ചെറിയ സ്ഥലത്ത് നിർമിക്കുന്ന വീടുകൾക്കായി പ്രത്യേക വാസ്തുനിയമങ്ങളൊന്നും ഇല്ലെന്ന് വാസ്തുശാസ്ത്ര വിദഗ്ധൻ മനോജ് എസ്. നായർ പറയുന്നു– ‘‘പ്രത്യേക നിയമങ്ങളില്ല എന്നതിനാൽ തന്നെ നിയമങ്ങളിൽ എന്തെങ്കിലും ഇളവുകളും ശാസ്ത്രം അനുവദിക്കുന്നില്ല.’’
‘‘അൽപക്ഷേത്ര വിധിപ്രകാരമാണ് ചെറിയ സ്ഥലത്ത് വീടുകൾ രൂപകൽപന ചെയ്യുന്നത്. ദിക്കുകൾ കൃത്യമായി പാലിക്കണം എന്നുതന്നെയാണ് ഇവിടെ വാസ്തുനിയമം അനുശാസിക്കുന്നത്. ദിക്ക് പ്രകാരമുള്ള കണക്കുകളും അളവുകളും പാലിച്ചായിരിക്കണം മുറികളുടെ വലുപ്പം നിശ്ചയിക്കുന്നതും. മുറികൾക്ക് സ്ഥാനം നിശ്ചയിക്കുന്ന സമ്പ്രദായത്തിനും വ്യത്യാസം ഒന്നുമില്ല.’’
ഗുണവും ദോഷവും കുറയും
‘‘ഒരു സ്ഥലത്ത് നിലനിൽക്കുന്ന ഊർജ സംവിധാനത്തെ മനുഷ്യന് സൗഖ്യവും സ്വാസ്ഥ്യവും ലഭിക്കുന്ന രീതിയിലേക്ക് ക്രമീകരിക്കുന്നു എന്നതാണ് വാസ്തുനിയമങ്ങൾ പാലിക്കുമ്പോൾ സംഭവിക്കുന്ന കാര്യം.
ചെറിയ സ്ഥലത്തെ ഊർജസംവിധാനങ്ങൾ ക്രമീകരിക്കുമ്പോൾ ഉണ്ടാകുന്ന ‘പോസിറ്റീവ് ഇംപാക്ട്’ന്റെ സ്വാധീനം ചെറിയ തോതിൽ മാത്രമായിരിക്കും അനുഭവപ്പെടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ തന്നെ ചെറിയ സ്ഥലത്തെ അപനിർമാണം കാരണമുണ്ടാകുന്ന ദോഷങ്ങളുടെ സ്വാധീനവും ചെറിയ തോതിൽ മാത്രമായിരിക്കും അനുഭവപ്പെടുക.
ചെറിയ സ്ഥലത്ത് ഇത്ര നില കെട്ടിടമേ പണിയാവൂ എന്ന നിബന്ധന വാസ്തു നിയമങ്ങളിൽ പറയുന്നില്ല.
സ്ഥലത്തിന്റെ സവിശേഷതകളും സൂര്യന്റെയും കാറ്റിന്റെയും ഗതിയും അനുസരിച്ച് വാസസ്ഥലം ചിട്ടപ്പെടുത്തുമ്പോഴാണ് അവിടെ സ്വസ്ഥതയോടെ കഴിയാനാകുക.’’