മലയാളിയുടെ പൂന്തോട്ടത്തിലും മനസ്സിലും ഒരുപോലെ ഇടം കണ്ടെത്തിയ പൂച്ചെടിയാണ് അഡീനിയം. അടുത്ത കാലത്ത് ലഭ്യമായ ഡബിൾ പെറ്റൽ, ട്രിപ്പിൾ പെറ്റൽ പൂക്കൾ ഉള്ള സങ്കരയിനങ്ങൾക്കാണ് അധിക ഡിമാൻഡ്.
പുതിയയിനം അഡീനിയം ചെടികളെല്ലാം ഗ്രാഫ്റ്റ് ചെയ്തു വളർത്തിയെടുത്തവയാണ്. ബോൺസായ് ആകൃതി രൂപപ്പെടാനും ഒതുങ്ങിയ പ്രകൃതത്തിൽ പരിപാലിക്കാനും ചട്ടിയിൽ നടുന്നതാണ് നല്ലത്.
വെയിൽ പ്രധാനം
കുറഞ്ഞത് 3 - 4 മണിക്കൂറെങ്കിലും നേരിട്ട് വെയിലും ചൂടും കിട്ടുന്നിടത്ത് വളർത്തിയാലേ അഡീനിയം സമൃദ്ധമായി പൂവിടൂ.
വളം ദ്രവരൂപത്തിൽ
ജൈവ വളമാണെങ്കിലും രാസവളമാണെങ്കിലും ദ്രവരൂപത്തിലുള്ളത് ഉപയോഗിക്കുന്നതാണ് രോഗ-കീടങ്ങളിൽ നിന്നും സംരക്ഷിക്കാൻ അനുയോജ്യം.
രോഗകീട നിയന്ത്രണം
പൂമൊട്ടുകൾ മുരടിച്ച് കൊഴിയുന്നതും ഇല മഞ്ഞളിപ്പുമാണ് സങ്കരയിനം അഡീനിയത്തിൽ കാണുന്ന മുഖ്യ രോഗ-കീടങ്ങൾ. ഇവയെ പ്രതിരോധിക്കാൻ ‘തയോമെത്തോക്‌സാം’ കീടനാശിനി, ‘ഹെക്‌സാകൊണോസോൾ’ കുമിൾനാശിനി മിശ്രിതം നേർപ്പിച്ചത് (ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) രണ്ട് ആഴ്ചയിലൊരിക്കൽ പ്രയോഗിക്കുന്നത് ഗുണം ചെയ്യും.
നല്ല വളർച്ചയ്ക്ക്
നല്ല വളർച്ചയ്ക്ക് വിപണിയിൽ ലഭിക്കുന്ന നാനോ ഡിഎപി (നാല് മില്ലി ഒരു ലീറ്റർ വെള്ളത്തിൽ) നൽകാം. കൂടാതെ സൂക്ഷ്മലവണങ്ങൾ അടങ്ങിയ എൻപികെ 0:40:37 ( രണ്ട് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) പൂവിടാൻ നല്ലതാണ്.
പൂവിന് പ്രൂണിങ്
ഉയരം കൂടുതലുള്ള ചെടിയുടെ തലപ്പുകൾ താഴ്ത്തി മുറിച്ചു നീക്കുന്നത് കൂടുതൽ ശിഖരങ്ങളും പൂക്കളും ഉണ്ടാകാനും ചുവടു ഭാഗം വീർത്തു വന്ന് ബോൺസായ് പ്രകൃതം ആകാനും സഹായിക്കും. വേനൽക്കാലമാണ് ഇതിനായി യോജിച്ച സമയം. കമ്പുകൾ മുറിച്ചുനീക്കിയ ശേഷം വിപണിയിൽ ലഭ്യമായ കുമിൾ നാശിനി കുഴമ്പ് രൂപത്തിൽ മുറിച്ച ഭാഗത്ത് തേച്ച് സംരക്ഷിക്കണം.