ADVERTISEMENT

പ്ലസ്‌ടു ഫലം വന്നതോടെ പല വീടുകളിലും ഇപ്പോൾ ഒരേയൊരു ചോദ്യമേയുള്ളൂ– ‘ഇനി എന്തു പഠിക്കണം?’. മെഡിക്കൽ ആണോ എൻജിനീയറിങ് ആ ണോ നല്ലത്? വേഗം ജോലി കിട്ടുന്ന, ഉയർന്ന ശമ്പളമുള്ള കോഴ്സ് ഏതാണ്? കരിയർ കൗൺസിലർമാർ സ്ഥിരമായി കേൾക്കുന്ന ഈ ചോദ്യങ്ങൾക്കു വിവിധതരം കോഴ്സുകൾ വിശകലനം ചെയ്തുകൊണ്ടുള്ള മറുപടിയാണു നൽകാറുള്ളത്.

ഉയർന്ന ശമ്പളം ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പണം മാത്രം ലക്ഷ്യമായി കരിയർ തിരഞ്ഞെടുക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. പലരുടെയും യഥാർഥ ലക്ഷ്യവും താൽപര്യവും മാറിപ്പോകാം.

ADVERTISEMENT

‘ഇന്ത്യയിൽ 65 ശതമാനത്തിലധികം ആളുകൾ ഒട്ടും സംതൃപ്തിയില്ലാത്ത തൊഴിൽ മേഖലകളിലാണ് ജോലി ചെയ്യുന്നത്.’ എന്നാണ് അടുത്തിടെ വന്ന പഠനങ്ങൾ പറയുന്നത്. അതുകൊണ്ടു വരുമാനത്തിനൊപ്പം സന്തോഷത്തിനു കൂടി പ്രാധാന്യം നൽകി വേണം കരിയർ പ്ലാൻ ചെയ്യാൻ. അതിനുള്ള തുടക്കം ഉപരിപഠനം തിരഞ്ഞെടുക്കുന്നതു മുതൽ ആരംഭിക്കുന്നു. പ്ലസ് ടു കഴിഞ്ഞുള്ള കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ പ്രഥമപരിഗണന നൽകേണ്ടതു വിദ്യാർഥിയുടെ താൽപര്യത്തിനാണ്.

പ്ലസ്‌ടു തലത്തിൽ നമുക്കു പ്രധാനമായും മൂന്നു സ്ട്രീമുകളാണുള്ളത്: സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്. ഇ തിൽ സയൻസ് സ്ട്രീം എടുത്തവർക്കുള്ള ഉപരിപഠന സാധ്യതകൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം. സയൻസിൽ തന്നെ പ്രധാനമായും മൂന്ന് കോംബിനേഷനുകളാണുള്ളത്:

ADVERTISEMENT

1. ബയോ-മാത്തമാറ്റിക്സ്: ഫിസിക്സ്, കെമിസ്ട്രി, ബ യോളജി, മാത്തമാറ്റിക്സ് എന്നിവയടങ്ങിയ ഈ സ്ട്രീമിന് ഉപരിപഠന സാധ്യതയുണ്ട്.

2. കംപ്യൂട്ടർ സയൻസ്: ബയോളജിക്ക് പകരം കംപ്യൂട്ടർ സയൻസ് ഉൾപ്പെടുത്തിയത്.

ADVERTISEMENT

3. ബയോളജി ഗ്രൂപ്പ്: മാത്‌സ് ഒഴിവാക്കി പകരം ഹോം സയൻസ്, സൈക്കോളജി തുടങ്ങിയവ ഉൾപ്പെടുത്തിയത്.

പ്ലസ്‌ടു സയൻസ് കഴിഞ്ഞവർക്കുള്ള ഉപരിപഠന സാധ്യതകളെ പ്രധാനമായും അഞ്ച് മേഖലകളായി തിരിക്കാം:

1. പ്രഫഷനൽ & അലൈഡ് കോഴ്സുകൾ

സയൻസ് ഉൾപ്പെടുത്തിയ പ്ലസ്‌ടു പഠിച്ചവർക്ക് ഈ മേഖലയിൽ ഒട്ടേറെ അവസരങ്ങളുണ്ട്.

