ADVERTISEMENT

പുതിയതായി നിർമിച്ചതോ പഴക്കമുള്ളതോ ആയ കെട്ടിടങ്ങളിൽ വിള്ളലുകൾ (cracks) കാണുമ്പോൾ നമ്മൾ പലപ്പോഴും ഭയപ്പെടാറുണ്ട്. എന്നാൽ, എല്ലാ വിള്ളലുകളും കെട്ടിടത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളോ സുരക്ഷയെ ബാധിക്കുന്നവയോ അല്ല എന്നതാണ് യാഥാർഥ്യം. വിള്ളലുകളുടെ സ്വഭാവം, അവയ്ക്കു പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ എന്നിവ മനസ്സിലാക്കുന്നതിലൂടെ അവ വരാതെ തടയാനും ശരിയായ രീതിയിൽ പരിഹരിക്കാനും സാധിക്കും.

crack3

വിള്ളലുകൾ ഒഴിവാക്കാവുന്നതാണ്
കെട്ടിടത്തിന്റെ രൂപകല്പന മുതൽ നിർമാണം പൂർത്തിയാക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ വിള്ളലുകൾ ഒഴിവാക്കാം.
∙ ശരിയായ നിർമാണവസ്തുക്കൾ :  നന്നായി ചുട്ടെടുത്ത ഇഷ്ടിക മാത്രം ഉപയോഗിക്കുക. ചൂളയിൽ നിന്ന് മാറ്റിയ ശേഷം 2-3 ആഴ്ചയെങ്കിലും തുറസ്സായ സ്ഥലത്ത് വച്ചതിനു ശേഷമേ നിർമാണത്തിന് ഉപയോഗിക്കാവൂ. മണലിൽ കളിമണ്ണിന്റെയോ എക്കലിന്റെയോ അംശം 3 ശതമാനത്തിൽ കൂടാന്‍ പാടില്ല. കോൺക്രീറ്റ് ചെയ്യുമ്പോൾ കാൽസ്യം ക്ലോറൈഡ് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
∙ മോർട്ടാറും കോൺക്രീറ്റും: സിമന്റ് അമിതമായി ചേർക്കാതിരിക്കുക. സിമന്റ്, കുമ്മായം (lime), മണൽ എന്നിവ ചേർത്തുള്ള മിശ്രിതം (ഉദാഹരണത്തിന് 1:1:6 അനുപാതം) ഉത്തമമാണ്. കോൺക്രീറ്റിൽ വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും വൈബ്രേറ്ററുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്യുക. കോൺക്രീറ്റ് ചെയ്ത ഉടനെ നനച്ചു തുടങ്ങുകയും ഇത്  കുറഞ്ഞത് 7 മുതൽ 10 ദിവസം വരെ തുടരുകയും വേണം. ക്യുവറിങ് ഒറ്റയടിക്ക് നിർത്താതെ സാവധാനം മാത്രം നിർത്തുക.

ADVERTISEMENT

∙ രൂപകല്പന: കെട്ടിടത്തിന്റെ ഭാരം മണ്ണിൽ എല്ലായിടത്തും ഒരുപോലെയാണെന്ന് ഉറപ്പാക്കുക. വികസിക്കുന്ന സ്വഭാവമുള്ള കളിമണ്ണുള്ള (expansive clay) പ്രദേശങ്ങളിൽ മൂന്നര മീറ്റർ വരെ താഴ്ചയുള്ള അടിത്തറ നൽകുകയോ, കെട്ടിടത്തിനു ചുറ്റും രണ്ട് മീറ്റർ വീതിയിൽ വാട്ടർപ്രൂഫ് ആപ്രൺ (Waterproof apron) നൽകുകയോ ചെയ്യുക.
∙ നിർമാണ രീതികൾ: ചുമരുകൾ ഒരേ നിരപ്പിൽ കെട്ടിപ്പൊക്കുക. (ഉയര വ്യത്യാസം ഒരു മീറ്ററിൽ കൂടരുത്). കോൺക്രീറ്റ് സ്ലാബുകൾക്കും ബീമുകൾക്കും മുകളിലുള്ള മേസണറി ജോലികൾ രണ്ടാഴ്ചയ്ക്ക് ശേഷം മാത്രം തുടങ്ങുക. ചുമര് കെട്ടി ഒരു മാസത്തിന് ശേഷം മാത്രം തേപ്പ് പണികൾ (plastering) ചെയ്യുക. ഭിത്തികൾ ഉണങ്ങാനും ആദ്യത്തെ ചുരുങ്ങൽ സംഭവിക്കാനും ഇത് സഹായിക്കും.
∙ ജോയിന്റുകൾ നൽകുക: കെട്ടിടത്തിലെ സ്ട്രസ്സ് കുറയ്ക്കാനും താപനില വ്യത്യാസപ്പെടുമ്പോഴുള്ള സങ്കോച വികാസങ്ങൾ ഒഴിവാക്കാനും വിടവുകൾ ഫ്ലെക്സിബിൾ ആയി അടയ്ക്കുന്ന എക്സ്പാൻഷൻ ജോയിന്റുകൾ (expansion joints), കോൺക്രീറ്റ് ചുരുങ്ങുമ്പോൾ വിള്ളൽ ഒഴിവാക്കാനുള്ള കൺട്രോൾ ജോയിന്റുകൾ (control joints), പ്രതലങ്ങൾ തമ്മിൽ തെന്നിമാറാൻ സഹായിക്കുന്ന സ്ലിപ് ജോയിന്റുകൾ (slip joints) എന്നിവ നൽകുക.
∙ ചുറ്റുപാടുകൾ: കെട്ടിടത്തിന് വളരെ അടുത്ത് വലിയ മരങ്ങൾ വളരാൻ അനുവദിക്കരുത്. അമിതമായ ചൂടും കാറ്റുമുള്ള സമയങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്നത് ഒഴിവാക്കുക (ഇത് പ്ലാസ്റ്റിക്, ഷ്രിങ്കേജ് വിള്ളലുകൾക്ക് കാരണമാകും). അത്തരം സാഹചര്യങ്ങളിൽ ഐസ് ഉപയോഗിച്ച് വെള്ളത്തിന്റെ താപനില കുറയ്ക്കാം.

