പ്രകൃതിദത്തമായ കല്ല് പാളികൾ കൊണ്ടുള്ള നടവഴികളാണോ കോൺക്രീറ്റ് ടൈൽ പോലുള്ള ഫാക്ടറി നിർമിത പേവിങ്ങാണോ നല്ലത് എന്ന സംശയം മിക്കവർക്കുമുണ്ട്.
പ്രകൃതിദത്ത സാമഗ്രികളിൽ ഗ്രാനൈറ്റ്, ലൈംസ്റ്റോൺ, സാൻഡ്‌സ്റ്റോൺ, സ്ലേറ്റ് സ്റ്റോൺ, വെട്ടുകല്ല്, മറ്റ് പ്രാദേശികമായി ലഭ്യമായ കല്ലുകൾ എന്നിവ ഉൾപ്പെടുന്നു. കോൺക്രീറ്റ് പേവേഴ്സ്, കോൺക്രീറ്റ് ടൈലുകൾ, വിട്രിഫൈഡ് എക്സ്റ്റീരിയർ ടൈലുകൾ, ടെറാസോ, മറ്റ് എഞ്ചിനീയേർഡ് ഉൽപന്നങ്ങൾ എന്നിവ ഫാക്ടറി നിർമിതമായ പേവിങ് സാമഗ്രികളിൽപ്പെടുന്നു.
കേരളത്തിന്റെ കാലാവസ്ഥ പ്രത്യേകമായി കണക്കിലെടുത്ത്, മഴയെയും ഡ്രെയിനേജിനെയും പ്രധാനമായി പരിഗണിക്കേണ്ടതുണ്ട്. മഴക്കാലത്ത് വഴുക്കുന്നതോ, വെള്ളം ഇറങ്ങി അടിത്തറ തകരുന്നതോ ആയ പേവിങ്സ് ഒരിക്കലും ഒരു നല്ല പരിഹാരമല്ല. പേവിങ് ഈടു നിൽക്കാത്തതിനു പ്രധാന കാര്യം ആവശ്യമുള്ള സ്ഥലത്ത് വേണ്ട ഉൽപന്നം ഉപയോഗിക്കാത്തതാണ്. താഴെ പറയുന്ന തെറ്റുകൾ ഒഴിവാക്കാം.
1. ഡ്രൈവ്‌വേയ്ക്ക് സോഫ്റ്റ് ലൈംസ്റ്റോൺ ഉപയോഗിക്കുന്നത്
താന്തൂർ, കടപ്പ തുടങ്ങിയ മൃദുവായ ലൈം സ്റ്റോണുകൾ വാഹനങ്ങൾ പോകുന്ന ഡ്രൈവ്‌വേയിൽ ഉപയോഗിക്കുന്നത് പൊതുവായി ചെയ്യുന്ന തെറ്റാണ്. ഇവ കാൽനടപ്പാതകൾക്ക് അനുയോജ്യമാണെങ്കിലും വാഹന സഞ്ചാരത്തിന് അനുയോജ്യമല്ല. വാഹനങ്ങൾ തുടർച്ചയായി സഞ്ചരിക്കുമ്പോൾ ഈ കല്ലുകൾ വിണ്ടും പൊളിഞ്ഞു പോകാൻ സാധ്യതയുണ്ട്. പലപ്പോഴും കുറഞ്ഞ വില മാത്രം നോക്കിയാണ് ഇവ തിരഞ്ഞെടുക്കുന്നത്. എന്നാൽ അടിക്കടി അറ്റകുറ്റപ്പണികൾ വേണ്ടി വരുമ്പോൾ ഇൗ ലാഭം നഷ്ടപ്പെടും.
2. ശരിയായ രീതിയിൽ അതിര് ഉറപ്പിക്കലോ അടിത്തറയോ ഇല്ലാത്ത കോൺക്രീറ്റ് പേവേഴ്സ് ചെയ്യുന്നത്
കോൺക്രീറ്റ് ഇന്റർലോക്കിങ് പേവേഴ്സ് മികച്ചതാണെങ്കിലും, വശങ്ങളിൽ കൃത്യമായ അതിരുകൾ (kerbs/edge restraints) കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കാതെയും അടിത്തറ നിര്‍മിക്കാതെയും വിരിക്കുമ്പോൾ കട്ടകൾ നീങ്ങിപ്പോകാനും താഴ്ന്നുപോകാനും വെള്ളം കെട്ടിക്കിടക്കാനുമൊക്കെ ഇടയാകും. ഇവിടെ കുഴപ്പം കോൺക്രീറ്റ് ബ്ലോക്കിന്റേതല്ല, നിർമാണരീതിയുടേതാണ്.
3. ഡ്രൈവ്‌വേയ്ക്ക് കനം കുറഞ്ഞ ഗ്രാനൈറ്റ് സ്ലാബുകൾ ഉപയോഗിക്കുന്നത്
ഗ്രാനൈറ്റ് വളരെ ഈടുനിൽക്കുന്നതാണെങ്കിലും, 20 എംഎം അല്ലെങ്കിൽ 30 എംഎം കനമുള്ള സ്ലാബുകൾ ഡ്രൈവ്‌വേയിൽ ഉപയോഗിച്ചാൽ വാഹനങ്ങളുടെ ഭാരം കാരണം അവ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. സാധാരണ ഡ്രൈവ്‌വേക്ക് കുറഞ്ഞത് 40-50 എംഎം കനമുള്ള ഗ്രാനൈറ്റ് സ്ലാബുകളാണ് അനുയോജ്യം.
4. കനം കുറഞ്ഞ കല്ലുകൾ 'കോബിളുകൾ' എന്ന പേരിൽ ഉപയോഗിക്കുന്നത്
പരമ്പരാഗത ഗ്രാനൈറ്റ് കോബിളുകൾ 100 X 100 X 100 mm വലുപ്പമുള്ള കട്ടകളാണ്. എന്നാൽ 40 mm കനമുള്ള സ്ലാബുകൾ 100 X 100 mm വലുപ്പത്തിൽ മുറിച്ച് 'കോബിൾ' എന്ന പേരിൽ നൽകാറുണ്ട്. കാഴ്ചയിൽ ഒരുപോലെ തോന്നാമെങ്കിലും, 40 mm കനമുള്ള കല്ലിന് 100 mm കനമുള്ള കോബിളിന്റെയത്ര ബലം താങ്ങാൻ കഴിയില്ല.
5. പേവിങ്ങിന്റെ പുറമേ കാണുന്ന ഭംഗി മാത്രം നോക്കുന്നത്
പേവിങ്ങിനെക്കുറിച്ച് മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, നാം ഉപരിതലം മാത്രമേ കാണുന്നുള്ളൂ എന്നതാണ്. നിലമൊരുക്കൽ മുതൽ പേവിങ്ങിൽ പ്രധാനമാണ്.
മോശമായി തയാറാക്കിയ അടിത്തറയ്ക്ക് മുകളിൽ വിരിച്ച വില കൂടിയ കല്ല് തകർന്നുപോകാം; അതേസമയം കൃത്യമായി തയാറാക്കിയ അടിത്തറയ്ക്ക് മുകളിൽ വിരിച്ച ലളിതമായ സാമഗ്രി വർഷങ്ങളോളം കേടുകൂടാതെ നിൽക്കുകയും ചെയ്യാം. ഉപരിതലത്തിലെ കല്ലിന് നൽകുന്ന അത്രയും ശ്രദ്ധ തന്നെ താഴെയുള്ള അടിത്തറയുടെ നിർമാണത്തിനും നൽകണം.