ജീവിതത്തിലെ വലിയ പ്രയാസങ്ങളിലൂടെയും പ്രതിസന്ധികളിലൂെടയും കടന്നുപോകുന്ന കാലത്ത് നടന്‍ മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി നിർമാതാവ് മുരളി കുന്നുംപുറത്ത്.
‘ചില കൂടിക്കാഴ്ചകൾ… വാക്കൾക്കപ്പുറമുള്ള അനുഭവങ്ങളാണ് . മോഹൻലാൽ സാറിനെ ഞാൻ ഇതിന് മുമ്പും ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഓരോ കൂടിക്കാഴ്ചയും എനിക്ക് വിലപ്പെട്ടതാണ്. പക്ഷേ, ഈ കൂടിക്കാഴ്ച… അത് കുറച്ചുകൂടി വ്യത്യസ്തമായിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സിൽ വലിയ ഭാരവുമായി മുന്നോട്ട് പോകുന്ന ഒരു സമയത്താണ് ഇത്തവണ ലാൽ സാറിന്റെ അടുത്തേക്ക് പോകാൻ കഴിഞ്ഞത്.
ചില സമയങ്ങളിൽ നമുക്ക് വേണ്ടത് വലിയ ഉപദേശങ്ങളോ പരിഹാരങ്ങളോ അല്ല. മനസ്സിലുള്ള വിഷമങ്ങൾ തുറന്നുപറയാൻ കഴിയുന്ന ഒരിടം… കുറച്ച് സമയം സമാധാനത്തോടെ ഇരിക്കാൻ കഴിയുന്ന ഒരു സാന്നിധ്യം… അതാണ്. ലാൽ സാറിന്റെ അടുത്തിരുന്ന ആ സമയം എനിക്ക് അത്തരമൊരു അനുഭവമായിരുന്നു. എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ സാറിനോട് പങ്കുവെക്കാൻ കഴിഞ്ഞു. ഏകദേശം മൂന്ന് മണിക്കൂറോളം സാറിനൊപ്പം ചെലവഴിക്കാൻ സാധിച്ചു. ആ നിമിഷങ്ങൾ എന്റെ മനസ്സിൽ എന്നും സൂക്ഷിച്ചുവെക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകളാണ്.
ആന്റണി പെരുമ്പാവൂർ ചേട്ടനും കൂടെയുണ്ടായിരുന്നു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ആ കൂടിക്കാഴ്ചയിലൂടെ സാധിച്ചു.
ലാൽ സാറേ… അങ്ങയെ ഞാൻ മുമ്പും കണ്ടിട്ടുണ്ട്. ഇനിയും കാണാൻ ആഗ്രഹിക്കുന്നു. പക്ഷേ, എന്റെ ജീവിതത്തിലെ ഈ വിഷമഘട്ടത്തിൽ അങ്ങയുടെ അടുത്തിരുന്ന ആ അനുഭവത്തിന് എന്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ചില മനുഷ്യരെ കാണുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ പെട്ടെന്ന് അവസാനിക്കണമെന്നില്ല. പക്ഷേ, ആ നിമിഷങ്ങളിൽ മനസ്സിന് ലഭിക്കുന്ന സമാധാനം… അതിന് വലിയൊരു വിലയുണ്ട്. ആ സമാധാനത്തിനും ആ വിലപ്പെട്ട സമയത്തിനും ഹൃദയത്തിൽ നിന്ന് നന്ദി, ലാൽ സാറേ. ആന്റണി ചേട്ടാ, പങ്കുവെച്ച കാര്യങ്ങൾക്കും നൽകിയ സമയത്തിനും ഒരുപാട് നന്ദി’ എന്നാണ് മുരളി കുന്നുംപുറത്ത് കുറിച്ചത്.