സ്മാര്‍ട്ട് ഫോണ്‍, കംപ്യൂട്ടര്‍, വിഡിയോ ഗെയിം ഇതാണ് ഇന്നു മിക്ക കുട്ടികളുടെയും ലോകം. ഇങ്ങനെ വളരുന്ന പുതിയ തലമുറ ചുറ്റുമുള്ള ലോകത്തെ അറിയുന്നേയില്ല. കുട്ടികളിലെ ക്രിയേറ്റിവിറ്റി വളര്‍ത്താനും ജീവിത വിജയത്തിലേക്ക് നയിക്കാനും സഹായകമായ വഴികളെക്കുറിച്ച് അറിയാം.
ഒഴിവുനേരങ്ങള്‍ പുതുമയുള്ളതാക്കാം
1. അവധിക്കാല യാത്ര പ്ലാന്‍ ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. യാത്ര എത്ര ദിവസം വേണം, പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍, ബജറ്റ് ഇവയെക്കുറിച്ചു കുട്ടിക്കു ധാരണ നല്‍കണം. ഇന്റര്‍നെറ്റിന്റെയോ ആളുകളുടെയോ സഹായത്തോടെ, യാത്രയ്ക്കുള്ള രണ്ടോ മൂന്നോ പ്ലാന്‍ കുട്ടികള്‍ തയാറാക്കട്ടെ. ഇതില്‍ നല്ലതെന്നു തോന്നുന്ന ഒരു പ്ലാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുക്കണം. ഇതു കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കും.
2. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുട്ടികളുടെ ഔട്ട്ഡോര്‍ ആക്ടിവിറ്റികള്‍ക്ക് വേണ്ടി നീക്കി വയ്ക്കണം. ഫ്ലാറ്റ് പോലെ പരിമിതികളുള്ള സ്ഥലത്താണ് താമസിക്കുന്നതെങ്കില്‍ ആഴ്ചയിലൊരിക്കല്‍ കുട്ടികളെ പാര്‍ക്കിലോ ഏതെങ്കിലും മൈതാനത്തോ മറ്റോ കൊണ്ടുപോയി കളിക്കാന്‍ അനുവദിക്കുക.
3. പഠനത്തില്‍ മാത്രം കുട്ടികളെ തളച്ചിടുന്നതിനു പകരം സര്‍ഗവാസനയ്ക്കു വേണ്ടി ഒരു ദിവസം നീക്കി വയ്ക്കണം. ഈ ദിവസം പലതരം കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ സഹായിക്കുക. പാട്ട്, നീന്തല്‍, തയ്യല്‍, കരാട്ടേ, സൈക്ളിങ് ഇങ്ങനെ അവര്‍ക്ക് ഇഷ്ടമുള്ള ഒരു കാര്യം പഠിക്കാന്‍ വേണ്ടിയുള്ളതാവണം ആ ദിവസം.
4. അവധി ദിവസങ്ങളില്‍ ചെറിയ പ്രോജക്ടുകള്‍ നല്‍കുക. അറുപതു ദിവസം കൊണ്ട് മുപ്പതു പുസ്തകം വായിച്ച് അതിന്റെ സംഗ്രഹം എഴുതട്ടെ. കുറച്ചു ചെടികള്‍ വാങ്ങി നല്‍കി ഒരു പൂന്തോട്ടം നിര്‍മിക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കാം. കുടുംബത്തിലുള്ളവരുടെ ഫോട്ടോകള്‍ ശേഖരിച്ച് ആല്‍ബം തയാറാക്കാന്‍ സഹായിക്കാം.
