കുട്ടികളെ വിജയിക്കാൻ പഠിപ്പിക്കുന്നു… പരാജയം നേരിടാൻ പഠിപ്പിക്കുന്നുണ്ടോ?
പരീക്ഷയിൽ തോറ്റാൽ ജീവിതത്തിലും തോറ്റുവെന്നാണോ? മാർക്ക് കുറഞ്ഞാൽ കുട്ടിയുടെ മൂല്യവും കുറയുമോ? ഓരോ മാതാപിതാക്കളും അധ്യാപകരും നിർബന്ധമായും ചിന്തിക്കേണ്ട ചില കാര്യങ്ങൾ!
നിങ്ങളുടെ കുട്ടി പരീക്ഷയിൽ തോറ്റാൽ ആദ്യം നിങ്ങൾ ചോദിക്കുന്നത് എന്തായിരിക്കും?
“എന്തുകൊണ്ട് മാർക്ക് കുറഞ്ഞു?” എന്നാണോ?
അതോ…
“സാരമില്ല, നമുക്ക് ഒരുമിച്ച് നോക്കാം. എന്താണ് ബുദ്ധിമുട്ടുണ്ടായത്?” എന്നാണോ?
ഈ രണ്ട് ചോദ്യങ്ങൾ തമ്മിലുള്ള വ്യത്യാസം വാക്കുകളിൽ മാത്രമല്ല; പരാജയത്തെ കുട്ടി എങ്ങനെ കാണുന്നു എന്നതിലും വലിയ സ്വാധീനം ചെലുത്താം!
ഒരു കുട്ടി ഒന്നാം സ്ഥാനം നേടിയപ്പോൾ വീട്ടിൽ ആഘോഷം. മറ്റൊരു കുട്ടിക്ക് മാർക്ക് കുറഞ്ഞപ്പോൾ വീട്ടിൽ കുറ്റപ്പെടുത്തലും താരതമ്യപ്പെടുത്തലും!
നമ്മൾ കുട്ടികളെ വിജയിക്കാൻ പഠിപ്പിക്കുന്നു. പക്ഷേ, തോൽക്കുമ്പോഴും ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്നുണ്ടോ?
മാർക്ക് കുറഞ്ഞാൽ ജീവിതത്തിന്റെ വില കുറയുമോ?
ഇന്ന് പല കുട്ടികളുടെയും ജീവിതം മാർക്കിന്റെയും സ്ഥാനങ്ങളുടെയും മത്സരങ്ങളുടെയും ചുറ്റുമാണ്.
“അവന് നിന്നെക്കാൾ മാർക്കുണ്ടല്ലോ!”
“ഇത്രയും പണം ചെലവാക്കി പഠിപ്പിച്ചിട്ട് ഇതാണോ ഫലം?”
“നിന്നെക്കൊണ്ട് ഒന്നും സാധിക്കില്ല!”
മാതാപിതാക്കൾ നിരാശയിൽ പറയുന്ന ഇത്തരം വാക്കുകൾ കുട്ടികളുടെ ആത്മവിശ്വാസത്തെ ആഴത്തിൽ ബാധിച്ചേക്കാം.
ഒരു പരീക്ഷയിലെ പരാജയം താൽക്കാലികമാണ്. എന്നാൽ അതിന്റെ പേരിൽ കുട്ടിക്ക് ലഭിക്കുന്ന അപമാനവും നിരന്തരമായ കുറ്റപ്പെടുത്തലുകളും ദീർഘകാലം മനസ്സിൽ നിലനിന്നേക്കാം.
പരാജയപ്പെടുമ്പോൾ കുട്ടിയുടെ തലച്ചോറിൽ എന്തു സംഭവിക്കുന്നു?
