ADVERTISEMENT

മൂന്നു പേർക്ക് താമസിക്കാനുള്ള രീതിയിലാണ് ‘ശ്രീലകം’ ഡിസൈൻ ചെയ്തത്. ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുമ്പോഴും പാരമ്പര്യത്തിന്റെയും ഗതകാലസ്മരണകളുടെയും ഒരു ഏട് സംരക്ഷിക്കാനും ഇൗ വീടിനു കഴിയുന്നുണ്ട്. 100 വർഷം പഴക്കമുള്ള തറവാട് നിന്നിരുന്ന സ്ഥലത്താണ് പുതിയ വീടിരിക്കുന്നത്. ചിതലിന്റെ ശല്യം കൊണ്ടും കെട്ടിടത്തിന്റെ നാശം കൊണ്ടും ജീർണാവസ്ഥയിലായിരുന്ന പഴയ വീടിനെ, അതുകൊണ്ടുതന്നെ പൂർണമായും പൊളിച്ചുമാറ്റി.

sree19

പഴയ വീടിന്റെ അവശിഷ്ടങ്ങളെ നാമാവശേഷമാക്കുന്നതിനു പകരം, കഴിയുന്നത്ര വസ്തുക്കളെ പുനരുപയോഗം ചെയ്യാവുന്ന രീതിയിലാണ് പുതിയ വീടിന്റെ ഡിസൈൻ ആർക്കിടെക്ട് രചിച്ചത്. പഴയ വീടിന്റെ ആത്മാവിനെ ഉൾക്കൊള്ളാൻ അങ്ങനെ പുതിയ വീടിന് സാധിച്ചു. പഴക്കമേറിയ തടിക്കഷണങ്ങളെ സൂക്ഷ്മമായി വേർതിരിച്ചെടുത്ത് പുതിയ വീടിന്റെ വാതിലുകളും ജനലുകളും ഇന്റീരിയർ അലങ്കാരങ്ങളുമൊക്കെയായി വീടിനകത്ത് ഉൗഷ്മളത പകർന്നു. പുതിയ തടിയേ നിർമാണത്തിന് വേണ്ടിവന്നില്ല.

sree12
ADVERTISEMENT

ഡിസൈൻ പോയിന്റുകൾ
പുനരുപയോഗം: പറ്റാവുന്നിടത്തെല്ലാം പുനരുപയോഗം സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പഴയ വീടിന്റെ തടിയും ഒാടും പരമാവധി ഉപയോഗിച്ചു. ഇതിലൂടെ ഉപയോഗശൂന്യമായ മെറ്റീരിയലിന്റെ അളവ് കുറച്ചു. ഒാർമകൾ നിലനിർത്തി.

sree13

 ചരിത്രം ആവർത്തിക്കുന്നു: പഴയ വീടിന്റെ മെറ്റീരിയൽ പുതിയ വീടിന്റെ ഘടനയുടെ ഭാഗമാക്കിയത് നിർമാണത്തിൽ സുസ്ഥിരത (sustainability) കൊണ്ടുവന്നു.

sree1
ADVERTISEMENT

 മിനിമിലിസ്റ്റിക്: ചെറിയ കുടുംബത്തിന്റെ പ്രായോഗികവും കാര്യക്ഷമവുമായ ഉപയോഗത്തിന് ചേരുന്ന ഡിസൈൻ. സ്വകാര്യ ഇടങ്ങളും െപാതു ഇടങ്ങളും ചേരുംപടി ചേർത്തു.

sree15

 ഊഷ്മളമായ ഇന്റീരീയർ: പ്രകൃതിദത്ത നിറങ്ങളും ടെക്സ്ചറും ഉൗഷ്മളത ഉണർത്തുന്നു.

ADVERTISEMENT

പോറോത്തം കട്ട കൊണ്ട് വീട്
പോറോത്തേം കട്ടകൊണ്ട് ഒരു വീട്. അതായിരുന്നു രാജീവിന്റെ ഡിമാൻഡ്. ജർമൻ കമ്പനിയായ വീനർബർഗിന്റെ പോറോത്തേം ബ്ലോക്കുകൾ കൊണ്ടാണ് വീടിന്റെ അകവും പുറവും നിർമിച്ചിരിക്കുന്നത്. ഇൗടും ചൂടിൽ നിന്നുള്ള സംരക്ഷണവും കൊടുക്കുന്നതും പരിസ്ഥിതി സൗഹാർദ്ദവുമാണ് പോറോത്തം കട്ടകൾ.  അകം പൊള്ളയായ ഇവ ചൂട് കടന്നുപോകാൻ സഹായിക്കുന്നതുകൊണ്ട് വീടിനകത്ത് തണുപ്പുള്ള കാലാവസ്ഥ നിലനിർത്തും. ഭാരം കുറവായതുകൊണ്ട് സ്ട്രക്ചറിന്റെ ലോഡ് കുറയ്ക്കാനും വേഗം പണി തീർക്കാനും കാഴ്ചയ്ക്ക് ഭംഗി കൊടുക്കാനും ഇൗ മൺകട്ടകൾക്ക് കഴിയും.