5. ഗ്രാമങ്ങളെയും പ്രകൃതിയെയും അറിയാന്‍ ഒരു ദിവസം നീക്കി വയ്ക്കാം. നഗരങ്ങളില്‍ ജീവിക്കുന്ന കുട്ടികളെ അച്ഛന്റെയോ അമ്മയുടെയോ ഗ്രാമത്തിലുള്ള തറവാട്ടില്‍ ഒരാഴ്ച നിര്‍ത്തുക. അല്ലെങ്കില്‍ കുട്ടിയെ ഒരു ഗ്രാമത്തില്‍ കൊണ്ടുപോയി കൃഷി ചെയ്യുന്ന വിധം കാണിക്കാം. ഗ്രാമങ്ങളെ നേരിട്ടറിയാനും നാട്ടിന്‍പുറത്തെ ജീവിതം അറിയാനും ഇതു സഹായിക്കും.
6. അവധിക്കാലത്ത് അടുത്തുള്ള സന്നദ്ധ സംഘടനകള്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ക്രിസ്മസ് കരോള്‍, കലാ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചോ വീട്ടിലുണ്ടാക്കുന്നതോ സംഭാവനയായി ലഭിച്ചതോ ആയ വസ്തുക്കള്‍ വില്‍പന നടത്തിയോ, പണം ശേഖരിച്ചു കാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ കുട്ടികളെ സഹായിക്കാം.
7. പിറന്നാള്‍ ദിനത്തില്‍ കുട്ടിക്ക് ഒരു വൃക്ഷത്തൈ സമ്മാനിക്കുക. കുട്ടിയെ കൊണ്ട് ആ തൈ നടീപ്പിച്ച ശേഷം അതിനെ പരിപാലിക്കാനുള്ള ചുമതലയും നല്‍കണം. കുട്ടിയുടെ തന്നെ പേരോ, കുട്ടിക്ക് ഇഷ്ടമുള്ള പേരോ വൃക്ഷത്തൈയ്ക്കു നല്‍കാം. വെള്ളമൊഴിക്കാനും വളമിടാനും കുട്ടിയെ സഹായിക്കുകയും വേണം.
8. ഒരു ദിവസമോ പകുതി ദിവസമോ ലീവെടുത്തു കുട്ടിക്കൊപ്പം ക്വാളിറ്റി ടൈം ചെലവഴിക്കാം. ആ സമയം കുട്ടിക്കു വേണ്ടി മാത്രമായി നീക്കി വയ്ക്കുക. മക്കളെ ഇഷ്ടമുള്ള സ്ഥലത്തു കൊണ്ടു പോകുകയോ അവര്‍ക്കൊപ്പം കളിക്കുകയോ ചെയ്യാം.
9. ഒരു ഓര്‍ഫനേജിലോ വൃദ്ധസദനത്തിലോ കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാം. അനാഥരായവര്‍ക്കു ഭക്ഷണം നല്‍കി അവരോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ കുട്ടിക്കു ജീവിതത്തെക്കുറിച്ചു പുതിയ കാഴ്ചപ്പാട് ലഭിക്കും.
10. ഹോസ്റ്റലിലോ, ബോര്‍ഡിങ്ങിലോ താമസിക്കുന്ന കുട്ടിയാണെങ്കില്‍ ഒരു കൊറിയറില്‍ സമ്മാനവും അച്ഛനും അമ്മയും ചേര്‍ന്നെഴുതിയ ഒരു കത്തും അയയ്ക്കാം. അല്‍പം തമാശയും നിറയെ സ്നേഹവും ചേര്‍ന്നുള്ള കത്തുകള്‍ കുട്ടികള്‍ സൂക്ഷിച്ചു വയ്ക്കാനിഷ്ടപ്പെടും. ഈ കത്തില്‍ ഉപദേശങ്ങള്‍ മാത്രമാവാതെ ശ്രദ്ധിക്കണമെന്നു മാത്രം.
11. കുട്ടികള്‍ ഏറെ ആഗ്രഹിക്കുന്ന ഒരു യാത്ര സമ്മാനമായി നല്‍കാം. മുന്‍കൂട്ടി പറയാതെയും വാഗ്ദാനം ചെയ്യാതെയും വേണം ഈ യാത്ര. മക്കളുടെ ജീവിതത്തിലെ നേട്ടങ്ങള്‍ക്കും ഇങ്ങനെ സര്‍പ്രൈസ് സമ്മാനം നല്‍കാം.