ADVERTISEMENT

സ്വയം പരിചയപ്പെടുത്തൽ മുതൽ വസ്ത്രധാരണം വരെ. ഒരു മികച്ച ഇന്റർവ്യൂവിന് ബയോഡേറ്റ മാത്രം പോരാ, നല്ല തയാറെടുപ്പും വേണം.

‘‘എടാ... എനിക്ക് നല്ല ടെൻഷനുണ്ട്.’’

ADVERTISEMENT

ആദ്യത്തെ ഇന്റർവ്യൂവിന് പോകുന്ന പലരുടെയും അവസ്ഥ ഇതുതന്നെയാണ്. തലേദിവസം രാത്രി നോക്കിവച്ചതൊന്നും ഓർമയില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ ആത്മവിശ്വാസവും കാണാനില്ല.

അപ്പോഴാണു കൂട്ടുകാരന്റെ ഉപദേശം. ‘‘ധൈര്യമായി പോയി സംസാരിക്ക്. എല്ലാം ശരിയാകും.’’

ADVERTISEMENT

ആ ഉപദേശം തെറ്റല്ല. പക്ഷേ, ഇന്റർവ്യൂവിൽ ശോഭിക്കാൻ ആത്മവിശ്വാസം മാത്രം പോരാ. കുറച്ച് തയാറെടുപ്പും സാമാന്യബുദ്ധിയും കൂടിയുണ്ടെങ്കിൽ ഇന്റർവ്യൂ എന്നത് പേടിക്കേണ്ട സംഭവമല്ല.

ആദ്യം ഒരു കാര്യം മനസ്സിലാക്കാം. ഇന്റർവ്യൂ എന്നത് നിങ്ങളെ ‘പിടികൂടാനുള്ള’ പരീക്ഷയല്ല. നിങ്ങളെ അടുത്തറിയാനുള്ള സംഭാഷണമാണ്. നിങ്ങളുടെ മാർക്ക് ലിസ്റ്റോ, ബയോഡേറ്റയോ അവർ ഇതിനകം കണ്ടുകഴിഞ്ഞു. ഇനി അറിയേണ്ടത് നിങ്ങളെക്കുറിച്ചാണ്. ഈ വ്യക്തിയോടൊപ്പം ഞങ്ങൾക്കു സന്തോഷത്തോടെ ജോലി ചെയ്യാൻ കഴിയുമോ? പുതിയ കാര്യങ്ങൾ പഠിക്കാൻ താൽപര്യമുള്ള ആളാണോ? ഉത്തരവാദിത്തം ഏൽപ്പിക്കാവുന്ന വ്യക്തിയാണോ? അതിനുള്ള ഉത്തരമാണ് ഇന്റർവ്യൂവിലൂടെ അവർ തേടുന്നത്. അതുകൊണ്ടു തയാറെടുപ്പും അതിനനുസരിച്ചാകണം. കമ്പനിയെക്കുറിച്ച് അറിയാതെ പോകരുത്, ഇന്റർവ്യൂവിന് പോകുന്ന പലരും ചെയ്യുന്ന തെറ്റാണ് അപേക്ഷിച്ച സ്ഥാപനത്തെക്കുറിച്ച് വേണ്ടത്ര അറിയാതെ എത്തുന്നത്.

ADVERTISEMENT

കമ്പനി എന്താണ് ചെയ്യുന്നത്, എത്ര വർഷമായി പ്രവർത്തിക്കുന്നു, പ്രധാന ഉൽപന്നങ്ങളോ സേവനങ്ങളോ എന്തൊക്കെയാണ്, അടുത്തിടെ ശ്രദ്ധേയമായ എന്തെങ്കിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടോ, നിങ്ങൾ അപേക്ഷിച്ച തസ്തികയിൽ നിന്ന് അവർ എന്താണ് പ്രതീക്ഷിക്കുന്നത്—ഇതൊക്കെ മുൻകൂട്ടി അറിഞ്ഞിരിക്കണം. ഇതൊക്കെ അറിയാൻ ഇന്ന് വെറും അഞ്ച് മിനിറ്റ് മതി. കമ്പനിയുടെ വെബ്സൈറ്റ് നോക്കുക, അവരുടെ സോഷ്യൽ മീഡിയ പേജുകളും വാർത്തകളും പരിശോധിക്കുക.