പരാജയവും അപമാനവും കടുത്ത മാനസികസമ്മർദമായി അനുഭവപ്പെടുമ്പോൾ തലച്ചോറിലെ ഭയവും വൈകാരികപ്രതികരണങ്ങളും നിയന്ത്രിക്കുന്ന അമിഗ്ഡാല കൂടുതൽ സജീവമാകാം. സമ്മർദഹോർമോണായ കോർട്ടിസോളിന്റെ അളവ് ഉയരുന്നതോടെ ഓർമ്മയുമായി ബന്ധപ്പെട്ട ഹിപ്പോകാമ്പസിന്റെയും ചിന്ത, ശ്രദ്ധ, തീരുമാനമെടുക്കൽ എന്നിവ നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടൽ കോർട്ടക്സിന്റെയും പ്രവർത്തനം താൽക്കാലികമായി ബാധിക്കപ്പെടാം.
എന്നാൽ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യത്തിൽ തെറ്റുകൾ തിരുത്തി വീണ്ടും ശ്രമിക്കുന്നത് തലച്ചോറിന്റെ നാഡീപുനഃസംഘടനാശേഷിയെ (ന്യൂറോപ്ലാസ്റ്റിസിറ്റി) പ്രയോജനപ്പെടുത്തി പഠനവും ആത്മവിശ്വാസവും വളർത്താൻ സഹായിക്കും.
പരാജയം കുട്ടിയുടെ ബുദ്ധിശക്തിയുടെ അവസാനവിധിയല്ല. ശരിയായ പിന്തുണ ലഭിച്ചാൽ അതേ പരാജയം തലച്ചോറിന് പുതിയ കഴിവുകൾ പഠിക്കാനുള്ള അവസരമാകും!
കുട്ടികളെ തകർക്കുന്നത് പരാജയമാണോ, താരതമ്യമാണോ?
ഒരു കുട്ടി പരീക്ഷയിൽ ഒന്നാമനാകുമ്പോൾ മറ്റൊരു കുട്ടി കലയിൽ മികവ് തെളിയിച്ചേക്കാം. ഒരാൾക്ക് ഗണിതത്തിൽ കഴിവുണ്ടെങ്കിൽ മറ്റൊരാൾക്ക് മനുഷ്യരെ മനസ്സിലാക്കാനുള്ള അസാധാരണമായ കഴിവുണ്ടാകാം.
പക്ഷേ നമ്മുടെ സമൂഹം പലപ്പോഴും കുട്ടികളുടെ കഴിവുകളെയല്ല, മാർക്കുകളെയാണ് അളക്കുന്നത്!
നിരന്തരമായ താരതമ്യം കുട്ടികളിൽ അപകർഷതാബോധവും പരാജയഭയവും വളർത്താം. സ്വന്തം കഴിവുകൾ തിരിച്ചറിയുന്നതിനു മുമ്പുതന്നെ താൻ മറ്റുള്ളവരെക്കാൾ മോശമാണെന്ന് കുട്ടി വിശ്വസിച്ചുതുടങ്ങിയേക്കാം.
എല്ലാ പൂക്കളും ഒരേ സമയത്തല്ല വിരിയുന്നത്. അതുകൊണ്ട് വൈകി വിരിയുന്ന പൂവിന് സൗന്ദര്യം കുറയുന്നില്ല!
കുട്ടിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. ഇന്നലത്തെക്കാൾ ഇന്ന് അവൻ എത്ര വളർന്നു എന്നാണ് നോക്കേണ്ടത്!
പരാജയം നേരിടാനുള്ള കരുത്ത് കുട്ടികളിൽ എങ്ങനെ വളർത്താം?
കുട്ടികളുടെ വഴിയിലെ എല്ലാ കല്ലുകളും എടുത്തുമാറ്റുന്നതല്ല നല്ല രക്ഷാകർതൃത്വം; കല്ലിൽ തട്ടിവീണാലും വീണ്ടും എഴുന്നേൽക്കാനുള്ള കരുത്ത് നൽകുന്നതാണ്!
