കാസർകോട് മധുവാഹിനിപ്പുഴയുടെ കരയിലുള്ള മധൂർ മദനന്തേശ്വസിദ്ധിവിനായക ക്ഷേത്രത്തിലേക്കൊരു തീർഥയാത്ര.
വെയിലു ചാഞ്ഞിരിക്കുന്നു!
വേനലവധിയുടെ ഉത്സവത്തിമിർപ്പിൽ കുട്ടികൾ നീന്തിത്തുടിക്കുന്നുണ്ട് മധുവാഹിനിപ്പുഴയിൽ. ചിലർ തോണിയിൽ, മറ്റുചിലർ വലിയ വാർപ്പുകളിൽ തുഴഞ്ഞു മറിയുന്നു. പാലത്തിന്റെ കൈവരിയിൽ നിന്നു പുഴയിലേക്കു ചാടുന്നവരെയും കണ്ടു കൂട്ടത്തിൽ. കുട്ടികൾ മാത്രമല്ല പുഴയിൽ മുങ്ങിക്കുളിച്ചു ക്ഷേത്രനട തുറക്കാൻ കാത്തുനിൽക്കുന്ന മുതിർന്നവരുമുണ്ട് ആ കൂട്ടത്തിൽ.
അമ്മയുടെ കൈപിടിച്ചുനടക്കുന്ന അനുസരണയുള്ള കുട്ടിയെപ്പോലെ ഒഴുകുകയാണു മധുവാഹിനിപ്പുഴ! കുടകിൽ നിന്ന് ആരംഭിക്കുന്ന കാവേരിയുടെ കൈവഴി. സുള്ള്യ, ദേലംപാടി, ആരൂര്, മല്ലം എന്നിങ്ങനെ പല പ്രദേശങ്ങളിലൂടെ പല പേരുകളിൽ ഒഴുകുന്ന കൈവഴികൾ മധൂരെത്തുമ്പോൾ മധുവാഹിനിയെന്ന ഒറ്റനദിയാവുന്നു.
മധുവാഹിനിപ്പുഴയുടെ കരയിലാണു പ്രശസ്തമായ മദനന്തേശ്വര സിദ്ധിവിനായകക്ഷേത്രം. ഗണപതിക്ക് ഏറെ പ്രാധാന്യമുള്ള ശിവക്ഷേത്രം. കാമദേവനെ വധിച്ച ശേഷമുള്ള ഉഗ്രഭാവമാണു ശിവന്. അതുകൊണ്ടാണ് മദനന്തേശ്വരക്ഷേത്രം എന്ന പേരു വന്നത്. വലംപിരി ഗണപതിയാണ് ഇവിടെ. വലത്തോട്ട് തുമ്പിക്കൈ നീട്ടിയിരിക്കുന്ന സിദ്ധിവിനായകൻ.
മദനന്തേശ്വരനു കിഴക്കോട്ടു ദർശനം. പടിഞ്ഞാറാണു പുഴ. കിഴക്കേഗോപുരത്തിലൂടെ ക്ഷേത്രത്തിനുള്ളിലേക്കു നടന്നാൽ കൊടിമരം, ബലിക്കല്ല്, രണ്ടു നമസ്കാരമണ്ഡപങ്ങൾ എന്നിവയുണ്ട്. അതുകഴിഞ്ഞാണു മദനന്തേശ്വരന്റെ തിരുനട. വ്യാളികളും ദ്വാരപാലകശിൽപങ്ങളും കൊണ്ട് അലംകൃതമായ ചുമരുകൾ. കാവൽ മുഖമണ്ഡപത്തിന്റെ മേൽഭാഗത്തു നവഗ്രഹങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഒറ്റക്കൊടിമരം. കല്ലിൽ നിർമിച്ച് തടിയിൽ പൊതിഞ്ഞ വിശാലമായ ക്ഷേത്രസമുച്ചയങ്ങൾ.
ഉത്തരങ്ങളിലും കഴുക്കോലിലും മാത്രമല്ല ആരക്കാലുകളിൽ പോലും മനോഹരമായ പക്ഷിരൂപങ്ങൾ. നമസ്കാരമണ്ഡപത്തിന്റെ മേൽക്കൂരയിൽ ശ്രീരാമപട്ടാഭിഷേകം വ രെയുള്ള സമ്പൂർണരാമായണം കൊത്തിവച്ചിരിക്കുന്നു.