ക്ലിനിക്കൽ പ്രാക്ടീസ് കോഴ്സുകൾ: എംബിബിഎസ് (MBBS), ബിഡിഎസ് (BDS), ആയുർവേദ (BAMS), ഹോമിയോ (BHMS), സിദ്ധ, യുനാനി, നാച്ചുറോപ്പതി എന്നീ കോഴ്സുകളിലേക്ക് നീറ്റ് (NEET) പരീക്ഷയിലൂടെയാണ് പ്രവേശനം.

അലൈഡ് സയൻസ്: അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി സയൻസ് എന്നിവ. കേരളത്തിൽ നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. എന്നാൽ, അഖിലേന്ത്യാ ക്വോട്ടയിലെ വെറ്ററിനറി സീറ്റുകളിലേക്ക് ‘വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ’ പ്രവേശനം നടത്തുന്നു. അഗ്രിക്കൾച്ചർ പോലുള്ള മറ്റു കോഴ്സുകളുടെ ഓൾ ഇന്ത്യ ക്വാട്ടയിലേക്ക് 'ക്യൂയറ്റ്' (CUET) പരീക്ഷയാണ് പ്രവേശന മാനദണ്ഡം.

ഗവേഷണ സാധ്യതകൾ: ബയോടെക്നോളജി, ജനറ്റിക്സ് എന്നിവ ഗവേഷണ പ്രാധാന്യമുള്ളതും ഉയർന്ന ഉപരിപഠന സാധ്യതയുള്ളതുമായ കോമ്പിനേഷനാണ്.

2. പാരാമെഡിക്കൽ & ഹെൽത് സയൻസ്

ആരോഗ്യമേഖലയിൽ ഡോക്ടർമാർക്ക് പുറമേ വലിയ തൊഴിൽ സാധ്യതയുള്ള വിഭാഗമാണിത്.

ഡെവലപ്പിങ് കോഴ്സുകൾ: ബി.എസ്‌സി നഴ്സിങ് (ന ഴ്സിങ്ങിനെ സാധാരണയായി പാരാമെഡിക്കലിൽ പെടുത്താറില്ലെങ്കിലും സൗകര്യത്തിനായി ഇവിടെ ഉൾപ്പെടുത്തുന്നു), ബിഎസ്‌സി എംഎൽടി (ലാബ് ടെക്നോളജി), ബിഫാം/ഫാംഡി എന്നിവ ഒരേസമയം മികച്ച തൊഴിൽ അ വസരങ്ങളും ഉപരിപഠന സാധ്യതയുമുള്ള കോഴ്സുകളാണ്. കേരളത്തിൽ ഫാർമസി കോഴ്സുകളിലേക്ക് 'കീം' (KEAM) പരീക്ഷ വഴിയും, നഴ്സിങ് ഉൾപ്പെടെയുള്ള മറ്റ് കോഴ്സുകളിലേക്ക് പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ‘എൽബിഎസ്’ (LBS) വഴിയുമാണ പ്രവേശനം.

ടെർമിനൽ കോഴ്സുകൾ: കാർഡിയാക് വാസ്കുലർ ടെക്നോളജി, മെഡിക്കൽ ഇമേജിങ് ടെക്നോളജി, റേഡിയോ തെറപി, എമർജൻസി കെയർ, റെസ്പിറേറ്ററി ടെക്നോളജി, അനസ്തീസ്യ & ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, ഒപ്റ്റോമെട്രി, പെർഫ്യൂഷൻ ടെക്നോളജി എന്നിവ ഇതിൽ വരുന്നു. ഈ കോഴ്സുകൾ പാസ്സായവർക്ക് ഉപരിപഠന സാധ്യതകൾ താരതമ്യേന കുറവായതിനാലാണ് ഇവയെ ‘ടെർമിനൽ കോഴ്സുകൾ’ എന്നു വിളിക്കുന്നത്. ഫാർമസി, എംഎൽടി ഒഴികെയുള്ള ഭൂരിഭാഗം കോഴ്സുകളും നഴ്സിങ്ങിനു ശേഷമുള്ള ഉപരിപഠനമായി ചെയ്യാനും സാധിക്കും.