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:-
1. മാർക്കിനെക്കാൾ പരിശ്രമത്തെ വിലമതിക്കുക. വിജയത്തെ മാത്രം അഭിനന്ദിച്ചാൽ കുട്ടി പരാജയത്തെ ഭയന്നുതുടങ്ങിയേക്കാം.
2. പരാജയത്തിൽ കുറ്റപ്പെടുത്തരുത്. “എന്തുകൊണ്ട് തോറ്റു?” എന്നതിനുപകരം “ഇതിൽനിന്ന് എന്തു പഠിച്ചു?” എന്നു ചോദിക്കുക.
3. ചെറിയ പരാജയങ്ങൾ അനുഭവിക്കാൻ അനുവദിക്കുക. എല്ലാ പ്രതിസന്ധികളിൽനിന്നും കുട്ടിയെ രക്ഷിക്കുന്നത് അവന്റെ പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് വളരുന്നതിന് തടസ്സമായേക്കാം.
4. തീരുമാനങ്ങളെടുക്കാൻ അവസരം നൽകുക. പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വളർത്തും.
5. തെറ്റുകളെ അപമാനമാക്കരുത്. തെറ്റുകൾ തിരുത്താനും വീണ്ടും ശ്രമിക്കാനും പഠിപ്പിക്കുക.
5. സ്നേഹത്തിന് നിബന്ധനകൾ വയ്ക്കരുത്. ജയിച്ചാലും തോറ്റാലും മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും മാറില്ലെന്ന് കുട്ടി അറിയണം.
കുട്ടിക്ക് ജീവിതകാലം മുഴുവൻ താങ്ങായി നിൽക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞെന്നുവരില്ല. എന്നാൽ താങ്ങില്ലാതെയും തളരാതെ നിൽക്കാനുള്ള കരുത്ത് കുട്ടിക്ക് നൽകാൻ കഴിയും!
കുട്ടികളുടെ നിശ്ശബ്ദത അവഗണിക്കരുത്! അത് അപകടകരമായ ഒരു മുന്നറിയിപ്പാകാം!
പരാജയത്തിനുശേഷം കുട്ടി പെട്ടെന്ന് നിശ്ശബ്ദനാകുകയോ എല്ലാവരിൽനിന്നും അകലുകയോ ഉറക്കത്തിലും ഭക്ഷണത്തിലും പ്രകടമായ മാറ്റങ്ങൾ കാണിക്കുകയോ ചെയ്താൽ അത് വെറും സങ്കടമാണെന്ന് കരുതി അവഗണിക്കരുത്.
“എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല”, “ഞാൻ എല്ലാവർക്കും ഒരു ഭാരമാണ്”, “ഞാൻ ഇല്ലാതായാൽ മതിയായിരുന്നു” തുടങ്ങിയ വാക്കുകൾ ഒരിക്കലും നിസ്സാരമായി കാണരുത്. കടുത്ത മാനസികപ്രയാസത്തിന്റെയോ ആത്മഹത്യാചിന്തകളുടെയോ മുന്നറിയിപ്പുകളാകാം അവ. അത്തരം സാഹചര്യങ്ങളിൽ കുട്ടിയെ കുറ്റപ്പെടുത്താതെ കേൾക്കുകയും സുരക്ഷ ഉറപ്പാക്കി ഉടൻ വിദഗ്ധസഹായം തേടുകയും വേണം.
പരീക്ഷയിലെ തോൽവി തിരിച്ചുപിടിക്കാം. പക്ഷേ ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാനാവില്ല!
കുട്ടിക്ക് ഏറ്റവും കൂടുതൽ സ്നേഹം വേണ്ടത് വിജയിച്ച് വീട്ടിലെത്തുന്ന ദിവസത്തിലല്ല; തോറ്റുപോയെന്ന ഭയത്തോടെ വീട്ടിലേക്ക് മടങ്ങുന്ന ദിവസത്തിലാണ്!