മധറു കണ്ടെത്തിയ മഹാദേവൻ
പുല്ലരിയാനെത്തിയ വൃദ്ധയായ സ്ത്രീ മുന്നിൽ കണ്ട ക ല്ലിൽ കത്തിയുടെ മൂർച്ച കൂട്ടിയെന്നും കല്ലിൽ നിന്നു ചോര പൊടിഞ്ഞെന്നും ആ കല്ലാണു പിന്നെ വിഗ്രഹമായി പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം. കാട്ടിൽ പുല്ലരിയാനെത്തിയ മധറു എന്നു പേരുള്ള വൃദ്ധയാണ് ഇവിടുത്തെ ശിവലിംഗം കണ്ടെത്തിയതെന്നും കഥകളുണ്ട്. മധറു എന്ന പേരിൽ നിന്നാണത്രേ മധൂർ എന്ന സ്ഥലനാമം ഉണ്ടായത്. വനവാസകാലത്തു പാണ്ഡവർ ഇവിടെ താമസിച്ചിരുന്നു എന്നാണു വിശ്വാസം.
‘‘ലിഖിതമായ ചരിത്രം നോക്കുകയാണെങ്കിൽ ആയിരം വർഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ട്. കാലാകാലങ്ങളിൽ ക്ഷേത്രത്തിൽ നിർമാണപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.’ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ പ്രസാദിന്റെ വാക്കുകൾ കേട്ടു നടന്നതു ഗണപതിമണ്ഡപത്തിലേക്കാണ്.
ഇവിടെയുളള ഗണപതിപ്രതിഷ്ഠ ചുമരിൽ നിന്നു കോറിയെടുത്തുണ്ടാക്കിയതാണെന്നാണ് പ്രബലമായ വിശ്വാസം. ആദ്യകാലത്തു ശിവക്ഷേത്രം മാത്രമായിരുന്നു. ശിവക്ഷേത്രത്തിന്റെ വടക്കേ ചുമരിൽ അവിടെ താമസിച്ച പൂജാരിമാരുടെ മക്കൾ ഗണപതി ചിത്രം വരച്ചിട്ടു. ജീവൻ തുളുമ്പുന്ന ആ ചിത്രം പിന്നീടു ചൈതന്യമുള്ളതായി എന്നാണു വിശ്വാസം.
ആദ്യമാദ്യം കുട്ടികൾ തന്നെ പൂക്കളും മറ്റും ശേഖരിച്ചുകൊണ്ടുവന്നു പൂജിക്കുകയും അരിമാവു പതിപ്പിച്ചു ചിത്രത്തെ കൂടുതൽ മിഴിവുറ്റതാക്കുകയും ചെയ്തു. കുട്ടികൾ തന്നെ അപ്പമുണ്ടാക്കി നിവേദിക്കാനും തുടങ്ങി. ക്രമേണ ചുമരിൽ വരച്ച ഗണപതിചിത്രത്തിൽ പൂജ തുടങ്ങുകയും ചിത്രത്തെ വിഗ്രഹരൂപത്തിലേക്ക് രൂപാന്തരപ്പെടുത്തുകയും ഗണപതിക്കു മാത്രമായി ശ്രീകോവിൽ കെട്ടിയുയർത്തുകയും ചെയ്തു.
ഗണപതിപ്രതിഷ്ഠയുമായി ബന്ധപ്പെട്ടു വേറെയും കഥകളും ഉപകഥകളും നിലവിലുണ്ട്. ഒരു കർഷകന് വയലിൽ നിന്നു കിട്ടിയ ഗണപതി വിഗ്രഹം അദ്ദേഹം വീട്ടിൽ സൂക്ഷിച്ചുവെന്നും അതുപിന്നീട് മധൂർ ക്ഷേത്രത്തിനു കൈമാറിയെന്നുമാണ് അതിൽ ഒരുകഥ. എന്നാൽ ചുമരിനോടു ചേർന്നു കാണുന്ന ഈ വിഗ്രഹം അങ്ങനെ പുറത്തേക്കെടുക്കാൻ കഴിയില്ലെന്നും അതുകൊണ്ട് അത്തരം കഥകൾ വിശ്വസനീയമല്ലെന്നും വാദിക്കുന്നവരുമുണ്ട്.
