യൂത്തിനെ ഡാൻസ് ചെയ്യിച്ച കാശ് പണം ദുട്ട് മണി മണി... മുതൽ പവിഴമല്ലി വരെ... കൊറിയോഗ്രഫർ ഷെരിഫിന്റെ ചുവടുകളെല്ലാം ട്രെൻഡാണ്..
1,2,3,4... ഗെറ്റ് ഓൺ ദ് ഡാൻസ് ഫ്ലോർ...
കോയമ്പത്തൂർ ഉക്കടത്തുള്ള വീട്ടിൽ നിന്നു സ്കൂൾ യൂണിഫോമിട്ടാണ് ഇറങ്ങുക. പക്ഷേ, ബാഗിലെപ്പോഴും ഡാൻസ് കോസ്റ്റ്യൂമുണ്ടാകും. എവിടെ ഡാൻസ് കോംപറ്റീഷനുണ്ടെന്നു കേട്ടാലും നേരെ അവിടേക്കു പോകും. അന്നു നേടിയ സമ്മാനങ്ങളാണ് എന്റെ ചുവടുകൾക്കു ധൈര്യം തന്നത്.
ചെറുപ്പത്തിലേ ഡാൻസ് പഠിപ്പിക്കാൻ ചേർത്തത് അച്ഛനുമമ്മയുമാണ്. പഠനത്തേക്കാൾ താൽപര്യം ഡാൻസിനോടാണെന്നു വന്നപ്പോൾ മിക്ക മാതാപിതാക്കളേയും പോലെ അവരും എതിർത്തു. വളരെ കൺസർവേറ്റീവായ കുടുംബപശ്ഛാത്തലത്തിൽ നിന്നു വന്നതിന്റെ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. ഇതൊന്നും പക്ഷേ, എന്റെ മനസ്സു മാറ്റിയില്ല.
2003ൽ സ്വന്തമായി ഡാൻസ് സ്കൂൾ തുടങ്ങി. 2009ൽ ‘ഉങ്കളിൽ യാര് അടുത്ത പ്രഭുദേവ’ എന്ന റിയാലിറ്റി ഷോയിൽ വിജയിച്ചതോടെ ഷെരിഫ് എന്ന ഡാൻസറെ ആളുകൾ സ്നേഹിച്ചുതുടങ്ങി. പിന്നീട് ഡാൻസ് മാസ്റ്റർ ഷെരിഫ് ആകാനുള്ള യാത്രയായിരുന്നു. 2013 ലാണ് സിനിമയിലേക്കു ചുവടുവച്ചത്. സൂതു കവ്വും സിനിമയിലെ കാശ് പണം ദുട്ട് മണി മണി... ഇപ്പോഴും ആ ആദ്യ ഡാൻസ് നമ്പർ ഹിറ്റാണ്.
ഡാൻസിനോട് അഡാർ ലവ്
ആശാബ്ലാക് ആണ് മലയാളത്തിലെ ആദ്യ സിനിമ. പിന്നീട് ഒരു അഡാർ ലവ്, ആറാട്ട്, അജഗജാന്തരം, കിങ് ഓഫ് കൊത്ത, സുമതിവളവ്, പള്ളിചട്ടമ്പി തുടങ്ങി ലിസ്റ്റ് നീളും. ഒള്ളുലേര്... കലാപക്കാരാ... ഈ പാട്ടുകളിലെ ചുവടുകൾ റീലുകളിൽ ട്രെൻഡിങ്ങായി.
‘കാട്ടുചെമ്പകം പൂത്തോട്ടെ...’ പോലുള്ള പാട്ടുകളിൽ ഡാൻസ് ഇല്ലല്ലോ, പിന്നെയെന്താണ് കൊറിയോഗ്രഫറുടെ ജോലിയെന്നു പലരും ചോദിക്കും. പാട്ടിലെ ചിരിയും നോട്ടവും പോലും താളത്തിനൊത്തു ചിട്ടപ്പെടുത്തുന്നത് കൊറിയോഗ്രഫറാണ്. സംവിധായകന്റെ റോൾ കൂടി ചെയ്യുന്ന ഇത്തരം പാട്ടുകളോട് ഇപ്പോൾ പ്രത്യേക ഇഷ്ടമുണ്ട്.
കണ്ണു കൊണ്ടു കാണാനാകുന്ന പാട്ടാണു നൃത്തം. അതുകൊണ്ടുതന്നെ ചുവടുകൾ ഒരുക്കുക മാത്രമല്ല, ക്യാമറ ആംഗിൾ മുതൽ ഓരോ ഫ്രെയിമിനും ഇണങ്ങുന്ന വസ്ത്രങ്ങളുടെ നിറം വരെ നിര്‍ദേശിക്കാറുണ്ട്. ഇതുവരെ 260 പാട്ടുകൾക്കു കൊറിയോഗ്രഫി ചെയ്തു. ‘ഇവൻ എന്നമോ വ്യത്യാസമാ പൺറേൻ’ എന്ന് ചുറ്റുമുള്ളവർ ചിന്തിക്കുന്നതാണ് എന്റെ ഫ്യുവൽ.
6 ലക്ഷത്തിലധികം റീൽ
മ്യൂസിക് വിഡിയോയിൽ നിന്നു വിട്ടുനിൽക്കാം എന്നു ചിന്തിച്ച സമയത്താണ് ‘പവിഴമല്ലി’ വരുന്നത്. എനിക്ക് ഏറെ കയ്യടി നേടിത്തന്ന റെട്രോയിലെ ‘ക നിമാ...’ എന്ന സിംഗിൾ ഷോട്ട് വെഡ്ഡിങ് സോങ്ങായിരുന്നു റഫറൻസ്. അതിനു കിടപിടിക്കുന്ന വൈബ് വേണം എന്ന ഡിമാൻഡിൽ നിന്നാണ് പവിഴമല്ലി ഒരു തട്ടുപൊളിപ്പൻ കല്യാണപാട്ടായി കിടിലൻ ഹൂക് സ്റ്റെപ്പോടെ പിറന്നത്. ഈ ഓണക്കാലം കഴിഞ്ഞതോടെ ആറു ലക്ഷത്തിലധികം റീലുകൾ ഈ പാട്ടിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
പ്രഭുദേവ സാറിന്റെ ഡാൻസ് കണ്ടു കൊതിച്ച് ഈ ഫീൽഡിലേക്കു വന്നയാളാണ് ഞാൻ. പക്ഷേ, അദ്ദേഹത്തിനു വേണ്ടി ഇതുവരെ കൊറിയോഗ്രഫി ചെയ്യാനായിട്ടില്ല. ആ അവസരമാണ് ഇനിയുള്ള സ്വപ്നം. ബോളിവുഡ് എൻട്രിയും ഉടനെയുണ്ടാകുമെന്നാണു പ്രതീക്ഷ.
കുടുംബത്തിന്റെ പിന്തുണയാണ് ഇപ്പോൾ കരുത്തും സന്തോഷവും. ഭാര്യ മദിനയും പ്ലസ് വണ്ണിനും ഏഴാം ക്ലാസ്സിലും പഠിക്കുന്ന മക്കൾ മുഹമ്മദ് ആര്യനും മുഹമ്മദ് അൽമനും ഡാൻസിന്റെ ഫാൻസാണ്.