നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന വസ്ത്രസ്ഥാപനത്തിൽ ജീവനക്കാരായിരുന്ന വിനീത, ദിവ്യ, രാധാകുമാരി എന്നിവർ ചേർന്ന് സ്ഥാപനത്തിന്റെ ക്യുആർ കോഡിന് പകരം സ്വന്തം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ക്യുആർ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് ഏകദേശം 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് സമീപകാലത്ത് വലിയ ചർച്ചയായിരുന്നു.
ഇപ്പോഴിതാ, കേസിലെ പ്രതികളിലൊരാൾ വിവാഹം കഴിഞ്ഞ് തായ്‌ലൻഡിൽ ഹണിമൂൺ ആഘോഷിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.
‘‘നമ്മുടെ ഓ ബൈ ഓസിയിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ജയിലിൽ പോയ മൂന്നെണ്ണത്തിൽ ഒന്നിന്റെ കല്യാണമായി. അത് മാത്രമല്ല ആൾ അടിച്ച് പൊളിച്ച് നടക്കുകയാണ്. ഇപ്പോൾ തായ്‌ലൻഡിലാണെന്ന് അറിയാൻ കഴിഞ്ഞു. ഇവരുടെ ഒന്നും പാസ്പോർട്ട് എന്താണ് പോലീസ് പിടിച്ച് വെക്കാത്തതെന്ന് അറിയില്ല. ദിവ്യ എന്നയാളാണ് തായ്‌ലൻഡിൽ കറങ്ങാൻ പോയത്. ഇതെല്ലാം കേട്ടപ്പോൾ ഞാൻ ആകെ കൺഫ്യൂസ്ഡായി. കേസിൽ പെട്ടാൽ പാസ്പോർട്ട് വാങ്ങിച്ച് വയ്ക്കില്ല?. എനിക്ക് ഇതേ കുറിച്ച് കൃത്യമായി അറിയില്ല. അങ്ങനെയല്ലേ പൊതുവേ?. നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് കറങ്ങി നടക്കാമോ? അത് ഒരു നിരാശജനകമായ കാര്യമാണ്. ഇത്രയും പറ്റിപ്പ് നടത്തി പണവും പറ്റിച്ച് പുറത്തിറങ്ങാൻ പറ്റാത്തവർ ഇപ്പോൾ തായ്‌ലൻഡിൽ കറങ്ങി നടക്കുന്നു. എന്റെ കാശിന് ഒരു കല്യാണം മാത്രമല്ല ഹണിമൂണും നടന്നു. ഇനി അവർക്ക് കുഞ്ഞുണ്ടായാൽ അതിന്റെ ഇരുപത്തിയെട്ടും എന്റെ വക. എന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ’’.– ദിയ കൃഷ്ണ പറയുന്നു.