crack2

വിള്ളലുകൾ ശാസ്ത്രീയമായി പരിഹരിക്കാം
വിള്ളലുകളുടെ ആഴവും വീതിയും മനസ്സിലാക്കി വേണം അറ്റകുറ്റപ്പണികൾ ചെയ്യാൻ:
1. ഒന്നര മില്ലീമീറ്ററിൽ താഴെയുള്ള നേർത്ത വിള്ളലുകൾ: വെള്ളം വലിച്ചെടുക്കുന്നതരം സാധാരണ ഇഷ്ടികകളാണ് ഉപയോഗിച്ചതെങ്കിൽ ഇത്തരം വിള്ളലുകൾക്ക് പ്രത്യേകിച്ച് അറ്റകുറ്റപ്പണികൾ ആവശ്യമില്ല. എന്നാൽ വെള്ളം ഉള്ളിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെങ്കിൽ, വിള്ളൽ അല്പം കുഴിച്ച് 1:1:6 (സിമന്റ്: കുമ്മായം (lime): മണൽ) എന്ന അനുപാതത്തിലുള്ള മോർട്ടാർ ഉപയോഗിച്ച് അടയ്ക്കണം.
2. ഒന്നര മില്ലീമീറ്ററിനു മുകളിലുള്ള വിള്ളലുകൾ: ദുർബലമായ മോർട്ടാറാണ് കെട്ടിടത്തിൽ ഉള്ളതെങ്കിൽ, വിള്ളലുകൾ 25 മില്ലീമീറ്റർ താഴ്ചയിൽ കുഴിച്ച്  1: 2: 9 എന്ന അനുപാതത്തിലുള്ള മോർട്ടാർ വച്ച് അടയ്ക്കാം. എന്നാൽ ഉറപ്പുള്ള മോർട്ടാറാണ് ഉള്ളതെങ്കിൽ, വിള്ളലിന് ചുറ്റുമുള്ള ഇഷ്ടികകൾ പൂർണ്ണമായും പൊട്ടിച്ചു മാറ്റി പുതിയ ഇഷ്ടികകൾ 1: 1: 6 മോർട്ടാറിൽ കെട്ടിയെടുക്കേണ്ടതാണ്.
3. തറ ഇരിക്കുന്നതുകൊണ്ടുണ്ടാകുന്ന വലിയ വിള്ളലുകൾ: ഇതിന് പരിഹാരമായി വിള്ളലുകളുള്ള ഭാഗത്തെ ഇഷ്ടികകൾ മാറ്റി RCC സ്റ്റിച്ചിങ് ബ്ലോക്കുകൾ (RCC stitching blocks) നൽകി ഭിത്തിക്ക് ബലം നൽകാവുന്നതാണ്.
4. ആഴത്തിലുള്ള വിള്ളലുകൾ (structural cracks): കോൺക്രീറ്റിന്റെ ഉള്ളിലേക്ക് ഇറങ്ങിയതും വീതിയുള്ളതുമായ വിള്ളലുകൾ ഗൗരവതരമാണ്.
പരിഹാരം: വിള്ളലുള്ള ഭാഗം 'V' ആകൃതിയിൽ അല്പം കുഴിച്ച് വൃത്തിയാക്കുക. ശേഷം അനുയോജ്യമായ ക്രാക്ക് ഫില്ലറുകൾ (crack fillers) അല്ലെങ്കിൽ എപോക്സി (epoxy) ഉപയോഗിച്ച് നിറയ്ക്കുക. വലിയ വിള്ളലുകൾ ആണെങ്കിൽ 'ഗ്രൗട്ടിങ്' (grouting - കെമിക്കലുകൾ മർദത്തിൽ വിള്ളലുകളിലേക്ക് കടത്തിവിടുന്ന രീതി) ചെയ്യേണ്ടിവരും.
5. വാട്ടർപ്രൂഫിങ് (waterproofing): മേൽക്കൂരയിലെ വിള്ളലുകൾ പരിഹരിച്ച ശേഷം, ഭാവിയിൽ വെള്ളം ഇറങ്ങാതിരിക്കാൻ മൊത്തമായി ഒരു വാട്ടർപ്രൂഫിങ് കോട്ടിങ് നൽകുന്നത് ഉചിതമാണ്.
കെട്ടിട നിർമാണത്തിൽ ശാസ്ത്രീയമായ രീതികൾ അവലംബിക്കുകയും, മേൽക്കൂരയിലെ വിള്ളലുകളിലൂടെ വെള്ളം ഇറങ്ങുന്നുണ്ടെങ്കിലോ, വിള്ളലുകൾ  വലുതാകുന്നുണ്ടെങ്കിലോ സ്ട്രക്ചറൽ എഞ്ചിനീയറുടെയോ പരിചയസമ്പന്നനായ സിവിൽ എഞ്ചിനീയറുടേയോ ഉപദേശം തേടുക.


ADVERTISEMENT
ADVERTISEMENT