നമ്മുടെ കാലാവസ്ഥയിൽ പൂർണമായി അകത്തളത്തിൽ വളർത്താൻ പറ്റിയ ഒരു ചെടിയും ഇല്ല എന്ന വസ്തുത ഇൻഡോർ പ്ലാന്റ്സ് വയ്ക്കാൻ ആഗ്രഹിക്കുന്നവർ ഓർക്കുക. എങ്കിലും ചെടി വച്ചിരിക്കുന്നിടത്തെ പ്രകാശത്തിന്റെ അളവ്, നന, വളം തുടങ്ങിയ ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ അകത്തളച്ചെടികൾ ആരോഗ്യത്തോടെ വളരും.
1. സ്ഥാനം ഇല നോക്കി
മുഴുവൻ പച്ചനിറമുള്ള ഇലകളോടു കൂടിയ ഇനങ്ങൾ പച്ചയ്‌ക്കൊപ്പം മറ്റു നിറങ്ങളുമുള്ള ഇലകളോടു കൂടിയ ചെടികളെ അപേക്ഷിച്ച് പ്രകാശം കുറഞ്ഞ ഇടത്തേക്ക് യോജിച്ചവയാണ്.
2. വെയിൽ ഇടയ്ക്കിടെ
ചാഞ്ഞ വെയിൽ കിട്ടുന്ന വരാന്ത അല്ലെങ്കിൽ ബാൽക്കണിയിൽ രണ്ടാഴ്ചയിൽ ഒരിക്കൽ ഒന്നോ രണ്ടോ ദിവസം വച്ച് ചെടിക്ക് ആവശ്യമായ ഊർജം വീണ്ടെടുക്കാൻ സൗകര്യം നൽകണം.
3. നന എന്നും വേണ്ട
സ്‌നേക് പ്ലാന്റ്, അലോ, ഹൗവോർത്തിയ, സീസീ പ്ലാന്റ് തുടങ്ങിയ സക്കുലന്റ് ചെടികൾക്ക് കാലാവസ്ഥ അനുസരിച്ച് രണ്ടാഴ്ചയിൽ ഒരിക്കലും പീസ് ലില്ലി, മണി പ്ലാന്റ്, ഫിലോഡെൻഡ്രോൺ തുടങ്ങിയ ഇലച്ചെടികൾക്ക് നന ആഴ്ചയിൽ ഒരിക്കലും മതിയാകും.
ഇലകളിൽ വീഴാതെ മണ്ണ് നന്നായി കുതിരുന്ന വിധത്തിൽ വേണം നനയ്ക്കാൻ. വേനൽക്കാലത്ത് ഇലകളുടെ അഗ്രം ഉണങ്ങുന്നതായി കണ്ടാൽ ആഴ്ചയിൽ ഒരിക്കൽ ഇലകളിൽ തുള്ളി നന നൽകാം.
4. ചട്ടിയിൽ ചട്ടി
സെറാമിക് ചട്ടിയിൽ നേരിട്ടു നടാതെ പ്ലാസ്റ്റിക് ചട്ടിയിൽ നട്ട ചെടി, സെറാമിക് ചട്ടിയിലേക്ക് ഇറക്കിവയ്ക്കുന്ന രീതി അവലംബിക്കാം. ഇത് ചട്ടി ഇടയ്ക്കിടെ മാറ്റിവയ്ക്കാനും മാറ്റി നടുന്നതിനുമെല്ലാം ഉപകരിക്കും.
5. വളമിടുമ്പോൾ ശ്രദ്ധിക്കാം
നടുമ്പോൾ അടിവളം ചേർത്തിട്ടുണ്ടെങ്കിൽ ചെടി വളരാൻ തുടങ്ങിയാൽ അടുത്ത വളപ്രയോഗം ഇലകളിൽ തുള്ളി നനയായി നൽകാം. ഇതിന് വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ 19:19:19 ( രണ്ട് ഗ്രാം / ഒരു ലീറ്റർ വെള്ളം) മതിയാകും. ചെറിയ ചട്ടികളിൽ പരിപാലിക്കുന്ന ചെടികൾക്ക് ചുവട്ടിൽ ഒഴിച്ചും വളം നൽകാം.