ഇന്റർവ്യൂവിൽ, ‘ഞങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് എന്തറിയാം?’ എന്നു ചോദിച്ചാൽ ആത്മവിശ്വാസത്തോടെ മറുപടി നൽകാൻ ഇതു സഹായിക്കും. അതിലുപരി, ‘ഈ ജോലി എനിക്ക് ശരിക്കും താൽപര്യമുള്ളതാണ്’ എന്ന സന്ദേശം കൂടി ഈ തയാറെടുപ്പ് നൽകും.

ഇന്റർവ്യൂവിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ് ‘Tell me about yourself’. പക്ഷേ, ഏറ്റവും കൂടുതൽ പേർ പതറുന്നതും ഇവിടെയാണ്. ചിലർ പേര്, നാട്, പഠിച്ച കോളജ് എന്നിവ പറഞ്ഞ് നിർത്തും. ചിലർ ബയോഡേറ്റ മുഴുവൻ മനഃപാഠം പോലെ പറഞ്ഞുതീർക്കും. അതിന് പകരം, സുഹൃത്തിനെയോ വീട്ടിലെ ആരെയെങ്കിലും മുന്നിലിരുത്തിയോ ഒന്ന് പരിശീലിച്ചുനോക്കൂ. രണ്ടു മിനിറ്റിൽ ഒതുങ്ങുന്ന, സ്വാഭാവികമായ ഒരു പരിചയപ്പെടുത്തൽ മുൻകൂട്ടി പരിശീലിക്കുക

1. നിങ്ങൾ ആരാണ്?

2. വിദ്യാഭ്യാസ / പ്രവൃത്തി പരിചയം എന്താണ്?

3. ഈ ജോലിക്ക് അനുയോജ്യമായ പ്രധാന കഴിവ് അല്ലെങ്കിൽ കരുത്ത് എന്താണ്?

വാചകങ്ങൾ മനഃപാഠമാക്കരുത്; പരിചയപ്പെടുത്തൽ നിങ്ങളുടെ സ്വന്തം ഭാഷയിലാകണം.

കുടുംബത്തെക്കുറിച്ച് ചോദിച്ചാൽ?

‘വീട്ടിൽ ആരൊക്കെയുണ്ട്?’ എന്ന ചോദ്യം പലർക്കും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. അതു നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി വിലയിരുത്താനല്ല. നിങ്ങളെ ഒരു വ്യക്തിയായി മനസ്സിലാക്കാനുള്ള ശ്രമം മാത്രമാണ്. അച്ഛന്റെയും അമ്മയുടെയും ജോലി, സഹോദരങ്ങൾ എന്നിവ ചുരുക്കത്തിൽ പറയുക. കുടുംബപ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ വിശദമായി പറയേണ്ട സാഹചര്യമില്ലെങ്കിൽ അതിലേക്കു പോകാതിരിക്കുന്നതാണു നല്ലത്.

കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ആദരവോടെയും പോസിറ്റീവായും സംസാരിക്കുന്നത് നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് നല്ലൊരു ചിത്രം നൽകും. വസ്ത്രധാരണവും ഫസ്റ്റ് ഇംപ്രഷൻ നൽകുന്നതിൽ പ്രധാനമാണ്.

പുതിയ ഡ്രസ് വാങ്ങണോ?

‘ഇന്റർവ്യൂവിന് പുതിയ ഡ്രസ് വാങ്ങണോ?’ ഇത് പലരും ചോദിക്കുന്ന ചോദ്യമാണ്. വേണ്ട. വിലകൂടിയ ബ്രാൻഡുകളല്ല, വൃത്തിയും ഒതുക്കവുമാണ് ഇന്റർവ്യൂവിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇസ്തിരിയിട്ട വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഓഫിസിന് അനുയോജ്യമായ നിറങ്ങളും ലളിതമായ ഡിസൈനുകളും തിരഞ്ഞെടുക്കുക. അമിതമായ പെർഫ്യൂം, ശ്രദ്ധ പിടിച്ചുപറ്റുന്ന ആഭരണങ്ങൾ, മേക്കപ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.