കാശിവിശ്വനാഥന്റെ തിരുനട
കാശിവിശ്വനാഥ പ്രതിഷ്ഠയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഹംസരൂപീ സദാശിവൻ, ധർമശാസ്താവ്, ദുർഗാ പരമേശ്വരി, സുബ്രഹ്മണ്യൻ എന്നീ ഉപദേവതാക്ഷേത്രങ്ങളും ഇവിടെയുണ്ട്. സിദ്ധിവിനായകനു വടക്കുഭാഗത്താണ് കാശിവിശ്വനാഥ പ്രതിഷ്ഠ. ശ്രീദുർഗാ പരമേശ്വരിയെയും ശ്രീസുബ്രഹ്മണ്യനെയും പ്രദക്ഷിണവഴിയിൽ തൊഴാം.
‘‘കാശിദർശനത്തിനു പോയ രാജാവ് അവിടെ നിന്നു കൊണ്ടുവന്നതാണു കാശിവിശ്വനാഥ പ്രതിഷ്ഠ എന്നാണു സങ്കൽപം. ഉത്തരേന്ത്യൻ വാസ്തുശില്പങ്ങളെ ഓർമിപ്പിക്കുന്നതാണ് ഒരർഥത്തിൽ ഈ പ്രതിഷ്ഠ,’’ ക്ഷേത്രം മുൻമേൽശാന്തി ശ്രീകൃഷ്ണ ഉപാധ്യായ പറയുന്നു.
വിനായകനു മുൻവശത്ത് ഉപദൈവമായി ധർമശാസ്താവ്. നാളീകേരം ഉടയ്ക്കുന്നതിനുള്ള ഗണപതിക്കല്ല് ധർമശാസ്താവിനു തൊട്ടുമുന്നിൽ. കല്ലിൽ സൂര്യചന്ദ്രന്മാരെ കൊത്തിവച്ചിട്ടുണ്ട്. തുളുനാട് ഭരിച്ചിരുന്ന രാജാക്കന്മാരുെട വിജയചിഹ്നമായി കണക്കാക്കുന്നതാണിത്.
ഉപദൈവങ്ങളെ തൊഴുതു പ്രധാനശ്രീകോവിലിലെത്തിയപ്പോഴാണ് ആ കാഴ്ച കാണുന്നത്. ശിവസന്നിധിയുടെ ഒരു അരുകിൽ അടുക്കി വച്ചിട്ടുണ്ട് ധാരാളം ചെറിയ നിലവിളക്കുകൾ. ശിവസന്നിധിയിലാണെങ്കിലും ആ നെയ്വിളക്കുകൾ സമർപ്പിക്കുന്നത് വിനായകനു മുന്നിലാണ്. നെയ്വിളക്കു കത്തിച്ചു പ്രാർഥിക്കുന്ന ധാരാളം ഭക്തരെ അവിടെ കണ്ടു. ശിവനു മുന്നിൽ വിളക്കു കത്തിച്ചു പ്രാർഥിച്ച ശേഷം അതുമായി സിദ്ധിവിനായകനു മുന്നിലേക്കു നീങ്ങുകയാണ് അവർ. വിനായകനെ മൂന്നു വലംവച്ചു വിളക്കു സമർപ്പിക്കുന്നു.
‘ഗണപതിക്കുള്ള ഉദയാസ്തമയ പൂജയാണ് ഇവിടുത്തെ പ്രധാന വഴിപാട്. സർവരോഗ മുക്തിക്കും അഭീഷ്ടസിദ്ധിക്കും ഉദയാസ്തമയപൂജയാണു പരിഹാരം. ഒരു ദിവസം ഒരു ഉദയാസ്തമയ പൂജ മാത്രമേ നടത്താവു എന്നതാണു പൗരാണിക കാലത്തേ അനുവർത്തിച്ചു വരുന്ന രീതി. അതുകൊണ്ടുതന്നെ വർഷങ്ങൾ കാത്തിരുന്നാലേ ഈ പൂജ വഴിപാടായി നടത്താൻ സാധിക്കു.’ ക്ഷേത്രം മേൽശാന്തി ധനഞ്ജയ ഭട്ട് പറയുന്നു. ഉദയാസ്തമയപൂജ കൂടാതെ നൂറു നാളീകേരം കൊണ്ടുള്ള ഗണപതിഹോമവും ആയിരം അപ്പം നിവേദിക്കുന്ന സഹസ്രാപ്പം എന്ന് അറിയപ്പെടുന്ന വഴിപാടുമുണ്ട് ഇവിടെ.
