അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഐസോൺ എന്ന വാൽനക്ഷത്രത്തെ കുറിച്ച് ആര്യ ഒരു പ്രോജക്ട് തയാറാക്കിയത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിനു വേണ്ടിയായിരുന്നു അത്.
വാൽനക്ഷത്രത്തിന്റെ ‘വാലിൽ പിടിച്ചുള്ള’ ആ ദിവസങ്ങൾ ആര്യയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇന്ത്യയിലെ മുൻനിര ശാസ്ത്രഗവേഷണ പഠന സ്ഥാപനമായ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) നിന്നു ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ആസ്ട്രോ ബയോളജിയിൽ ഗവേഷണത്തിന് ഒരുങ്ങുകയാണ് ഇന്ന് ആര്യ രാജ്.
സെറിബ്രൽ പാൾസി മൂലം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ആര്യ ആരോഗ്യപ്രശ്നങ്ങളോടും മല്ലിട്ടാണ് ഈ വിജയം സ്വന്തമാക്കിയത്. വേഗത്തിൽ എഴുതാനാകാത്ത, നിൽക്കാനും എഴുന്നേറ്റു നടക്കാനും പരസഹായം വേണ്ടിവരുന്ന ആര്യയ്ക്കു വസ്ത്രം മാറുന്നതടക്കമുള്ള പ്രാഥമിക ആവശ്യങ്ങൾക്കു പോലും മറ്റൊരാളുടെ സഹായം വേണം. ഇവളുടെ സ്വപ്നങ്ങൾ പ്രകാശവർഷങ്ങൾക്കപ്പുറമെന്നു തോന്നുന്നവരോട് ആര്യ ഇങ്ങനെ പറയും, ‘‘ഞങ്ങളെ ശരീരത്തിന്റെ കരുത്തു കൊണ്ടല്ല അളക്കേണ്ടത്. മനസ്സിന്റെ ഉറപ്പു കൊണ്ടു കൂടിയാണ്.’’
ആരുടെ തെറ്റ് ?
കോഴിക്കോട് വടകരയിലാണ് ആര്യയുടെ വീട്. സിവിൽ എൻജീനിയറായ രാജീവിനും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥയായ പുഷ്പജയ്ക്കും ആദ്യം ജനിച്ചത് മകനാണ്, അർജുൻ. അഞ്ചര വർഷത്തിനിപ്പുറം ആര്യ. മാഹിയിലെ ആശുപത്രിയിലെ പ്രസവവും തുടർന്ന് അമ്മയ്ക്കു നടത്തിയ ശസ്ത്രക്രിയയുമൊക്കെ മോളുടെ ജീവിതഗതി മാറ്റിയെന്ന് അച്ഛൻ രാജീവ് പറയുന്നു.
‘‘ജനിച്ചപ്പോൾ ആര്യ പൂർണ ആരോഗ്യവതിയായിരുന്നു. പിറ്റേ ദിവസം തന്നെ പ്രസവം നിർത്തൽ സർജറി നടത്തി. പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ അമ്മയ്ക്കൊപ്പമായിരുന്ന കുഞ്ഞിന്റെ കണ്ണിനു മഞ്ഞനിറം കണ്ട് നഴ്സുമാരോടു കാര്യം പറഞ്ഞെങ്കിലും നവജാതശിശുക്കളിൽ സാധാരണമാണെന്നു പറഞ്ഞു രക്തപരിശോധന നടത്താനൊന്നും അവർ തയാറായില്ല.
ഏഴു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തിയ ഉടനേ പീഡിയാട്രീഷ്യനായ ഡോ. ബാബു ഫ്രാൻസിസിനെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം രക്തപരിശോധന നടത്തിയപ്പോൾ ബിലിറുബിൻ അളവ് 34 എന്നു കണ്ടു. ജനിച്ച് ഏഴു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഇതു വളരെ കൂടുതലാണത്രേ.