അധ്യാപകരോട് ഒരു ചോദ്യം!
മാർക്ക് കുറഞ്ഞ കുട്ടിയെ ക്ലാസിൽ എല്ലാവരുടെയും മുന്നിൽ അപമാനിച്ചാൽ അവൻ കൂടുതൽ നന്നായി പഠിക്കുമോ, അതോ വീണ്ടും പരാജയപ്പെടുമെന്ന ഭയം വളരുമോ?
ഒരു കുട്ടിയുടെ തെറ്റ് തിരുത്താൻ ഏതാനും മിനിറ്റുകൾ മതി. എന്നാൽ എല്ലാവരുടെയും മുന്നിൽ അനുഭവിച്ച അപമാനം അവന്റെ മനസ്സിൽ ദീർഘകാലം നിലനിന്നേക്കാം.
നല്ല അധ്യാപകൻ ഒന്നാമതെത്തുന്ന കുട്ടിയെ മാത്രം അഭിനന്ദിക്കുന്നവനല്ല; പിന്നിലാകുന്ന കുട്ടിയെയും കൈവിടാതെ മുന്നോട്ടുനയിക്കുന്നവനാണ്!
മാതാപിതാക്കളോടും അധ്യാപകരോടും ഒരു അഭ്യർഥന!
കുട്ടികളെ ഒന്നാമതെത്തിക്കാൻ മാത്രം പഠിപ്പിക്കരുത്. അവസാന സ്ഥാനത്തായാലും ആത്മവിശ്വാസത്തോടെ വീണ്ടും മുന്നോട്ടുപോകാൻ പഠിപ്പിക്കണം.
വിജയിക്കുമ്പോൾ അഭിനന്ദിക്കുന്നതുപോലെ പരാജയപ്പെടുമ്പോൾ ചേർത്തുപിടിക്കാനും മറക്കരുത്.
കാരണം, ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷകൾ പലതും പാഠപുസ്തകങ്ങൾക്ക് പുറത്താണ്. അവിടെ മാർക്കല്ല, മനക്കരുത്താണ് വിജയത്തെ നിർണയിക്കുന്നത്!
ഒരു കാര്യം മറക്കരുത്…
ഒരു പരീക്ഷയിൽ തോറ്റ കുട്ടിക്ക് വീണ്ടും പരീക്ഷ എഴുതാം. എന്നാൽ നിരന്തരമായ കുറ്റപ്പെടുത്തലുകളിലൂടെ തകർന്ന ആത്മവിശ്വാസം വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടിവന്നേക്കാം.
നിങ്ങളുടെ കുട്ടി ഒന്നാം സ്ഥാനത്തെത്തിയില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ ഒരു പരാജയത്തിന്റെ പേരിൽ ജീവിതം അവസാനിച്ചുവെന്ന് അവൻ ഒരിക്കലും വിശ്വസിക്കരുത്!
നമുക്ക് വേണ്ടത് എല്ലാ പരീക്ഷകളിലും ഒന്നാമതെത്തുന്ന കുട്ടികളെയല്ല; ജീവിതം എത്രതവണ തോൽപ്പിച്ചാലും പ്രതീക്ഷ കൈവിടാതെ വീണ്ടും എഴുന്നേൽക്കാൻ കഴിയുന്ന ഒരു തലമുറയെയാണ്!
ഓർക്കുക: കുട്ടിക്ക് നിങ്ങൾ നൽകേണ്ട ഏറ്റവും വലിയ സമ്മാനം വിജയത്തിന്റെ കിരീടമല്ല; പരാജയത്തിലും തകരാത്ത ആത്മവിശ്വാസവും എന്തു സംഭവിച്ചാലും തന്നെ ചേർത്തുപിടിക്കാൻ ഒരു കുടുംബമുണ്ടെന്ന ഉറപ്പുമാണ്!
എഴുത്ത്: Dr. Arun Oommen, Neurosurgeon