വീടിന് പ്രായാധിക്യമാകുമ്പോൾ ഇടിച്ചുപൊളിച്ചു കളയാം എന്നു തീരുമാനിക്കാൻ എളുപ്പമാണ്. എന്നാൽ അതു നിലനിർത്തുക എന്നത് പ്രയാസമേറിയ തീരുമാനവും സങ്കീർണമായ പ്രക്രിയയുമാണ്.
ഇതൊക്കെയാണെങ്കിലും ഒരു വീടിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെങ്കിൽ അതൊരു സുകൃതമാണ്. ഇപ്പോഴത്തെ കാലത്ത് അതൊരു സാമ്പത്തിക സ്രോതസ്സ് ആക്കി മാറ്റുകയും ചെയ്യാം.
തൊടുപുഴ സിൽവർ ഹിൽസിലെ 80 വർഷത്തോളം പഴക്കമുള്ള വീട് ഇത്തരത്തിൽ പുനരുദ്ധാരണം ചെയ്തതാണ്. ഇവിടത്തെ പുതുതലമുറക്കാരായ സഹോദരർ ശ്രാവണും ശശാങ്കനുമാണ് ഇതിനു ചുക്കാൻ പിടിച്ചത്. രണ്ടര വർഷമെടുത്തു പണി പൂർത്തിയാവാൻ.
മുതുമുത്തച്ഛൻ എൻ. കെ. കൃഷ്ണയ്യര് പണിത് നാലുതലമുറകൾ ജീവിച്ച തറവാട് ഒരു കാലം കഴിഞ്ഞപ്പോൾ ശൂന്യമായി. പലരും എതിർത്തെങ്കിലും ശ്രാവണും ശശാങ്കും തറവാടിന് പുതുജന്മം കൊടുക്കാൻ തീരുമാനിച്ചു.
വളരെ കുറച്ചു ബീമുകളിൽ പണിതിരിക്കുന്ന വീടിന്റെ സ്ട്രക്ചറിന് അധികം രൂപമാറ്റം നടത്തിയില്ല. ഇവരുടെ െഎഡിയയിൽ തന്നെ കാര്യങ്ങൾ പുരോഗമിച്ചു. ഭിത്തികൾ ഉടച്ചുവാർത്തില്ല. രണ്ടു നിലകളിലുള്ള നാല് കിടപ്പുമുറികളും അതിലേറെ അനുബന്ധമുറികളും അതുപോലെ നിലനിർത്തി. സൗകര്യങ്ങൾ മാത്രം പുതിയ കാലത്തിന് ഉതകുന്ന രീതിയിലേക്ക് കൊണ്ടുവന്നു.
പുറത്തെ ഗാരിജിനെ മാറ്റിയെങ്കിലും മാവും വയനയും ഗതകാലസ്മരണകളുടെ നിഴലും മധുരവുമായി മുറ്റത്തുണ്ട്. വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കുന്നതിനായി നിരനിരയായി പണിതിരിക്കുന്ന മുറികളിലെല്ലാം വാതിലും ജനലും ഇഷ്ടംപോലെ. പൂജാമുറിയുടെ നാല് ഭിത്തികളും നിലനിർത്തി.
തറവാടിന്റെ മുഖം മിനുക്കിയെങ്കിലും തലയെടുപ്പ് തരുന്നതു മുഴുവൻ ഒാടിട്ട മേൽക്കൂരയാണ്. വാഗമണ്ണിൽ ഒരു പള്ളി പൊളിക്കുന്നിടത്തു നിന്നാണ് പഴയ ഒാട് സംഘടിപ്പിച്ചത്. ഏകദേശം 10,000 ഒാട് വേണ്ടിവന്നു. തടിയുടെ പഴയ കഴുക്കോലുകൾ മാറ്റി സ്റ്റീൽ ട്രസ്സ് ഇട്ടു. തടി മച്ചുകൾ പുതിയ ഫിനിഷിലേക്ക് മാറി. പ്രതാപകഥകൾ പറയുന്ന മുകളിലെ നീളൻ വരാന്തയ്ക്ക് മുകളിൽ പഴയ ഒാട് പുതുമയോടെ നിൽക്കുന്നു.
താഴത്തെ ഫ്ലോറിങ് ടൈലിലേക്ക് മാറ്റിയെങ്കിലും മുകളിൽ പഴയ റെഡ് ഒാക്സൈഡ് തന്നെ. ബാത്റൂമുകളിലെ സൗകര്യങ്ങളും ടെറസിലെ ഡെക്ക് ഏരിയയുമൊക്കെയാണ് പുതിയ അതിഥികൾ. പഴയ കസേരകളും ചുമരലമാരകളും ക്രാസികളും വീതി കുറഞ്ഞ ഗോവണിയുമെല്ലാം പഴമയിലേക്ക് ചിന്തേരിടുന്ന ഒാർമകളാണ്.
ചുറ്റുമുളള കാടുവെട്ടി ഉയർച്ചതാഴ്ചകളോടെ പുൽമേടുകളും പൂളുമായി ലാൻഡ്സ്കേപ്പും ഒരുങ്ങിയപ്പോൾ അതിഥികളെ സ്വീകരിക്കാൻ ഹോളിഡേഹോം റെഡി. താമസവും ഭക്ഷണവുമായി ചിരികളികൾ ഇവിടെ വീണ്ടും തിരിച്ചുവരുന്നു. ഹൽദി പോലുള്ള ആഘോഷരാവുകളും കാണുമ്പോൾ പഴയ കാരണവരുടെ മുഖത്ത് പുഞ്ചിരി വിടരുന്നു.