ADVERTISEMENT

കേരളത്തോടു തൊട്ടടുത്താണെങ്കിലും തമിഴ്നാട്ടിൽ നിർമിക്കുന്ന വീടിനു നൽകേണ്ട ഡിസൈൻ വളരെ വ്യത്യസ്തമായിരിക്കും. ടെക്സ്റ്റൈൽ നഗരമായ തിരുപ്പൂരിൽ കേരളത്തിൽ നിന്നുള്ള ആർക്കിടെക്ട് ഷമ്മി എ. ഷെരീഫ് നിർമിച്ച ഈ വീട്, വീട്ടുകാരുടെ ജീവിതരീതികളും തമിഴ്നാട്ടിലെ വരണ്ട കാലാവസ്ഥയുമൊക്കെ കണക്കിലെടുത്താണ്.

ചൂടിനെ തടുക്കും

shammithenkasi2
Enterence and garden
ADVERTISEMENT

കനത്ത ചൂടിനെയും വരണ്ട കാലാവസ്ഥയെയും നേരിടാൻ കഴിയുന്ന വിധത്തിലാണ് നിർമാണം. ചതുരത്തിലുള്ള 14.7 സെന്റിലാണ് വീടിരിക്കുന്നത്. സ്ഥല ദൗർലഭ്യമില്ലാത്തതിനാൽ വിശാലമായിത്തന്നെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞു.

കന്റെംപ്രറി ശൈലിയിലാണ് വീടിന്റെ പുറംഭാഗം. ഓരോ ഏരിയയ്ക്കും പ്രത്യേകമായി മേൽക്കൂരകൾ കൊടുത്ത് വീടിന് മോടി കൂട്ടി. ചൂടു കുറയ്ക്കാൻ ഇൻസുലേഷൻ ഷീറ്റ് വിരിച്ച് അതിനു മുകളിൽ സെറാമിക് ഓട് വിരിക്കുകയായിരുന്നു. ഷേഡുകൾ നന്നായി പുറത്തേക്കു നീട്ടിയിട്ടതും ഇതേ ലക്ഷ്യത്തോടെയാണ്.

ADVERTISEMENT

വരാന്ത വിശേഷങ്ങൾ

shammithenkasi7
Corridor

തമിഴ്നാട്ടിലെ അമ്പലങ്ങളിൽ കാണുന്നതുപോലെയുള്ള പടിപ്പുരയാണ് വീട്ടിലേക്കുള്ള പ്രവേശന കവാടം. അതുകഴിഞ്ഞു തോട്ടം, അതായത് മുൻവശത്തെ മുറ്റം.

ADVERTISEMENT

സിറ്റ്ഔട്ടിനു പകരം നീളത്തിലുള്ള വരാന്തയാണ് വീട്ടിലേക്കു സ്വാഗതം ചെയ്യുക. കമാനാകൃതിയിലുള്ള കോളങ്ങളും ‘ഫ്ലയിങ് ബട്ടറസ്’ (Flying buttress) എന്ന പകുതി കമാനാകൃതിയിലുള്ള കോളങ്ങളും വരാന്തയുടെ ഗാംഭീര്യം കൂട്ടുന്നു. വരാന്തയുടെ ഒരറ്റത്ത് ഒരു വാട്ടർ ബോഡിയുണ്ട്. ‘ഊരണി’ എന്ന പേരിൽ തമിഴ്നാട്ടിൽ വീടുകളിൽ നിർമിക്കുന്ന ജലസംഭരണികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ നിർമാണം. ആർച്ചുകളുടെ നിഴൽ വീണുകിടക്കുന്ന പ്രതീതിയുണ്ടാക്കാനും ഈ വാട്ടർബോഡിക്കു കഴിയും.

അടരുകളായി അകത്തളം

shammithenkasi6
Living Area

പ്രധാനവാതിൽ തുറന്ന് അകത്തേക്കു കയറുമ്പോൾ സ്വീകരണമുറിയും അതോടു ചേർന്ന് ഡൈനിങ് ഏരിയയും തന്നെ. പബ്ലിക്, സെമി പബ്ലിക്, പ്രൈവറ്റ് എന്നിങ്ങനെ അടരുകളായി ഏരിയകളെ വേർതിരിച്ചത് തമിഴ് വീടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്.

