തറവാട് മോഡലിൽ ഒരു ഫ്ലാറ്റ്, സംരംഭകയും ഹോം സ്റ്റൈലിസ്റ്റുമായ മിനിഷയുടെ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ... Ethnic Interior of Minisha’s New Flat
Mail This Article
കുടുംബത്തിലുള്ളവരെല്ലാം ബിസിനസ്സുകാർ. കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെയും എല്ലാവരും ബിസിനസ്സുകാർ. എച്ച്ആർ രംഗത്ത് ജോലി ചെയ്തിരുന്ന മിനിഷയുടെ മനസ്സിൽ അതുകൊണ്ടുതന്നെ ബിസിനസ്സുകാരിയാകുക എന്ന മോഹം ഉറങ്ങിക്കിടന്നിരുന്നു.
മൂവാറ്റുപുഴയിൽ പുതിയതായി വാങ്ങിയ വില്ലയുടെ സോഫ്റ്റ് ഫർണിഷിങ് ചെയ്തുകഴിഞ്ഞപ്പോൾ മിനിഷയ്ക്കു തോന്നി ഇതു തന്നെയാണ് തന്റെ വഴി എന്ന്. വീടു കാണാനെത്തിയവർ ഫർണിഷിങ്ങിനെ പ്രശംസിച്ചപ്പോൾ മിനിഷ ഉറപ്പിച്ചു, അതെ, ഇതാണ് ദൈവം തനിക്കായി കാത്തുവച്ച വഴി. ഭർത്താവ് അരുണും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു.
നാലു വർഷങ്ങൾക്കു മുൻപ് ഓൺലൈനിൽ ബെഡ്ഷീറ്റ് വിൽപനയിലൂടെയായിരുന്നു തുടക്കം. ബിസിനസ് പച്ച പിടിച്ചപ്പോൾ ജോലി രാജി വച്ചു. ഓൺലൈന്‍ ബിസിനസിനൊപ്പം മൂവാറ്റുപുഴയിൽ കട തുറന്നു. ‘ഡെക്കോർ ഡയറി ബൈ മിനിഷ’ പിന്നീട് കൊച്ചിയിലേക്കുമെത്തി. കൊച്ചിയിലെ 400 ചതുരശ്രയടി സ്റ്റോർ 3000 സ്ക്വയർഫീറ്റിലേക്കു വളർന്നു. നിത്യവും കൊച്ചിയിൽ നിന്ന് മൂവാറ്റുപുഴയിലേക്കുള്ള യാത്ര ബുദ്ധിമുട്ടായപ്പോൾ കൊച്ചിയിൽ പുതിയ ഫ്ലാറ്റ് വാങ്ങി മിനിഷയും അരുണും. കഴിഞ്ഞ മാസമായിരുന്നു ഗൃഹപ്രവേശം.
എത്‌നിക് ഇന്റീരിയറിലേക്കുള്ള യാത്ര
‘‘വീടിനോടാണ് പ്രിയം. പക്ഷേ, ഞങ്ങൾക്കു ജോലി സംബന്ധമായി യാത്രകളുണ്ടാവും. രണ്ട് പെൺകുട്ടികളാണ്. അവരുടെ സുരക്ഷയെ കരുതി ഗേറ്റഡ് കമ്യൂണിറ്റി തിരഞ്ഞെടുത്തു. താഴെ രണ്ട് കിടപ്പുമുറികൾ വേണമെന്ന ആഗ്രഹത്തിനൊത്ത വില്ലകളൊന്നും കിട്ടിയില്ല. അങ്ങനെയാണ് ഫ്ലാറ്റ് എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. തറവാടിന്റെ ഫീൽ ഉള്ള ഫ്ലാറ്റ് ആയിരിക്കണമെന്ന് അപ്പോഴേ നിശ്ചയിച്ചു,’’ മിനിഷ പറയുന്നു.
എത്‌നിക് ശൈലിയിൽ ഒരുക്കിയ ഫ്ലാറ്റിന്റെ ഇന്റീരിയറിന്റെ പാതി ക്രെഡിറ്റ് മിനിഷയുടെ സഹോദരൻ മിഥുൻ ജോർജിനാണ്. മിഥുന്റെ സ്ഥാപനമായ പാലായിലെ ‘heritagepathe’ ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോ ആണ് ഇവിടുത്തെ തടിപ്പണിക്കു പിന്നിൽ.
ഫർണിച്ചറെല്ലാം പരമ്പരാഗത ശൈലിയുടെ പ്രൗഢി വിളിച്ചോതുന്നവയാണ്. തേക്കു കൊണ്ടാണ് തടിപ്പണി മുഴുവൻ. പഴയ വീടുകളെ അനുസ്മരിപ്പിക്കുന്ന തടി കൊണ്ടുള്ള സീലിങ് ആരുടെയും ശ്രദ്ധ കവരും. ഓരോ ടൈൽ ആയാണ് ഇവ പണിതിരിക്കുന്നത്. മെയിന്റനൻസിനായി ആവശ്യമുള്ള ടൈൽ മാത്രമായി എടുത്തു മാറ്റാനാകും.
അടുക്കളയ്ക്കും ഡൈനിങ്ങിനുമിടയ്ക്കുള്ള ഭിത്തിയിൽ തടി കൊണ്ടുള്ള ജനാല കൊടുത്തത് ഫ്ലാറ്റിനെ എത്‌നിക് ശൈലിയിലേക്ക് മാറ്റാനുള്ള ആദ്യപടിയായിരുന്നു. ഫ്ലാറ്റ് വാങ്ങിയപ്പോഴുണ്ടായിരുന്ന ചാര നിറത്തിലുള്ള ഫ്ലോറിങ് മാറ്റി പരമ്പരാഗത ഛായയുള്ള ടൈൽ നൽകി. ടൈൽ–തടി സീലിങ് കോംബോ ഫ്ലാറ്റിന്റെ എത്‌നിക് സ്വഭാവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ബ്രാസ് അലങ്കാര വസ്തുക്കൾ, ആന്റിക് വോൾ ഡെക്കറുകൾ, പെയിന്റിങ്ങുകൾ, ഇന്ത്യൻ പ്രിന്റുകളും നിറങ്ങളും നിറയുന്ന ഫർണിഷിങ് എന്നിവയെല്ലാമായപ്പോൾ ഫ്ലാറ്റ് അടിമുടി ഇന്ത്യനായി.
‘‘‘2026 മാക്സിമലിസത്തിന്റെ വർഷമായാണ് ആഗോളതലത്തിൽ കരുതുന്നത്. ഇന്ത്യൻ കരകൗശല വിദ്യയിലും നെയ്ത്തിലുമെല്ലാം മാക്സിമലിസത്തിന്റെ ആഘോഷമായതിനാൽ ഇനി അവയുടെ പൂക്കാലമാണ്,’’ കേരളത്തിനകത്തും പുറത്തും ഹോം സ്റ്റൈലിങ് ചെയ്യുന്ന മിനിഷ പറയുന്നു. മിനിഷയുടെ സ്റ്റൈലിങ്ങും സഹോദരന്റെ ഇന്റീരിയർ വർക്കും ചേർത്ത് ഇന്റീരിയർ മുഴുവനായി ചെയ്തു നൽകാറുമുണ്ട്. ഹെറിറ്റേജ്, എത്‌നിക് ശൈലിയാണ് ഇവരുടെ മുഖമുദ്ര. കന്റെംപ്രറി ഇന്റീരിയറും ചെയ്യാറുണ്ട്.
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
ചിത്രങ്ങൾ: ഹരികൃഷ്ണൻ
