ADVERTISEMENT

തൃശൂരിലെ ലിജോ റെനി ആർക്കിടെക്ട്സ് ഒരു മാന്ത്രികപ്പെട്ടിയാണ്. പെട്ടി തുറക്കുമ്പോൾ പുറത്തു വരുന്നതെന്താണെന്ന് മുൻകൂട്ടി പറയാനാകില്ല. ഡിസൈൻ പുതുമകളിലൂടെ ആർക്കിടെക്ടുമാരെപ്പോലും ആരാധകരാക്കിയ ലിജോ റെനി ആർക്കിടെക്ട്സിന്റെ മാന്ത്രികപ്പെട്ടി ഇത്തവണ തുറന്നപ്പോൾ പുറത്തു ചാടിയത് മഴവില്ലഴകുള്ള നിറങ്ങളാണ്.

വീടിനുള്ളിൽ നിറം ഉപയോഗിച്ച് ഇത്രയേറെ പരീക്ഷണങ്ങൾ നടത്താൻ അസാമാന്യ ധൈര്യം വേണം എന്ന് പറഞ്ഞാൽ ആർക്കിടെക്ട് ലിജോ ജോസ് സമ്മതിക്കും. ‘‘ഒരു പ്രത്യേക സാഹചര്യത്തിലാണ് നിറങ്ങൾ എന്ന ആശയത്തിലെത്തിയത്. വളരെ ഊർജ്ജസ്വലരും പുതുമകളെ സ്വീകരിക്കുന്നവരുമാണ് വീട്ടുകാരായ ജിതിനും കൃഷ്ണപ്രിയയും. നിറങ്ങൾ നിറഞ്ഞ അകത്തളം എന്ന ആശയം വളരെ വിശാലമായി സ്വീകരിക്കാൻ അവർക്ക് സാധിച്ചു. വളരെ ആലോചിച്ചാണ് ഇവിടേക്കുള്ള നിറങ്ങൾ തിര‍ഞ്ഞെടുത്തത്.’’

Lijo2
ADVERTISEMENT

ഏതെല്ലാം നിറങ്ങൾ വേണം എന്നതിനെക്കുറിച്ച് ഏകദേശ ധാരണയിലെത്താൻ ഒരു വർഷത്തോളമെടുത്തെന്ന് ആർക്കിടെക്ട് പറയുന്നു. വീടിന്റെ ഓരോ ഘടകങ്ങളുടെയും നിറങ്ങൾ പരസ്പര ബന്ധിതമായതിനാലാണ് ഇത്രയും സമയമെടുത്തത്. ചിലയിടത്ത് മാത്രം നിറങ്ങൾ കൊടുക്കുന്നതിന് പരിധിയുണ്ട്. ഓരോയിടത്തുമുള്ള നിറങ്ങളുടെ ബാലൻസ് തെറ്റാനും പാടില്ല. ഇതെല്ലാം വളരെയധികം ശ്രദ്ധിച്ചു.

വെല്ലുവിളികൾ സാധ്യതകൾ

ADVERTISEMENT

ഏഴര സെന്റേയുള്ളൂ എന്നതിലേറെ പ്ലോട്ടിന്റെ ത്രികോണത്തോടു സാദൃശ്യമുള്ള ആകൃതിയും, വഴി അവസാനിക്കുന്നിടത്തെ സ്ഥാനവുമായിരുന്നു ആർക്കിടെക്ടിനു മുന്നിൽ വെല്ലുവിളിയുയർത്തിയത്. ‘‘ ഡേവിഡ് എന്ന ശില്പത്തെക്കുറിച്ച് മൈക്കൽ ആഞ്ചലോ പറഞ്ഞതുതന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. മാർബിളിലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ ചെത്തിക്കളഞ്ഞപ്പോൾ മികച്ച ശില്പം കിട്ടിയതുപോലെ ആവശ്യമില്ലാത്തത് ഒഴിവാക്കിയപ്പോൾ ഈ സൈറ്റിനുള്ളിൽ ഒളിഞ്ഞു കിടന്ന മികച്ച ഡിസൈനിനുള്ള സാധ്യത മറ നീക്കി പുറത്തുവന്നു,’’ ആർക്കിടെക്ട് പറയുന്നു.

