പഴയ ഫ്ലാറ്റിന്റെ കാര്യത്തിൽ ‘സ്ട്രക്ചറൽ’ മാറ്റങ്ങൾക്ക് വലിയ സാധ്യത ഇല്ല എന്ന ധാരണ ശരിയല്ല. അസോസിയേഷന്റെ അനുമതി ഉണ്ടെങ്കിൽ പുറംഭിത്തികളൊഴികെ ഒട്ടുമിക്ക ഭിത്തികളും മാറ്റാം, മുറികളെ ഒന്നാക്കാം, അടുക്കള കിടപ്പുമുറിയാകുന്നതുപോലെ മുറികൾ ‘റീ പൊസിഷൻ’ ചെയ്യാം. ഇതിനിണങ്ങുന്ന രീതിയിലുള്ള ഇന്റീരിയർ കൂടി ഒരുക്കുകയും വൈദ്യുതി, വെള്ളം, പാചകവാതകം തുടങ്ങിയവയുടെ സർവീസ് ലൈനുകൾ പരിഷ്കരിക്കുകയും ചെയ്താൽ ഫ്ലാറ്റ് പുതുപുത്തനാകും. കണ്ണായ സ്ഥലത്ത് പുതിയ ഫ്ലാറ്റ് വാങ്ങുന്നതിലും കുറഞ്ഞ ചെലവിൽ പഴയ ഫ്ലാറ്റ് വാങ്ങി അതിനെ പുതുക്കിയെടുക്കാനും പറ്റും.
ഭിത്തി മാറ്റാൻ എളുപ്പം
ഫ്രെയിംഡ് രീതിയിലായിരിക്കും ഫ്ലാറ്റ് നിർമിച്ചിട്ടുണ്ടാകുക. അതിനാൽ ഉള്ളിലെ ഭിത്തികൾ മിക്കതും ‘ലോഡ് ബെയറിങ്’ (Load-bearing) ആയിരിക്കില്ല. കോളം, ബീം എന്നിവയുടെ സ്ഥാനം മനസ്സിലാക്കി ഭിത്തികൾക്ക് മാറ്റം വരുത്താം. അടുക്കളയെ ‘ഓപ്പൺ കിച്ചൺ’ ആക്കാനും ലിവിങ് സ്പേസിന്റെ വലുപ്പം കൂട്ടാനുമെല്ലാം ഇതുവഴി കഴിയും.
ഫ്ലാറ്റ് അസോസിയേഷന്റെ അനുമതി ഇക്കാര്യത്തിൽ പ്രധാനമാണ്. ഉള്ളിലെ ഭിത്തികളിൽ മാറ്റം അനുവദിക്കും എങ്കിലും പുറംഭിത്തിയിൽ യാതൊരു മാറ്റവും അനുവദിക്കാറില്ല. ബാൽക്കണി കെട്ടിയടയ്ക്കുന്നതിലും നിയന്ത്രണം ഉണ്ടാകും. എന്നാൽ വർക് ഏരിയ കെട്ടി അടയ്ക്കുന്നതിൽ ഇളവുകൾ ലഭിക്കാറുണ്ട്.
ഭിത്തി മാറ്റുമ്പോൾ സീലിങ്ങിലെ ‘ബീം’ കാഴ്ചയ്ക്ക് അഭംഗിയായിരിക്കും. ഇതിനെ ഉള്ളിലാക്കി ‘ഫോൾസ് സീലിങ്’ നൽകുക ഫ്ലാറ്റിന്റെ കാര്യത്തിൽ പലപ്പോഴും പ്രായോഗികമാകില്ല. വീടുകൾക്ക് തറ മുതൽ സീലിങ് വരെ മൂന്ന് മീറ്റർ പൊക്കം വരുമ്പോൾ മിക്ക ഫ്ലാറ്റുകൾക്കും 2.70 മീറ്റർ പൊക്കം മാത്രമേ ഉണ്ടാകൂ. ഫോൾസ് സീലിങ് ചെയ്താൽ മുറിയുടെ പൊക്കം വളരെ കുറഞ്ഞതായി തോന്നും.
