ADVERTISEMENT

അന്തരിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിനെക്കുറിച്ച് ഹൃദയം നോവും കുറിപ്പുമായി നടൻ സുരേഷ് ഗോപി. സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ’ ആണ് ഷാജി കുമാർ ചെയ്ത അവസാന ചിത്രങ്ങളിലൊന്ന്.

‘ഷാജീ...ചില വിയോഗങ്ങൾ അങ്ങനെയാണ്. എത്ര എഴുതിയാലും മനസ്സിലെ വേദനയ്ക്ക് വാക്കുകളാകില്ല. ഷാജി ഇനിയില്ല എന്ന യാഥാർഥ്യം ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല.

ADVERTISEMENT

സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ച നാളുകളിലെ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുകയാണ്. ക്യാമറയ്ക്ക് പിന്നിൽ നിന്നുകൊണ്ട് ഷാജി പകർത്തിയത് വെറും ദൃശ്യങ്ങളായിരുന്നില്ല; ഓരോ കഥയുടെയും ആത്മാവും ഓരോ കഥാപാത്രത്തിന്റെയും കരുത്തും വികാരങ്ങളും ആയിരുന്നു. ഒരു മികച്ച ഛായാഗ്രാഹകൻ എന്നതിലുപരി, സിനിമയെ അതിന്റെ പൂർണതയിൽ മനസ്സിലാക്കിയ, ഓരോ ഫ്രെയിമിലും സ്വന്തം കാഴ്ചപ്പാടും ആത്മാവും പകർന്നുനൽകിയ അപൂർവ പ്രതിഭയായിരുന്നു ഷാജി.

‘ഒറ്റക്കൊമ്പനെ’ക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഷാജിയുടെ അതിമനോഹരമായ വിഷ്വലൈസേഷനാണ്. ആ സിനിമയുടെ നട്ടെല്ലായി നിൽക്കുന്നത് ഷാജിയുടെ ദൃശ്യസങ്കൽപ്പങ്ങളും ഛായാഗ്രഹണ മികവുമാണ്. ഒരു കഥാപാത്രത്തിന്റെ കരുത്തും കഥയുടെ വലിപ്പവും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിക്കാൻ ഷാജിയുടെ ക്യാമറയ്ക്ക് കഴിയുമായിരുന്നു. ആ സിനിമയുടെ ഓരോ ഫ്രെയിമിലും ഷാജിയുടെ അധ്വാനവും ആത്മാർഥതയും സ്വപ്നവുമുണ്ട്.

ADVERTISEMENT

ഒരു കലാകാരൻ വിടപറയുമ്പോഴും അയാളുടെ കല മരിക്കുന്നില്ലെന്ന് ഷാജി പകർത്തിയ ഓരോ ഫ്രെയിമും വരുംതലമുറകളോട് പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ, ഞങ്ങൾക്കിനി നഷ്ടമായത് ഒരു മികച്ച ഛായാഗ്രാഹകനെ മാത്രമല്ല; സിനിമയെ ഇത്രമേൽ സ്നേഹിച്ച, തന്റെ ജോലിയോട് അത്രമേൽ ആത്മാർത്ഥത പുലർത്തിയ ഒരു പ്രിയപ്പെട്ട സഹപ്രവർത്തകനെയാണ്.

ഷാജീ... നിങ്ങളുടെ ക്യാമറ ഇനി ചലിക്കില്ലായിരിക്കാം. പക്ഷേ, ഷാജി പകർത്തിയ ഫ്രെയിമുകളിലൂടെ ആ പ്രതിഭ എന്നും ജീവിക്കും. ഷാജിയുടെ അകാല വിയോഗത്തിൽ ഹൃദയത്തിന്റെ ഭാഷയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രിയപ്പെട്ട ഷാജിക്ക് ആദരാഞ്ജലികൾ.’’–സുരേഷ് ഗോപിയുടെ വാക്കുകൾ.

ADVERTISEMENT
Suresh Gopi Pens Emotional Note for Late Cinematographer Shaji Kumar:

Cinematographer Shaji Kumar recently passed away, prompting a deeply emotional and touching farewell note from actor Suresh Gopi. Suresh Gopi, who starred in Ottakkomban which was one of Shaji's final projects, expressed profound grief over the unexpected loss. Reflecting on their time working together, the actor praised the late technician's exceptional ability to capture the soul and emotion of every character through his lens. The visualization and camera work in Ottakkomban served as the backbone of the film, showcasing Shaji's extraordinary dedication and artistic vision. While the talented cinematographer is no longer around, his remarkable body of work will continue to inspire future generations of filmmakers and movie lovers. Beyond losing a brilliant professional, the Malayalam film industry has lost a passionate collaborator and a truly wonderful human being. Suresh Gopi concluded his heartfelt tribute by offering his deepest condolences to the bereaved family members and praying for the departed soul.

ADVERTISEMENT