12 വർഷത്തിലൊരിക്കൽ മൂടപ്പസേവ
തിടപ്പള്ളിയിൽ വിറകടുപ്പിൽ നിന്ന് ഉയരുന്നുണ്ട് നെയ്മണം. ഉണ്ണിയപ്പമാണെങ്കിലും അപ്പം എന്നുമാത്രമേ പറയാറുള്ളൂ. അപ്പം ഉണ്ടാക്കുന്ന തിരക്കിലാണു കീഴ്ശാന്തിമാർ. ഇവിടുത്തെ ഉണ്ണിയപ്പത്തിനു പ്രത്യേക രുചിയാണ്. അരിപ്പൊടിയും ശർക്കരയും പഴവും നെയ്യും മാത്രം േചരുവകൾ. എങ്കിലും വിറകടുപ്പും ചേരുവകളുടെ കൂട്ടും പ്രത്യേക പാകവുമൊക്കെയാവും രുചിയുടെ രഹസ്യം. ഔഷധ ഗുണം നിറഞ്ഞ വെള്ളമാണ് ക്ഷേത്രക്കിണറിലേത് എന്നാണു വിശ്വാസം. ധന്വന്തരി മന്ത്രം ആവാഹിച്ചെടുത്ത ശില സ്ഥാപിച്ചിട്ടുണ്ട് കിണറിനുള്ളിൽ. ഇതിൽ നിന്നുള്ള വെള്ളം മാത്രമേ ക്ഷേത്രകാര്യങ്ങൾക്ക് ഉപയോഗിക്കു.
മാത്രമല്ല, തിടപ്പള്ളിയിൽ നിന്നു നേരേ കൗണ്ടറിൽ എ ത്തിക്കുന്ന ഏർപ്പാടല്ല ഇവിടെ. ഓരോ ഉണ്ണിയപ്പവും ശ്രീകോവിലിൽ എത്തിച്ച് വിനായകനു പൂജ ചെയ്തതിനു ശേഷമേ അതു കൗണ്ടറിൽ എത്തിക്കു. ‘ഇതു പ്രസാദമാണ്. ശ്രീകോവിലിൽ പൂജിച്ച പ്രസാദം. അല്ലാതെ വിറ്റു ലാഭമുണ്ടാക്കുന്നതല്ല.’ കീഴ്ശാന്തി കൃഷ്ണമൂർത്തി പറയുന്നു.
ശ്രീകോവിലിനുള്ളിൽ കരിമ്പിന്റെ കഷ്ണങ്ങൾ കൊണ്ട് വേലി കെട്ടി അതിൽ ഉണ്ണിയപ്പം നിറയ്ക്കുന്നതാണ് മൂടപ്പ സേവ. പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് ഇതു നടത്തുന്നതെങ്കിലും പലകാരണങ്ങൾ കൊണ്ട് മൂടപ്പസേവ മുടങ്ങിയിട്ടുണ്ട്. 1962 നുശേഷം മുപ്പതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് 1992 –ൽ മൂടപ്പസേവ നടന്നത്. അതിനുശേഷം 2025 മാർച്ചിലും നടന്നു. ഭീമമായ ചെലവാണ് ഇതിനു വേണ്ടി വരുന്നത്.
ശിലാപൂജയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പുതിയ വീടു നിർമിക്കുന്നവർ ആദ്യത്തെ ആധാരശില ഇവിടെ വന്നു പൂജിച്ചുകൊണ്ടുപോകുന്നു. വിദൂരദേശങ്ങളിൽ നിന്നുപോലും ആൾക്കാർ ഇവിടെ ശിലാപൂജയ്ക്ക് എത്തുന്നുണ്ട്. വിഘ്നങ്ങൾ ഒഴിവാക്കി വീടുപണി വേഗം പൂർത്തിയാകണേ എന്നാണു പ്രാർഥന.