ഫോയർ ഏരിയ പോലെയുള്ള ഭാഗങ്ങളിൽ മാത്രം ഫോൾസ് സീലിങ് ചെയ്യുകയും എസിയുടെ പൈപ്പുകളും മറ്റും അവിടെ നൽകുകയുമാണ് ഒരു മാർഗം. ബീമിനെ ‘ലൈറ്റ് ഫിക്സ്ചർ’ ആയി പരിവർത്തനപ്പെടുത്തുകയാണ് മറ്റൊരു പോംവഴി. ഇതിന്റെ തുടർച്ചയായി വരുംവിധം ‘പാർട്ടീഷൻ കം ഷെൽഫ്’ നൽകിയാൽ ഇന്റീരിയറിന്റെ ഭംഗി കൂടും. സ്ഥലം ഒട്ടും നഷ്ടപ്പെടുത്താത്ത പാർട്ടീഷൻ ആണ് ഫ്ലാറ്റുകൾക്ക് അഭികാമ്യം.
കടുംനിറങ്ങളേക്കാൾ ഇളംനിറമായിരിക്കും ഫ്ലാറ്റ് ഇന്റീരിയറിന് ഇണങ്ങുക. ഫർണിച്ചറിന്റെ കാര്യത്തിലും ‘സ്ലീക് ഡിസൈൻ’ സ്വീകരിക്കുന്നതാകും നല്ലത്.
ഫ്ലോറിങ് മാറ്റാം
ടൈൽ ഒട്ടിച്ചതായിരിക്കും പഴയ ഫ്ലാറ്റ്. ഇതിനു മുകളിൽ തന്നെ ‘ലാമിനേറ്റഡ് വുഡൻ പാനൽ’ ഒട്ടിക്കുകയാണ് ഫ്ലോറിങ് പുതുക്കാനുള്ള ഒരു മാർഗം. ഇങ്ങനെയാകുമ്പോൾ വാതിലുകൾ അഴിച്ചെടുത്ത് പൊക്കം കുറയ്ക്കേണ്ടി വരും.
ടൈൽ മുഴുവനായി ഇളക്കിമാറ്റിയ ശേഷം പുതിയ ടൈൽ, നാച്വറൽ സ്റ്റോൺ തുടങ്ങിയവ വിരിക്കുകയാണ് മറ്റൊരു രീതി.
പുതിയ ഉപകരണങ്ങൾ
ഡ്രയർ, ഡിഷ് വാഷർ, റോബോട്ടിക് വാക്വം ക്ലീനർ തുടങ്ങിയ ഉപകരണങ്ങൾക്കൊക്കെ ഇടം നൽകണം. എസിയുടെ എണ്ണവും ശേഷിയുമൊക്കെ കൂട്ടേണ്ടിവരും. ഹോം ഓട്ടമേഷനുള്ള സൗകര്യവും ഒരുക്കണം. ഇതെല്ലാം മുന്നിൽക്കണ്ടുള്ള വയറിങ് –പ്ലമിങ് പരിഷ്കരണമാണ് വേണ്ടത്. പാചകവാതകത്തിനായി സിലിണ്ടറിനു പകരം പൈപ്പ് ലൈനിനെ ആശ്രയിക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങളും മുൻകൂട്ടി കാണണം.
വിവരങ്ങൾക്കു കടപ്പാട്:
വർഷ ദാസ്, സ്റ്റുഡിയോ വിസ്ത
ആർക്കിടെക്ട്സ്, കൊച്ചി
എം.ആർ.ശരത്കൃഷ്ണൻ, പ്രോജക്ട്
മാനേജ്മെന്റ് കൺസൽട്ടന്റ്, കൊച്ചി