പാലുകാച്ചലിന് അതിഥികൾ എത്തുമ്പോൾ വീട്ടുമുറ്റം പച്ചപ്പിനാൽ നിറഞ്ഞിരിക്കണം. ചെടികൾ മാത്രമല്ല, തണൽ നൽകാൻ വലിയ മരങ്ങളും വേണം... മുറ്റത്തെ മരങ്ങളെല്ലാം മുറിച്ചുമാറ്റി, പ്ലോട്ട് നിരപ്പാക്കി, വീടുപണിത് ഒന്നോ രണ്ടോ മാസത്തിനുശേഷം ഇങ്ങനെ ആവശ്യപ്പെടുമ്പോൾ ആരുമൊന്ന് അന്ധാളിക്കും. എന്നാൽ ഇന്ന് ഇതൊരു അദ്ഭുതപ്പെടുത്തുന്ന ആവശ്യമേയല്ല.
വീടുപണി പൂർത്തിയാവുന്നതിന് രണ്ടോ മൂന്നോ മാസം മുൻപ് പറഞ്ഞാൽപോലും അമ്പതോ നൂറോ വർഷം പ്രായമുള്ള മരങ്ങൾ വീട്ടുമുറ്റത്ത് കൊണ്ടുവന്ന് സ്ഥാപിക്കാനാകും. മുറ്റത്ത് സ്ഥലവും കയ്യിൽ പണവും വേണം എന്നുമാത്രം.
പൂർണ വളർച്ചയെത്തിയ മരങ്ങൾ കടയോടെ പിഴുത് ആവശ്യമായ സ്ഥലത്ത് എത്തിച്ച് പിടിപ്പിച്ചെടുക്കാം എന്നാണ് ലാൻഡ്സ്കേപ് ഡിസൈനർമാർ പറയുന്നത്. ഒരു ജില്ലയിൽ നിന്നു മറ്റൊരു ജില്ലയിലേക്കു മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുപോലും വൻ മരങ്ങൾ കൊണ്ടുവരുന്നുണ്ട്. ചൈന, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ മരങ്ങൾ വളർത്തി വലുതാക്കി മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് വലിയ ബിസിനസ്സാണ്. ആന്ധ്രയിലെ രാജമുദ്രിയിൽ മരങ്ങൾ നഴ്സറികളിൽ വളർത്തി വിൽക്കുന്നത് വലിയ വ്യവസായമാണ്.
രണ്ടുതരത്തിലാണ് വലിയ മരങ്ങളുടെ വിൽപന നടത്തുന്നത്. മരങ്ങൾ നഴ്സറികളിൽ വളർത്തി വലുതാക്കി വിൽപനയ്ക്ക് എത്തിക്കുന്നതാണ് കൂടുതൽ കാണുന്നത്. എന്നാൽ റോഡ് വീതികൂട്ടലോ പ്ലോട്ട് നിരപ്പാക്കലോ പോലുള്ള എന്തെങ്കിലും കാരണം മൂലം ആരോഗ്യമുള്ള ഒരു മരം കളയേണ്ടിവരുമ്പോൾ അത് സംരക്ഷിക്കാൻ മറ്റൊരു സ്ഥലത്തേക്ക് മാറ്റിനടുന്നതാണ് മറ്റൊരു രീതി.
കേരളത്തിന്റെ പുറത്തുനിന്ന് കൊണ്ടുവരുന്ന വൻ മരങ്ങൾ മിക്കതും നഴ്സറികളിൽ പത്തോ ഇരുപതോ വർഷമിരുന്ന് വളർന്നവയാണ്. ഈ മരങ്ങൾ ചെറുതാകുമ്പോൾത്തന്നെ ശാഖകൾ മുറിച്ച് പ്രത്യേക രീതിയിൽ ആകൃതിവരുത്തിയെടുക്കും. നഴ്സറിയിലെ ചട്ടികളിൽ വളർന്നു വലുതായ മരങ്ങൾ പുതിയ സ്ഥലത്തേക്ക് എത്തുമ്പോൾ കാലാവസ്ഥയെ അതിജീവിക്കൽ മാത്രമാണ് വെല്ലുവിളി.
ചട്ടിയിൽനിന്ന് നേരിട്ട് മണ്ണിലേക്ക് നടുകയോ ചട്ടിയിൽത്തന്നെ തുടരുകയോ ചെയ്യുന്നതിനാൽ വേര് കേടായിപ്പോകാൻ സാധ്യത കുറവാണ്. പന, അത്തി വിഭാഗത്തിൽപ്പെട്ട ചെടികൾ, വലിയ ഗാർഡൻ ചെടികൾ തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ ഇത്തരത്തിൽ വിപണിയിലുണ്ട്. 15,000 രൂപ മുതലാണ് ഇത്തരം മരങ്ങളുടെ വില.
