പാട്ടിൽ ‘പഞ്ചാര’യിട്ട പോലാണു സുജാത പാടുന്നത്. കേൾക്കുന്നവർ ആ മധുരത്തിൽ അലിഞ്ഞുപോകും. വരികളിലും ലയത്തിലും അതിമധുരം നിറച്ചു സുജാത പാടിത്തുടങ്ങിയിട്ട് 50 വർഷങ്ങള്‍ കഴിഞ്ഞു. അമ്മ പാടിയ പ്രിയപ്പെട്ട പാട്ടുകളെ കുറിച്ച് പറയുകയാണ് മകളും ഗായികയുമായ ശ്വേത മോഹൻ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത മനസ് തുറന്നത്.
‘‘അമ്മ കുട്ടിപ്രായത്തിൽ പാടിയ പാട്ടുകൾ കേൾക്കുമ്പോൾ അദ്ഭുതം തോന്നും, ചെറുപ്രായത്തിൽ അത്ര പെർഫെക്ടായി പാടിയതെങ്ങനെ എന്ന്. അതിൽ ഒ ന്നാം സ്ഥാനത്തുള്ളത് അമ്മയ്ക്ക് എട്ടോ ഒൻപതോ വ യസ്സുള്ളപ്പോൾ പാടിയ ഓടക്കുഴൽ വിളി... ആണെന്നു ശ്വേത മോഹൻ പറയുന്നു. ‘‘ഇഷ്ടപാട്ടുകളിൽ പിന്നെയുള്ളതു വിദ്യാജി സംഗീതസംവിധാനം ചെയ്ത കാട്രിൻ മൊഴി... ആണ്. വരികളുടെ സൗന്ദര്യമനുസരിച്ച് ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനവും മെലഡിയുടെ ഇമോഷനും കേൾക്കുന്നവരെ അലിയിച്ചുകളയും.
ഇളയരാജാ സാറിന്റെ നിറം പിരിത്ത് പാർത്തേൻ... സിനിമയിൽ ഇല്ലാതിരുന്നതു കൊണ്ട് അധികമാരും കേട്ടിട്ടില്ല. പക്ഷേ, രാജാ സാറിന്റെ ഏറ്റവും മികച്ച പാട്ടുകളിൽ ആദ്യസ്ഥാനങ്ങളിലൊന്നിൽ അതു വരും. റിയാലിറ്റി ഷോയിൽ ഞാനും ഈ പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.
എ.ആർ. റഹ്മാൻ സാറിന്റെ പല പാട്ടുകൾ പല സ്റ്റൈലിൽ അമ്മ പാടി, മെലഡിയും ഫോക്കും റൊമാൻസും ഫണ്ണും സ്റ്റൈലിഷും മനസ്സിനു സുഖം തരുന്നവയുമൊക്കെ കൂട്ടത്തിലുണ്ട്. അതിൽ ഏറ്റവുമിഷ്ടം പുതുവെള്ളൈ മഴയും കാതൽ റോജാവേയിലെ ഹമ്മിങ്ങുമാണ്. ഇന്ത്യൻ സംഗീതത്തിൽ തന്നെ ഐക്കോണിക്കായി നിലനിൽക്കുന്ന ഹമ്മിങ്ങാണത്.
റഹ്മാൻ ഷോയിൽ ആ ഹമ്മിങ് തുടങ്ങുമ്പോൾ തന്നെ കയ്യടി കേൾക്കാം. അപ്പോൾ സന്തോഷം കൊണ്ടു കണ്ണുനിറയും, എന്റെ അമ്മയുടെ പാട്ടാണല്ലോ.
മലയാളത്തിൽ വരമഞ്ഞളാടിയ രാവിന്റെ മാറിലും, പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴയും ഇഷ്ടമാണ്. പക്ഷേ, അതിലേറെ പ്രിയപ്പെട്ടതു വിദ്യാജിയുടെ എത്രയോ ജന്മമായ്... ആണ്. അമ്മയ്ക്കു മാത്രമേ ആ പാട്ട് അത്രയും നന്നായി പാടാൻ പറ്റൂ എന്നാണെന്റെ വിശ്വാസം, ടിപ്പിക്കൽ സുജാത മോഹൻ സോങ്.
വിദ്യാജിയുടെ മറന്നിട്ടുമെന്തിനോ... അസാധ്യ ആലാപനമാണ്. എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ... എന്ന വരിയിലെ എക്സ്പ്രഷനൊക്കെ ഗംഭീരം. ഔസേപ്പച്ചൻ സാറിന്റെ ഒരു പൂവിനെ നിശാശലഭം... ആണ് അടുത്തത്. ദാസമ്മാമയും അമ്മയും കൂടി പ്രത്യേക മൂഡിൽ മാജിക്കലായാണു പാടിയിരിക്കുന്നത്.
എം. ജയചന്ദ്രൻ ചേട്ടന്റെ വാവാവോ വാവേ... റിലീസാകുമ്പോൾ ഞാൻ ഹൈസ്കൂളിൽ പഠിക്കുകയാണ്. അമ്മ എനിക്കു വേണ്ടി പാടിയതു പോലെയാണ് ആ പാട്ട് അന്നുമിന്നും. എന്റെ മോൾക്കും ആ പാട്ടു പാടി കൊടുക്കാറുണ്ട്. ചക്കരക്കിളീ... യും അവൾക്കു വലിയ ഇഷ്ടമാണ്. കുസൃതിയായ ക്യൂട്ട് കുട്ടി പാടും പോലെ ബബ്ലി ആയതാകും കാരണം.
ദീപക് ദേവ് ചേട്ടൻ സംഗീതം ചെയ്ത ഒരു കിന്നരഗാനം മൂളി... യിലെ സന്തോഷവും എക്സ്പ്രഷനും അടിപൊളിയാണ്. അമ്മ ഈസിയായി പാടുകയാണെന്നു തോന്നിയ പല പാട്ടുകളും ശരിക്കും നല്ല പ്രയാസമാണ്. ദീപക് ദേവ് ചേട്ടന്റെ ശിലയിൽ നിന്നും..., സ്വയംവര ചന്ദ്രികേ... എന്നിവയുമുണ്ട് ഫേവറിറ്റ് ലിസ്റ്റിൽ.’’