ADVERTISEMENT

ശിവാനി എന്ന പെൺകുട്ടിക്ക് അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. അന്നുവരെ ഫോട്ടോകളിൽ മാത്രം കണ്ടിട്ടുള്ള ഇന്ത്യൻ പാർലമെന്റിന്റെ ഇടനാഴികളിൽ അവൾ കാലുറപ്പിച്ചു നടന്നു.
വേദിയിലേക്കു കയറും മുൻപ് ഒരു നിമിഷം അവിടെ സന്നിഹിതരായവർ ആരൊക്കെയെന്ന് നോക്കി – കേന്ദ്രമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മത്സരാർഥികൾ... ഒരു മാസത്തിലേറെക്കാലം മനസ്സിൽ ഉരുവിട്ടു ചിട്ടപ്പെടുത്തിയ പ്രസംഗം അവർക്കു മുന്നിൽ അവൾ അവതരിപ്പിച്ചു. ‘വികസിത് ഭാരത് യൂത്ത് പാർലമെന്റ് 2026’ വേദിയിൽ നാരീസുരക്ഷയും വനിതകളുടെ ശക്തിയും ഓർമപ്പെടുത്തിയുള്ള പ്രസംഗം പൂർത്തിയാക്കിയപ്പോൾ പാർലമെന്റ് ഹാളിനെ പുളകംകൊള്ളിച്ച് കരഘോഷം മുഴങ്ങി.
കോഴിക്കോട് സ്വദേശിയും ഫിസിക്സ് ബിരുദാനന്തരബിരുദ വിദ്യാർഥിനിയുമായ ശിവാനി സോജലിന് ഇതുവരെയുള്ള ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ വേദിയായിരുന്നു ഇന്ത്യൻ പാർലമെന്റിലേത്.

‘‘സംസ്ഥാനതലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. എ ന്നാൽ, ആദ്യ ശ്രമത്തിൽ തന്നെ നാഷനൽ ലെവൽ എൻട്രി കിട്ടി. ഭരണഘടന രൂപപ്പെട്ട അതേ സെൻട്രൽ ഹാളിൽ നിന്നു സംസാരിച്ചു. ലോക്സഭയും രാജ്യസഭയും കണ്ടു. ജീവിതത്തിൽ കുറേ സ്ട്രഗിൾ ചെയ്യേണ്ടിവന്നാലും നമ്മൾ ആഗ്രഹിക്കുന്ന ഇടത്തേക്ക് ഒരിക്കൽ എത്തിച്ചേരാൻ കഴിയുമെന്ന് എനിക്കു മനസ്സിലാക്കിത്തന്ന വേദിയായിരുന്നു അത്.’’ ഡൽഹിയിൽ പോയി പ്രസംഗിച്ചതിന്റെ അദ്ഭുതംവിട്ടുമാറാതെ ശിവാനി പറഞ്ഞു.
ടെലിവിഷൻ അവതാരക, ഡാൻസർ, ഡബ്ബിങ് ആർട്ടിസ്റ്റ്, മോഡൽ, മോട്ടിവേഷണൽ സ്പീക്കർ...ഇങ്ങനെ വേദികളിൽ നിറഞ്ഞു നിൽക്കുന്ന ശിവാനി പ്രസംഗവേദിയിലും തിളങ്ങിയപ്പോൾ മനസ്സുതുറന്നു പുഞ്ചിരിക്കുന്ന രണ്ടു ഹൃദയങ്ങളുണ്ട് കോഴിക്കോട് ‘അതുല്യം’ വീട്ടിൽ – ശിവാനിയുടെ അമ്മ ദീപയും അമ്മൂമ്മ ശാന്തയും.

