കണ്ണെത്താ ദൂരത്തിൽ ആറു മാസത്തോളം വെള്ളം നിറഞ്ഞു കിടക്കുന്ന കോൾപ്പാടങ്ങൾ... ഇനിയുള്ള ആറു മാസം നെൽക്കതിരുകൾ വിളഞ്ഞും... വീടിനകത്ത് ഋതുഭേദങ്ങളും പ്രകൃതിയുടെ നിറഭേദങ്ങളും ൈകയെത്തും ദൂരെ ആസ്വദിക്കുക എന്നത് സ്വപ്നത്തിൽ മാത്രമാണോ? എന്നാൽ, സന്ദീപും റിഞ്ചുവും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വീട് അങ്ങനെയാരു മനോഹര സ്ഥലത്താണ്. തൃശൂർ കണിമംഗലത്ത് തറവാടിനോട് അടുത്തുതന്നെയാണ് സന്ദീപ് ഇൗ പ്ലോട്ട് കണ്ടെത്തിയത്. പണ്ടേ കണ്ടു മോഹിച്ച പ്ലോട്ട് തന്നെ ഒരു സ്വപ്നം പോലെ കണ്ടെത്തി.
പരീക്ഷണങ്ങളുടെ വീട്
സാധാരണ കാണുന്ന വീടുകളിൽ നിന്ന് വ്യത്യസ്തം, അലങ്കാരങ്ങൾ കുറവ്, ഇടനാഴികളില്ലാതെ, തുറസ്സും വെളിച്ചമുള്ളതുമായ ഇന്റീരിയർ. പിന്നെ, പ്രകൃതിയെ വീടിനകത്ത് കഴിയുന്നത്ര കൊണ്ടുവരണം. ഇതൊക്കെയായിരുന്നു വീട്ടുകാർ തങ്ങളുടെ വീടിനെപ്പറ്റി ആഗ്രഹിച്ചത്. തങ്ങളുടെ പരീക്ഷണങ്ങൾക്കൊത്തു നിൽക്കുന്ന ഒരു ആർക്കിടെക്ടിനെ കണ്ടെത്താനുള്ള ആഗ്രഹം എത്തിനിന്നത് ബിജു ബാലനിലാണ്. മറ്റു വീടുകൾ കാണാൻ പോകുക എന്ന കലാപരിപാടികളൊന്നും സന്ദീപും റിഞ്ചുവും നടത്തിയില്ല. അവയൊന്നും തങ്ങളുടെ വീടിനെ സ്വാധീനിക്കണ്ട എന്ന നിലപാടിലായിരുന്നു അവർ.
‘പറുദീസ’ യെന്നു പേരിട്ട വീട്ടിലെ മുക്കിലും മൂലയിലും കാഴ്ചകൾ നിറഞ്ഞുനിൽക്കുകയാണ്. പുറംകാഴ്ചയിൽ ക്യൂബുകൾ അടുക്കിവച്ചൊരു വീട്. ലാൻഡ്സ്കേപിൽ പച്ചപ്പു വിരിയിക്കുന്ന മരങ്ങൾ. അകത്ത് ഒരു ‘വൈൽഡ് തീം’ എന്നു പറയാവുന്ന തരത്തിൽ ചെടികളും തടിയും എല്ലാം േചർന്ന വൈബ്. ജനലുകളിലൂടെ അനന്തമായി കാണുന്ന കോൾപ്പാടങ്ങളും ആകാശപ്പരപ്പും.
മുൻവാതിൽ മുതൽ പരീക്ഷണങ്ങളാണ് ഇവിടെ. മെറ്റലിൽ തടി പൊതിഞ്ഞ് അതിന് നരച്ച നീല പെയിന്റ് അടിച്ച് നാടകീയത സൃഷ്ടിക്കുന്ന മുൻവാതിൽ വീടിനകത്തെ അദ്ഭുതങ്ങൾക്കു വഴി തുറക്കുന്നു.
