നഷ്ടപ്പെട്ട് പോയ വായനാ ശീലം തിരികെക്കൊണ്ടു വരാൻ ആഗ്രഹിക്കുന്നവരാണോ? പരീക്ഷിക്കാം ഈ വഴികൾ Rediscover the Joy of Reading: Practical Tips to Build a Lasting Habit
Mail This Article
‘പണ്ട് ഞാനൊരുപാടു വായിച്ചിരുന്നു... ഇന്നിപ്പൊ ഒന്നിനും സമയമില്ല!’ എന്നു പറയുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. എത്രയൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞാലും വായനയ്ക്ക് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിനെ ആരോഗ്യകരമായി വയ്ക്കാൻ വായന സഹായിക്കുമെന്നും അത് തലച്ചോറിലെ കോഗ്നിറ്റീവ് ക്ഷയത്തിന്റെ തോത് കുറയ്ക്കുമെന്നും പല പഠനങ്ങളും പറയുന്നു.
നഷ്ടപ്പെട്ടു പോയൊരു നല്ല ശീലം തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ചെറിയ ചില പരീക്ഷണങ്ങൾ നടത്തി നോക്കാം...
ഒരു ചെയ്തി ശീലമായി മാറാൻ 21 ദിവസം എടുക്കുമെന്നൊക്കെ നമ്മൾ കേൾക്കാറുണ്ടല്ലോ എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം വ്യക്തിപരമായ വ്യത്യാസങ്ങൾ കൂടി പരിഗണിച്ചാൽ 2–5 മാസം കൊണ്ടാണ് ഒരാൾക്കൊരു ശീലം ഉണ്ടായി വരിക എന്നാണ് കണക്ക്. അതു പ്രകാരം ചെറുഘട്ടങ്ങളായി ഒരു ശീലം വളർത്തിയെടുക്കാനുള്ള വഴികൾ നോക്കാം...
1. നിലവിൽ സ്ഥിരമായി ചെയ്യുന്നൊരു പ്രവർത്തിയുമായി കൂട്ടിക്കെട്ടുക.
ദിവസവും രാവിലെ എഴുന്നേറ്റ് വെള്ളം/ചായ കുടിച്ചാണ് ദിവസം തുടങ്ങുന്നതെങ്കിൽ അതിനൊപ്പം 10 മിനിറ്റെങ്കിലും വായിച്ചിരിക്കും എന്ന് തീരുമാനിക്കാം. ഇതിനായി അലാം വയ്ക്കാം. യാത്ര ചെയ്തു ജോലിക്കോ പഠനത്തിനോ പോകുന്നവർക്ക് ആ സമയത്ത് വായിക്കം. വണ്ടിയോടിച്ചു പോകുന്നവർക്ക് ഓഡിയോ ബുക്ക് കേൾക്കാം. രാവിലെ സമയമില്ലാത്തവർക്ക് ഉച്ചയ്ക്കത്തെ ബ്രേയ്ക്കിനോ രാത്രി പല്ലു തേച്ചു കഴിഞ്ഞോ ഒക്കെ സ്ഥിരമായി വായിക്കാനിരിക്കാം.
2. നിങ്ങൾക്കിഷ്ടമുള്ള വിഷയത്തിലുള്ള പുസ്തകം കണ്ടെത്താം
നിങ്ങൾക്ക് ടെക്നോളജിയാണ് ഏറെ ഇഷ്ടമെന്നു കരുതുക അല്ലെങ്കിൽ മൃഗങ്ങളെ... അങ്ങനെ ഇഷ്ട വിഷയത്തെ കുറിച്ചുള്ള പുസ്തകം കണ്ടെത്തിയെടുത്ത് വായന തുടങ്ങാം. വിഷയം കണ്ടുപിടിക്കാനാകുന്നില്ലെങ്കിൽ ഇഷ്ടപ്പെട്ട ആളുകളെ പറ്റിയുള്ള പുസ്തകം നോക്കിെയടുക്കാം.
അടുത്തത് എന്താകും എന്നറിയാനുള്ള ആകാംഷ കൊണ്ട് വായനാ ശീലം മുന്നോട്ട് പോകും.