അടുക്കള വീടിന്റെ മുൻവശത്താണ്. മാത്രവുമല്ല, അടുക്കളയോടു ചേർന്ന യൂട്ടിലിറ്റി ഏരിയയിൽനിന്ന് പുറത്തേക്ക് വാതിലുമുണ്ട്. അടുക്കളയിലേക്കുള്ള സാധനങ്ങൾ പുറത്തുകൂടി കൊണ്ടുവരാൻ ഇതു സഹായിക്കും. മാത്രവുമല്ല, യൂട്ടിലിറ്റി ഏരിയയും ഡൈനിങ് ഏരിയയും തമ്മിൽ വേർതിരിക്കുന്ന വാതിൽ അടച്ചാൽ വീട്ടുകാർ ഇല്ലെങ്കിലും അടുക്കള സഹായികളുടെ ജോലി മുടങ്ങില്ല.

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികളാണ്. മുകളിൽ ഫാമിലി ലിവിങ് ഏരിയയും ലൈബ്രറിയുമുണ്ട്.

കമാനങ്ങളുടെ കളി

shammithenkasi5
Dining Area

കന്റെംപ്രറി മെ‍ഡിറ്ററേനിയൻ ശൈലിയിലാണ് വീടിന്റെ ഡിസൈൻ. ആകൃതിയിലും വലുപ്പത്തിലും വ്യത്യസ്തതയുള്ള ഒട്ടേറെ കമാനങ്ങൾ ഇവിടെ കാണാം. പുറത്തെ പടിപ്പുര മുതൽ കാണാം കമാനങ്ങളുടെ കമനീയത.

വ്യത്യസ്തമാം ഗോവണി

shammithenkasi4
Family living and staircase

ഗോവണിയുടെ നിർമാണത്തിലും അല്പം പുതുമയുണ്ട്. രണ്ട് പടികളുടെ ഉയരം വിട്ടാണ് റൈസ് (rise) വാർത്തത്. അതിനിടയിൽ തേക്കു കൊണ്ടുള്ള പെട്ടികൾ ഉറപ്പിച്ചാണ് പടികളുടെ നിർമാണം. ഗോവണിയുടെ അടിയിലുള്ള സ്ഥലം ഇൻവേർട്ടർ ഉൾപ്പെടെ എല്ലാ സർവീസുകൾക്കുമായി മാറ്റിവച്ചു.

പേസ്റ്റൽ നിറങ്ങളാണ് ഇന്റീരിയറിൽ നൽകിയത്. മിനിമൽ ശൈലിയിൽ ഇന്റീരിയർ ചെയ്തു. തടിപ്പണി പ്രധാനമായും കേരളത്തിൽ നിന്നു കൊണ്ടുപോയ തേക്കുകൊണ്ടാണ്. ഇറ്റാലിയൻ മാർബിൾ ആണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. ബ്രാൻഡഡ് ഫർണിച്ചർ വാങ്ങിയതിനൊപ്പം പലതും ഡിസൈൻ കൊടുത്ത് കൊച്ചിയിലുള്ള ഒരു ടീമിനു കൊടുത്ത് നിർമിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ നിന്നുള്ള ജോലിക്കാർ തന്നെയാണ് പണികൾ എല്ലാം ചെയ്തത്.

shammithenkasi3
Bedroom

PROJECT DETAILS

Area: 4600 sqft

Owner: രാജാ & സുമതി

Location: തിരുപ്പൂർ, തമിഴ്നാട്

Design: Shammi A. Sherif, Architect

Tales of Design studio, പെരിന്തൽമണ്ണ

Email: talesofdesignstudio@gmail.com

PHOTOS: ടർട്ടിൽ ആർട്സ് ഫൊട്ടോഗ്രഫി