുറ സമയത്തെ രക്തസ്രാവത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കാം. ആശങ്കകൾ വിട്ടകലുന്നില്ലെങ്കിൽ അൾട്രാസൗണ്ട് സ്കാനിങ് നടത്തി ആരോഗ്യം ഉറപ്പാക്കാൻ മടി കാണിക്കരുത്.