തിരിച്ചുകിട്ടിയ ജീവൻ
എത്രയും വേഗം കുഞ്ഞിനെ മെഡിക്കൽ കോളജിലെത്തിച്ചു രക്തം ട്രാൻസ്ഫ്യൂഷൻ ചെയ്യാൻ അദ്ദേഹം പറഞ്ഞു. അങ്ങനെ മോളുടെ ജീവൻ തിരിച്ചു കിട്ടി. പക്ഷേ, പ്രശ്നങ്ങൾ അവിടെ തീർന്നില്ല. മൂന്നു മാസമായിട്ടു കുഞ്ഞു കമിഴ്ന്നു വീണില്ല. വീണ്ടും ഡോക്ടറുടെ നിർേദശപ്രകാരം ഫിസിയോതെറാപ്പി ചികിത്സകൾ ചെയ്തു.
വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രശ്നങ്ങൾ കണ്ടു. മരുന്നുകളും ചികിത്സയും ഉഴിച്ചിലുമൊക്കെയായി ആശുപത്രിക്കാലമായിരുന്നു പിന്നെ. കോഴിക്കോട് ഗവ. ആയുർവേദ ആശുപത്രി മുതൽ ബെംഗളൂരു നിംഹാൻസിലും മണിപ്പാൽ, വെല്ലൂർ മെഡിക്കൽ കോളജുകളിലുമൊക്കെ മോളെ ചികിത്സിച്ചു.
ജനിച്ചയുടനേ പിടിപെട്ട മഞ്ഞപ്പിത്തം തലച്ചോറിലേക്കു വ്യാപിച്ചിരുന്നെന്നും, അങ്ങനെ ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന സെറിബെല്ലത്തിന്റെ കുറച്ചു ഭാഗം തകരാറിലായതാണ് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമെന്നും ഡോക്ടർ പറഞ്ഞതുകേട്ട് ഞങ്ങൾ തകർന്നുപോയി.
നാലു വയസ്സായിട്ടും മോൾക്ക് ഇരിക്കാനായില്ല. ഇരുവശത്തും തലയണകൾ അടുക്കിവച്ച് ഇരുത്തി ശീലിപ്പിച്ചു. അതോടെ സ്കൂളിൽ പോണമെന്ന വാശിയായി.
പഠിക്കാൻ മിടുമിടുക്കി
അങ്ങനെ ഞങ്ങൾ കോഴിക്കോടേക്ക് താമസം മാറി. വെസ്റ്റ് ഹിൽ ഗവ.യുപി സ്കൂളിലേക്കു വീട്ടിൽ നിന്നു ബൈക്കിലാണു കൊണ്ടുപോകുക. എന്റെയും ഭാര്യയുടെയും നടുക്കു മോളെയിരുത്തും. രണ്ടാം ക്ലാസ്സു മുതൽ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. കാര്യങ്ങൾ നന്നായി ഓർത്തിരിക്കുന്നു എന്നു പറഞ്ഞ് ടീച്ചർമാരാണു പ്രോത്സാഹിപ്പിച്ചത്. അവർ മുൻകൈ എടുത്ത് നാലാം ക്ലാസ്സിൽ എൽഎസ്എസ് സ്കോളർഷിപ് പരീക്ഷ എഴുതിച്ചു. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ എൽഎസ്എസ് ജേതാവായി മോൾ. ആ ദിവസം ഞങ്ങൾക്കു മറക്കാനാകില്ല.