പുരുഷന്മാർക്ക് വൃത്തിയുള്ള ഷർട്ടും ട്രൗസറും ഫോർമൽ ഷൂസും മതി. സ്ത്രീകൾക്ക് സാരിയോ സൽവാർ സ്യൂട്ടോ ഫോർമൽ വെസ്റ്റേൺ വസ്ത്രമോ—ഏത് ധരിച്ചാലും പ്രശ്നമില്ല. പ്രധാന കാര്യം, അത് ധരിക്കുമ്പോൾ നിങ്ങൾക്ക് ആത്മവിശ്വാസവും സ്വാഭാവികതയും തോന്നണം എന്നതാണ്. വൃത്തിയായി ചീകിയ മുടി, വൃത്തിയുള്ള നഖങ്ങൾ, പോളിഷ് ചെയ്ത ഷൂസ്, ക്രമമായി സൂക്ഷിച്ച സർട്ടിഫിക്കറ്റുകൾ—ഇതെല്ലാം ചേർന്നാണ് ഫസ്റ്റ് ഇംപ്രഷൻ രൂപപ്പെടുന്നത്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഇന്റർവ്യൂ നടക്കുന്ന മുറിയിലേക്ക് കയറുന്നതിന് മുൻപ് വാതിലിൽ മുട്ടി അനുവാദം വാങ്ങുക. ചെറിയൊരു പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുക. ഇരിക്കാൻ പറഞ്ഞ ശേഷം മാത്രം ഇരിക്കുക. മൊബൈൽ ഫോൺ സൈലന്റിലാക്കുക. കസേരയിൽ അമിതമായി ചാഞ്ഞിരിക്കുകയോ കൈകാലുകൾ തുടർച്ചയായി ഇളക്കുകയോ ചെയ്യരുത്. നിങ്ങളുടെ ശരീരഭാഷയും സംസാരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുക.

ചോദ്യങ്ങൾ മുഴുവൻ കേട്ടശേഷം മറുപടി പറയുക. സംസാരിക്കുമ്പോൾ ബോർഡ് അംഗങ്ങളുടെ കണ്ണിൽ നോക്കി സംസാരിക്കാം. ഒരു ചോദ്യത്തിന്റെ ഉത്തരം അറിയില്ലെങ്കിൽ തെറ്റായ മറുപടി പറയുന്നതിനേക്കാൾ നല്ലത്, ‘ആ വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കാനുണ്ട്’ എന്ന് തുറന്നു പറയാം.

നിങ്ങൾക്കും ചോദിക്കാം

ഇന്റർവ്യൂവിന്റെ അവസാനം പലപ്പോഴും ഒരു ചോദ്യം വരും. ‘ഞങ്ങളോട് എന്തെങ്കിലും ചോദിക്കാനുണ്ടോ?’

‘ഇല്ല’ എന്നു പറഞ്ഞ് അവസാനിപ്പിക്കരുത്.

ഈ ജോലിയിലെ പ്രധാന ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്, പുതിയ ഒരാൾക്ക് പരിശീലനം ലഭിക്കുമോ, വളർച്ചയ്ക്കുള്ള അവസരങ്ങൾ എങ്ങനെയാണ്—ഇത്തരം ലളിതമായ ചോദ്യങ്ങൾ ചോദിക്കാം. അത് നിങ്ങളുടെ താൽപര്യവും പക്വതയും പ്രകടമാക്കും.

പ്രത്യേകം ഒാർമിക്കുക: ഒരു കമ്പനി നിങ്ങളെ തിരഞ്ഞെടുക്കുന്നുണ്ടോ എന്നതുപോലെ തന്നെ പ്രധാനമാണ് ആ കമ്പനിയും അവിടുത്തെ തൊഴിൽ അന്തരീക്ഷവും നിങ്ങൾക്കു ചേരുന്നതാണോ എന്നു നിങ്ങൾ വിലയിരുത്തുന്നതും. ഇന്റർവ്യൂവിന് പോകുമ്പോൾ നല്ല തയാറെടുപ്പും ആത്മവിശ്വാസവും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള മനസ്സും കൂടെ കരുതുക.

അപ്പോൾ ഇന്റർവ്യൂ ഒരു ഭയപ്പെടുത്തുന്ന പരീക്ഷയല്ല, നിങ്ങളുടെ കഴിവു ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമായി മാറും. ∙

Master Your Interview: Essential Preparation Tips:

Interviewing effectively requires more than just a resume; thorough preparation is key. An interview is a conversation to get to know you better, not a test to trap you. Researching the company beforehand demonstrates genuine interest and helps you answer questions confidently. When asked to 'Tell me about yourself,' practice a concise, natural introduction highlighting your relevance to the role. Discussing family briefly and positively shows your personality. Dress neatly and appropriately, prioritizing cleanliness over brand names. Maintain good posture, listen attentively, and make eye contact during the interview. If you don't know an answer, admit it and express willingness to learn. Always ask thoughtful questions at the end, showing your engagement and maturity.

ADVERTISEMENT