കുറിപ്പ്: കോഴ്സ് തിരഞ്ഞെടുക്കും മുൻപു മുൻവിധികൾ ആവശ്യമില്ല. ആരോഗ്യമേഖലയിൽ ഏത് കോഴ്സും താൽപര്യത്തോടെ പഠിച്ചു മികച്ച മാർക്ക് വാങ്ങുന്നവർക്കു ലോകത്തെവിടെയും വൻ അവസരങ്ങളുണ്ട്.

3. റീഹാബിലിറ്റേഷൻ & അലൈഡ് ഹെൽത്ത് സയൻസ്

റീഹാബിലിറ്റേഷൻ കോഴ്സുകൾ: ഫിസിയോതെറപ്പി (BPT), ഒക്യുപ്പേഷനൽ തെറപ്പി, സ്പീച്ച് ആൻഡ് ലാങ്വേജ് പതോളജി (BASLP)/ഓഡിയോളജി എന്നിവ പ്രാക്ടീസ് ഓറിയന്റഡ് ആയ നോൺ-ക്ലിനിക്കൽ കോഴ്സുകളാണ്. ഇവർക്ക് മാസ്റ്റർ പ്രോഗ്രാമുകൾ ചെയ്യാനുള്ള വലിയ അവസരമുണ്ട്. എൽബിഎസ് വഴിയാണ് പ്രവേശനം.

അലൈഡ് ഹെൽത്ത് സയൻസ്: ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ്, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, അനാട്ടമി, ഫിസിയോളജി. ഇതിൽ അ നാട്ടമി, ഫിസിയോളജി എന്നിവ പൂർണമായും റിസർച്ച് ഓറിയന്റഡ് കോഴ്സുകളാണ്.

2716182887

4. എൻജിനീയറിങ് & ഡിസൈനിങ് മേഖല

മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചവർക്കു തിരഞ്ഞെടുക്കാവുന്ന പ്രധാന മേഖലയാണിത്. എൻജിനീയറിങ്. ഈ മേഖലയിൽ നൂറിലധികം കോഴ്സുകളുണ്ട്. സിവിൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എന്നിവയാണു പ്രധാന ശാഖകൾ.

ഡിസൈനിങ് & ആർക്കിടെക്ചർ: മാത്‌സും സയൻസും പഠിച്ച കുട്ടികൾക്ക് ബിആർക്ക് (BArch), ബിഡിസൈൻ (BDes), ബിഎഫ്എ (BFA) കോഴ്സുകളിലേക്ക് തിരിയാം. മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ചിറങ്ങുന്നവർക്ക് പ്ലേസ്‌മെന്റുകൾ ലഭിക്കാറുണ്ട്.

5. ബിരുദ കോഴ്സുകൾ

പ്രഫഷനൽ കോഴ്സുകളോട് താൽപര്യമില്ലാതെ, ക്യാംപസ് ലൈഫും വൈബും ആസ്വദിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദ കോഴ്സുകൾ തിരഞ്ഞെടുക്കാം.

പ്യൂർ സയൻസ് / ട്രഡീഷനൽ കോഴ്സുകൾ: ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ജിയോളജി എന്നിവ. അധ്യാപനം, ഗവേഷണം എന്നിവയാണ് പ്രധാന തൊഴിലുകൾ. ഫിസിക്സ്, കെമിസ്ട്രി ബിരുദധാരികൾക്ക് ഫോറൻസിക് ലാബുകളിൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, എയർ ട്രാഫിക് കൺട്രോളർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.