അഞ്ചാം ക്ലാസ്സിൽ നടക്കാവ് ഗവൺമെന്റ് ഗേൾസ് സ്കൂളിലേക്കു മാറി. അവിടെയും ക്വിസ് മത്സരങ്ങളിൽ സജീവമായി. ഹിന്ദി പ്രസംഗത്തിനു ജില്ലാതലത്തിൽ മത്സരിച്ചിട്ടുണ്ട്. ഏഴാം ക്ലാസ്സിൽ വച്ച് യുഎസ്എസ് സ്കോളർഷിപ് സബ്ജില്ലയിലെ ടോപ് സ്കോറിൽ പാസ്സായി. ശാരീരികവെല്ലുവിളികളുള്ള കുട്ടി എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ പാസ്സായി എന്ന ചരിത്രനേട്ടം കൂടിയായി അത്. പ്രേംജിത്ത് മാഷും ജലീൽ മാഷുമാണ് കോച്ചിങ് നൽകിയത്. അപ്പോഴും ഷബാന ആൻഡ് ഫൈസൽ ഫൗണ്ടേഷന്റെ സഹായത്തോടെ ഫിസിയോതെറപിയും സ്പീച്ച് തെറപിയും തുടരുന്നുണ്ടായിരുന്നു.’’
പിന്നാലെ നിരവധി നേട്ടങ്ങൾ ആര്യയെ തേടിയെത്തി. യുണിസെഫ് ചൈൽഡ് അച്ചീവർ അവാർഡ്, കേരള സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം, കേരള സാമൂഹിക നീതിവകുപ്പിന്റെ നാഷനൽ ലെവൽ അച്ചീവ്മെന്റ് അവാർഡ്... ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ വച്ചു ശാസ്ത്രജ്ഞരുമായി ആര്യ ചർച്ച നടത്തുകയും, യുഎൽ സ്പേസ് ക്ലബ് പ്ലാറ്റ്ഫോമിലൂടെ ആസ്ട്രോ ബയോളജിയുടെ പ്രാധാന്യത്തെക്കുറിച്ച് വെബിനാർ നടത്തുകയും ചെയ്തു.
സർവശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ആര്യ മോട്ടിവേഷനൽ ക്ലാസും എടുത്തു. അക്കാദമിക്, ഇതര പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റുകൾ നേടിയ ഭിന്നശേഷിക്കാരിയായ കൗമാരക്കാരി എന്ന നിലയിൽ 2023ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചു.
ആകാശത്തുറച്ച സ്വപ്നം
അച്ഛൻ സംസാരിച്ചു നിർത്തിയിടത്തു നിന്നു ബാക്കി പറഞ്ഞത് ആര്യയാണ്. ‘‘യുഎസ്എസ് വിജയത്തെ തുടർന്ന് യുഎൽസിസിയുടെ ആഭിമുഖ്യത്തിലുള്ള വാഗ്ഭടാനന്ദ എജ്യൂക്കേഷനൽ സൊസൈറ്റി നടത്തുന്ന ടാലന്റ് ഹണ്ട് പരീക്ഷയെഴുതി.
അവിടെനിന്നാണ് ആസ്ട്രോണമിയിലും സ്പേസ് സയൻസിലും താൽപ്പര്യമുള്ള കുട്ടികൾക്ക് ഒത്തുകൂടാൻ വഴിയൊരുക്കുന്ന ഐഎസ്ആർഓയുടെ അംഗീകാരമുള്ള യുഎൽ സ്പേസ് ക്ലബിലെത്തിയത്. കുട്ടി സാറിന്റെയും ഷജിൽ മാഷിന്റെയുമൊക്കെ നേതൃത്വത്തിലുള്ള ക്ലബ്ബിന്റെ ക്യാംപിൽ വച്ച് വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞരെ പരിചയപ്പെടാനും അനുഭവങ്ങൾ കേൾക്കാനും അവസരം കിട്ടി. പിഎസ്എൽവി, വിഎസ്എസ്സി എന്നിവ സന്ദർശിക്കാനായതാണു ആ മേഖലയിലേക്കു താത്പര്യം കൂട്ടിയത്. ഭൂമിക്കു പുറത്തുള്ള ഗ്രഹങ്ങളും അവയുടെ അന്തരീക്ഷവും അവിടെ ജീവനുണ്ടോ എന്ന അന്വേഷണവും ഒക്കെ ത്രില്ലർ സ്വപ്നമായി ഉറക്കം കെടുത്തി.