എന്നാൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മരങ്ങൾക്ക് വില കൂടും. ഒരു കണ്ടെയ്നറിൽ ഒറ്റ മരമേ മിക്കപ്പോഴും കയറ്റാനാകൂ. അതുകൊണ്ടുതന്നെ, യാത്രയുടെ മുഴുവൻ ചെലവും ആ മരം വാങ്ങുന്നയാൾ വഹിക്കേണ്ടിവരും. മരത്തിന്റെ വിലയും ഇൻസ്റ്റലേഷൻ ചാർജുമൊക്കെ വരുമ്പോൾ ലക്ഷങ്ങൾ മുടക്കേണ്ടിവരും.
പൂർണ വളർച്ചയെത്തിയ ഒരു മരം പിഴുത് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിൽ റിസ്ക് ഏറെയുണ്ട്. പല ഘട്ടങ്ങളായി അൽപം ആയാസമേറിയ പ്രക്രിയയാണിത്.
എല്ലായിനം മരങ്ങളും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ അനുയോജ്യമല്ല എന്നതാണ് പ്രധാന കാര്യം. വേരുകൾ പടർന്നു വളരുന്ന, തായ്വേര് കൂടുതൽ ആഴത്തിലേക്ക് പോകാത്ത മരങ്ങളാണ് പിഴുതെടുക്കാൻ പൊതുവേ എളുപ്പം. മരത്തിന്റെ വശങ്ങളിലെ വേരുകൾ ആദ്യം മണ്ണുമായുള്ള ബന്ധം അടർത്തി യെടുക്കുന്നത് പിന്നീടുള്ള പ്രക്രിയകൾ കൂടുതൽ എളുപ്പമാക്കും. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് മുറിഞ്ഞ വേരുകൾ ആരോഗ്യം വീണ്ടെടുക്കും. അതിനുശേഷം വേണം പ്രധാന വേരുകൾ മണ്ണിൽ നിന്ന് അടർത്തി മാറ്റാൻ. ഇത്തരത്തിൽ സാവധാനം പിഴുതെടുക്കുന്ന മരത്തിന് അതിജീവന സാധ്യത കൂടും.
പലപ്പോഴും വലിയ ക്രെയിൻ ഉപയോഗിച്ചാകും വേരുകൾ പരമാവധി പൊട്ടാതെ മരം പിഴുതെടുക്കുന്നത്. വേര് പിഴുതയുടനെ ഏതെങ്കിലും അണുനാശിനി ഉപയോഗിച്ച് സുരക്ഷിതമാക്കണം. ക്രെയിൻ ഉപയോഗിച്ച് തന്നെ ട്രക്കിലേക്ക് കയറ്റേണ്ടിവരും. മാത്രമല്ല, ട്രക്കിൽ ഒതുക്കാൻ പലപ്പോഴും 20–25 അടിയായി മരത്തിന്റെ ഉയരം കുറയ്ക്കേണ്ടിവരും.
മരത്തിന്റെ ചില്ലകൾ കോതിയൊതുക്കുന്നത് ട്രാൻപോർട്ടേഷൻ സൗകര്യത്തിനു മാത്രമല്ല. ചെടിയിൽ നിന്ന് ഊർജം നഷ്ടപ്പെടുന്നതു കുറയ്ക്കാൻ കൂടിയാണ്. ഇലകൾ കളഞ്ഞാൽ അതിലൂടെ ജലാംശം നഷ്ടപ്പെടുന്നതു കുറയ്ക്കാം. വാഹനത്തിൽ കൊണ്ടുപോകുമ്പോഴുള്ള കുലുക്കം കുറയ്ക്കാൻ ടയറുകൾ നിരത്തി അതിനു മുകളിലാണ് മരം കിടത്തുന്നത്.
അത്തിവർഗത്തിൽപ്പെട്ട ചെടികളും ഈഴേച്ചെമ്പകം പോലെ ബോൺസായ് ശൈലിയിലുള്ള തടിയുള്ള മരങ്ങളാണ് പ്രധാനമായി മാറ്റിനടുന്നത്. മാവും മറ്റു ഫലവൃക്ഷങ്ങളും മാറ്റിനടാം.
മരം പ്ലോട്ടിൽ എത്തുന്നതിനു മുൻപ് തന്നെ നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് കുഴി എടുത്തു തയാറാക്കി വച്ചിരിക്കണം. മരത്തിന്റെ കടഭാഗത്തിന്റെ വണ്ണത്തിന്റെ ഇരട്ടിയെങ്കിലും വേണം കുഴിയുടെ വിസ്തൃതി. ഈ കുഴിയിൽ കംപോസ്റ്റും ജൈവവളവും നിറച്ച് മരത്തിന് വളരാനാവശ്യമായ സാഹചര്യം ഉണ്ടാക്കിവച്ചിരിക്കണം. മരം ഇളകാതെ നാലുവശത്തേക്കും കെട്ടി ഉറപ്പിക്കുകയാണെങ്കിൽ കാറ്റ് പിടിച്ച് വേരിന് ഇളക്കം വരാതിരിക്കും. വലിയ മരങ്ങൾക്ക് പിന്നീട് പരിചരണം ആവശ്യമില്ല എന്നതാണ് പ്രധാന ഗുണം.