ഇതൊന്നും കിട്ടിയില്ലെങ്കിൽ പണ്ട് വായിച്ച് ഇഷ്ടപ്പെട്ടത് വീണ്ടും വായിച്ചു തുടങ്ങാം.
3. ചെറിയ തുടക്കം
ഞാനിന്ന് 50–100 പെയ്ജ് വായിച്ചിരിക്കും എന്ന മട്ടിലുള്ള എടുത്താൽ പൊങ്ങാത്ത ഭാരമൊന്നും ആദ്യമേ എടുത്തു വയ്ക്കാതിരിക്കുക.. ഒരു ദിവസം 10–15 മിനിറ്റ് വായിക്കും എന്ന പോലുള്ള ചെയ്യാവുന്നതായ ഗോളുകൾ സെറ്റ് ചെയ്ത് അതു പാലിച്ച് ടിക് ഇട്ട് പോകുക. ഒരാഴ്ച്ചയൊക്കെ മുന്നോട്ട് പോയാൽ സ്വയം ഒരു ചെറിയ സമ്മാനം നൽകാം.
4. ഒരേപോലുള്ള കൂട്ടത്തെ കണ്ടെത്താം
മിക്കയാളുകളും ഒറ്റയ്ക്കൊരു കാര്യത്തിന് ഇറങ്ങിയാൽ അതു പാതിവഴിക്ക് നിർത്തിപ്പോകാറുണ്ട്.. എന്നാൽ ഇവർക്ക് ഇവരെപ്പോലുള്ള കൂട്ടത്തെ കിട്ടിയാൽ ശീലവുമായി മുന്നോട്ട് പോകാനാകും.. പല നാട്ടിലും ഒന്ന് പരതിയാൽ ഒരു വായനാ കമ്മ്യൂണിറ്റിയെ കണ്ടുകിട്ടും. ഇനി അതല്ലെങ്കിൽ തൽപര കക്ഷികളെ ചേർത്ത് നിങ്ങളൊരു ഫിസിക്കൽ/വാട്ട്സ്ആപ് ഗ്രൂപ് തുടങ്ങി അതിൽ ഇന്നിത്ര വായിച്ചു എന്നൊക്കെ തമ്മിൽ തമ്മിൽ പറഞ്ഞു പോകുക. ഇത് മുന്നോട്ട് പോകാനുള്ള ഊർജ്ജം നൽകും.
5. ഫോൺ മാറ്റി വയ്ക്കാം.
ഇന്നത്തെക്കാലത്തെ ഏറ്റവും വലിയ ശ്രദ്ധ തിരിക്കൽ ഉപകരണം ഫോൺ ആണ്. വായിക്കാനുള്ള സമയത്ത് ഫോൺ എടുക്കില്ലെന്ന് സ്വയം ശപഥം ചെയ്യാം. അതു അടുത്ത മുറിയിൽ വയ്കകാം/ മേശയ്ക്കുള്ളിൽ വച്ച് ലോക് ചെയ്യാം.
6. വീണാലും എഴുന്നേൽക്കാം
എല്ലാം വിചാരിച്ച് ഉറപ്പിച്ച് വായന തുടങ്ങി ഒന്നു രണ്ടു ദിവസം കഴിഞ്ഞ് അതു മുടങ്ങിപ്പോയെന്നു കരുതുക. എന്നാലതങ്ങ് പോട്ടേ എന്നു വിചാരിക്കാതെ നിർത്തിയിടത്തു നിന്ന് വീണ്ടും ശ്രമിക്കാം. വീണ്ടും തുടങ്ങിയതിന് സ്വയം അഭിനന്ദിക്കാം.
വായന ട്രാക് ചെയ്യാനും ശ്രമിക്കാം. ഒന്നുകിൽ ഡിജിറ്റലായി ട്രാക് ചെയ്യാം. അല്ലെങ്കിൽ കലണ്ടറിൽ അടയാളപ്പെടുത്താം.. മാസാവസാനം തിരിഞ്ഞു നോക്കുമ്പോൾ കിട്ടുന്ന അഭിമാനം നിങ്ങളെ മുന്നോട്ട് നയിക്കും.