പത്താം ക്ലാസ്സിലും പ്ലസ്ടുവിനും എല്ലാ വിഷയത്തിലും എ പ്ലസ് മാത്രമല്ല ഫുൾ മാർക്കും നേടിയാണു പാസ്സായത്. വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്നാണു പ്ലസ്ടു പാസ്സായത്. കൈകൊണ്ടു പേന പിടിച്ചു വേഗത്തിലെഴുതാനുള്ള ബുദ്ധിമുട്ടു കൊണ്ടു സ്ക്രൈബിന്റെ സഹായം തേടിയിരുന്നു.
സ്വപ്നം കണ്ടതെല്ലാം
ചേട്ടൻ എംബിബിഎസ്സിനു പഠിക്കുന്നതു കൊണ്ട് നീറ്റ് പരീക്ഷയെഴുതാൻ അച്ഛനും അമ്മയും പറഞ്ഞെങ്കിലും ഐസർ സ്വപ്നത്തിൽ തന്നെ ഞാൻ ഉറച്ചുനിന്നു. പക്ഷേ, അവിടെ ഒരു പ്രതിസന്ധി കാത്തിരിപ്പുണ്ടായിരുന്നു.
ഐസർ പ്രവേശന പരീക്ഷയിൽ അന്നുവരെ ആരും സ്ക്രൈബിന്റെ സഹായം തേടിയിട്ടില്ല. അതുകൊണ്ടു ഭിന്നശേഷിക്കാർക്കു പരീക്ഷയിൽ ഇളവും ഇല്ല. നിയമസഹായം തേടാൻ കൂടെനിന്നത് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ്. കുട്ടി സാർ, ജഡ്ജിമാരായ ബൈജു സാർ, ഷൈജൽ സാർ, ഡോ. റോഷൻ ബിജിലി എന്നിവരും പിന്തുണച്ചു. പരീക്ഷാ ചുമതലയുള്ള കൊൽക്കത്ത ഐസർ പ്രതിനിധികളുമായി ഗൂഗിൾ മീറ്റ് വഴി നടത്തിയ പ്രത്യേക ഹിയറിങ്ങിനൊടുവിലാണ് അധികസമയവും സ്ക്രൈബിനെയും അനുവദിച്ചു കിട്ടിയത്. ആ നിയമമാറ്റം ഇന്ത്യയിലൊട്ടാകെ ഐസർ നടപ്പാക്കുകയും ചെയ്തു.
ഐഐടി പ്രഫസറായ ജ്യോതി ബസു സാറാണ് പ്രവേശനപരീക്ഷയ്ക്ക് ഓൺലൈനായി തയാറെടുപ്പിച്ചത്. ശാരീരിക പരിമിതികളുള്ളവരുടെ വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ അഞ്ചാം സ്ഥാനത്തെത്തിയാണ് തിരുവനന്തപുരം ക്യാംപസിൽ പ്രവേശനം നേടിയത്. റസിഡൻഷ്യൽ ക്യാംപസിൽ വിദ്യാർഥികൾക്കു മാത്രമേ പ്രവേശനമുള്ളൂ. ഒറ്റയ്ക്കു കാര്യങ്ങൾ ചെയ്യാനാകില്ല എന്ന് അധികൃതരെ ധരിപ്പിച്ചതോടെ പ്രത്യേക താമസസൗകര്യം കിട്ടി. അമ്മ തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ വാങ്ങി. അ ച്ഛൻ ജോലി വിട്ട് ഒപ്പം നിന്നു. ഐസറിൽ ഫീസ് അടയ്ക്കുന്നതിലും പാലേരി രമേശൻ സാറിന്റെ നേതൃത്വത്തിലുള്ള യുഎൽസിസിയിലൂടെ സഹായം കിട്ടി.
പ്രപഞ്ചം വഴികാട്ടി
ആസ്ട്രോണമി, എവല്യൂഷണറി ബയോളജി തുടങ്ങിയ വിഷയങ്ങളിൽ വെബിനാറുകളും സെമിനാറുകളും അവതരിപ്പിക്കാൻ വലിയ ഉത്സാഹമായിരുന്നു.