അപ്ലൈഡ് സയൻസ് ഡിഗ്രി: ബയോടെക്നോളജി, ബ യോകെമിസ്ട്രി, ബയോഫിസിക്സ്, മൈക്രോബയോളജി, ബയോമെഡിക്കൽ സയൻസ് എന്നിവ ഇതിൽ പെടുന്നു. വിദേശപഠനം ആഗ്രഹിക്കുന്നവർക്കും വൈറോളജി, ഇമ്യൂണോളജി, ഹെമറ്റോളജി, ജനറ്റിക്സ്, എംബ്രിയോ സ യൻസ് തുടങ്ങിയ ഗവേഷണ മേഖലകളിലേക്ക് തിരിയാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച ചോയ്സാണ്.

സെമി പ്രഫഷനൽ കോഴ്സുകൾ: കോളജുകളിൽ പഠിക്കാവുന്നതും ചെറിയ ട്രെയിനിങ്ങിലൂടെ വേഗം ജോലി ലഭിക്കുന്നതുമായ കോഴ്സുകളാണിത്. ബിസിഎ (BCA), ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിഎസ്‌സി ഫൂഡ് സയൻസ് ആൻഡ് ടെക്നോളജി എന്നിവ ഇതിൽ പെടുന്നു.

ഹ്രസ്വകാല, വൊക്കേഷനൽ കോഴ്സുകൾ

ബിവോക് (BVoc) കോഴ്സുകൾ: തിയറി പഠിക്കാൻ മ ടിയുള്ള, പ്രാക്ടിക്കൽ പരിശീലനത്തിനു മുൻഗണന നൽകുന്നവർക്കു യോജിച്ചതാണ് വൊക്കേഷനൽ ഡിഗ്രി കോഴ്സുകൾ. പാഠ്യപദ്ധതിയുടെ 60 ശതമാനവും പ്രായോഗിക പരിശീലനമാണ്. ഡയാലിസിസ്, ഓട്ടമൊബീൽ, ഒപ്റ്റോമെട്രി, എംഎൽടി മേഖലകളിൽ ബിവോക് കോഴ്സുകൾ ലഭ്യമാണ്.

ഹ്രസ്വകാല ഡിപ്ലോമ കോഴ്സുകൾ: ഫൂഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകുന്ന കോഴ്സുകൾ എല്ലാ സ്ട്രീമുകാർക്കും പഠിക്കാം. കൂടാതെ ഡിപ്ലോമ ഇൻ അ ഗ്രിക്കൾച്ചറൽ സയൻസ്, ഓർഗാനിക് അഗ്രിക്കൾച്ചർ, പഞ്ചകർമ, മീറ്റ് ടെക്നോളജി, ഓഫ്‌സെറ്റ് പ്രിന്റിങ്, ഫാഷൻ ഡിസൈനിങ്, ഫോട്ടോ ജേണലിസം എന്നിവയും പ്ലസ്ടുവിനു ശേഷം തിരഞ്ഞെടുക്കാം.

മത്സരപ്പരീക്ഷകൾ: പ്ലസ്ടു യോഗ്യതയുള്ളവർക്കായി സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ നടത്തുന്ന സി.എച്ച്.എസ്.എൽ (CHSL) പോലുള്ള നിരവധി മത്സരപ്പരീക്ഷകളുണ്ട്. ബിരുദപഠനത്തിനൊപ്പമോ അല്ലാതെയോ ഇതിനായി തയാറെടുക്കാം.

ഓർക്കുക: സയൻസ് പഠിച്ചവർക്കു വേണമെങ്കിൽ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് മേഖലകളിലെ ജനറൽ കോഴ്സുകളായ എൽഎൽബി (LLB), ബിബിഎ (BBA), ബിഎ (BA), ബികോം (B.Com) എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. വിദ്യാർഥിയുടെ അഭിരുചിയും താൽപര്യവും കൃത്യമായി മനസ്സിലാക്കി വേണം മുന്നോട്ടുള്ള വഴി തിരഞ്ഞെടുക്കാൻ.

വിവരങ്ങള്‍ക്ക് കടപ്പാട്: ജലീൽ എം. എസ്., ഡയറക്ടർ, കരിയർ ഗുരു

Choosing Your Path After Plus Two:

After Plus Two, choosing the right course is crucial for a fulfilling career. This article explores various higher education and vocational options for Science stream students, emphasizing interest over salary alone.

ADVERTISEMENT