റൂഫിൽ ഒരു കയറു കട്ടിൽ
ഡൈനിങ് ഏരിയയിലെ തടി മേശയ്ക്കു ചുറ്റുമുള്ള കസേരകളിലിരുന്നാൽ പ്രകൃതിയെ കണ്ടു കണ്ടങ്ങിരിക്കാം. സീലിങ്ങിേലക്കൊന്നു നോക്കിയാൽ കോൺക്രീറ്റ് റൂഫിന്റെ ഒരു വശത്ത് കയറുകട്ടിൽ പോലെ ഒരു സ്ട്രക്ചർ. 500 കിലോ ഭാരം താങ്ങാൻ കഴിയുന്ന ഇതിൽ കിടക്കാം, ജനലിലൂടെ കാഴ്ചകൾ ആസ്വദിക്കാം... ശരിക്കുമൊരു ഫാന്റസി കട്ടിൽ!
വാഷ്ഏരിയയിലെ പാലിഡേറിയം
വാഷ്ഏരിയയുടെ ചാരേയാണ് പാലിഡേറിയം ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഒാരോ ഭാഗത്തെക്കുറിച്ചും കൃത്യമായ ധാരണകളുണ്ടായിരുന്ന ഗൃഹനാഥന്റേതാണ് പാലിഡേറിയം എന്ന ആശയവും. കൂർഗിൽ ജോലി ചെയ്യുന്ന സന്ദീപ് ഒാരോ വരവിലും പാലിഡേറിയത്തിലേക്കുള്ള ചെടികളും തടികളും കൊണ്ടുവരും. മീനുകളും പായലുകളും ചെടികളും മഞ്ഞുകണങ്ങളുമെല്ലാം ചേർന്ന പാലിഡേറിയം കൃത്യമായ സെൻസറുകൾ വഴി ഒാട്ടമാറ്റിക്കായി പ്രവർത്തിക്കുന്നു.
ഒാപ്പൺ പ്ലാനിൽ
മുഴുവൻ ഒാപ്പൺ ആയ പ്ലാനിലാണ് വീട് എങ്കിലും ഒാരോ ഏരിയയ്ക്കും സ്വകാര്യത ഉണ്ട്. ഒാരോ ഇടവും വിശാലമായ ജനലുകളിലൂടെ ചുറ്റുപാടുകളുമായി സംവദിച്ചുകൊണ്ടിരിക്കുന്നു. ‘എൽ’ ആകൃതിയിലാണ് ഡൈനിങ് ഏരിയയും കിച്ചണും കിടക്കുന്നത്.
താഴത്തെ നിലയിൽ ഒന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. എല്ലാ ബെഡ്റൂമുകളും പുറത്തെ വിശാലമായ പാടത്തിലേക്കു തുറക്കുന്നു. മഴയും കാറ്റും വെയിലുമെല്ലാം കൈയെത്തും ദൂരത്ത് കാണാം, ആസ്വദിക്കാം. അല്പം പരുപരുത്ത റസ്റ്റിക് പ്രതലങ്ങളാണ് വീടിനകത്ത്. പ്രത്യേകിച്ച് കോൺക്രീറ്റ് കാണുന്ന രീതിയിലുള്ള സീലിങ്ങും തേക്കാത്ത ഇഷ്ടിക ഭിത്തികൊണ്ടുള്ള ഹൈലൈറ്റർ ഭിത്തിയുമെല്ലാം.
ദേശാടനപ്പക്ഷികളും മയിലുകളും ചിത്രശലഭങ്ങളുമെല്ലാം വീടിന്റെ ഭാഗമാണ്.തിരിച്ചെത്തുമ്പോൾ പ്രകൃതിയുടെ ആലിംഗനവുമായി കാത്തിരിക്കുന്ന ഒരു വീടാണിത്.
Area: 2260 sqft Plot: 10 cent Owner: സന്ദീപ് & റിഞ്ചു Location: കണിമംഗലം, തൃശൂർ
Design: ബിജു ബാലൻ, ആർക്കിടെക്ട് Laurels Designers, കോഴിക്കോട് Email: laurelsdesigners@gmail.com