മലബാർ ദേവസ്വം ബോർഡിനു കീഴിലാണു ക്ഷേത്രം. എങ്കിലും ഭക്തരുടെയും നാട്ടുകാരുടെയും നിർലോഭമായ സഹകരണമാണ് മധൂർ ക്ഷേത്രത്തിന്റെ കൈമുതൽ. സദാശിവ െഷട്ടി എന്ന ബിസിനസുകാരനായ ഭക്തൻ രണ്ടുകോടി രൂപ മുടക്കിയാണു ക്ഷേത്രത്തിന്റെ അലങ്കാരഗോപുരവും ചുറ്റമ്പലവും നിർമിച്ചത്.’’ ക്ഷേത്ര നവീകരണ കമ്മിറ്റി അംഗമായ മുരളികുമാർ മധൂറിന്റെ വാക്കുകൾ.
വളരുന്ന ഗണപതി വിഗ്രഹം
ഇവിടുത്തെ ഗണപതി വിഗ്രഹം വളർന്നുകൊണ്ടിരിക്കുന്നു എന്നതൊരു സങ്കല്പമല്ല യാഥാർഥ്യമാണ്.
‘എത്രയോ പതിറ്റാണ്ടായി കാണുന്ന വിഗ്രഹമല്ലേ? ഞങ്ങൾക്ക് അറിയാമല്ലോ വിഗ്രഹം വളരുന്നു എന്നത്. മുൻപു കാണുന്നതുപോലെയുള്ള മുഖദർശനമല്ല ഇപ്പോൾ കാണുന്നത്. കുറച്ചുകൂടി ഉയരത്തിലേക്കു നോക്കണം. എന്നാലേ ഭഗവാന്റെ മുഖം കാണാനാവു.’ പതിറ്റാണ്ടുകളായി ഗണപതിയെ തൊഴാനെത്തുന്ന സുശീല മണിയാണി പറയുന്നു. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തെക്കു കിഴക്കേ മൂലയിൽ ഒരു വീരക്കല്ലു നാട്ടിയിരിക്കുന്നു, യുദ്ധത്തിൽ വീരമൃത്യു വരിച്ച പടയാളികൾക്കുള്ള സ്മാരകമായാണു വീരക്കല്ലുകൾ സാധാരണ കണക്കാക്കുന്നത്.
മായിപ്പാടി രാജവംശത്തിന്റെ സംരക്ഷണയിലായിരുന്നു ക്ഷേത്രം എന്നതു കൊണ്ട് പ്രാദേശികമായുണ്ടായ സംഘർഷങ്ങളിൽ വീരമൃത്യു വരിച്ച പടയാളികൾക്കുള്ള സ്മാരകം എന്ന നിലയിലാവും ഈ വീരക്കല്ല് നാട്ടിയിരിക്കുന്നത് എന്നാണു ഗവേഷകരുടെ നിഗമനം. സംഘകാലസാഹിത്യത്തിൽ വീരക്കല്ലുകളെക്കുറിച്ചു പരാമർശിക്കുന്നതും യുദ്ധത്തിൽ വീരമൃത്യു വരിച്ച പടയാളികൾക്കുള്ള സ്മാരകം എന്ന നിലയിലാണ്. അതെന്തായാലും മായിപ്പാ ടി രാജവംശത്തിൽ നിന്ന് ഒരാളാണ് ഇപ്പോഴും ക്ഷേത്രട്രസ്റ്റി. അവർക്ക് ക്ഷേത്രത്തിൽ പ്രത്യേക അധികാരവും അ വകാശവുമുണ്ട്. രാജവംശത്തിന്റെ പ്രതിനിധിക്കുവേണ്ടി ക്ഷേത്രത്തിൽ പ്രത്യേക ഓഫിസ് മുറിയുണ്ട്.
ഉപദേവതാക്ഷേത്രങ്ങൾ തൊഴുതു പുറത്തേക്കിറങ്ങുമ്പോൾ ചുമരിൽ വരച്ചിട്ട ചില യക്ഷരൂപങ്ങൾ. കർണാടക കഥകളി എന്ന് അറിയപ്പെടുന്ന യക്ഷഗാനത്തെ നവീകരിക്കുകയും ജനകീയമാക്കുകയും ചെയ്ത പാർഥി സുബ്ബ കണിപുര ഗോപാലകൃഷ്ണക്ഷേത്രത്തിലെ ഉപാസകനായിരുന്നെങ്കിലും അദ്ദേഹം ചിട്ടപ്പെടുത്തിയ യക്ഷഗാനങ്ങളിൽ ഭൂരിഭാഗവും മധൂർ ഗണപതിയെ സ്തുതിച്ചുകൊണ്ടാണു തുടങ്ങുന്നത്.
