സെന്സര് നിയമങ്ങളുടെ കുരുക്കില് പെട്ടു വിവാദമായിപ്പുകഞ്ഞ മലയാളം സിനിമ ‘ചായം പൂശിയ വീട്’ (ദി പെയിന്റഡ് ഹൗസ്) ആണ് ‘കൊട്ടക’യിൽ ഈ ലക്കത്തെ വിശേഷം.
ഇരുപതാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (2015) മലയാളത്തിലെ ‘ചൂടന് സിനിമ’ എന്നു മാധ്യമങ്ങൾ വിശേഷിപ്പിച്ച ഈ ഒന്നരമണിക്കൂർ സിനിമയിൽ ഗുരുതരം എന്നു സെൻസര് സംഘം വിധിയെഴുതിയതു മൂന്നു ദൃശ്യങ്ങള് – നായിക നേഹ മഹാജന് പൂര്ണ്ണനഗ്നയായി പ്രത്യക്ഷപ്പെടുന്നവ!
കാലങ്ങളായി ലോകസിനിമയില് കാണിച്ചു പഴകിപ്പോയതിനപ്പുറം ഇക്കാര്യത്തിൽ പുതിയതൊന്നും ചിത്രത്തിന്റെ സംവിധായകന്മാരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും അവതരിപ്പിക്കുവാനുമായിട്ടില്ലെന്നതിനാൽ ഈ വിവാദങ്ങളൊക്കെ എന്തിനെന്ന ചോദ്യം പ്രധാനം.
സിനിമയുടെ കഥ ഇങ്ങനെ:
ഏകാന്തജീവിതം നയിക്കുന്ന, അനാഥനും അവിവാഹിതനും വൃദ്ധനുമായ ഒരു എഴുത്തുകാര് – ഗൗതം. ‘നചികേതസ്സും ഞാനും’ എന്ന തന്റെ പുതിയ നോവലിന്റെ എഴുത്തു പണിയിലാണയാൾ. ഒരു ദിവസം കലശലായ നെഞ്ചുവേദനയോടെ അയാൾ നിലത്തു പിടഞ്ഞു വീഴുന്നു. അതിനു ശേഷം കോളിങ് ബെല് മുഴങ്ങുന്നതും ഗൗതം വാതിൽ തുറക്കുന്നതുമായ രംഗത്തിലേക്കു സിനിമ തിരിയുന്നു. വിഷയ എന്ന യുവതി വാടകവീട്ടില് നിന്നു പുറത്താക്കപ്പെട്ടതിനാൽ മൂന്നു ദിവസത്തേക്കു അയാളോടൊപ്പം താമസിക്കുവാനെത്തിയിരിക്കുന്നു. കൊച്ചുമകളുടെ പ്രായമുള്ള വിഷയയുമായി ഗൗതം വേഗം സൗഹൃദത്തിലാകുന്നു. എഴുതിക്കൊണ്ടിരിക്കുന്ന നോവല് അയാള് അവര്ക്കു വേണ്ടി വായിക്കുന്നു. എന്നാല് അര്ത്ഥമില്ലാത്ത വാക്കുകളുടെ കൂട്ടം മാത്രമാണതെന്ന പ്രഖ്യാപനത്തോടെ അവള് ആ നോവലിന്റെ കൈയെഴുത്തു പ്രതിയും കംപ്യൂട്ടറിലുള്ള കോപ്പിയും നശിപ്പിക്കുന്നു. അതയാളെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്നുവെങ്കിലും അവളുടെ സാമീപ്യം ഇല്ലാതെയാകരുതെന്നതിനാൽ ദേഷ്യം പ്രകടിപ്പിക്കുന്നില്ല. അതോടെ അവര് കൂടുതല് അടുക്കുന്നു. അവൾ അയാളെ ചെറിയ ചെറിയ ചിന്തകളാൽ അലോസരപ്പെടുത്തുന്നു. ഒരു ഘട്ടത്തില് ലൈംഗികബന്ധത്തിനു തയ്യാറാകുന്ന അവളെ അയാൾ പിന്തിരിപ്പിക്കുന്നു. അന്നേ ദിവസം അപരിചിതനായ രാഹുല് എന്ന ചെറുപ്പക്കാരന് അവരുടെ വീട്ടിലെത്തുന്നു. ബ്രേക്ക് ഡൗണ് ആയ കാർ നന്നാക്കുന്നതിനിടേ കൈകളിൽ പുരണ്ട അഴുക്കുകൾ കഴുകിത്തുടച്ചു വൃത്തിയാക്കുന്നതിനു വെള്ളവും തുണിയും ആവശ്യപ്പെടുന്നു. കുടിക്കാനും കുറച്ചു വെള്ളം വേണം. താൽപര്യത്തോടെയല്ലെങ്കിലും ഗൗതം അയാളെ വീട്ടിനുള്ളില് കയറ്റുന്നു. പതിയേപ്പതിയേ അവരുമായി ചങ്ങാത്തത്തിലാകുന്ന അയാള് കുന്നിന് മുകളിലുള്ള തന്റെ വീട്ടിലെ വിശേഷങ്ങള് പറഞ്ഞു തുടങ്ങുന്നു. അതോടെ അവിടം കാണണമെന്ന ആഗ്രഹം ഗൗതം പ്രകടിപ്പിക്കുന്നു. ഒരിക്കല് കൂട്ടിക്കൊണ്ടു പോകാമെന്നു ഉറപ്പു കൊടുത്തു യാത്ര പറയുന്ന ഗൗതം വൈകാതെ ഒരു ദിവസം വീണ്ടും വന്നു, ബലപ്രയോഗത്തിലൂടെ ഗൗതത്തെ തന്റെ വീട്ടിലെത്തിച്ചു തടവിലാക്കുന്നു.