sivani1
അമ്മൂമ്മയ്ക്കും അമ്മയ്ക്കുമൊപ്പം ശിവാനി
ADVERTISEMENT

പ്രസന്റേഷൻ സ്കൂളിൽ നിന്ന് യുകെജി കഴിഞ്ഞ കാലം മുതൽ കലാവേദികളിൽ നിറസാന്നിധ്യമാണു ശിവാനി. ഒ ന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ സിൽവർ ഹിൽസിൽ. പിന്നീട് സെന്റ് ജോസഫ്സ് ദേവഗിരി കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം.
കലോത്സവ വേദികളിൽ സമ്മാനങ്ങൾ വാങ്ങിക്കൂട്ടുമ്പോഴും പഠനത്തിനു തന്നെയായിരുന്നു ശിവാനിയുടെ പ്രഥമ പരിഗണന. കാരണം, അവൾക്കറിയാം അമ്മയുടെയും അമ്മൂമ്മയുടെ ഏക ആശ്രയവും പ്രതീക്ഷയും താനാണെന്ന്. നല്ലൊരു ജോലി സമ്പാദിക്കുകയെന്ന ലക്ഷ്യമാണ് പ്രൊവിഡൻസ് വിമൻസ് കോളേജിലെ എംഎസ്‌സി ഫിസിക്സ് വിദ്യാർഥിനിയായ ശിവാനിയുടെ മനസ്സിലുള്ളത്.
‘‘കലാപരിപാടികളിൽ പങ്കെടുക്കുമെങ്കിലും എക്സാം സമയം പൂർണമായും പഠനത്തിനു മാത്രമായി മാറ്റിവയ്ക്കുകയാണു പതിവ്. വരുമാനം കിട്ടുന്ന വേദികളിലേക്കു ക്ഷണം കിട്ടിയാൽ അപ്പോഴും അവതാരകയായി പോകാറുണ്ട്. പഠനത്തിനൊപ്പം വീട്ടിലെ കാര്യങ്ങളും നടക്കണമല്ലോ? ’’ പാഠപുസ്തകത്തിനു മുകളിൽ ജീവിതത്തിന്റെ സിലബസ് നിവർത്തി കാണിക്കുകയാണു ശിവാനി.
‘‘കലാപരമായ താൽപര്യം പാരമ്പര്യമാണെന്നു പറയാം. പഠനകാലത്ത് ഒപ്പനയിലെ സ്ഥിരം മണവാട്ടിയായിരുന്നു അമ്മ ദീപ മുണ്ടശേരി. അമ്മൂമ്മയ്ക്കും നൃത്തം വലിയ ഇഷ്ടമാണ്. നിലമ്പൂരാണു ഞങ്ങളുടെ തറവാട്. കുട്ടിക്കാലത്ത് ഒരുപാടു കഷ്ടപ്പാടുകൾ കടന്നാണ് ഇവിടെ വരെയെത്തിയത്. പക്ഷാഘാതം സംഭവിച്ച് ഏറെക്കാലം തളർന്നു കിടപ്പിലായ ശേഷം നാലു വർഷം മുൻപായിരുന്നു അ ച്ഛൻ പി. വേണുഗോപാലന്റെ വേർപാട്. പിന്നീട് അമ്മയാണ് എന്റെ ആശ്രയവും ശക്തിയും. ഇന്ത്യൻ പാർലമെന്റിൽ സ്ത്രീശാക്തീകരണം എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിച്ചപ്പോഴും അമ്മയുടെ മുഖമായിരുന്നു മനസ്സിൽ. ’’‘‘ഡൽഹിയിലെത്തിയ ശേഷം അശോക ഹോട്ടലിലായിരുന്നു താമസം. അമ്മയും ഒപ്പം വന്നിരുന്നു. യാത്രയും മറ്റു സൗകര്യങ്ങളും കേന്ദ്രമന്ത്രാലയമാണ് ഒരുക്കിയത്. അവിടുത്തെ വേദിയിൽ ഞാൻ മുന്നോട്ടുവച്ച ആശയങ്ങൾക്ക് സ്വീകാര്യത ലഭിച്ചു. പലരും അതു തുറന്നു പറഞ്ഞു. അതിന്റെ വിഡിയോയ്ക്ക് ഇൻസ്റ്റഗ്രാമിലും നല്ല റിവ്യൂ കിട്ടി.
ഇത്തരം സന്തോഷങ്ങൾക്കിടയിലും സാഹചര്യങ്ങളുടെ സങ്കടങ്ങൾ മനസ്സിനെ ഉലയ്ക്കാറുണ്ട്. എന്നു കരുതി അതുതന്നെ ആലോചിച്ചിരിക്കാറില്ല. ഒരു രാത്രി ഉറങ്ങിക്കഴിഞ്ഞാൽ അടുത്ത ദിവസം പൂർവാധികം ശക്തിയോടെ മുന്നോട്ടുപോകാൻ കഴിയുന്ന മനസ്സാണ് എന്റേത്.
മത്സരത്തിൽ പ്രതീക്ഷിച്ചപോലെ പ്രകടനം നടത്താൻ കഴിയാതെ കരയുന്നവരേയും അഗ്രഷൻ കാണിക്കുന്നവരേയുമൊക്കെ പലയിടങ്ങളിലും കണ്ടിട്ടുണ്ട്. എന്റെ വഴി അതല്ല. ഒരു വാതിൽ അടഞ്ഞാൽ അടുത്ത വഴി തിരയും. പ്രാർഥിച്ചുകൊണ്ട് കാത്തിരിക്കുന്നതിനേക്കാൾ അടുത്ത അവസരം നോക്കുന്നതാണ് മികച്ച വഴിയെന്നുള്ളതാണ് എന്റെ തിരിച്ചറിവ്. ദൈവ വിശ്വാസമില്ലാത്ത ആളല്ല. ഭാഗ്യത്തിൽ വിശ്വാസമുണ്ട്. പക്ഷേ, ആ ഭാഗ്യം ദൈവമാണോ എ ന്നു ചോദിച്ചാൽ അറിയില്ല. ഒരാളിൽ മാത്രമേ പൂർണ വിശ്വാസമുള്ളൂ, എന്റെ അമ്മയിൽ...
അച്ഛന്റെ വേർപാടുണ്ടാക്കിയ നഷ്ടത്തെ മറികടക്കുക എളുപ്പമായിരുന്നില്ല. അമ്മ ദീപയും അമ്മൂമ്മ ശാന്തയും ‘ഞാൻ ഒറ്റപ്പെട്ടു’എന്ന തോന്നലിന് ഒരിക്കലും അവസരമുണ്ടാക്കിയിട്ടില്ല. അച്ഛനില്ലാത്ത സാഹചര്യത്തിൽ എവിടെ പോകാനും അമ്മ കൂടെയുണ്ട്. അമ്മയോട് ഒന്നും ഒളിച്ചു വയ്ക്കാറില്ല. മനസ്സിൽ എന്തെങ്കിലും സങ്കടം തോന്നിയാൽ ആദ്യം അമ്മയോടാണു പറയാറുള്ളത്. അതു ഞാൻ പറയുന്നതിനു മുൻപേ അമ്മ മനസ്സിലാക്കിയിട്ടുണ്ടാകും.’’
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വനിതാ ശാക്തീകരണത്തെക്കുറിച്ച് ഉറക്കെയുറക്കെ സംസാരിച്ച പെൺകുട്ടിയുടെ ശബ്ദത്തിന് രണ്ടു തലമുറകളുടെ അനുഗ്രഹം തുണയായുണ്ട്. ശിവാനി നേടിയെടുക്കുന്ന പുരസ്കാരങ്ങളും സമ്മാനങ്ങളും അതിനു സാക്ഷ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT