ADVERTISEMENT

പാമ്പ് കടിയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. കൊടും ചൂടാണ് പുറത്ത്, തണുപ്പുനോക്കി പാമ്പുകൾ വീടിനകത്തു വരാൻ സാധ്യത വളരെ കൂടുതലാണ്. പാമ്പിന് അകത്തുവരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ചെയ്യാനുള്ളത്.

1. വീടിനു മുകളിലേക്കു ചാഞ്ഞു നിൽക്കുന്ന മരക്കമ്പുകളിലൂടെയും വയറുകളിലൂടെയും തുറന്നിട്ട ജനലിലൂടെയും വാതിലിലൂടെയുമെല്ലാം പാമ്പുകൾ വീടിനകത്തെത്താം. വീട്ടിലേക്കു നീണ്ടുനിൽക്കുന്ന മരക്കമ്പുകളും വള്ളിച്ചെടികളും വെട്ടിമാറ്റുക. ജനലിനും വാതിലിനും വെന്റിലേറ്ററിനും കൊതുകു വലയിടുന്നത് ഇഴ ജന്തുക്കളുടെ ശല്യം കുറയ്ക്കാനും സഹായിക്കും.
2. വീടിനുള്ളിൽ നിന്ന് പുറത്തേക്കിട്ട പൈപ്പുകൾ, പ്രത്യേകിച്ച് പഴയതരം കുളിമുറിയിൽ നിന്നുള്ള ഓവ് പൈപ്പിലൂടെ പാമ്പും മറ്റ് ഇഴജന്തുക്കളും കടക്കാൻ സാധ്യതയുണ്ട്. ഈ പൈപ്പുകൾ അടഞ്ഞ ഡ്രയിനേജ് പിറ്റിലേക്കു കൊടുക്കുന്നതാണ് നല്ലത്. തുറന്ന പൈപ്പ് ആണെങ്കിൽ അറ്റത്ത് ലോഹവല ഘടിപ്പിക്കുന്നത് പാമ്പ് അകത്തു കടക്കുന്ന സാഹചര്യം ഇല്ലാതാക്കും.
3. വീടിന്റെ അടിത്തറയിലും ഭിത്തിയിലുമൊക്കെ വിള്ളലുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അടയ്ക്കുക. ഇത്തരം വിള്ളലുകളിൽ പാമ്പ് കയറിയിരിക്കാൻ സാധ്യതയുണ്ട്. മുറ്റത്തെ ടൈലിനിടയിലെ വിടവിലും ഇത്തരത്തിൽ പാമ്പ് കയറി ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്.
4. മുറ്റത്തോ തൊടിയിലോ എന്തെങ്കിലും മാളങ്ങൾ ഉണ്ടെങ്കിൽ മണ്ണിട്ടു മൂടുക.
5. വാതിലിനും കട്ടിളയ്ക്കും ഇടയിൽ വിടവുണ്ടെങ്കിൽ അത് റബർ ലൈനിങ് ഉപയോഗിച്ച് അടയ്ക്കുന്നതാണ് സുരക്ഷിതം.
6. വീടിനകത്തോ പുറത്തോ ആകട്ടെ, ശ്രദ്ധിച്ചു നടക്കുക. പതിവായി ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന അലമാരകളിലും കബോർഡുകളിലും അലക്ഷ്യമായി കയ്യിടുകയോ തുറന്ന് ഉപയോഗിക്കുകയോ ചെയ്യാതിരിക്കുക.
7. വസ്ത്രങ്ങളും ബെഡ്ഷീറ്റും ഉപയോഗിക്കും മുൻപ് തട്ടിക്കുടയണം.

snake1
ADVERTISEMENT

8. ഷൂവിനുള്ളിലും ഹെൽമെറ്റിലുമൊക്കെ പാമ്പ് ഒളിച്ചിരിക്കാം. ഉപയോഗിക്കും മുൻപ് നന്നായി കുടയുക.
9. വീടിനു പുറത്തേക്ക് ഭക്ഷ്യമാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. എലിയുടെയും പെരുച്ചാഴിയുടെയും സാന്നിധ്യം പാമ്പിനെ ആകർഷിക്കും.
10. വീട്ടുമുറ്റത്ത് വാട്ടർബോഡിയോ സ്വിമിങ് പൂളോ ഉണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. തവളയോ മീനോ ഉണ്ടെങ്കിൽ പിറകേ പാമ്പും വരാം.
11. വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുത്താൽ അവശിഷ്ടങ്ങൾ എടുത്തുമാറ്റുക. വളർത്തുപക്ഷികളും മൃഗങ്ങളും പാമ്പിനെ ആകർഷിക്കാം.
12. വിറക്, ചകിരി, ചിരട്ട തുടങ്ങിയ സാധനങ്ങൾ സൂക്ഷിക്കുന്ന പതിവുണ്ടെങ്കിൽ ഇത്തരം സ്ഥലങ്ങളിൽ തണുപ്പുതേടി ഇഴജന്തുക്കൾ എത്താം.
13. വീടിനു ചുറ്റും കരിയിലയും പുല്ലും കിടക്കാൻ അനുവദിക്കരുത്. ചെടിച്ചട്ടികൾക്കടിയിൽ ഈർപ്പത്തിന്റെ സാന്നി്ധ്യം ഉണ്ടാകുമെന്നതിനാൽ പാമ്പിന് ഇഷ്ടമുള്ള ഇടങ്ങളാണ്. ചെടിച്ചട്ടി കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം.
14. കഴിവതും നിലത്തു കിടന്ന് ഉറങ്ങാതിരിക്കുക.
15.  തൊട്ടി ഉപയോഗിച്ച് വെള്ളം കോരുന്നവർ പാമ്പിന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കണം.

Courtesy :  Snakepedia App Team

ADVERTISEMENT
Simple Steps to Keep Snakes Away:

Snake bites are a growing concern, especially with the current heatwave leading snakes to seek cooler indoor spaces. Preventing snake entry into homes is crucial, involving measures like trimming branches, sealing cracks, and securing entry points.

ADVERTISEMENT