വേനലിൽ മനസ്സു തണുപ്പിക്കുന്ന ഗ്രാമക്കാഴ്ചയാണു മധുവാഹിനിപ്പുഴയെങ്കിലും ചില മഴക്കാലങ്ങളിൽ പുഴ രൗദ്രഭാവം കാണിക്കും. കരകവിയുന്ന മധുവാഹിനി ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിക്കും. എങ്കിലും ഇന്നോളം ശ്രീകോവിലിനു മുന്നിൽ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ പടിക്കെട്ടിൽ തൊഴുതു മടങ്ങും ജലപ്രവാഹം. ഇതുവരെയുള്ള ചരിത്രം അങ്ങനെയാണ്.
ദീപാരാധനയ്ക്കുശേഷം നെയ്വിളക്കുകൾ കെടുത്തി നട അടയ്ക്കാനുള്ള തയാറെടുപ്പിലാണു പൂജാരിമാർ. ക്ഷേത്രം വലംവച്ചു തെക്കുഭാഗത്തുകൂടി മടങ്ങാനൊരുങ്ങുമ്പോൾ ക്ഷേത്രം മേൽശാന്തി ധനഞ്ജയ പറഞ്ഞു;
‘സിദ്ധിവിനായകനു നേരെ മുന്നിലേക്കു തുറക്കുന്ന ഒരു ജനൽപ്പാളിയുണ്ട് തെക്കേ നടപ്പന്തലിൽ. തൊഴുതു മടങ്ങുന്ന എല്ലാവരും ജനലുവഴി അകത്തേക്കു ഒന്നുകൂടി നോക്കും. അതുവഴി ശ്രീകോവിലിനുള്ളിലെ സിദ്ധിവിനായക രൂപം ഒന്നുകൂടി കാണാം. തൊഴാം,
തൊഴുകൈകളോടെ നോക്കി ശ്രീകോവിലിനുള്ളിലെ സിദ്ധിവിനായക രൂപം അഴകോടെ തെളിഞ്ഞുകണ്ടു.
മേൽശാന്തി പറഞ്ഞു;
‘ഒന്നുകൂടി തൊഴുത് ഇറങ്ങിക്കൊള്ളു...’
ക്ഷേത്ര ചരിത്രം
കേരള – കർണാടക അതിർത്തിയിൽ പ്രധാനപ്പെട്ട നാലു ക്ഷേത്രങ്ങൾ മായിപ്പാടി രാജവംശം സംര ക്ഷിച്ചിരുന്നതായി ചരിത്രരേഖക ൾ പറയുന്നു. അഡൂർ മഹാലിംഗേ ശ്വര ക്ഷേത്രം, ഭുജംകാവ് പാർത്ഥസാരഥി ക്ഷേത്രം, കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രം, മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം എന്നിങ്ങനെ. ഇതിൽ അഡൂർ മഹാലിംഗേശ്വര ക്ഷേത്രത്തിന്റെയും മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന്റെയും ശ്രീകോവിലുകൾ രൂപസാദൃശ്യമുള്ളവയാണ്. ഗജപൃഷ്ഠാകൃതിയിലാണു രണ്ടു ശ്രീകോവിലുകളും .’’ ക്ഷേത്രതന്ത്രി വിഷ്ണു അസ്റ വാഴുന്നോർ പറയുന്നു.
HOW TO REACH
മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്കു കാസർകോട് ടൗണിൽ നിന്നു ഏകദേശം ഒൻപതു കിലോമീറ്റർ ദൂരം. കാസർകോടാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിൽ നിന്നു ടാക്സിയോ ഓ ട്ടോറിക്ഷയോ വിളിക്കാം. മധൂറിലേക്കു സ്വകാര്യബസ് സർവീസുകളും ടൗണിൽ നിന്നു ലഭ്യമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കർണാടകയിലെ മംഗലാപുരം എയർപോർട്ട്. ഏകദേശം 60 കിലോമീറ്റർ ദൂരം. കണ്ണൂർ വിമാനത്താവളത്തിൽ നിന്നു 110 കിലോമീറ്റർ.