sree14

ആരുടെയും ശ്രദ്ധ കവരണമെന്ന അതിമോഹമൊന്നുമില്ലാതെയാണ് ശ്രീലകം നിൽക്കുന്നത്. വളരെ ലളിതമായ മുൻകാഴ്ച. ഗതകാല സ്മരണകളിലെ തിണ്ണയെ ഒാർമപ്പെടുത്തുന്ന വിധത്തിൽ ഒരു ബെഞ്ച് ആണ് മുൻവശത്തെ ഇരിപ്പിടം. വയർകട്ട് ഇഷ്ടിക സ്വകാര്യത കിട്ടുന്ന വിധത്തിൽ ചരിച്ചുവച്ച ജാളി ഭിത്തിയാണ് ലിവിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നത്. മറുവശത്ത് അടുക്കളയുടെ പോറോത്തേം ഭിത്തിയും അതിലെ സ്ലിറ്റ് വിൻഡോയും ലാളിത്യത്തിന്റെ പര്യായമായി നിൽക്കുന്നു.  മൺകട്ടകളുടെ ഇൗർപ്പവും പൊടിയും പ്രശ്നമാവാതിരിക്കാൻ ക്ലിയർ കോട്ട് അടിച്ചാണ് സംരക്ഷിച്ചത്. അകത്ത് വിരസത ഒഴിവാക്കാൻ പകുതി ഭാഗം മാത്രം പ്ലാസ്റ്റർ ചെയ്ത് അതിൽ പ്രസരിപ്പുള്ള മസ്റ്റർഡ് യെല്ലോ നിറം കൊടുത്തു.

sree16

ചുറ്റുപാടും വീടുകളാൽ ചുറ്റപ്പെട്ടതുകൊണ്ട് വീടിനകത്ത് വെളിച്ചമെത്തിക്കുക എന്നത് ആർക്കിടെക്ടിന് ഒരു വെല്ലുവിളിയായിരുന്നു. പുറംഭിത്തിയിൽ ഇഷ്ടിക് ചരിച്ചുവച്ച് ജാളി നിർമിച്ചത് വെളിച്ചത്തിനും വായുസഞ്ചാരത്തിനും വേണ്ടിയാണ്. വെളിച്ചം നേരിട്ട് കടക്കാതെ, ചിതറിവീഴുകയാണ് ലിവിങ്ങിൽ.

sree17

നടുമുറ്റത്തിന്റെ റൂഫ് ഫണൽ ആകൃതിയിലാണ് നിർമിച്ചിരിക്കുന്നത്. അതിലൂടെ വെളിച്ചം വീടിനകത്തെത്തും. മുകളിൽ ഗ്രിൽ കൊടുത്തത് മഴവെള്ളം നടുമുറ്റത്തു വീഴാൻ വേണ്ടിയാണ്. അതേസമയം, അതിന്റെ ഫണൽ രൂപം കാരണം വെള്ളം തെറിച്ച് തറയിൽ പതിക്കുകയുമില്ല.
ശ്രദ്ധ കവരുന്ന രീതിയിലല്ല, സ്വാസ്ഥ്യവും ഒാർമകളുമായി മനസ്സിനിമ്പമേകുന്ന തരത്തിലാണ് ശ്രീലകം ഡിസൈൻ ചെയ്തിരിക്കുന്നത്.

sree18

Plot: 7 cent Area: 1600 sqft
Owner:  രാജീവ് & ശ്രീകല Location: തിരുവനന്തപുരം
Design:  അനന്തപത്മനാഭൻ , പ്രിൻസിപ്പൽ ആർക്കിടെക്ട്
A Rated Creators Lab, തിരുവനന്തപുരം  

Email: ar.anandhapadmanabhan@gmail.com




Sreelakam: A Harmonious Blend of Tradition and Modernity:

Sreelakam is a 1600 sqft, 3-bedroom home designed to blend modern amenities with the charm of traditional Kerala architecture, utilizing recycled materials from a 100-year-old ancestral home. This sustainable design incorporates Porotherm bricks and innovative solutions for natural light and ventilation, creating a warm and memory-filled living space.