തുടര്ന്ന് വിഷയയും രാഹുലും ഭാര്യാഭര്ത്താക്കന്മാരാണെന്നും ഒന്നുചേർന്ന് തന്നെ കുടുക്കിയതാണെന്നും ഗൗതം തിരിച്ചറിയുന്നു. തുടര്ന്നുള്ള അനുഭവങ്ങളിലൂടെ ഇത്രകാലം നന്മയുടെ മുഖം മൂടി അണിഞ്ഞു നടന്ന അയാളുടെ ഉള്ളിലുള്ള പാപി പുറത്തു വരുന്നു. അതയാളെ വലിയ പരീക്ഷണങ്ങളിലൂടെയും രതിചിന്തകളിലൂടെയും നടത്തിക്കുന്നു. ഒടുവില് രാഹുലിനെ കൊല്ലാനുള്ള ശ്രമത്തനിടേ വിഷയയുടെ വിളി അയാളെ ഉണര്ത്തുന്നു. തനിക്കു ചുറ്റും പടര്ന്ന ശൂന്യത തിരിച്ചറിയുന്ന അയാള് നെഞ്ചു തകര്ന്നു മരിക്കുന്നു. അതോടെ അത്ര നേരവും കണ്ടതൊക്കെ മരിക്കും മുന്പ് താൻ എഴുതി വച്ച തന്റെ കൃതിയിലൂടെ സ്വയം വിചാരണ ചെയ്യപ്പെടുന്ന കാഴ്ചകളായിരുന്നുവെന്നു തിരിച്ചറിയുന്നു.
ഈ ചിത്രത്തില് സ്ത്രീയുടെ നഗ്നത പ്രദര്ശിപ്പിച്ചിരിക്കുന്ന രംഗങ്ങളെല്ലാം ചിത്രത്തിന്റെ ആഖ്യാനവുമായും വിഷയവുമായും ചേര്ന്നു നില്ക്കുന്നതും, നായകന്റെ മാനസിക വ്യാപാരങ്ങളെ നിര്ണ്ണയിക്കത്തക്ക തരത്തിലുള്ളതുമാണ്. രതിയാണ് സത്യം, ശേഷിക്കുന്നതെല്ലാം വെറും വാക്കുകളാണെന്ന് നായിക ഒരിടത്ത് പറയുന്നുണ്ട്. ഗൗതമായി അഭിനയിക്കുന്ന ചിത്രകാരന് കെ. കലാധരനും, വിഷയയാകുന്ന നേഹ മഹാജനും, രാഹുലാകുന്ന അക്രം മൊഹമ്മദും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. സംവിധായകരുടേതാണ് തിരക്കഥയും. ഛായാഗ്രാഹണവും സംവിധായകര് തന്നെ. മികച്ച തിരക്കഥയും അവതരണവും ഉണ്ടെങ്കിലും ഛായാഗ്രാഹണം അത്ര നന്നായില്ല. എങ്കിലും മലയാളത്തിന് ഒരു പുതിയ ചലച്ചിത്ര അനുഭവം സമ്മാനിക്കാന് ‘ചായം പൂശിയ വീടിന്’ സാധിച്ചു എന്നതാണ് സത്യം.
അക്കാലത്ത് വലിയ വിവാദങ്ങളും ചർച്ചകളും സൃഷ്ടിച്ച സിനിമയാണ് ‘ചായം പൂശിയ വീട്’.
പൂര്ണമായി നഗ്നത കാണിക്കുകയും അശ്ലീല പദങ്ങള് ഉപയോഗിക്കുകയും ചെയ്തുവെന്ന പേരില് സെന്സര് ബോര്ഡ് ‘ചായം പൂശിയ വീടിന്’ പ്രദര്ശനാനുമതി നിഷേധിച്ചതോടെയാണ് ഇവയുടെ തുടക്കം.
എന്നാല് ഇപ്പറഞ്ഞ ഒരു സീന് പോലും ഒഴിവാക്കാതെ ചിത്രത്തിന് പ്രദര്ശനാനുമതി വാങ്ങിക്കുമെന്ന തീരുമാനത്തിലായിരുന്നു സംവിധായകരായ സതീഷ് ബാബു സേനനും സന്തോഷ് ബാബുസേനനും. ഒടുവിൽ ചിത്രത്തിന് അഡല്റ്റ് ഓണ്ലി സര്ട്ടിഫിക്കറ്റ് നല്കി.
സെന്സര് ബോര്ഡ് ആവശ്യപ്പെട്ട രംഗങ്ങള് നീക്കം ചെയ്താല് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകില്ല എന്നായിരുന്നു സംവിധായകരുടെ പക്ഷം. നഗ്നതയ്ക്കൊപ്പം മോശം പദങ്ങള് ഉപയോഗിച്ചു എന്നതുകൊണ്ട് ബീപ് സൗണ്ട് വേണമെന്ന ആവശ്യത്തെ, സാധരണ സിനിമകളില് ഉപയോഗിക്കുന്ന പദങ്ങള് മാത്രമേ ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളൂ എന്ന വാദത്താലാണ് സംവിധായകർ നേരിട്ടത്.
എന്തായാലും മലയാള സിനിമ ചരിത്രത്തിലെ വിവാദ സിനിമകളുടെ കൂട്ടത്തിൽ ‘ചായം പൂശിയ വീടും’ ഇടം പിടിക്കുന്നു.