Lijo4

സമാന സാഹചര്യത്തിൽ ചെറിയ മാറ്റങ്ങളോടെ പിൻതുടരാവുന്ന മാതൃക (prototype) എന്നോണമാണ് ഈ വീട് ഡിസൈൻ ചെയ്തത്. ദീർഘചതുരാകൃതിയിലുള്ള മൂന്ന് ഭാഗങ്ങളെ ഒരുമിപ്പിച്ച്, ഒരു കൈപ്പിടിയിലൊതുക്കിയതുപോലെയാണ് ഡിസൈൻ. അതുകൊണ്ടുതന്നെ ‘ The Tight Fold House’ എന്ന പ്രോജക്ട് പേരാണ് ഈ വീടിനു നൽകിയത്.

ADVERTISEMENT

ഫോർമൽ ലിവിങ്, ഡൈനിങ്, പൗഡർ റൂം എന്നിവ അടങ്ങുന്ന ഒരു ബ്ലോക്ക്, അടുക്കളയും യൂട്ടിലിറ്റി ഏരിയയും മറ്റൊരു ബ്ലോക്ക്, കിടപ്പുമുറിയും ഗോവണിയും മൂന്നാമതായൊരു ബ്ലോക്ക് എന്നിങ്ങനെയാണ് താഴത്തെ നിലയുടെ ക്രമീകരണം. പ്ലോട്ടിന്റെ ആകൃതിയിലെ ന്യൂനതകൾ പരിഹരിക്കുന്ന വിധത്തിൽ ഈ മൂന്ന് ബ്ലോക്കുകളെയും കോർട്‌യാർഡുകൾ കൊണ്ട് കൂട്ടിയിണക്കിയിരിക്കുന്നു.

നഗരപ്രാന്തത്തിലുള്ള പ്ലോട്ട് ആയതിനാൽ ഭാവിയിൽ ചുറ്റും വീടുകൾ വരാമെന്നത് മുന്നിൽ കണ്ടാണ് ഡിസൈൻ ചെയ്തത്. ഭാവിയിൽ ചുറ്റും കെട്ടിടങ്ങൾ വന്നാലും വീടിനകത്ത് കിട്ടേണ്ട കാറ്റിനോ പ്രകാശത്തിനോ കുറവുണ്ടാകരുത് എന്നത് പ്രധാനമായി ശ്രദ്ധിച്ചു.

പുറത്തേക്ക് തുറക്കുന്ന വലിയ ജനാലകളൊന്നും ഇവിടെ കാണാനാകില്ല. കാറ്റു കയറുന്ന, സ്വകാര്യത കുറയ്ക്കാത്ത വിധത്തിലുള്ള ‘സ്ലിറ്റ്’ ജനലുകളാണ് പുറത്തേക്കുള്ളത്. വലിയ ജനലുകളും ഓപ്പണിങ്ങുകളും ഏതെങ്കിലുമൊരു കോർട്‌യാർഡിലേക്ക് തുറക്കുന്ന രീതിയിലാണ് ക്രമീകരണം. നിരക്കി നീക്കാവുന്ന ഗ്ലാസ് ജനാലകളും വാതിലുകളും എല്ലാ മുറികളിലും ക്രോസ്‌വെന്റിലേഷൻ ഉറപ്പാക്കുന്നു.

Lijo5

പ്രകാശത്തിന് മുകളിലേക്കു തുറക്കുന്ന സൺലിറ്റുകളെയും വായുസഞ്ചാരത്തിന് വീടിന്റെ മൂന്ന് വശത്തുമുള്ള മെറ്റൽ സ്ക്രീനുകളെയുമാണ് പ്രധാനമായി ആശ്രയിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് അടിക്കാതിരിക്കാൻ മെറ്റൽ സ്ക്രീനുകൾ സഹായിക്കുന്നു.

കിടപ്പുമുറികളിൽ നിന്നും കോർട്‌യാർഡിലേക്ക് ജനലുകളുണ്ട്. ഫ്രോസ്റ്റഡ് ഗ്ലാസ് വാതിലുകൾ കർട്ടൻ ഉപയോഗിച്ച് മറച്ച് സ്വകാര്യത ഉറപ്പാക്കുകയുമാകാം.

