‘എഗ് ഫ്രീസിങ്’ നടത്തിയെന്ന വെളിപ്പെടുത്തലുമായി നടി സുരഭി ലക്ഷ്മി. തന്റെ 20കളിലോ 30ലോ ഇക്കാര്യം ചെയ്യേണ്ടിയിരുന്നതാണെന്നും ജീവിതത്തിലേക്ക് ഒരു ശരിയായ പങ്കാളി വരുമെന്നാഗ്രഹിച്ച് നീണ്ടുപോയതാണെന്നും സുരഭി വ്യക്തമാക്കുന്നു. ജീവിതത്തില്‍ താനെടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നാണിതെന്നും താരം പറയുന്നു.
സുരഭി ലക്ഷ്മിയുടെ വാക്കുകൾ;
‘‘എന്റെ ജീവിതത്തിൽ കുറച്ചുകൂടി നേരത്തെ എടുക്കേണ്ടിയിരുന്ന തീരുമാനമായിരുന്നു എഗ്ഗ് ഫ്രീസിങ്. എന്റെ ഈ അനുഭവം പങ്കുവയ്ക്കുന്നത് മറ്റാര്‍ക്കെങ്കിലും ശരിയായ സമയത്ത് നല്ല തീരുമാനമെടുക്കാൻ ഇത് സഹായകമാകുമെന്ന പ്രതീക്ഷയിലാണ്.
20കളുടെ അവസാനത്തിലോ 30കളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന കാര്യമായിരുന്നു ഇത്. ജീവിതത്തിലേക്ക് ഒരു ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ച് നീണ്ടുപോയതാണ്. പറഞ്ഞുവന്നത് എന്തെന്നു വച്ചാൽ ഞാൻ എഗ് ഫ്രീസ്സിങ് ചെയ്തതിനെക്കുറിച്ചാണ്. ഒരുപാട് നാളായി എഗ് ഫ്രീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാൻ ഇത് ചെയ്തിട്ട് ആളുകളോട് പറയുമ്പോൾ പ്രൊസീജിയർ എങ്ങനെയായിരുന്നു, ആ സമയത്ത് എന്താണ് തോന്നിയത് എന്നൊക്കെ സത്യസന്ധമായി പറയാൻ കഴിയും.
ഇപ്പോൾ ആ പ്രൊസീജിയർ ചെയ്തു കഴിഞ്ഞു. സാധാരണ എഗ് ഫ്രീസ് ചെയ്യുന്നത് കാന്‍സർ പോലുള്ള മാരക അസുഖങ്ങൾ വരുന്ന സമയത്ത്, അതിന്റെ ചികിത്സ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ്. ആ ചികിത്സയ്ക്കു ശേഷം നമ്മുടെ ഓവറിയൊക്കെ നശിച്ചുപോകും. അതിനുശേഷമുള്ള ജീവിതത്തിൽ നമുക്കൊരു കുഞ്ഞ് വേണമെന്ന് തോന്നിയാൽ ഇത് വലിയ സാധ്യതയാണ്. പ്രഗ്നൻസി താമസിപ്പിക്കുന്ന സമയത്തും ഇത് ചെയ്യാം.
നാൽപത് വയസ്സിലാണ് പ്രസവിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ 28ലോ 32 വയസ്സിലോ ഒക്കെ എഗ് ഫ്രീസ്സ് ചെയ്തുകൊണ്ട് ആ ഒരു ക്വാളിറ്റിയുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നാണിത്. എനിക്ക് പിന്തുണ നൽകിയ ഡോ. അശ്വതി കുമാരനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.’’