കുറച്ചധികം സമയമെടുക്കുമെങ്കിലും അതിനായുള്ള പഠനറിപ്പോർട്ടുകൾ, കംപ്യൂട്ടർ പ്രോഗ്രാമിങ്, റിസർച് പ്രപ്പോസലുകൾ തുടങ്ങിയവ തനിച്ചു തന്നെ തയാറാക്കും. ആസ്ട്രോ ബയോളജിയിൽ തയാറാക്കിയ പ്രബന്ധങ്ങൾ ഐഐഎസ്ടി, ഐഎസ്ആർഒ, എൽപിഎസ്സി, വിഎസ്എസ്സി തുടങ്ങിവയിലെ ശാസ്ത്രജ്ഞരുടെ പ്രശംസ നേടിത്തന്നു. അങ്ങനെയൊരിക്കൽ കിട്ടിയ കോംപ്ലിമെന്റ്, ‘നാളെ ഇന്ത്യയുടെ സ്റ്റീഫൻ ഹോക്കിങ് ആകു’മെന്നാണ്. ആ സന്തോഷവും അനുഗ്രഹവും വലിയ മോട്ടിവേഷനായി.
എല്ലാ സെമസ്റ്ററിലും നല്ല ക്രെഡിറ്റ് സ്കോർ നേടിയാണ് ബിഎസ്– എംഎസ് പൂർത്തിയാക്കിയത്. ‘മറ്റു ഗ്രഹങ്ങളിലെ ജീവകണികകളുടെ സാന്നിധ്യം’ എന്ന വിഷയത്തിലാണ് മാസ്റ്റർ തീസിസ് ചെയ്തത്. കാനഡ, മാഗ്ഗിൽ യൂണിവേഴ്സിറ്റിയിലെ ഡോ. വിഘ്നേശ്വരൻ കൃഷ്ണമൂർത്തിയുടെ സൂപ്പർവിഷനിൽ ഐഐഎസ്ടി എർത്ത് ആൻഡ് സ്പേസ് സയൻസ് വകുപ്പുമേധാവി പ്രഫ. ആനന്ദ് നാരായണൻ, ഐസറിലെ ഡോ. മാത്യു അരുൺ എന്നിവരുടെ ഗൈഡിങ്ങിലാണ് അതു പൂർത്തിയാക്കിയത്.
ഐസറിന്റെ സഹകരണത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിൽ പ്രഫ. ശിവറാണി തിരുപ്പതിയുടെ കീഴിലും, കേന്ദ്ര അറ്റോമിക് എനർജി വകുപ്പിനു കീഴിലുള്ള ടിഐഎഫ്ആർ (ടാറ്റ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫണ്ടമെന്റൽ റിസർച്) മുംബൈയിൽ ഡോ. പ്രിയങ്ക ചതുർവേദിയുടെ കീഴിലും പ്രോജക്ടുകൾ ചെയ്യുകയാണിപ്പോൾ. കുള്ളൻ നക്ഷത്രങ്ങളെ കുറിച്ചും സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കുറിച്ചുമാണ് ആ പഠനങ്ങൾ.
വിദേശ സർവകലാശാലയിൽ നിന്ന് ആസ്ട്രോ ബയോളജിയിൽ ഗവേഷണം ചെയ്യണം. മറ്റു ഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യം തേടിയുള്ള ഗവേഷണങ്ങൾ ഇന്ത്യയിൽ വിപുലമാകണം. ശാസ്ത്രജ്ഞയായി രാജ്യത്തെ സേവിക്കണം, ഐഎസ്ആർഒ ഈ മേഖലയിൽ ലോകത്തിലെ നമ്പർ വൺ ആകണം. ഇതൊക്കെയാണു ലക്ഷ്യം...’’ ആര്യയുടെ സ്വപ്നങ്ങൾ സഫലമാക്കാൻ നക്ഷത്രങ്ങളും പ്രപഞ്ചവും കൂടെ നിൽക്കുമെന്നുറപ്പ്.