ഫണ്‍ അല്ല ഫർണിച്ചർ

ഫർണിച്ചർ ഡിസൈനിന് ഇന്റീരിയറിൽ നിർണായകമായ പങ്കുണ്ട്. ജയ്പൂരിൽ നിന്നുള്ള AKFD എന്ന ബ്രാൻഡ് ഫർണിച്ചർ, വ്യത്യസ്തമായ ഡിസൈൻ കൊണ്ട് ആർക്കിടെക്ട് ടീമിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഫർണിച്ചർ ഡിസൈനർമാരും ആർക്കിടെക്ട് ടീമും വീട്ടുകാരുമായുള്ള നിരന്തരമായ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞതാണ് അന്തിമമായ ഫർണിച്ചർ ഡിസൈൻ.

വീടിന്റെ നിറങ്ങൾ തിരഞ്ഞെടുത്തതിൽ ഫർണിച്ചറിനും ടൈലിനുമെല്ലാം സുപ്രധാനമായ റോൾ ഉണ്ട്. അഞ്ച് നിറങ്ങളാണ് ഇവിടെ ഉപയോഗിച്ചത്. വീട്ടിനുള്ളിലെ കാഠിന്യമുള്ള ഭാഗങ്ങളായ കോൺക്രീറ്റ് സ്ലാബുകൾ, ബീമുകൾ, ലോഹമുപയോഗിച്ചു പണിത ഹാൻഡ് റെയിലുകൾ, സ്ക്രീൻ, ഗോവണിയുടെ റെയിലിങ് എന്നിവയ്ക്കെല്ലാം പച്ചയുടെ ഷേഡ് നൽകി. കിടപ്പുമുറികൾ മൂന്നിനും മൂന്ന് വ്യത്യസ്ത നിറങ്ങളാണ്. ചാരനിറവും ടീൽ (teal) നിറവും ടെറാക്കോട്ടയുടെ അല്പം ഇളം നിറവും കൂടാതെ വെള്ള അടിസ്ഥാന നിറമായും ഇവിടെ കാണാം.

ഇടയ്ക്കിടെ മാറ്റാനാകാത്ത ഭാഗങ്ങൾക്കെല്ലാം ( ഉദാഹരണം ഫ്ലോറിങ്) വെള്ള പോലെ ന്യൂട്രൽ നിറങ്ങളാണ് നൽകിയത്. അതുകൊണ്ടുതന്നെ, ഭാവിയിൽ നിറങ്ങളിൽ മാറ്റം വരുത്തണമെന്നു തോന്നിയാൽ അതിനും സാധ്യതയുണ്ട്.

വീട്ടുകാരും ആർക്കിടെക്ടും ഒരേ പോലെ ചിന്തിക്കുമ്പോൾ മാത്രമേ ഇത്തരമൊരു പ്രോജക്ട് വിജയത്തിലെത്തൂ എന്നാണ് ആർക്കിടെക്ട് ലിജോയും റെനിയും പറയുന്നത്. ‘‘സ്കൈ ഡൈവിങ് ചെയ്യുമ്പോൾ ഇൻസ്ട്രക്ടറെ വിശ്വസിച്ചല്ലേ കൂടെ ചാടുന്നത്. അതുപോലെ നമ്മളെ വിശ്വസിച്ച് കൂടെ ചാടുന്നവർ ആണ് വ്യത്യസ്തമായ ഒരു പ്രോജക്ട് ഉണ്ടാകാൻ സഹായിക്കുന്നത്.’’ പരസ്പരവിശ്വസത്തോടെ ചാടിയ ഈ ചാട്ടം കേരളത്തിലെ ആർക്കിടെക്ചറിന്റെ പലപല കുതിച്ചുചാട്ടങ്ങൾക്ക് മുന്നോടിയാകുമെന്ന് പ്രതീക്ഷിക്കാം.

ചിത്രങ്ങൾ: ടർട്ടിൽ ആർട്സ് ഫോട്ടോഗ്രഫി

Area: 3770 sqft Owner: ജിതിൻ ജയപ്രകാശ് & കൃഷ്ണപ്രിയ Location: ചുങ്കം, തൃശൂർ Design: LIJO.RENY.architects Email: lijo.reny@gmail.com