ഉള്ളിലേക്കു നോക്കുന്ന വീട് - അതായിരുന്നു കാസർകോട് പള്ളിക്കരയിലുള്ള അബ്ദുൾ ഗഫൂറും കുടുംബവും ആവശ്യപ്പെട്ടത്. അതിനൊരു കാരണവുമുണ്ടായിരുന്നു. റോഡരികിലുള്ള 40 സെന്റിലാണ് വീട്. വീടിനു മുന്നിലുള്ള സ്ഥലത്ത് ഭാവിയിൽ ഷോപ്പിങ് കോംപ്ലക്സോ ഏതെങ്കിലും തരത്തിലുള്ള സ്ഥാപനങ്ങളോ വരാൻ സാധ്യതയുണ്ട്. സ്വകാര്യതയ്ക്ക് യാതൊരു തരത്തിലുള്ള തടസ്സങ്ങളും ഉണ്ടാകരുതെന്നായിരുന്നു വീട്ടുകാർ എൻജിനീയർ കുഷ്ണനുണ്ണിയോട് പ്രധാനമായി ആവശ്യപ്പെട്ടത്. ഇക്കാര്യം മുൻനിർത്തിയാണ് പ്ലാനും ഡിസൈനുമെല്ലാം ഉരുത്തിരിഞ്ഞത്.
ഒരു വട്ടം കൂടി
പതിവിൽ നിന്നു വ്യത്യസ്തമായ ആകൃതിയാണ് ഈ വീടിനെ ഒന്നു കൂടി നോക്കാൻ പ്രേരിപ്പിക്കുന്നത്. വീടിന്റെ മുൻവശത്തേക്കു ജനലുകളോ വാതിലുകളോ ഒന്നും തുറക്കുന്നതായി കാണില്ല. വീടിനകത്തെ കാഴ്ചകൾ ഒന്നുംതന്നെ പുറത്തേക്കില്ല എന്നർഥം. കാർപോർച്ച് പോലും മുന്നിലെ കരിങ്കൽ പാളികൾ പതിച്ച ഭിത്തിക്കു പിന്നിൽ ഒളിപ്പിച്ച നിലയിലാണ്.
നടുമുറ്റമാണ് താരം
ഈ വീട്ടിലെ നടുമുറ്റമാണ് വ്യത്യസ്തമായ പുറംകാഴ്ചയ്ക്ക് മറ്റൊരു കാരണം. നാല് മീറ്റർ വ്യാസമുള്ള വൃത്താകൃതിയിലുള്ള നടുമുറ്റത്തിനു ചുറ്റുമാണ് വീട് ക്രമീകരിച്ചിരിക്കുന്നത്. സ്വീകരണമുറിയും ഡൈനിങ് ഏരിയയും ഓപ്പൺ അടുക്കളയുമെല്ലാം നടുമുറ്റത്തിനു ചുറ്റും ക്രമീകരിച്ചു. നടുമുറ്റത്തിന്റെ അതേ ഉയരത്തിൽ ഡബിൾ ഹൈറ്റിലാണ് ലിവിങ്, ഡൈനിങ് ഏരിയകൾ നിർമിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ താഴെയും രണ്ടെണ്ണം മുകളിലും എന്ന നിലയിൽ കോർട്‌യാർഡിലേക്കു തുറക്കുന്ന രീതിയിൽ തന്നെ ക്രമീകരിച്ചു.
കോർട്‌യാർഡിനെ വൃത്താകൃതിയിൽ തന്നെ ചുറ്റി മുകളിലേക്കു പോകുന്നു ഗോവണിയും.
നടുമുറ്റത്തിന് തറനിരപ്പിൽ നിന്ന് ചെറിയൊരു താഴ്ച മാത്രമാണ് കൊടുത്തിരിക്കുന്നത്. ഇന്റർലോക്ക് ബ്രിക്സ് നിലത്തുവിരിച്ച് കോർട്‌യാർഡിനെ മറ്റ് ഇടങ്ങളിൽ നിന്ന് വേർതിരിച്ചു. മുകളിൽ ഗ്ലാസ്സിട്ട് പ്രകാശം മാത്രം അകത്തേക്കു കയറ്റിവിടുന്ന രീതിയിലാണ് കോർട്‌യാർഡ് നിർമിച്ചിരിക്കുന്നത്. ഗ്രില്ലിനു മുകളിൽ പെർഫോമൻസ് ഗ്ലാസ്സിട്ടതിനാൽ ചൂട് അകത്തേക്കു വരില്ല. ഇടയിൽ ആർഗൻ വാതകം നിറച്ച അഞ്ച് ഇഞ്ചിന്റെ നാല് പാളികൾ അടങ്ങിയതാണ് ഈ ഗ്ലാസ്.
രക്ഷയുടെ കാര്യത്തിലോ ചൂടിന്റെ കാര്യത്തിലോ യാതൊരു ആശങ്കയും ആവശ്യമില്ല. മുകളിൽ അഞ്ച് ഇഞ്ച് ഉയർത്തിക്കെട്ടി അതിനു മുകളിലാണ് ഗ്ലാസ് ഇട്ടത്. ഇത് ചോർച്ച ഒഴിവാക്കാൻ സഹായിക്കും.
വായുവിന് വേറെ വഴി
അകത്തെ ചൂടുവായു പുറത്തേക്കു കളയാൻ ഇവിടത്തെ കോർട്‌യാർഡിനെ ആശ്രയിക്കുന്നില്ല. പകരം ലിവിങ് ഏരിയയുടെ ഡബിൾ ഹൈറ്റിലുള്ള ഭിത്തിയിൽ കൊടുത്ത ചെറിയ ജനാലകളാണ് അതിനു സഹായിക്കുന്നത്.
പ്രാദേശികനിർമാണസാമഗ്രികളാണ് നിർമാണത്തിന് ഉപയോഗിച്ചത്. വെട്ടുകല്ല് കൊണ്ടുള്ള ഭിത്തികളും തേക്കു കൊണ്ടുള്ള വാതിലുകളും അലുമിനിയം, യുപിവിസി ജനലുകളും വാതിലുകളും ഈ വീട്ടിൽ കാണാം. വിട്രിഫൈഡ് ടൈലാണ് നിലത്ത്. പുറംഭിത്തിയിലെ ഇഷ്ടിക ക്ലാഡിങ് ചെയ്തതാണ്.
വീട്ടുകാർക്ക് ഒരുമിച്ചിരുന്ന് സംസാരിക്കാനോ കുട്ടികൾക്ക് കളിക്കാനോ ഒക്കെ അനുയോജ്യമാണ് ഇവിടത്തെ കോർട്‌യാർഡ്. ഒരു മൾട്ടിഹെഡ് ഫൈക്കസ് മാത്രം വച്ചതിനാൽ ചെടി പരിചരണത്തിനും കൂടുതൽ സമയം കളയേണ്ട. പരിചരണം കുറഞ്ഞ കോർട്‌യാർഡ് ഇഷ്ടപ്പെടുന്നവർക്ക് ഈ മാതൃക പിൻതുടരാം.
Area: 4300 sqft Plot: 40 cent Owner: അബ്ദുൾ ഗഫൂർ ഷേഖ് മദാർ & ഷാഹിദ ബാനു
Location: പള്ളിക്കര, കാസർകോട് Design: Krishnanunni. C, Engineer, Greenfern Studio, കാസർകോട് Email: info@greenfern.co.in