പ്രായം വെറും നമ്പറല്ലേ... മനസ്സു വച്ചാൽ റിട്ടയർമെന്റിനു ശേഷവും പഠിപ്പിസ്റ്റാകാം. പുതിയ കോഴ്സുകൾക്കു ചേരാം, അറിയാത്ത കാര്യങ്ങൾ പഠിച്ചെടുക്കാം.
∙ മറവി തൊടില്ല. പ്രശ്നപരിഹാരത്തിനുള്ള ചിന്താശേഷി മുൻപത്തേതു പോലെ തന്നെ കൃത്യമായിരിക്കും. ഏകോപന ശേഷി മെച്ചപ്പെടും. പുതിയ പഠനങ്ങളിലൂടെ തലച്ചോർ ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ കിട്ടുന്ന എക്സ്ട്രാ മാർക്സ് ആണിതൊക്കെ.
∙ മുൻപ് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്ന വിഷയങ്ങൾ തന്നെ പഠിച്ചാൽ കൈവിട്ടു പോയ മോഹം തിരിച്ചു പിടിച്ചതിന്റെ അഭിമാനവും നിർവൃതിയും ലഭിക്കും.
∙ ഈ പ്രായത്തിലും പുതിയ കാര്യങ്ങൾ പഠിച്ചെടുത്തതിന്റെ ആത്മവിശ്വാസമാണ് വേണ്ടതെങ്കിൽ അത്തരം കോഴ്സുകൾ ചെയ്യാം. എഐ, സൈബർ സെക്യൂരിറ്റി തുടങ്ങിയ ന്യൂ ജെൻ കോഴ്സുകൾ സീനിയർ സിറ്റിസൺസിനും വഴങ്ങും.
∙ മനസ്സിനെയും ശരീരത്തെയും കൂടുതൽ അറിയാനും വിശ്രമജീവിതം സുരക്ഷിതവും ആരോഗ്യകരവുമാക്കാനുമുള്ള വഴിയായും പഠനത്തെ കാണാം. ന്യൂട്രീഷൻ, സൈക്കോളജി, ഫിസിക്കൽ വെൽനസ് തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചെടുക്കാം.
∙ ചെറിയ ഓൺലൈൻ കോഴ്സുകളിൽ തുടങ്ങാം. പഴയ വിദ്യാർഥി ഉഷാറായിക്കഴിയുമ്പോൾ ഏതു കോഴ്സും പഠിക്കാം. ഓഫ്‌ലൈൻ ക്ലാസുകളിലൂടെ പുതിയ ആളുകളെ പരിചയപ്പെടാനാകും. മാറിയ അന്തരീക്ഷം റിട്ടയർമെന്റിന്റെ വിരസതയും ഇല്ലാതാക്കും.
∙ ജീവിതശൈലിക്ക് അനുസരിച്ചു പഠനസമയം ക്രമീ കരിക്കുക. സമ്മർദങ്ങളേ വേണ്ട. 20 മിനിറ്റ് കൂടുമ്പോൾ ബ്രേക് എടുക്കാം. പഠിക്കുന്നതെന്തും നിങ്ങളുടേതായ വാക്കുകളിൽ ഓർത്തു വച്ചാൽ സിംപിളായി. എല്ലാ ആഴ്ചയും റിവിഷൻ ചെയ്യാനും ശ്രമിക്കാം.
∙ ചിലർക്ക് കണ്ണിൽ പതിയുന്നതാകും ഓർമയിൽ നിൽക്കുക. ചാർട്സ്, ഫ്ലാഷ് കാർഡ്, ഡയഗ്രം എന്നിവയാണ് ഇക്കൂട്ടരെ സഹായിക്കുക. കേൾക്കുന്നതിലൂടെ പഠിക്കാനാണ് എളുപ്പമെങ്കിൽ ഓഡിയോ ബുക്സ്, റെക്കോർഡിങ്സ് എന്നിവയെ ആശ്രയിക്കാം. എഴുതി പഠിച്ചാലേ മറക്കാതിരിക്കൂ എന്നാണെങ്കിൽ ജേണലിങ്, പ്രോജക്ട്സ് എന്നിവ ചെയ്തു പഠിക്കാം.